Tuesday 07 September 2021 11:05 AM IST

‘എനിക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്, പക്ഷേ ഏറെയിഷ്ടം സിനിമയിൽ അഭിനയിക്കുന്നത്...’

Vijeesh Gopinath

Senior Sub Editor

vmammo2 ഫോട്ടോ: ശ്യാം ബാബു

അഭിനയത്തിന്റെ മഹാസമുദ്രക്കരയിൽ വന്ന നാല് ഇതളുകളായി മാറി അവർ. കഥാപാത്രങ്ങളുടെ വൻതിരകൾ ഹൃദയത്തിലൊളിപ്പിച്ച ആ കടൽ നോക്കിയിരിക്കുമ്പോൾ അവര്‍ നായികമാരായിരുന്നില്ല, തനി കുട്ടികള്‍. മമ്മൂക്കയോട് എന്താണു ചോദിക്കേണ്ടതെന്ന കൗതുകമാണ് നാലുപേരുടെ മുഖത്തും. അവരെ നോക്കി വൈക്കം കായലിൽ നിലാവു വീഴുന്ന ഭംഗിയോടെ മമ്മൂട്ടി തെളിഞ്ഞു ചിരിച്ചു. പിന്നെ, ആകാശത്തിനു കീഴെയുള്ള ഏതു കാര്യവും അറിയാനുള്ള കൗതുകത്തോടെ ചോദ്യങ്ങൾ അങ്ങോട്ടു ചോദിച്ചു തുടങ്ങി. ചിലപ്പോൾ കുട്ടിയെ പോലെ ചുമ്മാ തർക്കിച്ചു. അപ്പോഴും  ആരും ഒന്നും ചോദിച്ചില്ല. ‘‘ചോദിക്കാനൊന്നുമില്ലേ?  ‘എന്താണ് ഗ്ലാമറിന്‍റെ രഹസ്യം, ക്യാമറയാണോ, കാറാണോ േക്രസ്’  തുടങ്ങി  തേഞ്ഞു പഴകിയ ചോദ്യങ്ങളൊന്നും വേണ്ട...’’ കാറ്റുപിടിച്ച കായല്‍ കലഹിക്കുന്നതു പോലെ മമ്മൂട്ടി ഒന്നിളകിയോ?

ഇന്നലെ ‘മാമാങ്കം’ സിനിമയുെട െസറ്റിൽ ചാവേറിന്‍റെ വേഷത്തില്‍ കാണുമ്പോള്‍ ചുരികത്തുമ്പിന്‍റെ മൂര്‍ച്ചയുണ്ടായിരുന്നു, ഒാരോ േനാട്ടത്തിലും ചലനത്തിലും. ഇപ്പോൾ ഹിറ്റ്ലർ മാധവൻകുട്ടിയെപ്പോലുണ്ട്. കുറച്ചു മുന്നേ ‘ഗ്രേറ്റ്ഫാദറി’ലേയും ‘അബ്രഹാമിന്റെ സന്തതികളി’ലേയും കഥാപാത്രങ്ങളെ പോലെ നല്ല സ്റ്റൈലായി ക്യാമറയ്ക്കു മുന്നിലേക്ക് നടന്നു പോയി. പക്ഷേ, ഇവർക്കറിയാം ഇതൊന്നുമല്ല ശരിക്കുള്ള മമ്മൂട്ടിയെന്ന്. സിനിമയെന്ന സ്വപ്നത്തെ ചുളിവു വീഴാതെ ഇപ്പോഴും മോഹിക്കുന്ന, വജ്രശോഭയോടെ നിൽക്കുമ്പോഴും ഉള്ളിലൊരു കുട്ടിത്തം സ്കൂൾ യൂണിഫോമിട്ട് നിർത്തിയിരിക്കുന്ന ആ മമ്മൂട്ടിയെ നമ്മൾ തിരശ്ശീലയിൽ കാണുന്നേയില്ലല്ലോ. അതാ ചോദ്യങ്ങൾ തുടങ്ങി.

അബ്രഹാമിന്റെ സന്തതികളും കുട്ടനാടൻ ബ്ലോഗും കഴിഞ്ഞ് ഇപ്പോൾ മാമാങ്കത്തിൽ. ഒരു കഥാപാത്രത്തെ ഇറക്കി വിട്ട്, മറ്റൊരു കഥാപാത്രത്തിലേക്കു ഇത്ര വേഗം കയറാന്‍ എങ്ങനെ കഴിയുന്നു?

സംവിധായകന്‍ കട്ട് പറഞ്ഞു കഴിഞ്ഞ് കഥാപാത്രത്തിനു പുറത്തിറങ്ങിയില്ലെങ്കിൽ നമ്മൾക്കു നമ്മളായി ജീവിക്കാനാകില്ല. െസറ്റിലിരിക്കുന്നതും െെവകിട്ടു ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതും ഒക്കെ ഈ ഞാന്‍ തന്നെ ആകണം. അഭിനയം കഴിഞ്ഞാല്‍ കഥാപാത്രത്തെ ഞാനവിെട വിടും. നമ്മളും കഥാപാത്രവും തമ്മിൽ വ്യത്യാസം ഉണ്ടാവുക എന്നതാണു കാര്യം. ചിലർ പറയാറുണ്ട്, ആറു മാസം ആ കഥാപാത്രം എന്നെ വിടാതെ പിന്‍തുടരുകയായിരുന്നു, അതില്‍ നിന്നിറങ്ങിപ്പോരാനായില്ല എന്നൊക്കെ. അങ്ങനെ സംഭവിക്കാറുണ്ടാകാം. പക്ഷേ, ഞാനങ്ങനെയല്ല.

ഒരിക്കൽ പൂമുള്ളി ആറാംതമ്പുരാനോടു സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു,‘അഭിനയം ആഭാസമാണ്.’ കേട്ടവർ ഒന്നു ഞെട്ടി. അഭിനയിക്കുന്നവര്‍ ആഭാസന്മാരുമാണ് എന്നദ്ദേഹം പറയുമോ എന്നായിരുന്നു എന്‍റെ േപടി. പിന്നെ, അദ്ദേഹം വിശദീകരിച്ചു. ഭാസിപ്പിക്കുക അതായത്, ദ്യോതിപ്പിക്കുക (തോന്നിപ്പിക്കുക)യാണ് അഭിനയം. സ്ക്രീനില്‍ കാണുന്നത് ചന്തുവാണെന്ന് തോന്നിപ്പിക്കുന്നു, മകളെ നഷ്ടപ്പെട്ട ദുഃഖമാണ് ഇതെന്നു തോന്നിപ്പിക്കുന്നു. അങ്ങനെയാണ് അഭിനയം ‘ആഭാസ’മായി മാറുന്നത്.

അങ്കിളിൽ നിങ്ങള്‍ കണ്ടത്, അച്ഛന്റെ കൂട്ടുകാരനായ, എന്നാൽ മനസ്സിൽ അൽപം നെഗറ്റീവ് കാര്യങ്ങളുണ്ടോ എന്നു തോന്നിപ്പിക്കുന്ന ആളായിരുന്നു. ‘മാമാങ്ക’ത്തിലെത്തിയപ്പോൾ നെഞ്ചുവിരിച്ചു നിൽക്കുന്ന പോരാളിയായി. പൊന്തന്‍മാട അടിയാളനാണ്. അയാള്‍ സംസാരിക്കുന്നത് അടിയാളന്റെ ഭാഷയാണ്. എല്ലാം അയാള്‍ക്കു പേടിയാണ്, കുനിഞ്ഞേ നടക്കൂ. അങ്ങനെ നടന്നു നടന്ന് പ്രായമാകുമ്പോള്‍ അയാളുടെ കൂന് കൂടുന്നുണ്ട്. കഥ കേള്‍ക്കുമ്പോഴും തിരക്കഥ വായിക്കുമ്പോഴും എല്ലാം കഥാപാത്രത്തെക്കുറിച്ചൊരു ധാരണ ഉണ്ടാകും. മേക്കപ്പ് ചെയ്തു കണ്ണാടിയില്‍ നോക്കുമ്പോള്‍ പിന്നെ, ഞാന്‍ കാണുന്നത് എന്നെയല്ല, ആ കഥാപാത്രത്തെയാണ്.

എത്രയോ അഭിമുഖങ്ങള്‍, ചോദ്യങ്ങള്‍. ഇനിയെന്തു പറയാൻ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ചോദിക്കുന്ന ചോദ്യങ്ങൾ ആവർത്തിക്കുമ്പോഴാണ് ഇനിയൊന്നും പറയാനില്ലെന്ന തോന്നൽ വരുന്നത്. സൗന്ദര്യത്തിന്റെ രഹസ്യം, അഹങ്കാരിയാണോ എന്നൊക്കെ സിനിമയില്‍  വന്ന കാലം തൊട്ടു കേൾക്കാൻ തുടങ്ങിയതാണ്. അത്തരം ചോദ്യങ്ങൾ കേട്ടു കേട്ട് അശ്ലീലമായി തുടങ്ങി.

അപ്പോൾ മാളവിക മേനോൻ ചോദിച്ചു  ‘‘മമ്മൂക്കയോടുള്ള പേടികൊണ്ട്  ചോദിക്കാതിരിക്കുന്ന ചോദ്യങ്ങളും ഉണ്ടാകും അല്ലേ...?’’

‘ഞാനെന്താ അക്രമിയായ വന്യജീവിയാണോ?’ മമ്മൂട്ടിയു ടെ ശബ്ദം ഉയരുന്നു. പിന്നെ, പൊട്ടിച്ചിരിയോടെ പറഞ്ഞു

vmammo1

‘‘എന്നെ എന്തിനു ഭയക്കണം? മറ്റു പല സ്ഥലങ്ങളിലും പോകുമ്പോൾ ‘എന്തൊരു സിംപിളാണ് ഈ മനുഷ്യന്‍’ എന്നു പറയുന്നവരാണ് ഏറെയും. പക്ഷേ, ഇവിടെ പലരും എന്നെ  ജാഡക്കാരനും അഹങ്കാരിയും ആക്കിയിരിക്കുകയാണ്.

മഞ്ജയ് എന്ന പേരില്‍ മമ്മൂക്ക കഥകള്‍ എഴുതിയിരുന്നു എന്നു േകട്ടിട്ടുണ്ട്. അതൊരു കുട്ടിക്കാല കുസൃതിയാണ്, അല്ലെങ്കില്‍ വികൃതി.  അന്നത്തെ എന്റെ തൂലികാനാമമായിരുന്നു മഞ്ജയ്. അക്കാലത്തു ചെമ്പില്‍ കിട്ടാവുന്ന സകല വാരികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും  വായിച്ചു വായിച്ച് അതുപോലെ ഒരു മാസിക തുടങ്ങണമെന്നു  തോന്നി. നാട്ടിലെ ചില െെകയെഴുത്തു മാസികകളില്‍ കഥകളെഴുതുമായിരുന്നു. അങ്ങനെയാണ് സ്വന്തമായി ഒരു െെകയെഴുത്തുമാസിക എന്ന ആശയം തലയില്‍ കയറിയത്.

ഇന്നത്തെ കുട്ടികള്‍ക്കു െെകയെഴുത്തുമാസികയെന്നു പറഞ്ഞാല്‍ പിടികിട്ടുമോ ആേവാ എന്നു പറഞ്ഞു മമ്മൂക്ക െെക മലര്‍ത്തുന്നു... ‘അറിയാം, അറിയാം, മമ്മൂക്ക ബാക്കി പറയൂ...’ നായികമാർ ആവേശത്തിലാണ്...

‘‘ചങ്ങാതിമാരുെട െെകയില്‍ നിന്നു കഥകളും  കവിതകളും വാങ്ങിച്ചു. എന്റെ സീനിയറായിരുന്ന ഇ.കെ പുരുഷോത്തമന്റെ കൈയക്ഷരം വടിവൊത്തതായിരുന്നു. അവനെക്കൊണ്ടാണ് മാസിക എഴുതിപ്പിച്ചത്. മറ്റൊരു കൂട്ടുകാരന്‍ ധനഞ്ജയന്‍ ചിത്രങ്ങള്‍ വരച്ചു. രാവിലെ സൈക്കിളും എടുത്ത് ധനഞ്ജയന്റെ വീട്ടിലേക്ക് പോകും. കൂടെയിരുന്നു വരപ്പിക്കും. ‘യമുന’ എന്നായിരുന്നു മാസികയുെട പേര്. അതിലാണ് മഞ്ജയ് എന്ന പേരില്‍ കഥകളെഴുതിയത്.

മഞ്‍ജയ് എന്നതിന് അർഥമൊന്നുമില്ല. എന്‍റെ പേരിന്‍റെ ആദ്യാക്ഷരവും കൂട്ടുകാരുെട പേരിലെ ചില അക്ഷരങ്ങളും ഒക്കെ ചേര്‍ത്തുണ്ടാക്കിയ ഒരു പേര്. മാസിക രണ്ടു ലക്കമേ ഇറങ്ങിയുള്ളൂ. അതോെട ആ പേരും തീർന്നു.

കൈയകലത്തിൽ ഏറ്റവുമടുത്ത  ചങ്ങാതിമാരെ പോലെ െഎപാഡും മൊബൈലുകളും െെമക്രോകാര്‍ഡ് പ്ലെയറും ക്യാമറയും. സ്റ്റിക്കിൽ പിടിപ്പിച്ച സൂം ഹാന്‍ഡി വിഡിയോ റിക്കോര്‍ഡര്‍ എടുത്ത്  അധ്യാപകനായി മമ്മൂട്ടി.

‘‘ഇതുെകാണ്ടു മുന്നിലെയും പിന്നിലെയും കാഴ്ചകൾ ഒ റ്റ ക്ലിക്കിൽ ഷൂട്ട് ചെയ്യാം, പിന്നെ എഡിറ്റ് ചെയ്ത് ഒന്നാക്കാം. വിഡിയോയ്ക്കും ഒാഡിയോയ്ക്കും ഗംഭീര ക്ലാരിറ്റി. ഒരു മ്യൂസിക് വിഡിയോ ഷൂട്ട് െചയ്യാന്‍ ഇവന്‍ മതി. ബാക്കി ഇന്റർവ്യൂ ഇതിൽ ഷൂട്ട് ചെയ്യാം എല്ലാത്തിനും ഒരു തെളിവൊക്കെ വേണ്ടേ?’

കാറിന്റെ, െടക്േനാളജിയുെട, ഫാഷന്റെ, കഥാപാത്രങ്ങളെ തിരഞ്ഞടുക്കുന്നതിന്‍റെ... എല്ലാ കാര്യത്തിലും പത്തു ചുവടു  മുന്നിലാണ്  മമ്മൂക്ക എന്നു തോന്നാറുണ്ട്. എങ്ങനെ കഴിയുന്നു ഇത്...?

ഇതിനു തരാന്‍ എന്റെ  കൈയിൽ പ്രത്യേകിച്ചു വിശദീകരണങ്ങളൊന്നും ഇല്ല. ചിലപ്പോഴെങ്കിലും അതെന്റെ കുഴപ്പമാണെന്നും തോന്നാറുണ്ട്. ഞാൻ മുൻപേ പോയിട്ടും എനിക്കൊപ്പം ആളുകൾ വന്നില്ലെങ്കിലോ? പലതിന്‍റെ പിന്നാലേ പോകുന്നതു കൊണ്ടുള്ള ചില ദോഷവും എനിക്കുണ്ട്.

നിങ്ങളോടു സംസാരിക്കുമ്പോഴും എന്തെങ്കിലും ഒരു പുതിയ അറിവ് കിട്ടുമോ എന്നു ഞാന്‍ േനാക്കും. ഒാരോരുത്തർക്കും ഒാരോ താൽപര്യങ്ങളുണ്ടാകും. എനിക്കിങ്ങനെയുള്ള കാര്യങ്ങളിലാണു താൽപര്യം. എനിക്കിഷ്ടമുള്ളവ അന്യരെ വേദനിപ്പിക്കാതെ ചെയ്യുകയാണ് എനിക്കിഷ്ടം.

‘ഞാനൊരു കുസൃതിചോദ്യം ചോദിച്ചോട്ടെ?’ അദിതി രവി ചൂണ്ടുവിരല്‍ ഉയര്‍ത്തി.

‘ഏറ്റവും ലേറ്റസ്റ്റ്  ക്യാമറയും  ഒരു പുതുപുത്തന്‍  ലക്ഷ്വറി കാറിന്റെ കീയും മമ്മൂക്കയുെട മുന്നില്‍ വച്ചാല്‍ ആദ്യം ഏതെടുക്കും?’

ഒരു നിമിഷം പോലും ആലോചിക്കാതെ വന്നു മറുപടി, ‘ഞാന്‍ ക്യാമറയെടുത്ത് കാറിൽ കയറി പോകും....’’

ചിരിയുടെ പൂരത്തിനു നടുവിൽ മമ്മൂട്ടി തലയുയർത്തി നിന്നു. പിന്നെ, പറഞ്ഞു.

‘‘എല്ലാവരും വിചാരിക്കും പോലെ ഗാഡ്ജറ്റുകളോട് അ ത്ര ക്രേസുള്ള ആളൊന്നുമല്ല ഞാൻ. ഒരു പാന്റും ഷർട്ടും പുത്തനായി ഒറ്റ പ്രാവശ്യമല്ലേ  ഇടാനാകൂ. പുത്തനിടുന്ന സന്തോഷം ഒന്നലക്കിക്കഴിഞ്ഞാല്‍ തീര്‍ന്നില്ലേ. അതു പോലെയാണ് ഗാഡ്ജറ്റിന്റെ കാര്യവും. എല്ലാത്തിനോടും ആകാംക്ഷയാണ്. ചിലപ്പോൾ വാശിപിടിക്കും. കിട്ടി കഴിഞ്ഞാൽ കൗതുകം കുറയും. ശരിക്കും കുട്ടികളുടെ സ്വഭാവം.’’  

ഉള്ളിലെ ആ കുട്ടിക്ക് എത്ര വയസ്സായി?

ആ കുട്ടിക്കു പ്രായമാകാനോ. അവനെ വളരാൻ അനുവദിക്കാതെ പിടിച്ചു വച്ചിരിക്കുകയല്ലേ ഞാൻ. ഏറിയാല്‍ പത്തു വയസ്സുണ്ടാകും ഇപ്പോൾ. വളർന്നു പോയാൽ പിന്നെന്തു രസം.

vmammo4

ഈ കാണുന്നതെല്ലാം ഒരു സ്വപ്നം പോലെയാണെന്ന്  മമ്മൂക്കയ്ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?   

ഒാരോ സിനിമയും ഇപ്പോഴും എനിക്കു സ്വപ്നമാണ്. കുട്ടി  ക്കാലത്ത് മധുസാറിന്റെ ഫോട്ടോകൾ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഒരുകാലത്ത് അഭിനയിക്കാൻ പറ്റുമെന്ന് സ്വപ്നം കാണാൻ കൂടി കഴിയുമായിരുന്നില്ല.  നസീറിന്റെയും സോമന്റെയും സുകുമാരന്റെയും ഒപ്പം നിൽക്കാൻ പറ്റുമെന്ന് കരുതിയില്ല. െഎവി ശശിയുടെ സിനിമയിൽ നായകനാകാൻ പറ്റുെമന്ന് വെറുതേ പോലും ചിന്തിച്ചിട്ടില്ല. സത്യൻസാറിനെ ആദ്യമായി ഒന്നു തൊട്ടതൊക്കെ ഇന്നും ഒാർമയുണ്ട്. ‘അനുഭവങ്ങൾ പാളിച്ചകളിൽ’ അഭിനയിക്കാൻ ചെല്ലുമ്പോൾ ചാക്കുകൂട്ടത്തിനു മുകളിൽ സത്യൻസാർ കിടക്കുന്നു. ഉച്ചമയക്കത്തിലാണ്. ഞാൻ പതിയെ ചെന്ന് കാൽ തൊട്ടു തൊഴുതു. അദ്ദേഹം അതറിഞ്ഞു പോലുമില്ല. ഒാർക്കുമ്പോൾ ഇതൊക്കെ സ്വപ്നം തന്നെയാണ്. ഇന്നും അടുത്ത സിനിമ എങ്ങനെയാകണം എന്നു സ്വപ്നം കാണാറുണ്ട്. അങ്ങനെയല്ലേ വേണ്ടത്?

കുറച്ചു നേരം ആരുമൊന്നും മിണ്ടിയില്ല. മുന്നിലിരിക്കുന്നത് അഭിനയം എന്ന പാഠപുസ്തകമാണ്. വായിച്ചു തീരാനാവാത്ത അനുഭവങ്ങളുടെ, അറിവുകളുടെ ആഴമുള്ള താളുകൾ. അതു തന്നെയാണ് ആ നാലു പേരും ആലോചിച്ചതെന്നുറപ്പിക്കുന്നതായിരുന്നു ദുർഗയുടെ അടുത്ത ചോദ്യം

അനുഭവങ്ങളുടെ ഒരു കൊടുമുടി തന്നെയാണ് മുന്നിൽ. ഒരു ആത്മകഥയെഴുതിക്കൂടേ?

‘‘അയ്യോ.. അതു പൊങ്ങച്ചമായി പോകും. ആത്മകഥയൊക്കെ എഴുതണമെങ്കിൽ നമുക്ക്  ജീവിതത്തെക്കുറിച്ച് തെളിഞ്ഞ ദര്‍ശനങ്ങള്‍ വേണം. എനിക്കത്ര ദാർശനികതയൊന്നുമില്ല. എന്റെ വളർച്ചയും താഴ്ചയും ഉയർച്ചയും അതൊക്കെ എന്റേതു മാത്രമായ സ്വകാര്യങ്ങള്‍. അവയൊക്കെ തുറന്നു പറയുന്നത് പലര്‍ക്കും ഇഷ്ടമാകില്ല.

യാത്രകള്‍ക്കിടയില്‍ ഞെട്ടിച്ച രുചിയോര്‍മ പറയാമോ...?

കുടുംബത്തിനൊപ്പവും കൂട്ടുകാർക്കൊപ്പവും യാത്ര പോകാറുണ്ട്. പക്ഷേ, ഒറ്റയ്ക്ക് യാത്രചെയ്യാൻ എനിക്കു പ്രയാസമാണ്. ഞാൻ ഡിപ്പെൻഡന്റാണ്. അതു വലിയ അസൗകര്യങ്ങളുണ്ടാക്കും. പണക്കൊഴുപ്പുള്ള സമ്പന്നരാജ്യങ്ങളിൽ മാത്രമല്ല, ദരിദ്ര രാജ്യങ്ങളിലും  പോകും. അതിലൊന്നാണ് കംബോഡിയ. ആഭ്യന്തരപ്രശ്നങ്ങളും യുദ്ധവും തകർത്തുകളഞ്ഞ നാട്. കൂട്ടക്കുരുതികൾ ഒരുപാ‍ടു നടന്നിട്ടുണ്ട്. അവിടെയാണ് അങ്കോർവാട്ട് എന്ന ക്ഷേത്രസമുച്ചയം. ലോകത്തിലെ ഏറ്റവും വലിയ ആ ആരാധനാലയം കാണാനാണു പോയത്.

അവിടെ ചെന്നപ്പോള്‍ എന്തു കഴിക്കും എന്നൊരു െടന്‍ഷന്‍ ഉണ്ടായിരുന്നു. അപ്പോഴാണ് അന്തം വിട്ട ആ ഭക്ഷണം മുന്നിൽ വന്നത്. അത്യാവശ്യം വ‍ൃത്തിയുള്ള ഒരു ഹോട്ടലിലാണു കയറിയത്. മെനു നോക്കിയിട്ട് ഒരു വക പിടികിട്ടുന്നില്ല. പല തവണ അരിച്ചു െപറുക്കി വായിച്ച് ചോദിച്ച് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കി. മെനുവിലെ ഒരു വിഭവം െെറസ് ആണ്. അടുത്തത് ഫിഷ്. രണ്ടും ഒാർഡർ ചെയ്തു.

പക്ഷേ, ചോറിനൊപ്പം കൊണ്ടു വന്നത് കരിക്ക്, ഇനി ഇവിടെ കരിക്കൊഴിച്ചാണോ ചോറുണ്ണുന്നത് എന്നായി സംശയം.  പേടിച്ച്, കരിക്കിന്‍റെ മുകള്‍ഭാഗം പയ്യെ തുറന്നു. ഉള്ളിൽ തേങ്ങയരച്ചു വച്ച രസികന്‍ മീൻകറി... അപാര േടസ്റ്റ്. അന്തം വിട്ടു ചോറുണ്ടു.

മമ്മൂക്കയ്ക്ക് ആരോടാണ് അസൂയ?

ഞാനല്ലാത്ത എല്ലാവരോടും എനിക്ക് അസൂയയാണ്. എനിക്കില്ലാത്ത എത്രയോ കാര്യങ്ങളും കഴിവുകളും  മറ്റുള്ളവർക്കുണ്ട്. അപ്പോള്‍ അസൂയ േതാന്നുന്നതു സ്വാഭാവികം. ‘എനിക്ക് അസൂയയില്ല’ എന്നൊരാള്‍ പറഞ്ഞാൽ അവൻ കള്ളനാണ്. അസൂയ മൂത്ത് ആരേയും ദ്രോഹിക്കരുതെന്നു മാത്രം. മനുഷ്യനു വളരാനുള്ള, മത്സരിക്കാനുള്ള ഊർജം കിട്ടുന്നത് അസൂയയിൽ നിന്നാണെന്നാ എന്റെ വിശ്വാസം,

മമ്മൂക്ക എത്രയോ കഥകള്‍ േകള്‍ക്കുന്നു. ഈ കഥ െകാള്ളാം, ഈ സിനിമയില്‍ അഭിനയിക്കാം എന്നു തിരുമാനിക്കുന്നത് എപ്പോഴാണ്?

ആരു വന്നാലും അവരുടെ കഥയെന്താണെന്നറിയാനും അതു േകള്‍ക്കാനുമുള്ള ആകാംക്ഷ എനിക്കുണ്ട്. ഞാനഭിനയിക്കാത്ത സിനിമകളുെട കഥകള്‍ പോലും േകള്‍ക്കും. കഥയോ കഥാപാത്രമോ എടുക്കുന്ന രീതിയോ വ്യത്യസ്തമാണെങ്കില്‍ എനിക്കിഷ്ടപ്പടാറുണ്ട്. ഒരു സംവിധായകന്‍ വന്നു പറയുന്നു, സി നിമയുെട േപര് ‘ഉണ്ട’ എന്നാെണന്ന്. േകള്‍ക്കുമ്പോഴേ കൗതുകമാണ്. അരിയുണ്ട, എള്ളുണ്ട, ഗോതമ്പുണ്ട അങ്ങനെ ഉണ്ടകള്‍ തന്നെ പലതുണ്ട്. കഥയിലെ ഉണ്ട ഇതൊന്നുമല്ല, െവടിയുണ്ടയാണ്. അപ്പോള്‍ അതൊന്നു പരീക്ഷിച്ചു നോക്കാൻ തോന്നും.

vmammo3

ഒന്നോ രണ്ടോ സിനിമകൾ കണക്കില്‍ കൂടുതൽ അഭിനയിച്ചുപോവുന്നതൊക്കെ ആ സിനിമകൾ പതിവിൽ നിന്നു വ്യത്യസ്തമാകുമല്ലോ എന്ന ആഗ്രഹം കൊണ്ടാണ്. മുന്നിൽ വന്നിരുന്ന് അവർ പറയുന്ന കഥയോടും ആ കഥാപാത്രത്തോടും ഉള്ള വിശ്വാസം കൊണ്ടാണ്. പക്ഷേ, കഥ നന്നായതു െകാണ്ടു മാത്രം സിനിമ നന്നാകണമെന്നില്ല. നിങ്ങൾ കാണുന്നതാണ് സിനിമ. ഞാൻ കേൾക്കുന്നത് കഥയും തിരക്കഥയും  മാത്രമാണ്. അഭിനയിക്കുന്നത് സിനിമയിലല്ല. ഷോട്ടിലും സീനിലുമാണ്. അതു പിന്നീടാണ് സിനിമയായി മാറുന്നത്. അപ്പോഴേക്കും  എന്തൊക്കെ ഘടകങ്ങൾ ചേര്‍ന്നിട്ടുണ്ടാകും. സിനിമ ആയിക്കഴിഞ്ഞല്ലല്ലോ ആകുന്നതിനു മുന്നേ അല്ലേ എനിക്ക് തിരഞ്ഞെടുക്കാനാകൂ. ചിലപ്പോൾ സിനിമ നമ്മൾ വിചാരിക്കുന്നതിലും  നന്നാകും. ചിലപ്പോള്‍ മോശമാകും. അതിനു ന്യായവും യുക്തിയുമൊന്നുമില്ല.

മമ്മൂക്ക സിനിമയിലൊക്കെ അടിപൊളിയായി ഫൈറ്റ് ചെയ്യാറുണ്ട്. പക്ഷേ ജീവിതത്തില്‍ ആർക്കിട്ടെങ്കിലും രണ്ടെണ്ണം കൊടുത്തിട്ടുണ്ടോ...?

അക്രമചോദ്യമാണു കേട്ടോ. ഞാൻ ദാ, ഇങ്ങനെ ഒരു കുഞ്ഞടി പോലും  ആര്‍ക്കും െകാടുത്തിട്ടില്ല. (മമ്മൂട്ടി, വലംകൈെകാണ്ട്, ഇടം െെകപ്പത്തിയില്‍ ഒരു കുഞ്ഞടി െകാടുത്തു.) കോളജിൽ പഠിക്കുമ്പോള്‍ ചില അടിപിടികളിലൊക്കെ ചെന്നു െപട്ടിട്ടുണ്ടെങ്കിലും ആേരയും അടിച്ചിട്ടുമില്ല, അടി കൊണ്ടിട്ടുമില്ല. പക്ഷേ, സിനിമ ഷൂട്ടിങ്ങിനിടയില്‍ ഒരുഗ്രന്‍  അടി കൊണ്ടിട്ടുണ്ട്. ‘ആവനാഴി’ ഷൂട്ടിങ് മദ്രാസിൽ നടക്കുമ്പോൾ ജ നക്കൂട്ടം ആക്രമിക്കുന്ന സീൻ ഉണ്ട്. സിനിമയിൽ അഭിനയിച്ചു പരിചമില്ലാത്ത ജൂനിയർ ആർടിസ്റ്റ് വന്ന് ഒരൊറ്റ അടി. കൃത്യം മുഖത്തു കൊണ്ടു. ഇടി കൊണ്ടു മൂക്കു പൊട്ടിയതും കാലിന്റെ ലിഗ്‌മെന്റു പൊട്ടിയതുമായ അനുഭവങ്ങളുമുണ്ട്.


അമ്മൂമ്മ, അമ്മ, ചേച്ചി,  ചേച്ചി യുടെ മകള്‍ തുടങ്ങി എല്ലാ തലമുറകള്‍ക്കും മമ്മൂക്ക എന്നാൽ ജീവ നാണ്.  എല്ലാവരെയും ഒരു പോലെ ആരാധകരാക്കുന്നതിന്‍റെ രഹസ്യമെന്താണ്?

ആരാധിക്കുന്നതിന്‍റെ കാരണം അവർക്കല്ലേ അറിയൂ. അതിന്റെ രഹസ്യമൊന്നും  എനിക്കറിയില്ല.  രഹസ്യങ്ങള്‍ സൂക്ഷിക്കാനുമറിയില്ല. അതൊരു ഭാഗ്യമെന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. അതിന്‍റെ കാരണം കണ്ടുപിടിക്കാനൊന്നും ശ്രമിക്കാറില്ല.

സോഷ്യൽ മീഡിയയിലെ വിവാദങ്ങളും ഫാൻ ഫൈറ്റുകളും കാണാറുണ്ടോ?

സോഷ്യൽമീഡിയ ശ്രദ്ധിക്കുമെങ്കിലും അതില്‍ ഒരുപാട് ആക്ടീവ് അല്ല. പിന്നെ, ഈ ഫാൻ ഫൈറ്റും ബഹളവുമൊക്കെ അഭിനയം തുടങ്ങിയ കാലം തൊട്ടേ ഉണ്ട്. അത് അവരുടെ വികാര പ്രകടനം മാത്രമാണ്. പക്ഷേ, ആ വികാരപ്രകടനത്തിനിടയിൽ ചിലര്‍ക്കൊക്കെ സമചിത്തതയും  മാന്യതയും കൈവിട്ടു പോകുന്നു എന്നു തോന്നിയിട്ടുണ്ട്. അതു സൂക്ഷിക്കുന്നത് നല്ലതാണ്.

മമ്മൂക്കയുടെ കാഴ്ചപ്പാടിൽ എന്താണ് സക്സസ്?

എവിടെയോ വായിച്ചതാണ്. കുടുംബസംഗമത്തില്‍  പ്രാസംഗികൻ ഒരു സ്ത്രീയോടു ചോദിച്ചു. ‘ഭർത്താവ് നിങ്ങളെ സന്തോഷിപ്പിക്കാറുണ്ടോ?’ ഭാര്യയുെട സന്തോഷത്തിനു േവണ്ടി ഒരുപാടു കാര്യങ്ങള്‍ െചയ്യുന്ന ഭര്‍ത്താവ് സദസിലുണ്ട്. അയാളെ ഞെട്ടിച്ചു െകാണ്ട് ഭാര്യ പറഞ്ഞത്, ‘ഭര്‍ത്താവ് എന്നെ സന്തോഷിപ്പിക്കുന്നില്ല ’എന്നാണ്. പിന്നെ അവര്‍ തുടര്‍ന്നു. ‘ആര്‍ക്കും  നമ്മെ സന്തോഷിപ്പിക്കാനാകില്ല. നമ്മുെട സന്തോഷം നമ്മള്‍ തന്നെ കണ്ടെത്തണം.

അതുപോലെയാണ് സക്സസും. നമ്മുെട വിജയങ്ങള്‍ നമ്മള്‍ തിരിച്ചറിയണം. ഒാരോരുത്തരുടെയും വിജയങ്ങള്‍ ഒാരോ രീതിയിലും ഒാേരാ തരത്തിലും ആകും. വിജയിച്ചു എന്ന് നമുക്കു സ്വയം തോന്നണം. അതാണു സക്സസ്. മറ്റൊരാളുെട വിജയം കണ്ട് അ തുപോലെ ആകാന്‍ ശ്രമിക്കുന്നതു മണ്ടത്തരമാണ്. മറ്റൊരാളുടെ നേട്ടങ്ങൾ അടിസ്ഥാനമാക്കി നിങ്ങൾ സക്സസ്ഫുൾ അല്ല എന്ന് എങ്ങനെ പറയാനാകും.

vmammo6

സിനിമയിൽ പൊലീസായി, വക്കീലായി, വീട്ടുജോലിക്കാരനായി... ജീവിതത്തിൽ ചെയ്യാനാകില്ലെന്നു തോന്നിയ എന്തെങ്കിലും ജോലിയുണ്ടോ?

ഒരു വിധപ്പെട്ട ജോലിയൊക്കെ ചെയ്തു നോക്കിയിട്ടുണ്ട്. അത്യാവശ്യം പാചകം അറിയാം. വള്ളം തുഴയാൻ അറിയും, വണ്ടിയോടിക്കാനറിയാം... വിമാനം പറത്താനറിയില്ലെങ്കിലും പറത്തി നോക്കിയിട്ടുണ്ട്. പക്ഷേ, പേടിച്ചുപോയി. റാസൽഖൈമയില്‍ ദുബായ് സിനിമയുടെ ഷൂട്ട് നടക്കുന്നു. കൊതുമ്പുവള്ളം പോലെ ഒരു ടു സീറ്റർ വിമാനം. എനിക്കൊപ്പം കയറിയ പൈലറ്റ് നല്ല ട്രെയ്നറുമാണ്. കക്ഷിക്ക് ഞാൻ ആ വിമാനം പറത്തണം എന്നു നിർബന്ധം. അയാൾ പുറകിലിരിക്കും. ഞാൻ സീറ്റിലിരുന്നു പറത്തണം.‘ഒരു കുഴപ്പവുമില്ല, ധൈര്യമായി പറത്തൂ’ എന്നു പറഞ്ഞു കുറേ നിർബന്ധിച്ചപ്പോൾ ആത്മവിശ്വാസം തോന്നി.  ജോയ്സ്റ്റിക് പോലുള്ള വടി പിടിച്ച് മുന്നോട്ടും പിന്നോട്ടും നീക്കിയാല്‍ മതി. പറഞ്ഞതു പോലെ െചയ്തു. അതാ വിമാനം മുന്നോട്ടു നീങ്ങുന്നു, പറന്നു പൊങ്ങുന്നു. അതോടെ സംഗതി െെകവിട്ടെന്ന് എനിക്കു തോന്നി. ലാന്‍ഡ് ചെയ്യാന്‍ വിമാനം താഴ്ന്നു പറന്നപ്പോള്‍ ഇലക്ട്രിക് ലൈനുകൾ കാണാം. അതോടെ പേടി കൂടി.

ഒടുവില്‍ എങ്ങനെയോ ഭൂമിയില്‍ തിരിച്ചത്തി. സിനിമയിൽ  ഇൻട്രൊഡക്‌ഷൻ സീൻ ഇങ്ങനെ ആയാലോ എന്നു ജോഷി ആലോചിച്ചതാണ്. പക്ഷേ, ഒന്നൂെട വിമാനം പറത്താനുള്ള െെധര്യം ഇല്ലായിരുന്നു. ‘മമ്മൂട്ടിക്കു െെധര്യമില്ല,  വിമാനം പറത്തിയപ്പോള്‍ പേടിച്ചു എന്നൊക്ക പറഞ്ഞിനി ട്രോളുകളും വരുമായിരിക്കും...’  തമാശയിൽ മമ്മൂട്ടി ഉള്ളുതുറന്നു ചിരിച്ചു.

ട്രോളുകൾ ആസ്വദിക്കാറുണ്ടോ?

പിന്നെ, ഞാൻ ശരിക്കും ആസ്വദിക്കാറുണ്ട്. ട്രോളുകളെടുത്തു പോസ്റ്റ് ചെയ്യാറുമുണ്ട്. ട്രോള്‍ മങ്കി പോലെയുള്ള ആപ്പുകള്‍ ഡൗൺലോഡ് ചെയ്തു സകല ട്രോളുകളും കാണും. പുതിയ കാലത്തിന്റെ കാർട്ടൂണുകളല്ലേ അവ. സാഹിത്യം, രാഷ്ട്രീയം, സ്പോർട്സ്... മേഖല ഏതായാലും സിനിമയുെട സ്റ്റില്ലുകളാണ് ട്രോളാന്‍ എല്ലാവരും ഉപയോഗിക്കുന്നത്. െഎ പാഡ് തുറന്ന്  മമ്മൂട്ടി ചില േട്രാളുകൾ കാണിച്ച് ചിരിക്കുന്നു. പിന്നെ, വിദേശ യാത്രകള്‍ക്കിടയില്‍ എടുത്ത ചിത്രങ്ങള്‍ കാണിച്ചു തുടങ്ങി. നഗരവിസ്മയങ്ങളില്‍ നിന്നകന്ന് ഗ്രാമക്കാഴ്ചകളുെട അപൂർവ ചിത്രങ്ങള്‍. അവിെട െബര്‍മൂഡയിട്ടു െെസക്കിള്‍ ചവിട്ടുന്ന മമ്മൂട്ടി, െഷഫിന്‍റെ െതാപ്പി വച്ച് റസ്റ്ററന്‍റിൽ കുസൃതിക്കാരനാകുന്ന മമ്മൂട്ടി. കുടുംബത്തെ മുഴുവനും സ്േനഹത്തോെട ചേര്‍ത്തു പിടിച്ച് ഇടംെെകയിലെ മൊെെബലില്‍ സെല്‍ഫിയെടുക്കുന്ന മമ്മൂട്ടി...

‘‘അഭിമുഖങ്ങളിൽ ദുൽഖറിനെക്കുറിച്ച്  ഒന്നും പറയാത്തതെന്താ?’’

‘അതെന്തിനാ ഞാൻ പറയുന്നത്. ദുൽഖറിന്റെ  വിശേഷങ്ങൾ അവനല്ലേ പറയേണ്ടത്...’ ചില ഉത്തരങ്ങളിൽ എതിർ വാദത്തിനുള്ള അവസരം പോലും ഇല്ലാതെ വഴിയടച്ച വക്കീലാകുന്നു മമ്മൂട്ടി. അതോടെ അടുത്ത ചോദ്യം വന്നു, ‘രാഷ്ട്രീയത്തിലിറങ്ങുമോ?’

‘എനിക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്. പക്ഷേ, ഏറെയിഷ്ടം സിനിമയിൽ അഭിനയിക്കുന്നതാണ്. സിനിമയാണ് എന്റെ രാഷ്ട്രീയപ്രവർത്തനം. ഏറ്റവും  ഇഷ്ടമുള്ളതല്ലേ  നമ്മൾ ചെയ്യേണ്ടത്.’ എല്ലാവരോടും  കൈകൂപ്പി മമ്മൂട്ടി എണീറ്റു.  നടന്നു പോകു മ്പോൾ ആരാധനയോടെ ഒരുപാടു കണ്ണുകള്‍ പിന്‍തുടരുന്നുണ്ട്. ‘ഈ മനുഷ്യന് എന്തൊരു ഗ്ലാമറാണെന്ന്  മനസ്സു  പറയുന്നത് അവരുടെ മുഖത്തു തെളിയുന്നുമുണ്ട്. മലയാളിക്ക് ആരാധനയുടെ മറ്റൊരു പേരാണല്ലോ മമ്മൂട്ടി.