Friday 13 October 2023 12:13 PM IST : By സ്വന്തം ലേഖകൻ

ചെലവ് കുറഞ്ഞതും ഭംഗിയുള്ളതുമായ ജാളി ഇങ്ങനെ ഒരുക്കാം: കാറ്റും വെളിച്ചവും ഉള്ളിലെത്തിക്കുന്ന ജാലക വസന്തം

jaali-2

ജാളിയിലൂടെ പാളിയെത്തുന്ന വെളിച്ചം മുറിക്കുള്ളിൽ തീർക്കുന്ന ചിത്രം കാണാൻ, തിരക്കിട്ടു ജോലി ചെയ്യുന്നതിനിടെ കവിളിൽ ഒന്നു തൊടാൻ കാറ്റിനെത്താൻ, വീട്ടകങ്ങളെ മുഴുവനായി മറയ്ക്കാത്ത മറയൊരുക്കാൻ... പുത്തൻ വീടുകളിൽ ജാളിയെത്തുന്നത് പല ഇഷ്ടങ്ങളുടെ സാക്ഷാത്കാരമായാണ്.

പല ഡിസൈനിൽ, വലുപ്പത്തിൽ, നിറത്തിൽ, മെറ്റീരിയലിലെല്ലാം ജാളിയുണ്ട്. വീടിനോട് ചേരുംവിധം ഉപയോഗിച്ചാൽ മാത്രം മതി. ട്രോപ്പിക്കൽ ശൈലിയോട് ചേർന്നു നിൽക്കുന്ന കന്റെംപ്രറി വീടുകളിൽ ജാളി പ്രിയപ്പെട്ട അംഗവുമാണ്. അറിയാം ജാളിയുടെ ജാലവിദ്യകൾ.

ജാളി എന്തിനെല്ലാം

∙ വെയിലും ചൂടും അകത്തളത്തിലെത്തുന്നതിനെ ഒരു പരിധിവരെ തടയുകയും എന്നാൽ കാറ്റും വെളിച്ചവും കടത്തിവിടുകയും ചെയ്യും ജാളികൾ.

ചുവർനിർമാണ രീതി തന്നെയാണ് ഇത്. കല്ല്, തടി, ഇ ഷ്ടിക, കോൺക്രീറ്റ് എന്നിവ കൊണ്ടെല്ലാം ജാളിരീതിയിലുള്ള ഭിത്തി നിർമിക്കാം. ടെറാക്കോട്ട, കോൺക്രീറ്റ്, സ്റ്റീൽ എന്നിവയുടെ റെഡിമെയ്ഡ് ജാളിയും ലഭ്യമാണ്.

∙ സെമി ഓപൺ സ്പേസ് ഇടങ്ങൾക്ക് ജാളി തിരഞ്ഞെടുത്താൽ മറ ലഭിക്കുന്നതിനൊപ്പം മുറിയുടെ അന്തരീക്ഷം ഇരുണ്ടു പോകുകയുമില്ല. ഉള്ളിലെ പാർട്ടീഷൻ ഭിത്തിക്കായി കനംകുറഞ്ഞ ജാളി ഉപയോഗിക്കാം.

∙ ജാളിയിലെ ഡിസൈൻ വൈവിധ്യം കൊണ്ട് അകത്തളത്തിന്റെ ഭം ഗി മാത്രമല്ല, വീടിന്റെ എക്സ്റ്റീരിയർ ലുക്കും അടിമുടി മാറ്റും.

∙ വീടിന്റെ ടെറസ്സിൽ ട്രസ് റൂഫ് ചെയ്തശേഷം മുൻവശത്തെ ടെറസ്സിൽ ജാളിവർക് ചെയ്താൽ കാഴ്ചയിൽ രണ്ടു നില വീടാണെന്നു തോന്നുകയും ചെയ്യും വീടിനുള്ളിലെ ചൂട് കുറയുകയും ചെയ്യും.

∙ ജിഐ പൈപ്പും ജാളി വർക്കും ചേർത്ത് വളരെ കുറഞ്ഞ ചെലവിൽ ജനാല ഒരുക്കിയെടുക്കാം.

∙ ജാളിയിൽ പല നിറത്തിലുള്ള ഗ്ലാസ് ബോക്സ് പിടിപ്പിച്ചാൽ പല നിറത്തിലെ വെളിച്ചം ഉള്ളിലെത്തും. അകത്തളിൽ ‘നിറവസന്തം’ തന്നെ ഒരുക്കാം.

∙ ഇൻഡയറക്ട് ലൈറ്റിങ്ങില്‍ ജാളിക്ക് വേറിട്ട ഭംഗിയാണ്. ജാളിയിലെ സുഷിരങ്ങൾക്കിടയിലൂടെ വരുന്ന വെളിച്ചം തറയിലും ചുമരിലും തീർക്കുന്ന ഡിസൈനുകൾ കാണാൻ കൗതുകമാണ്. മുറിയുടെ ആംബിയൻസും കൂടും.

∙ ഇഷ്ടമുള്ളയിടത്ത് ജാളി വച്ചാൽ ഇവയുടെ യഥാർഥ ഗുണം ലഭിക്കില്ല എന്നോർക്കുക. യോജിച്ച സ്ഥലത്ത് അനുയോജ്യമായ ഡിസൈനിലുള്ള ജാളി തന്നെ ഉപയോഗിക്കണം. മുറിയുടെ ഉപയോഗം, സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ഗതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചു വേണം ജാളിയുടെ സ്ഥാനവും ഡിസൈനും തീരുമാനിക്കാൻ. വീടിന്റെ ശൈലിയോട് ചേരുന്നതാകുകയും വേണം.

∙ ജാളിയിലെ പൊടിയും മറ്റും വാക്വം ക്ലീനർ ഉപയോഗിച്ച് നീക്കുന്നതാകും എളുപ്പം. വീട്ടകങ്ങളുടെ യഥാർഥ ഭംഗി വീടിന്റെ വൃത്തി തന്നെയാണ്.

jaali-designs

ജാളി തീർക്കാം, ഇങ്ങനെയെല്ലാം

∙ ഇഷ്ടികയും മറ്റും ഒന്നിടവിട്ട് അടുക്കി നിർമിക്കുന്ന ജാളിഭിത്തിയാണ് സാധാരണവും ചെലവ് കുറഞ്ഞതും.

∙ കട്ട, തടി, സ്റ്റീൽ ഷീറ്റ്, എംഡിഎഫ് തുടങ്ങിയവയൊക്കെ ഉപയോഗിച്ച് ഇഷ്ടപ്പെട്ട ഡിസൈനിലുള്ള ജാളി നിർമിച്ചെടുക്കാം. തടി, സ്റ്റീൽ, എംഡിഎഫ് എന്നിവയിലെല്ലാം സിഎൻസി (കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ) വഴി ഇഷ്ട ഡിസൈൻ നൽകാം. എത്ര സങ്കീർണമായ ജാളി ഡിസൈനും എളുപ്പത്തിൽ നൽകാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

∙ ജിഎഫ്ആർസി (ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ്) കൊണ്ടുള്ള ജാളികളും ഇപ്പോഴുണ്ട്. ഇവയും കസ്റ്റമൈസ് ചെയ്തു നിർമിക്കാം.

∙ ടെറാക്കോട്ട കൊണ്ടുള്ള റെഡിമെയ്ഡ് ജാളിക്കാണ് ഏറ്റവും ഡിമാൻഡ്. ആകർഷകമായ ധാരാളം ഡിസൈനുകളിൽ ലഭിക്കുമെന്നതാണ് ടെറാക്കോട്ട ജാളി ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടാൻ കാരണം. കസ്റ്റമൈസ്ഡ് ഡിസൈനിൽ ഇവ നിർമിച്ചു നൽകുന്നവരുമുണ്ട്.

∙ റെഡിമെയ്ഡ് കോൺക്രീറ്റ് ജാളി ലഭ്യമാണെങ്കിലും ഡിസൈനിൽ വൈവിധ്യമില്ല എന്നതാണ് ഇവയുടെ പോരായ്മ. ടെറാക്കോട്ട ജാളിയുടെ അത്ര ഫിനിഷും ഉണ്ടാകില്ല.

∙ ഇഷ്ടികയുടെ അതേ വലുപ്പമുള്ള ജാളിയും ഇപ്പോൾ ലഭ്യമാണ്. ഇതുപയോഗിച്ച് സാധാരണപോലെ ചുവരുകെട്ടാം.