Sunday 10 May 2020 12:55 PM IST

പേടിയില്ലാതെ പോയി വാ, അമ്മ ഇവിടെയുണ്ട്; ചരിത്ര ദൗത്യത്തിന്റെ ഭാഗമായ റിയങ്ക പറയുന്നു

Binsha Muhammed

riyan-main

ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും ഇടയിലൂടെ അവര്‍ കടന്നു പോയ നിമിഷങ്ങള്‍ക്ക് ഒരു യുഗത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നിരിക്കണം. അന്യനാട്ടില്‍ കൊട്ടിയടയ്ക്കപ്പെട്ട അതിര്‍ത്തികള്‍ കണ്ട് നിസഹായരായവര്‍... യാത്രാനുമതി നിഷേധിക്കപ്പെട്ട്  ഹൃദയം പിടഞ്ഞവര്‍... പ്രിയപ്പെട്ടവരുടെ സ്‌നേഹ സാമീപ്യമില്ലാതെ ഒറ്റപ്പെട്ട് പോയവര്‍ ..കൂടണയാനുള്ള അവരുടെ അടങ്ങാത്ത കൊതിക്ക് അത്രയേറെ ദൈര്‍ഘ്യം തോന്നിച്ചത് ആ കാത്തിരിപ്പിന്റെ ആഴം കൊണ്ടു കൂടിയായിരിക്കണം. പ്രിയപ്പെട്ടവരുടെ കാത്തിരിപ്പിനു നടുവിലേക്ക് ചരിത്രമായ് പറന്നിറങ്ങിയ 'വന്ദേഭാരത്' എന്ന പ്രവാസി പാലായനത്തെ ചരിത്രം ഇതാ അടയാളപ്പെടുത്തുകയാണ്. രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ രക്ഷാദൗത്യം കേരളത്തിന്റെ മണ്ണിലേക്ക് പറന്നിറങ്ങിയ നിമിഷത്തില്‍ അവരെ ഹൃദയം കൊണ്ട് സ്വീകരിക്കാന്‍ നാട് തന്നെ കൂടെയുണ്ടായിരുന്നു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് 181 പേരുടെ പ്രാര്‍ത്ഥനകളുടെ പുണ്യവുമായി പറന്നുപൊങ്ങിയ എയര്‍ ഇന്ത്യ IX 419452 വിമാനം വ്യാഴാഴ്ച രാത്രി 10.05ന് കേരളത്തിന്റെ മണ്ണില്‍ തൊട്ടപ്പോഴും കണ്ടു കാത്തിരിപ്പുകള്‍ സഫലമായ സന്തോഷത്തില്‍ സന്തോഷാശ്രു പൊഴിച്ച കണ്ണുകളെ... പിറന്ന നാട്ടിലേക്കുള്ള വരവില്‍ ഹര്‍ഷാരവം മുഴക്കിയ മനസുകളെ. ആ സന്തോഷം അടുത്തറിഞ്ഞ എയര്‍ ഇന്ത്യഎക്‌സ്പ്രസിലെ ക്യാബിന്‍ ക്രൂ റിയങ്ക ഹൃദയസ്പര്‍ശിയായ അനുഭവം വനിത ഓണ്‍ലൈവനുമായി പങ്കുവയ്ക്കുകയാണ്....കൂടണഞ്ഞവര്‍ക്ക് കരുതലായ നിമിഷത്തെക്കുറിച്ച്...സഹജീവികള്‍ക്കായി സേവന സന്നദ്ധയായ നിമിഷത്തെക്കുറിച്ച്...

RIYA

അഭിമാനം ഈ ദൗത്യം

ഭയാശങ്കകള്‍ ഏതുമില്ലാതെ  അഭിമാനത്തോടെ നടത്തിയ യാത്ര. വന്ദേ ഭാരത് എന്ന ചരിത്ര ദൗത്യത്തിന്റെ ഭാഗമായതില്‍ അഭിമാനം മാത്രമേയുള്ളൂ. നാളെ ഈ ദൗത്യത്തെ ചരിത്രം അടയാളപ്പെടുത്തുമ്പോള്‍ അതില്‍ ഒരു കണ്ണിയായല്ലോ എന്നോര്‍ത്ത് അഭിമാനം മാത്രം-റിയങ്ക പറഞ്ഞു തുടങ്ങുകയാണ്.

ചരിത്ര ദൗത്യത്തിനു മുമ്പ് പേടിയെല്ലാം പുറത്തു വച്ചു എന്നതാണ് സത്യം. ശരിക്കും പറഞ്ഞാല്‍ സീറോ മൈന്‍ഡ്. ദൗത്യത്തിനു മുമ്പ് കളമശേരി മെഡിക്കല്‍ കോളജില്‍ ഞങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയപ്പോള്‍...ഡോ.ദിനേശ് മോഹനു കീഴിലുള്ള ഡോക്ടര്‍മാര്‍ ഞങ്ങളെ സജ്ജരാക്കിയപ്പോള്‍ എല്ലാ ആശങ്കളും പൂര്‍ണമായി ഒഴിഞ്ഞു. കോവിഡ് രോഗികളുമായി ഇത്രയും അടുത്ത് ഇടപെഴകുന്നവര്‍ തന്നെ ഞങ്ങള്‍ക്ക് ആവേശം പകര്‍ന്ന് കൂടെയുള്ളപ്പോള്‍ ഒരു ഭയത്തിനും അവിടെ സ്ഥാനമില്ലായിരുന്നു. പിപിഇ കിറ്റ് ഉപയോഗിക്കേണ്ട വിധം, യാത്രക്കാരുമായി പാലിക്കേണ്ട സാമൂഹിക അകലം എല്ലാത്തിനെക്കുറിച്ചും വിശദമായി പറഞ്ഞു നിന്നു. ചരിത്ര ദൗത്യത്തിനായുള്ള മനസൊരുക്കം മാത്രമായിരുന്നു ബാക്കി. എല്ലാ ഭയവും മാറ്റിവയ്ക്കുമ്പോഴും എന്നെ ഓര്‍ത്ത് ടെന്‍ഷനടിച്ചത് അമ്മ മാത്രമാണ്. ഓരോ ഫോണ്‍ കോളിലും സൂക്ഷിക്കണേ...എന്ന് പറഞ്ഞു കൊണ്ടേയിരുന്നു അമ്മ. ഒടുവില്‍ ചരിത്ര യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ അമ്മ എല്ലാ പേടിയും മാറ്റിവച്ച് ഇങ്ങനെ പറഞ്ഞു, പോയി... വാ...അമ്മയുണ്ട് ഇവിടെ. എനിക്ക് അത് മാത്രം മതിയായിരുന്നു.

RIYA-3

ഹൃദയംതൊട്ട നിമിഷം

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് യാത്ര തിരിക്കുന്നത്, വൈകുന്നേരത്തോടെ അബുദാബിയിലെത്തി. അന്‍ഷുല്‍ ഷിയോറോന്‍, റിസ്വിന്‍ നാസര്‍ എന്നിവരായിരുന്നു പൈലറ്റുമാര്‍. ദീപക് മേനോന്റെ നേതൃത്വത്തില്‍ ഞാന്‍,  അഞ്ജന ജോണി, താഷി ഭൂട്ടിയ എന്നിങ്ങനെ ക്യാബിന്‍ ക്രൂ അംഗങ്ങളായിരുന്നു ഫ്‌ളൈറ്റ് ഓപ്പറേഷനില്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് യാത്രക്കാര്‍ എയര്‍ ക്രാഫ്റ്റിലേക്ക് കയറും മുന്നേ ഞങ്ങള്‍ പിപിഇ കിറ്റ് ധരിച്ചു. സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കി. അവര്‍ക്കുള്ള സ്‌നാക്‌സും കോഫിയും നേരത്തെ സീറ്റുകളില്‍ ഒരുക്കി വച്ചു. ടേക്ക് ഓഫിനു മുന്‍പുള്ള അനൗണ്‍സ്‌മെന്റില്‍ അവരെ നാട്ടിലേക്കെത്തിക്കുന്നതിലുള്ള സന്തോഷത്തെക്കുറിച്ച് ക്യാപ്റ്റന്‍ പറയുന്നുണ്ടായിരുന്നു. അങ്ങനെ, 181 പേരുടെ സ്വപ്‌നങ്ങളുമായി, ഞങ്ങള്‍ പറന്നുയര്‍ന്നു. നാട്ടിലേക്ക് ലാന്‍ഡ് ചെയ്യുന്നു എന്നറിയിച്ച നിമിഷം യാത്രക്കാരുടെ കണ്ണിലെ തിളക്കം ഒന്നു കാണേണ്ടതായിരുന്നു. ചിലര്‍, കയ്യടിച്ചു, ചിലര്‍ ഹര്‍ഷാരവം മുഴക്കി. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു. ഒരു വാക്കുകള്‍ക്കും വര്‍ണിക്കാനാകാത്ത സന്തോഷം. ഇനിയൊരു പക്ഷേ ഇങ്ങനെയൊരു ദൗത്യത്തിനും നിമിഷത്തിനും സാക്ഷിയാകുമോ എന്നറിയില്ല. പക്ഷേ ഈ നിമിഷം ഒരിക്കലും മറക്കാനാകാത്തതായി ഹൃദയത്തിലുണ്ടാകും- റിയങ്ക പറഞ്ഞു നിര്‍ത്തി.