ശീതകാല വിളയായ കോളിഫ്ളവറിനു നല്ല ജൈവാംശവും ഈർപ്പവും നീർവാർച്ചയുമുള്ള മണ്ണാണ് അനുയോജ്യം. ആറു മണിക്കൂറെങ്കിലും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന ഇടമാകണം.
∙ സമതലപ്രദേശങ്ങളിൽ ഓഗസ്റ്റ്– ഒക്ടോബർ വരെയും ഉയർന്ന പ്രദേശങ്ങളിൽ മെയ് – ജൂൺ മാസങ്ങളിലും വിത്തു പാകാം. സ്യൂഡോമോണാസ് ചേർത്ത ഇളക്കലുളള മിശ്രിതത്തിലാണു പാകേണ്ടത്. നേരിട്ടു മഴ ലഭിക്കുന്ന സ്ഥലം ഒഴിവാക്കുക. നിലം കിളച്ചൊരുക്കി ഒരു സെന്റിന് ഇരുന്നൂറു കിലോ ട്രൈക്കോഡെർമ സമ്പുഷ്ടചാണകം, എല്ലുപൊടി ഇവ ചേർക്കണം. നാല് – അഞ്ച് ആഴ്ച പ്രായമായ തൈകൾ പറിച്ചു നടാം. തവാരണകൾ എടുത്ത് 60 x 60 സെ. മീ. അകലത്തിലാണു തൈകൾ നടേണ്ടത്.
∙ ഓേരാ മാസവും നൂറു ഗ്രാം ട്രൈക്കോെഡർമ സമ്പുഷ്ട ചാണകം മണ്ണിൽ ചേർത്തു നൽകണം. വളപ്രയോഗത്തിനു ശേഷം പുതയിട്ടു നൽകുക. ചെടിക്കു ചുറ്റുമുള്ള മണ്ണ് കയറ്റിയിട്ടു നൽകണം. രണ്ടാഴ്ച ഇടവിട്ട് ഒരു ലീറ്റർ വെളളത്തിൽ ഒരു മില്ലി മിത്ര ജീവാണു ബാക്ടീരിയ ബിടി അടങ്ങിയ ഡിപെൽ കലക്കി തളിച്ചാൽ കീടരോഗബാധ തടയാം.
∙ നട്ടു മൂന്നു മാസത്തിനുള്ളിൽ വിളവെടുക്കാം. കഴിക്കാവുന്ന പ്രധാനഭാഗമായ കേർഡ് വിരിയുമ്പോൾ പുറംഇലകൾ കൊണ്ട് അയച്ചു കെട്ടണം. പൂവിനു നിറം ലഭിക്കാനും കീടങ്ങളിൽ നിന്നു സംരക്ഷണം ലഭിക്കാനുമാണിത്. ഇലകൾ മണ്ണിൽ മുട്ടരുത്. സമയത്തു വിളവെടുത്തില്ലെങ്കിൽ പൂന്തണ്ടുകൾ മുകളിലേക്കു വളർന്നു കട്ടിയുള്ളതാകും.
കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം