Tuesday 10 September 2019 02:50 PM IST

ഓണം വിരിയുന്ന കാഴ്ച തേടി; പൂക്കൂട തട്ടിച്ചിതറിയ പോലുള്ള സുന്ദരപാണ്ഡ്യന്റെ മണ്ണിലേക്ക്...

Akhila Sreedhar

Sub Editor

C64A2700 Photo: Sarin Ramdas

മുടിയിൽ മല്ലിപ്പൂ ചാർത്തി മഞ്ഞച്ചേലചുറ്റി നിൽക്കുന്ന തമിഴ്‌പെണ്ണാണ് സുന്ദരപാണ്ഡ്യന്റെ നാട്. മലയാളമണ്ണിലേക്ക് ഓണനിലാവെത്തും മുമ്പേ സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളിൽ വസന്തകാലം തുടങ്ങും. ജമന്തിയും ചെണ്ടുമല്ലിയും റോസാപ്പൂക്കളും സൂര്യകാന്തിയും വിളയെടുപ്പിനായി കാത്തിരിക്കുന്നു. പൂക്കൾ മാത്രമല്ല അരിയും പച്ചക്കറികളും സമൃദ്ധമായി വിളയുന്ന പ്രദേശമാണ് സുന്ദരപാണ്ഡ്യപുരം.  മലയാളികളുടെ സദ്യയും മനസ്സും സമൃദ്ധമാക്കാൻ വെയിലിനെ തോൽപ്പിച്ച് പണിയെടുക്കുന്ന കർഷകരുടെ ഗ്രാമം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തെങ്കാശിക്കടുത്താണ് സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷൻ കൂടിയായ സുന്ദരപാണ്ഡ്യപുരം. ഓണമൊരുങ്ങുന്ന സുന്ദരപാണ്ഡ്യപുരം തേടിയാണ് ഈ യാത്ര. കേരളത്തിൽ പൂവിളികളുടെ കരഘോഷം മുഴങ്ങും മുമ്പേ ഇവിടുത്തെ അഗ്രഹാര വീഥികളിലൂടെ  പൂപ്പാടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം.

സുന്ദരപാണ്ഡ്യന്റെ മണ്ണിലേക്ക്...

C64A2671

തെന്മല– ആര്യങ്കാവ് വഴി തെങ്കാശി കഴിഞ്ഞ് ഏഴുകിലോമീറ്റർ പിന്നിട്ടാൽ  തമിഴ്നാടിന്റെ ഗ്രാമീണസൗന്ദര്യം തെളിഞ്ഞുതുടങ്ങുകയായി. പൂക്കൂട തട്ടിച്ചിതറിയപോലെ റോഡിനിരുവശത്തും ചെണ്ടുമല്ലിയും ജമന്തിയും ചേർന്നൊരുക്കുന്ന ദൃശ്യവിരുന്ന്. ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവാണ് അവിടം ഭരിച്ചിരുന്നത്. പിൽക്കാലത്ത്  ഈ സ്ഥലം സുന്ദരപാണ്ഡ്യന്റെ നാട് അഥവാ, സുന്ദരപാണ്ഡ്യപുരം  എന്നറിയപ്പെട്ടു. പേരു പോലെ സൗന്ദര്യത്തെ വാക്കുകളിലൊളിപ്പിച്ച് പൂത്താലം കയ്യിലേന്തുന്ന ഗ്രാമം. ആ നാടിന്റെ വിവിധ ഭാഗങ്ങളിലായി കാലത്തെ വെല്ലുവിളിച്ച് നിലകൊള്ളുന്ന ചെറുതും വലുതുമായ ക്ഷേത്രങ്ങൾ. കൊത്തുപണികളാൽ മനോഹരമാണ് ആ ക്ഷേത്രങ്ങളുടെ നിർമിതി. നിശ്ശബ്ദതയെ ഭേദിച്ച് അഗ്രഹാരത്തെരുവുകൾ കീഴടക്കുന്ന കളിക്കൂട്ടങ്ങൾ. ഇടുങ്ങിയ വഴികളിലൂടെ പറ്റമായി നീങ്ങുന്ന ആട്ടിൻകൂട്ടം. ചോളപ്പാടങ്ങളെ തഴുകുന്ന കാറ്റ്. പച്ചവിരിച്ച നെൽവയലുകൾ, പൂപ്പാടങ്ങളിലും ഉള്ളിപ്പാടങ്ങളിലും ജോലിചെയ്യുന്ന തമിഴ് സ്ത്രീകൾ... സിനിമകളിൽ മാത്രം കണ്ടു പരിചയിച്ച മുഖമാണ് സുന്ദരപാണ്ഡ്യപുരത്തിന്.  ഈ ആകർഷണമായിരിക്കണം സഞ്ചാരികളെയും സിനിമാ പ്രവർത്തകരേയും സുന്ദരപാണ്ഡ്യപുരത്തേക്ക് ആകർഷിക്കുന്ന ഘടകം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അമ്പതിലധികം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കണ്ടു മടുത്ത സ്ഥിരം കാഴ്ചയായതിനാലാവണം  ഇവിടുത്തുകാർക്ക് സിനിമാപിടുത്തം കൗതുകമല്ല. പക്ഷേ, സൂപ്പർസ്റ്റാറുകൾ വന്നാൽ  ജോലി മാറ്റിവച്ച്  അവർ ഷൂട്ടിങ് കാണാൻ പോകുന്നു !

കടയനല്ലൂർ മാർക്കറ്റിൽ വച്ചാണ് ശെൽവസുബ്രമണ്യത്തെ പരിചയപ്പെട്ടത്. പത്തേക്കറോളം കൃഷിഭൂമിയുടെ ഉടമ. മണ്ണിനെ അറിഞ്ഞ് കൃഷിചെയ്യുന്ന കർഷകൻ. ഓരോ വിളയും അതിന്റെ രീതിയിൽ പരിപാലിക്കാൻ അറിവുള്ള കൃഷിക്കാരുള്ളതുകൊണ്ടാണ് സുന്ദരപാണ്ഡ്യപുരത്തിന്റെ കൃഷിപ്പെരുമ ഇന്നും നിലനിൽക്കുന്നതെന്ന് ശെൽവസുബ്രമണ്യം പറഞ്ഞു. എല്ലാ വർഷവും ഒരേ വിളയല്ല ഇറക്കുന്നത്. മണ്ണിന്റെ സ്വഭാവവും മഴയുടെ ലഭ്യതയുമാണ് ഏതുവിള കൃഷിചെയ്യണമെന്ന് കർഷകർ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം. പൂപ്പാടങ്ങൾ തേടിയാണ് യാത്രയെന്നു പറഞ്ഞപ്പോൾ ശെൽവൻ ഞങ്ങളെ ചെണ്ടുമല്ലിപ്പാടത്തേക്കു ക്ഷണിച്ചു.

C64A2916

സൂര്യനെ പ്രണയിച്ച സൂര്യകാന്തി...

പട്ടു ചേല മാറ്റിയുടുക്കുന്ന പോലെ സുന്ദരപാണ്ഡ്യപുരം ഇടയ്ക്കിടെ നിറങ്ങൾ എടുത്തണിയും.  നെൽപ്പാടത്തിന്റെ ഇളം പച്ച മടുക്കുമ്പോൾ ചെണ്ടുമല്ലിയുടെ ഓറഞ്ചു നിറം. അതു കഴിഞ്ഞാൽ ജമന്തിയുടെ മഞ്ഞ. ചില നേരത്ത് മുല്ലപ്പൂവിന്റെ വെള്ള... മനംമയക്കുന്ന ചന്തം ആവോളം വാരിപ്പൂശിയിട്ടുണ്ട് ഈ നാട്.

വിണ്ണിൽ നിന്നിറങ്ങി വന്ന് പൂത്തുനിൽക്കുന്ന ആയിരം സൂര്യന്മാരെ പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു സൂര്യകാന്തിപ്പൂക്കൾ. ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് വരെ സുന്ദരപാണ്ഡ്യപുരത്തിന് ചന്തംചാർത്തിക്കൊടുക്കുന്നത്  സൂര്യകാന്തിപ്പൂക്കളാണ്. കൃഷിയിടത്തിലെ ഇടവിളയാണ് സൂര്യകാന്തി. ഗ്രാമങ്ങളുടെ രക്ഷകനായ ‘കുല ദൈവത്തിന്’ കാണിക്ക സമർപ്പിച്ച്  അനുഗ്രഹം വാങ്ങിയാണ് ഇവിടുത്തെ കർഷകർ കൃഷി ചെയ്യാനിറങ്ങുന്നത്.ഏപ്രിൽ– മെയ് മാസങ്ങളില്‍ വിത്തു വിതച്ച് മൂന്നുമാസത്തിനുശേഷം വിളവെടുക്കുന്ന രീതിയിലാണ് സൂര്യകാന്തി കൃഷി. ക്ലാരറ്റ്, സണ്ണി, ലമണേഡ്, മൗലിൻ റൂഷ് എന്നിങ്ങനെ നിറവും ഉയരവും കണക്കാക്കി സൂര്യകാന്തികളെ തരംതിരിച്ചിട്ടുണ്ട്. മറ്റു പൂക്കളെ പോലെ അൽപായുസ്സുകാരല്ല സൂര്യകാന്തിപ്പൂക്കൾ. കാഴ്ചക്കാർക്ക് മുഴുവൻ സന്തോഷം നൽകി മാസങ്ങളോളം നിന്ന് ശോഭമങ്ങി ഇതൾകൊഴിഞ്ഞ് ഉണങ്ങിയ ശേഷമാണ് സൂര്യകാന്തിയുടെ വിത്ത് കർഷകർ ശേഖരിക്കുന്നത്. സുന്ദരപാണ്ഡ്യപുരത്ത് മാത്രമല്ല തെങ്കാശിക്ക് സമീപമുള്ള സാമ്പർ, വടകരൈ, ആയ്ക്കുടി എന്നിവിടങ്ങളിലും ആയിരക്കണക്കിനേക്കർ പാടത്ത് സൂര്യകാന്തി കൃഷി ചെയ്യുന്നുണ്ട്.

C64A2831

സൂര്യകാന്തിച്ചെടികളുടെ ഇടയിലെ കള പറിച്ചെടുക്കുന്ന തമിഴ്പ്പെണ്ണുങ്ങൾ. പടം പിടിക്കാനും സംസാരിച്ചു നിൽക്കാനും സമയമില്ലെന്നു പറഞ്ഞെങ്കിലും ക്യാമറയ്ക്ക് നേരെ നോക്കി സൂര്യകാന്തിപ്പൂവിന്റെ ശോഭയെ വെല്ലുന്നൊരു ചിരി സമ്മാനിച്ചു. രാവിലെ മുതൽ വൈകിട്ടുവരെ   ജോലി ചെയ്താൽ നൂറോ നൂറ്റമ്പതോ കൂലി കിട്ടും. ലളിതമായ കാർഷികജീവിതത്തിന്റെ നേർക്കാഴ്ച. കൃഷിയും കന്നുകാലി വളർത്തലുമാണ് ഇവിടുത്തുകാരുടെ പ്രധാന ഉപജീവന മാർഗം. നെല്ല്, ചോളം, തക്കാളി, വെണ്ടയ്ക്ക, മുരിങ്ങ, മുളക്, സവാള, മല്ലിയില, വാഴ തുടങ്ങി കൃഷിയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാണ് ഈ നാട്. മലയാളികൾക്ക് ഓണമുണ്ണാനും പൂക്കളമൊരുക്കാനും മണ്ണിൽ വിയർപ്പൊഴുക്കുന്ന കാർഷികഗ്രാമം.

സുന്ദരപാണ്ഡ്യപുരത്തെ ക്രമസമാധാനപാലനം നാട്ടുക്കൂട്ടത്തിന്റെ ചുമതലയാണ്. പരാതികളും പിണക്കങ്ങളും പരിഭവങ്ങള്‍ക്കുമെല്ലാം അതാതു സ്ഥലത്തെ നാട്ടുക്കൂട്ടം പരിഹാരം കാണും. തങ്ങൾക്ക് പരിഹരിക്കാൻ പറ്റുന്നതിലും വലിയ പ്രശ്നമാണെങ്കിൽ മാത്രമേ െപാലീസും കോടതിയുമെല്ലാം ഇടപെടേണ്ടതുള്ളൂ. ഇതുപോലെ പരമ്പരാഗതമായി തുടർന്നുപോരുന്ന ആചാരങ്ങളും വിശ്വാസങ്ങളുമാണ് സുന്ദരപാണ്ഡ്യപുരത്തെ മറ്റ് ഗ്രാമങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.

C64A2780

നല്ല തോതിൽ മഴ ലഭിക്കുന്ന ഇടമാണ് സുന്ദരപാണ്ഡ്യപുരം. അതുകൊണ്ടു തന്നെ ഇവിടുത്തുകാർ മഴവെള്ളം കൃത്യമായി ശേഖരിച്ച് കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്നു. തൈപ്പൂയമാണ് സുന്ദരപാണ്ഡ്യപുരത്തെ ഉത്സവകാലം. അന്ന് ഇവിടുത്തെ ഓരോ തെരുവും  ആഘോഷത്തിമിർപ്പിലാകും. ഗ്രാമത്തിനു പുറത്തു ജോലിചെയ്യുന്നവരും മറ്റും ഒത്തുകൂടുന്ന ദിനം. നമ്മുടെ ഓണക്കാലത്തെ ഒത്തുചേരൽ പോലെ...

സിനിമാക്കാരുടെ പാറ

പൂക്കള്‍ പകർന്ന നിറക്കാഴ്ചയായിരുന്നു ഇതുവരെ. ഇനി യാത്ര പുലിയൂർപ്പാറ കാണാനാണ്. ഒരുപക്ഷേ പുലിയൂർപ്പാറ എന്ന പേരുപറഞ്ഞാൽ  മനസ്സിലായെന്നു വരില്ല. ഈ നാട്ടുകാർ പോലും ആ പേരു മറന്നുതുടങ്ങിയിരിക്കുന്നു. മണിരത്നത്തിന്റെ ഹിറ്റ് ചിത്രം റോജ പുറത്തിറങ്ങുന്നതോടെയാണ് സുന്ദരപാണ്ഡ്യപുരം ഇത്ര പ്രശസ്തമാകുന്നത്. അതിനു ശേഷം പുലിയൂർപ്പാറ റോജാപ്പാറ എന്നറിയപ്പെട്ടു തുടങ്ങി. ഒറ്റപ്പെട്ട ആൽമരവും കൂട്ടമായി നിൽക്കുന്ന പാറക്കെട്ടും അവയ്ക്കു താഴെ കണ്ണെത്താദൂരം പരന്നുക്കിടക്കുന്ന നെൽവയലുകളും കുളവും ചേർന്നൊരുക്കുന്ന ദൃശ്യവിരുന്ന് സിനിമക്കാരെ വല്ലാതെ ആകർഷിച്ചിരിക്കണം. റോഡരികില്‍ തലയെടുപ്പോടെ നിൽക്കുന്ന പാറക്കൂട്ടത്തെ ക്യാൻവാസാക്കി  എം. ജി. ആറിന്റെയും രജനീകാന്തിന്റെയും കമൽഹാസന്റെയുമെല്ലാം ജീവനുള്ള ചിത്രങ്ങൾ  ആരോ വരച്ചിട്ടു.  2005 ൽ വിക്രം അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ അന്യൻ പുറത്തിറങ്ങിയതോടെ സുന്ദരപാണ്ഡ്യപുരത്തേക്ക് സന്ദർശകരുടെ എണ്ണം കൂടി. അങ്ങനെ പുലിയൂർപ്പാറ അന്യൻപാറയായി മാറി. സുന്ദരപാണ്ഡ്യപുരത്തെ പ്രത്യേക കാഴ്ചയായി എടുത്തു പറയാവുന്ന ഒന്ന് ഈ അന്യൻപാറയാണ്. ഗ്രാമത്തിന്റെ അന്തരീക്ഷം ആസ്വദിക്കാം എന്നുള്ളതാകണം സുന്ദരപാണ്ഡ്യപുരം യാത്രയുടെ ഉദ്ദേശ്യം.

C64A2522

പൂപ്പാടങ്ങൾ തേടി...

ചിങ്ങമാസം പിറക്കുന്നതോടെ പൂക്കളുടെ വിപണി സജീവമാകും. കേരളത്തിലെ കല്യാണസീസണും ഓണവുമാണ് അതിനു കാരണം. ‘‘അതുവരെ കിലോയ്ക്ക് ഇരുപതോ മുപ്പതോ രൂപ മാത്രം കിട്ടിയിരുന്ന പൂക്കൾക്ക് വില ഇരട്ടിയാകും.. നാലോ അഞ്ചോ തവണ ഒരേ വയലിൽ തുടർച്ചയായി കൃഷിയിറക്കാം. ഓരോ തവണയും പക്ഷേ പൂവിന്റെ വലുപ്പം കുറയും.’’ വീരാനം മാർക്കറ്റിൽ  പൂക്കളുടെ മൊത്തവ്യാപാരം നടത്തുന്ന വേൽമുരുകം കച്ചവടത്തിന്റെ ലാഭനഷ്ടങ്ങൾ വിശദീകരിച്ചു.

വസന്തം വിരിഞ്ഞ യാത്ര അവസാനിപ്പിച്ച് മ ങ്ങുകയാണ്. കാറ്റാടിയന്ത്രങ്ങളിൽ പാട്ടു മൂളിയ കാറ്റ് യാത്രാമംഗളം നേർന്നു. പാണ്ഡ്യന്റെ സുന്ദരമായ നാട്ടിലേക്ക് ഇനിയും വരുമെന്ന് മനസ്സിലുറപ്പിച്ചു. സൂര്യകാന്തിപ്പൂക്കളുടെ ഐശ്വര്യം ഏറ്റുവാങ്ങിയ മണ്ണിന്റെ ഗന്ധം മറക്കില്ല, ഒരിക്കലും... 

sundharapuram97

സുന്ദരപാണ്ഡ്യപുരം

തിരുവനന്തപുരത്തു നിന്നും 125 കിലോമീറ്റർ അകലെയാണ് സുന്ദരപാണ്ഡ്യപുരം. തെന്മല, ആര്യങ്കാവ് , തെങ്കാശി വഴി ഇവിടേക്കെത്തി ചേരാം. തെങ്കാശിയിൽ നിന്ന് എട്ടുകിലോമീറ്റർ ദൂരം. കേരളത്തിൽ നിന്ന് സുന്ദരപാണ്ഡ്യപുരത്തേക്ക് ട്രെയിൻ സർവീസില്ല.

Tags:
  • Manorama Traveller
  • Travel India