ഹെറിറ്റേജ് – സ്പൈസ് റൂട്ട് പൈതൃക ടൂറിസം പദ്ധതിയിൽ കോഴിക്കോടിനെയും തിരുവനന്തപുരത്തേയും ഉൾപ്പെടുത്തുന്നു. ആലപ്പുഴ – തലശേരി പൈതൃക ടൂറിസം പദ്ധതികൾക്കു പുറമെയാണ് പുതിയ രണ്ടു ജില്ലകൾ കൂടി ഉൾപ്പെടുത്തുന്നത്. രണ്ടു ജില്ലകളിലും മുസിരിസ് മാതൃകയിൽ ടൂറിസം പദ്ധതികൾ നടപ്പാക്കും. നാൽപതു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം പദ്ധതിക്കു മാത്രം പത്തു കോടി ചിലവാക്കും. 2020–21 ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്. ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 25 കോടി രൂപ അധികമായി ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനത്തിൽ തകർന്ന കേരളത്തിന്റെ ടൂറിസം മേഖല ഇനി ഹെറിറ്റേജ് – സ്പൈസ് റൂട്ട് പ്രൊജക്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബ്രിട്ടിഷ് ഭരണകാലത്തു മൂന്നാറിലെ ടോപ് േസ്റ്റഷനിലേക്കു സർവീസ് നടത്തിയിരുന്ന ട്രെയിൻ പുനരാരംഭിക്കും. ടാറ്റ ഗ്രൂപ്പ് അധികൃതരുമായി ഇതുസംബന്ധിച്ചു ചർച്ച നടത്തി. ട്രെയിൻ ഓടിക്കാൻ ഭൂമി വിട്ടു കിട്ടുന്നതിനു ധാരണയായി. ഇതു നടപ്പായാൽ, ഊട്ടി പൈതൃക ട്രെയിൻ മാതൃകയിൽ മൂന്നാറിലും ചൂളം വിളി ഉയരും.
ലോക്ഡൗണിൽ നിശ്ചലമായ വഞ്ചിവീടുകളുടെ പുനരുജ്ജീവനത്തിനായി വായ്പകൾ അനുവദിക്കും. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്ക് ശമ്പളം നൽകാനായി മുപ്പത്തഞ്ചു കോടി രൂപ അനുവദിച്ചു. ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ ഇരുപത്തഞ്ചു കോടി രൂപ അധികമായി ലഭ്യമാക്കും. നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി 117 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി ക്ഷേമ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.