Wednesday 08 January 2020 05:22 PM IST

25 കൂട്ടം ഇറച്ചി വിഭവങ്ങളുമായി ഒരു വീട്ടിലൂണ്! വിലയെത്രയെന്നോ? ഒരിക്കലെങ്കിലും പോകണം, ഈ രുചി അറിയണം

Baiju Govind

Sub Editor Manorama Traveller

namma-veettu

ഉച്ചയ്ക്ക് ഒരു മണിക്ക് ഹോട്ടലിൽ എത്താനാണ് കരുണൈവേൽ പറഞ്ഞിരുന്നത്. മലയാളികളെ അദ്ഭുതപ്പെടുത്തിയ പാചകപ്പുരയുടെ കലവറ കാണാമെന്നു കരുതി അൽപം നേരത്തേ പുറപ്പെട്ടു. കോയമ്പത്തൂർ – ഈറോഡ് റൂട്ടിൽ നീലാമ്പൂരിൽ നിന്ന് ഇടത്തോട്ടുള്ള വഴിയിലേക്ക് കയറിയതിനാൽ പ്രതീക്ഷിച്ചതിലും നേരത്തേ ആയിക്കൊണ്ടാൻപാളയത്ത് എത്തി. പുളിമരങ്ങൾ തണലിട്ട റോഡിന്റെ അരികിൽ തമിഴ് തറവാട്ടു വീടിന്റെ മുന്നിൽ ബോർഡുണ്ട് – യുബിഎം നമ്മ വീട്ട് ശാപ്പാട്. ബന്ധുവിനെ വരവേൽക്കുന്ന പോലെ തൊഴുകയ്യുമായി കരുണൈവേൽ സ്വീകരിച്ചു. ‘‘ശമയൽ‌ തുടങ്ങിയിട്ടേയുള്ളൂ. ശാപ്പാട് റെഡിയാകുമ്പോഴേക്കും ഒരു മണിയാകും. അതു വരെ കാത്തിരിക്കണം.’’ ഉച്ചയൂണ് കഴിക്കാൻ രാവിലെ പത്തരയ്ക്ക് എത്തിയവരോട് കരുണൈവേലിന്റെ അഭ്യർഥന. കാത്തിരിപ്പു സംഘത്തിൽ ബംഗളൂരുവിൽ നിന്നും കൊല്ലത്തു നിന്നും വന്നവരുണ്ട്. ഇരുപത്തഞ്ചു കൂട്ടം നോൺ വെജ് കറി കൂട്ടി സ്പെഷൽ ഊണിനു വേണ്ടി മൂന്നു മണിക്കൂറല്ല മൂന്നു ദിവസം കാത്തിരിക്കാൻ അവരെല്ലാം റെഡി.

നാട്ടു വിശേഷങ്ങൾ പറഞ്ഞു തീർന്നപ്പോൾ കരുണൈവേലിനോട് യുബിഎമ്മിന്റെ തുടക്ക കാലത്തെ കുറിച്ച് ചോദിച്ചു. ഏഴു തലമുറയുടെ കൃഷിപ്പെരുമയാണ് അദ്ദേഹം പറഞ്ഞത്. നാടൻ കോഴികൾ ചിക്കിച്ചികഞ്ഞു നടക്കുന്ന വഴിയോരമാണ് ആയിക്കൊണ്ടാൻപാളയം. പണ്ട് കടലയും പച്ചപയറും വിളഞ്ഞിരുന്ന കൃഷി ഗ്രാമം. വിഷപ്പാമ്പുകളെ പേടിച്ച് ആളുകൾ ആ വഴി നടക്കാറില്ലായിരുന്നു. വഴിയും വണ്ടിയുമില്ലാതിരുന്ന സമയത്ത് കല്ലാകുളം, വാണിയോടംപാളയം പ്രദേശങ്ങളിലെ പട്ടിണിപ്പാവങ്ങൾക്ക് അന്നമൂട്ടിയിരുന്ന തറവാടാണ് രാജൻചെട്ട്യാരുടെ വീട്. പെരുന്തുറൈ, നീലാമ്പൂർ, ഈറോഡ് പ്രദേശങ്ങളിൽ ‘ജ്യോത്സ്യൻ രാജൻ ചെട്ടിയാർ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രാജൻ ചെട്ട്യാരുടെ മകൻ കരുണൈവേൽ കുട്ടിക്കാലത്ത് അച്ഛനൊപ്പം നിന്ന് തറി ചവിട്ടി പുടവ നെയ്യാൻ പഠിച്ചു. പാട്ടിയൊടൊപ്പം (അമ്മയുടെ അമ്മ) അടുക്കളയിൽ കയറി പാചകം പരിശീലിച്ചു.

‘‘ഒരിക്കൽ സേലത്തു പോയ അച്ഛൻ എന്റെ കല്യാണം നിശ്ചയിച്ചിട്ടാണ് മടങ്ങി വന്നത്. പെണ്ണിന്റെ പേര് സ്വർണലക്ഷ്മി – അച്ഛൻ പറഞ്ഞു. കല്യാണ മണ്ഡപത്തിൽ വച്ചാണ് ‘സ്വർണത്തെ’ ആദ്യമായി കണ്ടത്. അന്ന് എനിക്ക് പത്തൊൻപതു വയസ്സ്. സ്വർണത്തിന് പതിമൂന്ന്. ഞങ്ങളുടെ വീട്ടിൽ എത്തിയ ശേഷമാണ് സ്വർണലക്ഷ്മി ചോറും കറിയും ഉണ്ടാക്കാൻ പരിശീലിച്ചത്.’’ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കയറി വന്നതിനെ കുറിച്ച് സിനിമാ കഥ പോലെ കരുണൈവേൽ പറഞ്ഞു.

സേലത്തിനു സമീപത്തും ഈറോഡിലെ ഗ്രാമങ്ങളിലും ഇപ്പോഴും കൂട്ടുകുടുംബങ്ങളുണ്ട്. അതിലൊന്നാണ് കരുണൈവേലിന്റേത്. ഇരുപത്തേഴു വർഷം മുൻപ് ‘പാപ്പ’ തയാറാക്കിയ ഭക്ഷണം കഴിക്കാൻ ആളുകൾ ഇവരുടെ വീട്ടുമുറ്റത്ത് എത്തുമായിരുന്നു. വട നുറുക്കി സാമ്പാറൊഴിച്ച് നെയ്യു കുഴച്ചുണ്ടാക്കിയ പലഹാരം കഴിച്ചവർ സ്നേഹത്തോടെ സ്വർണലക്ഷ്മിക്കു ചാർത്തി നൽകിയ പേരാണ് പാപ്പ (കുട്ടി). കരുണൈവേലും ഭാര്യ പാപ്പാക്കുട്ടിയും ചേർന്ന് പിൽക്കാലത്ത് ഹോട്ടൽ ആരംഭിച്ചപ്പോൾ ഗ്രാമത്തിലുള്ളവർക്കു സന്തോഷമായി.

നോൺ വെജ് – 16 ഇനം

ഇരുപത്തേഴു വർഷം മുൻപാണ് കരുണൈവേൽ ഹോട്ടൽ തുടങ്ങിയത്. അവർ സ്വന്തം വീട്ടിലുണ്ടാക്കിയ ചോറിന്റെയും കറിയുടെയും അളവു കൂട്ടി ഹോട്ടലിൽ വിളമ്പി. ഗ്രാമത്തിലുള്ളവർ അതു സ്വാദിഷ്ടമായി കഴിച്ചു. ഈറോഡിൽ നിന്നു കേരളത്തിലേക്കു യാത്ര ചെയ്തവർ വീട്ടിലൂണിന്റെ പെരുമയെ കുറിച്ച് സ്വന്തം നാട്ടിലെത്തി പ്രശംസിച്ചു. ഇരുപത്തഞ്ചു തരം വിഭവങ്ങൾ ഉൾപ്പെടുന്ന ഊണിനെ കുറിച്ച് ടിവി ചാനലിലും സമൂഹ മാധ്യമങ്ങളിലും ഫോട്ടോയും വിഡിയോകളും വന്നു. അതോടെ വിദേശത്തും യുബിഎം അറിയപ്പെട്ടു.

യുബിഎം ഊണിന്റെ പ്രത്യേകത എന്താണെന്നു ചോദിച്ചപ്പോൾ കരുണൈവേൽ ഹോട്ടലിന്റെ ഹാളിലേക്ക് നടന്നു. വാഴയില തണ്ടോടെ മുറിച്ചെടുത്ത് മേശപ്പുറത്തു വിരിച്ചു. അതിനു ശേഷം ഉമ്മറത്തെ വാതിൽ തുറന്ന് നിലവിളക്കു തെളിച്ച ശേഷം അതിഥികളെ ക്ഷണിച്ചു.

വിളക്കിനു മുന്നിൽ നിന്നു ഭസ്മം എടുത്ത് ഭക്ഷണം കഴിക്കാനെത്തിയവരുടെ നെറ്റിയിൽ പൊട്ടു വച്ച ശേഷമാണ് വിഭവങ്ങൾ വിളമ്പിയത്. ‘‘വിളമ്പാൻ അര മണിക്കൂർ. കഴിക്കാൻ നാൽപ്പതു മിനിറ്റ്.’’ കരുണൈവേൽ പറഞ്ഞു. രക്തപൊരിയൽ (ആടിന്റെ ചോര വരട്ടിയത്), കുടൽകറി, തലക്കറി, മട്ടൻ കറി, നല്ലി എലുമ്പ് (ആടിന്റെ എല്ല് കറി), കാൽപായ (ആട്ടിൻ കാൽ സൂപ്പ്), ലിവർ കൊത്തുകറി, ചെമ്മീൻ, നാട്ടുകോഴിക്കറി, ടർക്കിക്കോഴി കറി, ഇഞ്ചി – ജീരകം – പുതിന – മല്ലിയില ചേർത്ത് ഒഴിച്ചുകറി, ചിക്കൻ ഫ്രൈ, ബ്രോയിലർ കോഴിക്കറി, പെപ്പർ ചിക്കൻ, നെയ്മീൻകറി, ചോറ്, നെയ് ചോറ്. പതിനാറു തരം കറികളാണ് സ്ഥിരം ഐറ്റം. ചില ദിവസങ്ങളിൽ ഇരുപത്തഞ്ച് ഇനം കറികളുണ്ടാക്കും.

ഇത്രയും വിഭവങ്ങൾ ഒരാൾ കഴിക്കുമോ? ‘‘സൂപ്പറായി ശാപ്പിടലാം’’ – കരുണൈവേലിന്റെ മറുപടി. ആടിന്റെ ചോര വറുത്തുണ്ടാക്കിയ രക്തപ്പൊരിയൽ കണ്ടാൽ ചീരക്കറിയാണെന്നു തോന്നും. എരിവുള്ള മട്ടൻകറിയും ലിവർ കഷണങ്ങളും ചേർത്താൽ സ്വാദ് ഇരട്ടിയാകും. അതിനു ശേഷമാണു കോഴി വറുത്തതും കോഴിയിറച്ചി ഉപയോഗിച്ചുണ്ടാക്കിയ മറ്റു നാല് ഡിഷുകളും കഴിക്കേണ്ടത്. ഇലക്കറികൾ ചേർത്തുണ്ടാക്കിയ കുഴമ്പ്, മീൻ കറി, മട്ടൻകറി, കുടൽകറി, ആടിന്റെ തലക്കറി എന്നിവ പിന്നീട്. ഇറച്ചിക്കറിയുടെ മസാലക്കൂട്ടിൽ വീട്ടുരുചി തിരിച്ചറിയാം.

സിനിമാ നടൻ പ്രഭുവും പാണ്ഡ്യരാജും ഗാനരചയിതാവ് വൈരമുത്തുവും മറ്റ് ഒട്ടേറെ പ്രശസ്തരും യുബിഎമ്മിൽ ഉച്ചയൂണിന് വന്നിട്ടുണ്ട്. വയറു നിറഞ്ഞു പൊട്ടാറായെന്നും ഐസ്ക്രീം കഴിക്കാൻ ഇടമില്ലെന്നുമാണ് പ്രഭു അഭിപ്രായപ്പെട്ടത്. സിനിമാ താരങ്ങൾ വന്നുപോയതിനെ കുറിച്ച് കരുണൈവേൽ പറഞ്ഞുകൊണ്ടിരുന്ന സമയത്താണ് തമിഴ്നാട് മുൻമന്ത്രി ബുദ്ധിചന്ദ്രൻ കയറി വന്നു. നീലഗിരി മണ്ഡലത്തെ പ്രതിനിധീകരിച്ച് ജയലളിതയുടെ മന്ത്രി സഭയിൽ അംഗമായ എഐഎഡിഎംകെ നേതാവാണ് ബുദ്ധിചന്ദ്രൻ. ‘കേൾവിപ്പെട്ടതിനെക്കാൾ പ്രമാദം’ യുബിഎം ഊണിനെ ബുദ്ധിചന്ദ്രൻ പ്രശംസിച്ചു.

സ്നേഹം വിളമ്പുന്ന കുടുംബം

യുബിഎം ഹോട്ടൽ തുടങ്ങുന്ന സമയത്തു തന്നെ ഉച്ചയൂണ് മാത്രം മതിയെന്ന് കരുണൈവേലും ഭാര്യയും തീരുമാനിച്ചു. വിരുന്നു സൽക്കാരം പോലെ ഒട്ടേറെ വിഭവങ്ങൾ വേണമെന്നും നിശ്ചയിച്ചു. പെരുന്തുറ പട്ടണത്തിൽ ആട്ടിറച്ചിയും കോഴിയിറച്ചിയും മീനും കിട്ടാനുണ്ട്. അതെല്ലാം ഉൾപ്പെടുത്തി പതിനാറു കറികൾ തയാറാക്കി. പിന്നീട് ഹോട്ടലിൽ എത്തിയവരെ കുടുംബത്തോടൊപ്പം ഊണു കഴിക്കാൻ ക്ഷണിച്ചു. പിൽക്കാലത്ത് യുബിഎം നമ്മ വീട്ട് ശാപ്പാടിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.

കരുണൈവേലിന് രണ്ടു മക്കളാണ് – ഭുവനേശ്വരി, മഹേശ്വരൻ. അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾ ഉമയും കരുണൈവേലിന്റെ വീട്ടിൽ താമസിക്കുന്നു. ഉമ, ഭുവനേശ്വരി, മഹേശ്വരൻ എന്നീ പേരുകളിലെ ആദ്യത്തെ ഇംഗ്ലിഷ് അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ പേരാണ് യുബിഎം. ‘‘മഹേശ്വരൻ ഒരു വാഹനാപകടത്തിൽ മരിച്ചു. അവന്റെ ഓർമകളിലാണ് ഞങ്ങൾ ജീവിക്കുന്നത്.’’ ഈറനണിഞ്ഞ കണ്ണു തുടച്ച് കരുണൈവേൽ ചിരിക്കാൻ ശ്രമിച്ചു.

ഒത്തൊരുമയോടെ ഭക്ഷണം കഴിക്കുമ്പോൾ സ്വാദ് കൂടുമെന്ന് കരുണൈവേൽ പറഞ്ഞു. കുടുംബത്തോടൊപ്പം എല്ലാവരേയും അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. എത്ര പേരാണ് വരുന്നതെന്ന് മുൻകൂട്ടി ഫോൺ വിളിച്ച് അറിയിക്കണമെന്നും ഓർമിപ്പിച്ചു. റോഡിന്റെ അരികു വരെ കൂടെ വന്ന് ചേർത്തു പിടിച്ച് സന്തോഷം പങ്കുവച്ചു. ഈ സ്നേഹവും പരിചരണവുമാണ് മലയാളികൾക്കു പരിചിതമായ വീട്ടിലൂണിനെക്കാൾ നമ്മ വീട്ട് ശാപ്പാടിനെ സ്വാദിഷ്ടമാകുന്നത്...

UBM നമ്മ വീട്ട് ശാപ്പാട്

തമിഴ്നാട്ടിൽ കോയമ്പത്തൂർ – ഈറോഡ് റൂട്ടിൽ പെരുന്തുറയ്ക്കു സമീപം ആയിക്കൊണ്ടാൻപാളയം. ഗൂഗ്ൾ മാപ്പ് പിൻതുടർന്നാൽ നീലാമ്പൂരിനു ശേഷം ഹൈവേയിൽ ഐശ്വര്യ ബേക്കറിക്കു സമീപത്തു നിന്ന് ഇടത്തോട്ട് 19 കി.മീ. യുബിഎമ്മിൽ ഉച്ചയൂണ് മാത്രമേ ഉള്ളൂ. ഭക്ഷണ സമയം: ഉച്ചയ്ക്ക് 1.00 – 3.30. ഒരു ഊണിന് വില 650 രൂപ. പതിനാറു തരം വിഭവങ്ങളോടെ ഊണു കഴിക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9 മണിക്കു മുൻപ് ഫോൺ (9362947900) വിളിച്ച് ബുക്ക് ചെയ്യുക.

Tags:
  • Food and Travel
  • Manorama Traveller