ലോകം മുഴുവൻ സഞ്ചരിച്ച് ‘അൺസീൻ വേൾഡ് ’ ഫോട്ടോ ആൽബം തയാറാക്കണമെന്ന വലിയ സ്വപ്നം ബാക്കിയാക്കിയാണ് ഇന്നു രാവിലെ സലിം പുഷ്പനാഥ് യാത്രയായത്. അപസർപ്പക കഥകളിലൂടെ മലയാളികളെ അദ്ഭുതപ്പെടുത്തിയ കോട്ടയം പുഷ്പനാഥിന്റെ മകൻ ക്യാമറയിൽ കാഴ്ചവച്ച മാന്ത്രികതയാണ് ‘അൺ സീൻ ഇന്ത്യ’ ഫോട്ടോ ആൽബം. മറ്റാരും കാണാത്ത ഇന്ത്യയെ തേടി നടത്തിയ യാത്രയ്ക്കിടെ ഉണ്ടായ അനുഭവങ്ങൾ ഒരു സഞ്ചാര കഥ പോലെയാണ് അദ്ദേഹം പറഞ്ഞത്. മനോരമ ട്രാവലർ 2016 ഏപ്രിലിൽ സലിം പുഷ്പനാഥുമായി നടത്തിയ അഭിമുഖം.
ഗുജറാത്തിലെ കച്ചിലേക്കു പോകുമ്പോൾ സലിമിന്റെ മനസ്സിൽ കാണാപ്പുറങ്ങളിലെ ഇന്ത്യയുടെ വൈഡ് ആംഗിൾ ഫ്രെയ്മുകളായിരുന്നു. ഏതെങ്കിലുമൊരു ദൃശ്യമല്ല, മറ്റാരും പകർത്തിയിട്ടില്ലാത്ത ചിത്രങ്ങളാണു സലിമിനു വേണ്ടിയിരുന്നത്. കണ്ടിട്ടില്ലാത്ത ഇന്ത്യയെ ക്യാമറയിൽ പകർത്താനുള്ള യാത്രയിൽ ഫൊട്ടോഗ്രഫറുടെ ചിന്തകൾക്കു തീപിടിച്ചു. പുത്തൻ പടത്തെക്കുറിച്ചുള്ള ആലോചന ആകാശത്തോളം ഉയരുന്നതിനിടെയാണ് കൊയ്ത്തു കഴിഞ്ഞ പാടത്ത് ചെമ്മരിയാടുകളെ മേയ്ക്കുന്ന ഒരാളെ കണ്ടത്. വെളുത്ത നിറമുള്ള പാളത്താറും മേലുടുപ്പും ധരിച്ച ആഢ്യത്വമുള്ള യാദവൻ. ഭംഗിയുള്ള തലപ്പാവും ഹാഫ് ഷൂസും. ആടിനെ മേയ്ക്കാനുള്ള വടി തോളിനു കുറുകെ പിടിച്ച് ചങ്ങമ്പുഴയുടെ രമണനെപ്പോലെ അയാൾ നൈസായി പുഞ്ചിരിച്ചു. കിട്ടിയ സമയത്തിനുള്ളിൽ സലിമിന്റെ ക്യാമറ ചറപറാ മിന്നി.
വിചാരിച്ചതിനപ്പുറം മനോഹരമായ ചിത്രങ്ങൾ പതിഞ്ഞതിന്റെ സന്തോഷത്തിൽ നന്ദി പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങിയ സലിമിന്റെ ചുമലിൽ യാദവന്റെ പിടി വീണു. അത്രയും നേരം ക്യാമറയ്ക്കു മുന്നിൽ നിന്നത് ചുമ്മാതല്ല; അയ്യായിരം രൂപ പ്രതിഫലം വേണമെന്നു കൊമ്പൻ മീശക്കാരൻ. ഗുജറാത്തി ഭാഷയിൽ അയാൾ കൂവി വിളിച്ചു. എവിടെ നിന്നൊക്കെയോ ആളുകൾ പാഞ്ഞു വന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ അയാളുടെ കൈ തട്ടിമാറ്റി ക്യാമറയുമെടുത്ത് സലിം ഓടി. ഉൽക്ക വീണതുപോലെ മുതുകിൽ ഒരു മൺകട്ട വന്നു പതിച്ചെങ്കിലും തിരിഞ്ഞു നോക്കാതെ ജീവനുംകൊണ്ടു കാറിൽ കയറി രക്ഷപെട്ടു.
കാണാത്ത ഇന്ത്യയെ ക്യാമറയിൽ പകർത്താനുള്ള യാത്രയ്ക്കിടെ സലിം പുഷ്പനാഥ് എന്ന ഫോട്ടൊഗ്രഫർ നേരിട്ട രസരമായ അനുഭവങ്ങൾ വേറെയുമുണ്ട്. കോട്ടയത്തു നിന്നു പുറപ്പെട്ട് രണ്ടര വർഷംകൊണ്ട് ഇന്ത്യ മുഴുവൻ ഒരു കാറിൽ യാത്ര ചെയ്ത് മടങ്ങിയെത്തുമ്പോൾ ലക്ഷക്കണക്കിന് ഫ്രെയ്മുകൾ ലെൻസിലെന്നപോലെ സലിമിന്റെ ഹൃദയത്തിലും പതിഞ്ഞു. ‘‘ഇന്ത്യയെ അറിയാൻ ഒരു ആൽബം. ആ ലക്ഷ്യം സഫലമായി ’’ സലിം പറയുന്നു.
കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റിന്റെ മകൻ സലിം പുസ്തക പ്രസിദ്ധീകരണമാണു തൊഴിലായി സ്വീകരിച്ചതെങ്കിലും ഫോട്ടൊഗ്രഫിയിലായിരുന്നു കമ്പം. 1992ൽ കാണാത്ത കേരളം എന്ന ചിത്രപരമ്പര ആൽബമാക്കിയതോടെ ഛായാഗ്രഹണത്തിനോടുള്ള പ്രേമം കലശലായി. പിന്നീടിങ്ങോട്ട് ഇരുപത്തി മൂന്ന് ഫോട്ടോ ആൽബങ്ങൾ പുറത്തിറക്കി. ഇതിൽ ഏറ്റവും വിശേഷപ്പെട്ടതും വിലപ്പെട്ടതുമായ ചിത്രങ്ങൾ കിട്ടിയത് 2012ൽ നടത്തിയ അഖിലേന്ത്യ യാത്രയിലാണ്.
അസീസ് എന്ന സുഹൃത്തിനൊപ്പം ഫോർച്യുനർ കാറിൽ നാലു തവണയായി സലിം ഇന്ത്യയെ വലം വച്ചു. മംഗലാപുരത്തു നിന്ന് ആരംഭിച്ച് ജയ്സാൽമിർ, നാഗ്പുർ എന്നിവിടങ്ങൾ സന്ദർശിച്ച് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ ഡൽഹി – പഞ്ചാബ് – ഝാൻസി. സിക്കിം, കൽക്കത്ത, മിസോറം, തമിഴ്നാട് യാത്രയായിരുന്നു മൂന്നാമത്തേത്. സിംല, കശ്മീർ, നാഗ്പൂർ ട്രിപ്പോടെ എല്ലാ സംസ്ഥാനങ്ങളും ചുറ്റിയടിച്ച് മടങ്ങിയെത്തി.
പാലിത്താനയിലെ പെണ്ണുങ്ങൾ
ഗുജറാത്തിലെ പാലിത്താന അത്ഭുതങ്ങളുടെ മലയാണ്. പാലിത്താനയിലെത്താൻ 2008 പടികൾ കയറണം. കുന്നിനു മുകളിലെ മനോഹാരിതയായി ഞാൻ കണ്ടെത്തിയത് മൂക്കുത്തിയും തോടയുമണിഞ്ഞ് തൈര് വിൽക്കുന്ന നാട്ടുപെണ്ണുങ്ങളെയാണ്. മഞ്ഞിന്റെ കുളിരുള്ള തൈര് മൺചട്ടിയിൽ നിറച്ച് വിൽക്കുന്ന സ്ത്രീകളുള്ള നാടാണ് പാലിത്താന. കറുത്ത ചരടിൽ മംഗല്യഭാഗ്യം കാത്തുസൂക്ഷിക്കുന്ന പാലിത്താനയിലെ യുവതികളിൽ ലോക പ്രശസ്തരില്ല. മുമ്പ് പാലിത്താനയിലെത്തിയവർ അവിടുത്തെ പെണ്ണുങ്ങളുടെ ജീവിത കഥ പറഞ്ഞതുമില്ല. എന്റെ ക്യാമറയിലൂടെ അവരുടെ മുഖം ലോകത്തിനു മുന്നിലെത്തിയപ്പോൾ കിട്ടിയ ആത്മസംതൃപ്തി വലുതാണ്.
അജന്തയിലെ ശിലാക്ഷേത്രത്തിന്റെ ഫോട്ടോ എങ്ങനെ എടുക്കണമെന്നതു സംബന്ധിച്ച് ആദ്യം വലിയ ധാരണയുണ്ടായിരുന്നില്ല. പാറ മുറിച്ചെടുത്ത് കഷണങ്ങൾ നീക്കം ചെയ്തുണ്ടാക്കിയ അജന്തയുടെയും എല്ലോറയുടെയും കവാടത്തിൽ നിന്നു ക്യാമറ ക്ലിക്ക് ചെയ്താൽ മനോഹരമായ ചിത്രങ്ങൾ കിട്ടും. പക്ഷേ, എനിക്കു വേണ്ടത് അങ്ങനെയൊരു സാധാരണ ചിത്രമല്ല. എങ്ങനെയാണ് അജന്തയും എല്ലോറയും ഉണ്ടാക്കിയിട്ടുള്ളതെന്ന് ഒറ്റനോട്ടത്തിൽ മറ്റുള്ളവർക്കു മനസ്സിലാകുന്ന ഫോട്ടൊയായിരുന്നു ആവശ്യം.
ക്യാമറയും ചുമലിൽ തൂക്കി പാറയുടെ മുകളിലേക്കു കയറൽ എളുപ്പമല്ല. എന്നു കരുതി ചിത്രം എടുക്കാതിരിക്കാൻ പറ്റില്ലല്ലോ! തപ്പിത്തടഞ്ഞ് പാറയുടെ മുകളിൽ കയറിയതു വെറുതെയായില്ല. വലിയൊരു പാറയുടെ നടുഭാഗം വെട്ടിയെടുത്ത് ഗുഹയും ഹാളും മുറികളുമാക്കി ശിൽപ്പങ്ങൾ കൊത്തിയ അജന്തയെ ലെൻസിലാക്കി. കരുതിയതുപോലെ ആ ചിത്രം കണ്ടാൽ അജന്ത ഉണ്ടാക്കിയതെങ്ങനെയെന്നു വ്യക്തമാകും.
ബൂങ്കാസ് എന്നതു ഗുജറാത്തി വാക്കാണ്. കച്ച് ഗ്രാമം സന്ദർശിച്ചിട്ടുള്ളവർക്ക് ഈ വാക്കിന്റെ അർഥം പിടികിട്ടും. കൂണിന്റെ ആകൃതിയുള്ള കുടിലുകളെയാണ് ബൂങ്കാസ് എന്നു വിളിക്കുന്നത്. വട്ടത്തിൽ നിർമിച്ചിട്ടുള്ള ബൂങ്കാസിൽ രണ്ടാൾക്കു താമസിക്കാം. ഒരു വീട്ടു പറമ്പിൽ നാലോ അഞ്ചോ ബൂങ്കാസുണ്ട്. അമിതാഭ് ബച്ചൻ അടുത്തിടെ ബൂങ്കാസിൽ താമസിക്കാനെത്തിയിരുന്നു. മണ്ണു മെഴുകിയ ചുമരും നിലവും, വയ്ക്കോൽ മേഞ്ഞ മേൽക്കൂരയുമുള്ള ബൂങ്കാസ് അതോടെ പ്രശസ്തമായി.
ബൂങ്കാസിൽ താമസിക്കാൻ എത്തുന്നവർക്ക് ആതിഥേയരായ വീട്ടുകാർ ഭക്ഷണം നൽകും. ചപ്പാത്തിയും തൈരും അച്ചാറുമൊക്കെയാണു വിഭവങ്ങളെങ്കിലും ബൂങ്കാസിന് ഹോം േസ്റ്റ പരിവേഷമാണ്. പളപളാ മിന്നുന്ന വസ്ത്രങ്ങളും കൈത്തോടയും കമ്മലും മൂക്കുത്തിയുമണിഞ്ഞ ഗുജറാത്തി സുന്ദരികളാണ് ബൂങ്കാസിലെ ആതിഥേയർ. പരമ്പരാഗത വേഷം ധരിച്ച ഗുജറാത്തി സ്ത്രീകൾ യാഥാസ്ഥിതിക ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്. അവിടെയും ഒരു വിസ്മയം കണ്ടെത്തി. കൈത്തണ്ടയിലും കഴുത്തിലും മൂക്കിലും ചെവികളിലും ആഭരണങ്ങൾ അണിഞ്ഞ ഒരു നവവധുവിന്റെ ചിത്രമായിരുന്നു അത്. വിവാഹത്തിനു ശേഷം മുപ്പതു ദിവസം ആഭരണങ്ങൾ ഊരി വയ്ക്കാൻ അവിടെ നവവധുവിന് അനുമതിയില്ല. ക്യാമറയിലേക്കു നോക്കി ഒന്നു പുഞ്ചിരിക്കാൻ പലതവണ പറഞ്ഞെങ്കിലും ആ പെൺകുട്ടിക്ക് അതിനു കഴിഞ്ഞില്ല.
കാട്ടുരാജാവായ സിംഹത്തെ നേരിൽ കാണുകയെന്നത് കാടിനെ ഇഷ്ടപ്പെടുന്നവരുടെയെല്ലാം ആഗ്രഹമാണ്. ഗീർ വനത്തിൽ വച്ച് രണ്ടു സിംഹങ്ങൾ ക്യാമറയ്ക്കു മുന്നിൽ വന്നുപെട്ടു. നെടുനീളൻ സിംഹങ്ങളുടെ ദൃശ്യം ചൂടോടെ ലെൻസിലാക്കി. ഇന്ത്യൻ എന്ന തമിഴ് സിനിമയിലെ ഗാനരംഗത്തിൽ കംഗാരുക്കൾ ഓടുന്നതു മനോഹരമായി ദൃശ്യവത്കരിച്ചിട്ടുണ്ട്. റാൺ ഒഫ് കച്ചിൽ വച്ച് അതുപോലൊരു കാഴ്ചയ്ക്ക് ക്യാമറ മിഴി തുറന്നു. ഏഷ്യയിൽ വിരളമായ കാട്ടുകഴുതകൾ കൂട്ടത്തോടെ ഓടുന്ന ദൃശ്യമായിരുന്നു അത്. കഴുതകൾ ഓടിയപ്പോൾ ഞാനും അവയോടൊപ്പം ഓടി. കൺടിന്യുവസ് മോഡിൽ ലെൻസ് സെറ്റ് ചെയ്ത് തുരുതുരാ ക്ലിക്ക് ചെയ്തു. കൂട്ടത്തോടെ കുതിച്ചു പായുന്ന കാട്ടു കഴുതകൾ ചിത്രത്തിൽ മാനിനെപ്പോലെ പ്രതിഫലിച്ചു.
ജയ്സാൽമിറിൽ നിന്നാണ് മറ്റൊരു അദ്ഭുതക്കാഴ്ച. മൃഗങ്ങളും മനുഷ്യരും ഒരുമിച്ചു ജീവിക്കുന്ന തെരുവോരങ്ങളിലെ വീടുകൾ കേരളത്തിൽ നിന്നുള്ളവർക്ക് ആശ്ചര്യം പകരും. മരത്തിൽ കൊത്തിയെടുത്ത വാതിലും ജനലുകളും മനോഹരമായ വർണങ്ങളിൽ അലങ്കരിച്ച ചുമരും ക്ലാസിക് കാലഘട്ടത്തിന്റെ ബാക്കി പത്രങ്ങളായി അവശേഷിക്കുന്നു. ഉത്സവപ്പൊലിവിലാണ് ജയ്സാൽമിറിലെ വിവാഹച്ചടങ്ങുകൾ. ക്ഷണപ്പത്രിക അച്ചടിക്കുന്നതിനൊപ്പം വീടിന്റെ ചുമരിൽ കല്യാണത്തീയതിയും വധൂവരന്മാരുടെ പേരും കുറിച്ചിടും. ശുഭ വിവാഹം എന്നെഴുതി ഗണപതിയുടെ ചിത്രം വരച്ച ചുമരുകൾ കണ്ടാൽ ആ വീട്ടിൽ അടുത്തു തന്നെ ഒരു വിവാഹമുണ്ടെന്ന് മനസ്സിലാക്കാം.
ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തോളം പഴക്കമുള്ള ഷെഖാവതിയിലേക്കുള്ള യാത്ര unseen India എന്ന ഫോട്ടോ ആൽബത്തെ അതുല്യമാക്കി. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായികളായിരുന്ന മാർവാഡികളുടെ സ്ഥലമാണു ഷെഖാവതി. പ്രമുഖ ബിസിനസുകാരുടെ കൊട്ടാര സദൃശമായ മന്ദിരവും കെട്ടിടത്തിനുള്ളിലെ ചില്ലുകൊണ്ടുള്ള ഡിസൈനുകളും അത്ഭുതകരം.
സ്പിതിയിൽ പോയവരുണ്ടോ?
ഇന്ത്യയിൽ ഏറ്റവും ഭംഗിയുള്ള സ്ഥലം ഏതാണെന്നു ചോദിച്ചാൽ ‘സ്പിതി’ എന്നാണു ഞാൻ പറയുക. മഞ്ഞിൽ മുങ്ങുന്ന സ്പിതി ഹിമാഛലിലാണ്. വർഷത്തിൽ മൂന്നു മാസം മാത്രമേ അവിടേക്കു പോകാൻ പറ്റൂ. ബാക്കി ഒമ്പതു മാസവും ആ സ്ഥലം മഞ്ഞിൽ മുങ്ങും. അതിമാനുഷനായ ഒരു ചിത്രകാരൻ വരച്ച പോർട്രെയ്റ്റ് പോലെ മനോഹരമാണ് ആ സ്ഥലം. ആ നാടിന്റെ നിഷ്കളങ്കത അവിടുത്ത മനുഷ്യരുടെ പെരുമാറ്റത്തിലും നിറഞ്ഞു നിൽക്കുന്നു.
മല കയറി അതിഥികളെ അന്യഗ്രഹ ജീവികളെ പോലെയാണ് ആ നാട്ടുകാർ നോക്കുന്നത്. ഭാഷ മാത്രമാണ് സന്ദർശകർക്ക് അവിടെയുള്ള ഒരേയൊരു തടസ്സം. സ്പിതിക്കാർ അവരുടേതായ ഏതോ ഒരു ഭാഷയാണു സംസാരിക്കുന്നത്. മൂന്നു നേരം ഭക്ഷണം കഴിച്ച് അന്തിയുറങ്ങാൻ സ്ഥലം തന്നയാൾക്ക് ഞങ്ങൾ അമ്പതു രൂപ പ്രതിഫലം നൽകി. അയ്യായിരം കിട്ടിയ സന്തോഷത്തോടെ അയാൾ ഞങ്ങളെ കൈകൂപ്പി തൊഴുതു. കാലികളെ മേച്ചു ജീവിക്കുന്ന അവർക്കു പുറംലോകത്തെക്കുറിച്ച് യാതൊന്നും അറിയാൻ താത്പര്യമില്ല.
എന്തായാലും സ്പിതിയിലേക്ക് ഇനിയൊരിക്കൽക്കൂടി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവിടെ എത്തിപ്പെടാനുള്ള കഷ്ടപ്പാടാണ് ഇങ്ങനെ കടുപ്പിച്ചൊരു തീരുമാനത്തിനു കാരണം. കിഴുക്കാം തൂക്കായ കൊക്കയുടെ അരികിൽക്കൂടി കഷ്ടിച്ച് കാറിന്റെ നാലു ചക്രങ്ങൾക്ക് ഉരുണ്ടു നീങ്ങാവുന്ന റോഡ്. ഏതു നിമിഷവും ഇടിഞ്ഞു വീഴാറായി നിൽക്കുന്ന മലഞ്ചെരിവുകൾ. ഒരു കല്ലിൽ നിന്ന് മറ്റൊരു കല്ലിലേക്കായി ഉരുട്ടിയുരുട്ടി വണ്ടിയോടിച്ച് നട്ടെല്ല് ഒരു പരുവമായി.
ട്രക്കുകൾ വരുന്നത് അഞ്ചു കിലോമീറ്റർ അകലെ നിന്നാൽ കാണാം. ട്രക്കുകൾ കണ്ടാൽ വഴിയരികിൽ ഇടം കണ്ടെത്തി കാർ ഒതുക്കിയിടണം. ട്രക്കുകൾ കടന്നു പോയ ശേഷം മാത്രമേ മുന്നോട്ടു നീങ്ങാൻ കഴിയൂ. ദുർഘടം പിടിച്ച ഓരോ റോഡുകൾ പിന്നിടുമ്പോൾ ഞാൻ ആശ്വസിക്കുകയായിരുന്നു. ചെന്നെത്തിയാൽ കാണാനുള്ളതു സ്വർഗതുല്യമായ കാഴ്ചയാണ്. പക്ഷേ, അവിടെ എത്തിപ്പെടുകയെന്നത് അതികഠിനമായ പ്രയത്നം തന്നെ.
കശ്മീരിലെ ദാൽ തടാകത്തിൽ കണ്ടെത്തിയ കൗതുകം പൂക്കച്ചവടക്കാരന്റെ തുഴപ്പാടിൽ ഇളകിയാടുന്ന ഓളങ്ങളായിരുന്നു. പിന്നീട്, ഗ്വാളിയോറിലേക്കും ഗജുരാവോയിലേക്കും പുറപ്പെടുന്നതിനു മുമ്പ് ഓർച്ച സന്ദർശിച്ചു. ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ ജീവനൊടുക്കുന്ന ‘സതി’ നടപ്പാക്കാൻ കെട്ടിപ്പൊക്കിയ മന്ദിരങ്ങളാണ് ഓർച്ചയിലേത്. നടുത്തളത്തിൽ ചിതയൊരുക്കാനുള്ള കുഴി. അതിനു ചുറ്റും യുവതികളുടെ ആത്മഹത്യ കണ്ടാസ്വദിക്കാൻ എത്തുന്ന രാജാക്കന്മാർക്കുള്ള ഇരിപ്പിടങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകളിലൊന്നിന്റെ ഓർമപ്പാടുകളാണ് ഓർച്ചയിലെ ഈ കെട്ടിടങ്ങൾ.
ആത്മാവിനു മോക്ഷം നൽകുന്ന ഗംഗാ നദിയുടെ തീരത്ത് എത്തിയത് ഒരു സായാഹ്നത്തിലാണ്. പിണ്ഡോദക ക്രിയകൾ ചെയ്യുന്നവരുടെ വിശുദ്ധിയിൽ ഗംഗ നിറഞ്ഞൊഴുകുന്നു. വിനോദ സഞ്ചാരികൾ ബോട്ടുകളിൽ ഉല്ലാസ യാത്ര നടത്തുന്നുണ്ടായിരുന്നു. നദിയുടെ തീരത്തു നടത്തുന്ന മൃതദേഹ സംസ്കാരത്തിലെ തട്ടിപ്പുകൾ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി. മൃതദേഹം കത്തിക്കാനായി വിട്ടുകൊടുത്താൽ ബന്ധുക്കളാരും അവിടെ നിൽക്കാറില്ല. അവരെല്ലാം പോയെന്ന് ഉറപ്പായപ്പോൾ പാതി കത്തിയ മൃതദേഹങ്ങൾ കാർമികരുടെ അനുയായികൾ നദിയിലേക്ക് വലിച്ചെറിയുന്നത് നേരിൽ കണ്ടു. ക്യാമറയെടുക്കാൻ കഴിയാത്ത വിധം ഞാൻ മരവിച്ചു പോയിരുന്നു.
വാരാണസിയിലെ തെരുവിൽ ഭാവി പ്രവചിക്കുന്ന സ്വാമിമാരുണ്ട്. മറ്റുള്ളവരുടെ ഭൂതകാലത്തിലേക്കു നുഴഞ്ഞു കയറുന്ന ‘കാക്കാലന്മാർ’ കരിമൂർഖനെ കൂടയിലാക്കി കൊണ്ടു നടക്കുന്നു. നമ്മുടെ നാട്ടിൽ തത്തയെക്കൊണ്ടു ചീട്ടെടുപ്പിക്കുന്നതുപോലെ അവിടെ പാമ്പാണ് ഭാവി–ഭൂത–വർത്തമാനങ്ങളുടെ ഇടനിലക്കാർ. ആഗ്രയിൽ നിന്നു കശ്മീരിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ചിത്രത്തെ നിരവധിയാളുകൾ പ്രശംസിച്ചു. ഏറ്റവുമധികം ഫോട്ടൊഗ്രഫിക്കു വിധേയമായിട്ടുള്ള താജ്മഹലിന്റെ വ്യത്യസ്തമായ ചിത്രമെടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു. അതിനായി താജിനു ചുറ്റും ഒരു യാത്ര നടത്താൻ തീരുമാനിച്ചു. യമുനാനദിക്കു കുറുകെയുള്ള പാലം കയറി താജ്മഹലിന്റെ പിൻഭാഗത്തുള്ള ഗ്രാമത്തിലെത്തി.
പശുത്തൊഴുത്തു പോലെയുള്ള വീടുകൾ നിറഞ്ഞ ഗ്രാമമാണ് അത്. ചക്രം തിരിച്ചു ധാന്യം പൊടിക്കുന്ന യന്ത്രത്തിനരികെ നിന്നു താജിനു നേരെ ക്യാമറ പിടിച്ചു. കാടിനപ്പുറത്ത് യമുനാനദിയുടെ കരയിൽ മുംതാസിന്റെ സ്മാരകം. ഇങ്ങേക്കരയിൽ ദാരിദ്ര്യത്തിന്റെ മുഖപടമണിഞ്ഞ യുവതിയും ദുരിതം നിഴലിക്കുന്ന വീടുകളും. താജ്മഹലിന്റെ ഇതുപോലൊരു ഫ്രെയിം മറ്റാരും പകർത്തിയതായി അറിവില്ല.
ദൈവത്തിന്റെ ഫോട്ടോ
കുടുംബസ്ഥനായ ഒരാൾക്ക് രണ്ടര വർഷം യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കേണ്ടത് വീട്ടിൽ നിന്നാണ്. ഭാര്യ അനുജയും മക്കളായ ജ്വാലയും ജെഫും സലിമിന്റെ ചിത്രങ്ങളുടെ ആരാധകരാണ്. കാണാത്ത ഇന്ത്യയെ 200 പേജുള്ള ആൽബമാക്കാൻ പ്രചോദനം നൽകിയതും അവരാണെന്നു സലിം പറയുന്നു. അടുത്ത യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് സലിം. അൺസീൻ വേൾഡ‍് – ലോകം ചുറ്റി മറ്റുള്ളവർ കാണാത്ത കാഴ്ചകൾ ക്യാമറയിലാക്കാനുള്ള യാത്ര. ഇന്ത്യയെ ചുറ്റിയുള്ള യാത്രയിൽ സലിമിനെ ആശയക്കുഴപ്പത്തിലാക്കിയ സംഭവം പറഞ്ഞുകൊണ്ട് ഈ വിവരണം അവസാനിപ്പിക്കാം.
പുരിയിൽ നിന്നു മടങ്ങുന്ന വഴിയിൽ സലിം ഒരു സന്യാസിയെ കണ്ടു. ദേഹം മുഴുവൻ ഭസ്മം പൂശി താടിയും മുടിയും ജഡ പിടിപ്പിച്ച ഒരു വൃദ്ധൻ. രുദ്രാക്ഷവും മുത്തുമാലയും കട്ടിയുള്ള പൂണൂലും ധരിച്ച സന്യാസി. സലിം ആ വയോധികന്റെ കുറേ ഫോട്ടോയെടുത്തു. അങ്ങനെയൊരാളെ ഇനിയൊരിക്കൽ കാണാൻ പറ്റുമെന്ന് ഉറപ്പില്ലാത്തതിനാൽ കൂടെ നിന്ന് ഒരു ഫോട്ടൊ എടുക്കട്ടെ എന്ന് സലിം ചോദിച്ചു. ‘‘ഇല്ല, ദൈവങ്ങൾക്കൊപ്പം നിന്നു ഫോട്ടൊയെടുക്കാൻ പാടില്ല ’’ അനുഗ്രഹം ചൊരിയുന്ന കണ്ണുകളോടെ സന്യാസി മറുപടി പറഞ്ഞു.
ഫൊട്ടോഗ്രഫറും കോട്ടയം പുഷ്പനാഥിന്റെ മകനുമായ സലിം കുഴഞ്ഞു വീണു മരിച്ചു