കോവിഡ് വൈറസ് അതിതീവ്ര വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ഡൗണിൽ സഞ്ചാര മേഖല വീണ്ടും സ്തംഭിച്ചു. സഞ്ചാരികൾ വീട്ടിൽ തിരിച്ചെത്താൻ സർക്കാർ ഏർപ്പാടാക്കിയ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു യാത്രാനുമതി നേടണം. ഓരോ സംസ്ഥാനങ്ങൾക്കും വ്യത്യസ്ത രീതിയിലാണ് റെയിൽവേ മാർഗ നിർദേശം തയാറാക്കിയിട്ടുള്ളത്. മാസ്ക് ഉൾപ്പെടെ വൈറസ് പ്രതിരോധങ്ങളിൽ വീഴ്ച വരുത്തുന്നവർ പിഴ അടയ്ക്കേണ്ടി വരും. പുതിയ അറിയിപ്പു ലഭിക്കുന്നതു വരെ ട്രെയിനിനുള്ളിൽ വേവിച്ച ഭക്ഷണ സാധനങ്ങൾ ലഭിക്കില്ല.
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ട്രെയിൻ യാത്രക്കാർ കോവിഡ് നെഗറ്റിവ് (ആർടിപിസിആർ) സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. എല്ലാ റെയിൽവേ േസ്റ്റഷനുകളിലും അധിക ശരീരതാപനില പരിശോധന നടത്തും. റെയിൽവേ േസ്റ്റഷനുകളിൽ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള പരിശോധനാ കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്താം. മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ 14 ദിവസം വീടിനുള്ളിൽ ക്വാറന്റീൻ പാലിക്കണം.
എല്ലാ ട്രെയിൻ യാത്രക്കാരും യാത്ര തുടങ്ങുന്നതിന് പരമാവധി 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് ആർടി പിസിആർ പരിശോധന റിപ്പോർട്ട് കൈവശം വയ്ക്കണം. റെയിൽവേ േസ്റ്റഷനുകളിൽ നടത്തുന്ന കോവിഡ് പരിശോധനയിൽ റിസൽട്ട് പോസിറ്റിവ് ആണെങ്കിൽ സ്വന്തം ചെലവിൽ പ്രാദേശിക ക്വാറന്റീന്‍ കേന്ദ്രത്തിൽ ക്വാറന്റീൻ പാലിക്കണം.
അതേ സമയം, മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിക്ക് പോലീസ് േസ്റ്റഷനുകളിൽ നിന്നു േസ്റ്റഷൻ ഹൗസ് ഓഫിസർമാർ പാസ് നൽകുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബഹറ അറിയിച്ചു. പൊലീസ് വെബ് സൈറ്റ്, കേരള പൊലീസ് ഫേസ് ബുക്ക് പേജ് എന്നിവയിൽ യാത്രാ പാസിന്റെ മാതൃക ലഭ്യമാണ്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് പാസിന്റെ സാധുത. മെഡിക്കൽ ആവശ്യങ്ങൾക്കു മാത്രമേ രാത്രി യാത്രയ്ക്കു പാസ് ലഭിക്കുകയുള്ളൂ. പാസ് ലഭിക്കുന്നവർ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ചു യാത്ര ചെയ്യണം.