പുഞ്ചിരിയുടെ പുല്‍നാമ്പു പോലും മുളയ്ക്കാത്ത കനല്‍ച്ചൂടിലിരുന്നാണ് സുധാകരനെക്കുറിച്ചു പറഞ്ഞു തുടങ്ങേണ്ടത്. വെയില്‍ പൊള്ളലേറ്റ വെളുത്ത പൂക്കള്‍ പോലെ ചിതറിക്കിടക്കുന്ന കുറെ ഓര്‍മകള്‍...
ഇടിവാളേറ്റ് സ്വപ്നങ്ങള്‍ പച്ചയ്ക്കു കത്തിപ്പോകുന്നതു കണ്ടിട്ടുണ്ടോ? അതായിരുന്നു കെ.വി. സുധാകരന്‍ എന്ന അധ്യാപകന്റെ, എഴുത്തുകാരന്റെ ജീവിതം.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സുധാകരന്‍ എന്ന തണല്‍മരച്ചുവട്ടിലേക്ക് ഷില്‍ന കടന്നു വന്നത്. സൗഹൃദവും പ്രണയവും കടന്ന് വിവാഹത്തിലേക്കെത്തിയപ്പോഴേക്കും ഒരു പതിറ്റാണ്ട് കടന്നുപോയി.പിന്നെ, വെറും പത്തുവര്‍ഷം. പൂജ്യത്തില്‍ നിന്ന് അക്കങ്ങളിലേക്ക് തുഴഞ്ഞു തുടങ്ങിയ നാളുകള്‍. ഒരു കുഞ്ഞെന്ന മോഹത്തിന്റെ മിടിപ്പുകള്‍ക്കു വേണ്ടിയുള്ള ചികിത്സകള്‍... അതിനൊക്കെ മുകളിലൂടെയാണ് 2017 ഓഗസ്റ്റ് 15ന് ആ ലോറി കയറി ഇറങ്ങിയത്.
''ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോഴാണ് മാഷിന് ആദ്യം കത്തെഴുതുന്നത്. അതു കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞാണ് തമ്മില്‍ ആദ്യമായി കാണുന്നത്. പിന്നെ, ആ ദിവസം മാഷിന്റെ മരവിച്ച നെറ്റിയില്‍ ഞാനവസാനമായി ചുണ്ടമര്‍ത്തിയത്. പക്ഷേ, ഈ കാഴ്ചകളില്‍ നിന്നൊന്നുമല്ല സംസാരിച്ചു തുടങ്ങേണ്ടത്.''
സുധാകരന്‍ സമ്മാനിച്ചിട്ടു പോയ രണ്ടു കുരുന്നുകള്‍ ചുരത്തുന്ന പാല്‍നിലാച്ചിരി എല്ലാ ഓര്‍മപ്പൊള്ളലുകളെയും മായ്ക്കുന്നതു പോലെ... 'മാഷ്' എന്നേ സുധാകരനെ ഷില്‍ന വിളിച്ചിട്ടുള്ളൂ. ഇന്നും അങ്ങനെ തന്നെ. പ്രണയത്തിന്റെ പതിവുകള്‍ അത്ര വേഗം മാഞ്ഞു പോകുമോ?
ആ പേരുകള്‍
മരിക്കുന്നതിന്റെ രണ്ടു മൂന്നു ദിവസം മുന്‍പ്. അന്ന് കണ്ണൂരിലെ ഫ്‌ലാറ്റിലായിരുന്നു സുധാകരനും ഷില്‍നയും
സംസാരത്തിനിടയില്‍ സുധാകരന്‍ പറഞ്ഞു, നീ വിഷമിക്കരുത്. നമുക്ക് കുഞ്ഞുങ്ങളുണ്ടാകും. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍. അവരുടെ പേര് ഞാന്‍ ഡയറിയില്‍ എഴുതി വച്ചിട്ടുണ്ട്. അടുത്താഴ്ച വീട്ടില്‍ പോകുമ്പോള്‍ നീ നോക്കിയാല്‍ മതി.
പക്ഷേ, പിന്നെ ആ വീട്ടിലേക്ക് ഷില്‍ന ഒറ്റയ്ക്കാണ് കയറി ച്ചെന്നത്. ഡയറിയിലെ താളില്‍ എഴുതി പൂര്‍ത്തിയാക്കാനുള്ള കഥകളുടെ പേര്. അതിനും അടിയില്‍ നിമ, നിയ എന്നു രണ്ടു പേരുകള്‍. വടിവൊത്ത അക്ഷരത്തില്‍...
'' ഇനി സ്വപ്നം മാഷിന്റെ കഥകളുടെ സമാഹാരം ഇറക്കുകയാണ്. മാഷിന്റെ സുഹൃത്തുക്കള്‍ അതിനു പിറകേയാണ്.
'നിന്റെ ജീവിതം എന്തിന് എല്ലാവരോടും പറയുന്നു' എന്ന് ചിലര്‍ ചോദിക്കാറുണ്ട്. വളരുമ്പോള്‍ എന്റെ കുഞ്ഞുങ്ങള്‍ അ വരുടെ അച്ഛനെക്കുറിച്ച് അറിയണം. അവര്‍ എങ്ങനെ ജനിച്ചു എന്നറിയണം. അമ്മ വളര്‍ത്തിയ ഒരുപാടു കുഞ്ഞുങ്ങള്‍ ഈ ലോകത്തില്ലേ... ഇവരും വളരും അച്ഛനെക്കുറിച്ച് കേട്ടറിഞ്ഞ്...
മുറിയില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന കാല്‍ത്തളക്കിലുക്കംങ്ങള്‍ സുധാകരന്‍ കേള്‍ക്കുന്നുണ്ട്, ഉറപ്പ്.