Thursday 13 September 2018 05:19 PM IST

ലാൻഡ്സ്കേപ്പ് ഡിസൈനിംഗിന് കാശ് പൊടിക്കേണ്ട; പോക്കറ്റ് മണികൊണ്ട് നാട്ടുമുറ്റമൊരുക്കാം

Ammu Joas

Sub Editor

v1

ഒരു  കിടിലൻ  ലാൻഡ്സ്കേപ് ചെയ്തെടുക്കാൻ ഇമ്മിണി കാശ് ചെലവാകില്ലേ ഭായ് എന്നുപറഞ്ഞ് ഇനി ഒ ഴിയേണ്ട. നമുക്കിണങ്ങുന്ന, നമ്മുടെ നാടിന്റെ ശൈലിയിൽ ലാൻഡ്സ്കേപ് ചെയ്തെടുക്കാൻ പോക്കറ്റ് മണി  ത ന്നെ ധാരാളം. അതുകൊണ്ട് സ്വപ്നം കണ്ട നാട്ടുമുറ്റമൊരുക്കാൻ റെഡിയായിക്കൊള്ളൂ.


പുതിയ ആശയം, പുതിയ മാനം

v3


∙ പുരയിടത്തിന്റെ സ്വാഭാവികമായ ചെരിവും സ്വഭാവികതയും നഷ്ടപ്പെടുത്തി, സ്ഥലം ഇടിച്ചുനിരത്തി, ദേശം കടന്നു വന്ന പുല്ലു വിരിച്ച് വേലിക്കിപ്പുറമിരുന്ന് ആസ്വദിക്കുന്നതായിരുന്നു ഒരുകാലത്ത് ലാൻഡ്സ്കേപ്. എന്നാൽ മണ്ണിനെയും തനതു പ്രകൃതിയെയും സംരക്ഷിച്ച് ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ലാൻഡ്സ്കേപ്.


∙ സസ്റ്റെയിനബിൾ ട്രോപ്പിക്കൽ ലാൻഡ്സ്കേപ്പിങ് ആണിപ്പോൾ മണ്ണിലെ താരം. കേരളത്തിലെ കാലാവസ്ഥയുമായി ചേർന്നു പോകുന്ന തരം ചെടികൾ ഉപയോഗിക്കുന്നു എന്നതാണ് ഈ ലാൻഡ്സ്കേപ്പിങ്ങിന്റെ പ്രത്യേകത.


∙ കൊറിയൻ ഗ്രാസിനോടും ഇംപോർ‌ട്ടഡ് റെഡ് പാമിനോടുമൊക്കെ ‘കടക്കൂ പുറത്ത്’ എന്നു പറഞ്ഞുതുടങ്ങി മലയാളികൾ. ഇവയെ പോലെ തന്നെ ഭംഗി നൽകുന്ന നാടൻ പുല്ലുകളും പനകളും ഉള്ളപ്പോൾ പിന്നെന്തിന് പണവും അധ്വാന     വും വെറുതേ ചെലവാക്കണം.


∙ പണ്ട് മുറ്റത്തും തൊടിയിലും ഉണ്ടായിരുന്ന കാക്കപ്പൂവും മുക്കുറ്റിപ്പൂവുമൊക്കെ ഇന്നെങ്ങോ മറഞ്ഞു. ഇങ്ങനെ നാട്ടിൽ  നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചെടികളെ ലാൻഡ്സ്കേപ്പിലേക്ക് കൂട്ടികൊണ്ടു വരണം. നാടിന്റെ സംസ്കാരത്തിന്റെ ഒരു തുണ്ട് വീട്ടുമുറ്റത്തു നിലനിർത്തുന്നത് സന്തോഷം തന്നെയല്ലേ.


∙ ഏതെങ്കിലും ഒന്നോ രണ്ടോ ഇനം ചെടികൾ മാത്രം നടുന്ന ലാൻഡ്സ്കേപ്പുകളേക്കാൾ പലതരം വെറൈറ്റി ചെടിക ൾ  ഉൾപെടുത്തുകയാണ് വേണ്ടത്. ബയോ ഡൈവേഴ്സിറ്റി എന്നതാകണം ആശയം.


∙ അണ്ണാനും  കിളികളും  തവളയുമൊക്കെ  വാഴുന്ന ആവാസ വ്യവസ്ഥ തന്നെ സൃഷ്ടിച്ചെടുക്കുന്നുണ്ട് ഇപ്പോൾ ലാൻഡ്സ്കേപ്പുകളിൽ. ഇവയ്ക്കു വേണ്ട തരത്തിൽ ജീവിതസാഹര്യമൊരുക്കുകയാണ് ചെയ്യുക. ഉദാഹരണത്തിന് പൂമ്പാറ്റകൾക്കായി ഇടമൊരുക്കണമെന്നിരിക്കട്ടെ. മിൽക്ക് വീഡ്, മുസാൻഡ, ഓറഞ്ച്, വാക, അരളി, കൂവളം, നീർമാതളം, നാരകം, മൾബെറി, ഗരുഡക്കൊടി എന്നിവയുടെ ഇലകളിലാണ് പൂമ്പാറ്റകൾ മുട്ടയിടുന്നത്. ഇവ കൂടാതെ വാടാമുല്ല, മാരിഗോൾഡ്, ചെമ്പരത്തി, ലില്ലി, കോറിയാപ്സിസ്, അഡീനിയം, സൂര്യകാന്തി, കൊങ്ങിണിച്ചെടി എന്നിവയൊക്കെ ഇവിടേക്കിണങ്ങും.


∙ ഭംഗി മാത്രം നോക്കി മരം നടാതെ അത് മാവോ പേരയോ ആയാൽ തണലുമായി വരും തലമുറകൾക്കു ഫലവുമായി.


∙ മുറ്റം നിറയെ മരം നട്ട് ശുദ്ധമായ വായുവും  ഇളം തണുപ്പുമുള്ള പരിസരം സൃഷ്ടിച്ചെടുക്കാനാണ് ശ്രമിക്കേണ്ടത്. മരങ്ങ  ൾ വച്ചുപിടിപ്പിച്ചു തണലിടത്തിൽ കളിസ്ഥലവും പാർക്കിങ് ഏരിയയും ഒരുക്കിയെടുക്കുന്ന പൊസിറ്റീവ് സ്റ്റൈൽ.

v5


ചെറിയ ഇടം തീമാറ്റിക്കായി ഒരുക്കാം


∙ എത് ചെറിയ പുരയിടത്തിലും ഒരു വീടു വയ്ക്കുമ്പോൾ  മു ൻവശത്ത് മൂന്നു മീറ്റർ സ്ഥലവും വശങ്ങളിൽ ഒരു മീറ്റർ സ്ഥലവും ഒഴിവാക്കിയിടേണ്ടി വരും. ഈ ഇടത്തു പോലും ലാൻഡ്സ്കേപ്പ് ഒരുക്കാവുന്നതേയുള്ളൂ. ഒരു കോർണറിൽ മാത്രം കടലച്ചെടിയോ കമ്മൽചെടിയോ പടർത്തി വട്ടത്തിൽ വെട്ടി നിർത്താം. ഒന്നോ രണ്ടോ വലിയ കല്ലോ മരക്കഷണമോ വച്ച് ചെറിയ ഇരിപ്പിടവും ഒരുക്കാം.


∙ വെർട്ടിക്കൽ ഗാർഡൻ ഇപ്പോഴും ‘ലാൻഡ്സ്കേപ് ട്രെൻഡിങ്ങി’ൽ ഉണ്ട്. കൂടാതെ മോസ് പാനലുകളും പച്ചപ്പ് പടർത്തുന്നു. ചെടികൾ ഒന്നിനു താഴെ ഒന്നായി നിര‍ത്തി ഭിത്തി തീർക്കുന്നതിനു പകരം പായലുകൾ എംഡിഎഫ് പാനലില്‍ ഉറപ്പിച്ച് വയ്ക്കാറുണ്ടിപ്പോൾ. വേഗത്തിൽ വളരാത്ത പായലിനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഈ മോസ് പാനലിൽ ഇടയ്ക്ക് അൽപം വെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ മാത്രം മതി.


∙ സ്ഥലം കുറവാണെങ്കിലും അവിടുത്തെ മരം മുറിച്ചുകളയരുത്. ആ മരം വീടിന്റെ ആർകിടെക്ചറിന്റെ ഭാഗമാക്കി മാറ്റാം. അല്ലെങ്കിൽ ആ മരത്തിനെ കേന്ദ്രമാക്കി ലാൻഡ്സ്കേപ് ഒരുക്കാം. ചെടികളും വാട്ടർബോഡിയും ഇവിടെ വയ്ക്കാം.


കണക്കുകൂട്ടലുകൾ വേണം


∙ വീടു പണിതശേഷം  ബാക്കിയുള്ള  ഒഴിഞ്ഞ സ്ഥലത്ത് എ വിടെയെങ്കിലും ലാൻഡ്സ്കേപ് തീർത്തേക്കാമെന്നു കരുതരുത്. സൂര്യപ്രകാശവും കാറ്റിന്റെ ദിശയുമൊക്കെ കണക്കുകൂട്ടി വേണം യോജിച്ച ഇടം കണ്ടെത്താൻ.  


∙ ദൂരെ നിന്ന് കണ്ട് ആസ്വദിക്കാൻ മാത്രമുള്ളതല്ല ലാൻഡ്സ്കേപ്പ്. അൽപനേരമിരിക്കാനും മനസ്സിനെ കാറ്റിൽ പറത്താനും കഴിയുന്ന ഇടമാകണമത്. വീട്ടിലെ മുത്തശ്ശനും കൊച്ചുമോനും ഒരുപോലെ ആസ്വദിക്കാൻ കഴിയണം. കുട്ടികൾക്ക് ഓടിക്കളിക്കാനുള്ള സ്ഥലം ഇല്ലെങ്കിൽ കൂടി അവർക്കായി അൽപം ഇടം മാറ്റി വയ്ക്കണം.


∙ ലാൻഡ്സ്കേപ്പിങ്ങിന്റെ രണ്ടു കൈകളാണ് ഹാർഡ്സ്കേപ്പിങ്ങും സോഫ്റ്റ് സ്കേപിങ്ങും. പേവ്മെന്റ്, സീറ്റിങ് ഏരിയ എന്നിങ്ങനെ മനുഷ്യനിർമിതമായവയൊക്കെ ഹാർഡ്സ്കേപ്പിന്റെ ഭാഗമാണ്. വെള്ളവും ചെടിയും പുല്ലുമൊക്കെ സോഫ്റ്റ്സ്കേപ്പിങ്ങിന്റെ ഭാഗവും.  


∙ ഹാർഡ്സ്കേപ് കുറച്ചാൽ പലതുണ്ട് ഗുണം. അതിൽ പ്രധാനം ചെലവ് കുറയ്ക്കാം എന്നതുതന്നെ. മറ്റൊന്ന് ചൂടു കുറയ്ക്കാനാകും എന്നതാണ്. വലിയ ഏരിയ മുഴുവൻ പേവ്മെന്റ് ചെയ്തിടുന്ന പതിവ് മാറി. വണ്ടി പോകേണ്ട ഇടമൊഴികെ എല്ലായിടത്തും പുല്ലു വിരിച്ച് ഗ്രൗണ്ട് കവർ നൽകാം. പേവ്മെന്റ് കൊടുക്കുമ്പോൾ തന്നെ മഴവെള്ളം മണ്ണിലേക്ക് ഒലിച്ചിറങ്ങാനുള്ള സംവിധാനവും ഒരുക്കണം.


∙ ഹാർഡ്സ്കേപിങ് ചെയ്യുമ്പോഴും  പച്ചപ്പ് നിറയ്ക്കാൻ ശ്രമിക്കണം. വള്ളിച്ചെടികൾ പടർത്തി വിട്ടും ഹാങ്ങിങ് ഗാർഡൻ ഒരുക്കിയും കൂടുതൽ ഭംഗിയാക്കാം. ഈർപം വില്ലനാകാത്ത തരം മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

v4


കന്റെംപ്രറി വീടുകൾക്കിണങ്ങുമോ


∙ നാടന്‍ ചെടികളും മറ്റും ഉപയോഗിച്ചുള്ള ലാൻഡ്സ്കേപ്പിങ് രീതി കന്റെംപ്രറി സ്റ്റൈലിൽ  തീർത്ത  വീടുകൾക്കിങ്ങു മോ എന്ന സംശയം വേണ്ട. ട്രോപ്പിക്കൽ വെറൈറ്റിയിൽ ഉൾപെടുന്ന ചെടികൾ ഏതു ശൈലിയിലുള്ള വീടിനും ഇണങ്ങും. ചേരുംപടി ചേർക്കണമെന്നു മാത്രം.


∙ ഫിലോഡെന്റ്രോൺ ഇനത്തിൽപെട്ട ബേൾ മാർക്സ്, മോ ൺസ്റ്റെറ ഡെലികോസ എന്നിവ, അംബ്രല്ല പ്ലാന്റ്, പീസ് ലില്ലി, ലേഡി പാം, കലേഡിയം വെറൈറ്റീസ് എന്നിവ എല്ലാ ശൈലിയിലുള്ള വീടുകള്‍ക്കും ചേരുന്നവയാണ്. ഇവയ്ക്കെല്ലാം പരിപാലനവും വളരെ കുറച്ചു മതി.


∙ ഹാർഡ്സ്കേപ്പിങ് ചെയ്യുമ്പോഴാണ് വീടിന്റെ ശൈലിയോടു ചേർന്നു പോകാൻ കൂടുതൽ ശ്രദ്ധിക്കേണ്ടത്. കേരളീയ ശൈലിയിലുള്ള വീടിന്റെ ലാൻഡ്സ്കേപ്പിനിണങ്ങുക കടപ്പാകല്ലും ചെങ്കല്ലുമൊക്കെയാണ്. എന്നാൽ കന്റെംപ്രറി ശൈലിയിലുള്ള വീടിന് കോൺക്രീറ്റ് നിർമിതമായവയാകും നന്നാ കുക. ഇരിപ്പിടം ഒരുക്കുമ്പോഴും  പർ‌ഗോള സെറ്റ് ചെയ്യുമ്പോഴുമെല്ലാം വീടിന്റെ ശൈലി മനസ്സിൽ വയ്ക്കണം.


അധികം ചെലവാക്കാതെ തന്നെ


∙ ആർക്കും ഏതു വിഭാഗത്തിൽ പെട്ടവർക്കും  ലാൻഡ്സ്കേപ്  എന്ന സ്വപ്നം  സ്വന്തമാക്കാമെന്നതാണ്  സസ്റ്റെയ്നബി ൾ ലാൻഡ്സ്കേപ്പിന്റെ മെച്ചം. പ്രകൃതിയോട് അൽപം സ്നേഹം മാത്രം മനസ്സിലുണ്ടായാൽ മതി.


∙ ലാൻഡ്സ്കേപ് ചെയ്യുമ്പോഴുള്ള ചെലവിനേക്കാൾ അധികമാകുക അവ ഭംഗിയായി കാത്തുസൂക്ഷിക്കാനാണ്. ശരിയായി പരിപാലിച്ചില്ലെങ്കിൽ ചെടികൾ വാടാൻ തുടങ്ങും, ചിലതിന് രോഗം പിടിപെടും. രാസ കീടനാശിനികളും വളങ്ങളുമില്ലാതെ രക്ഷയില്ലെന്ന അവസ്ഥയാകും പിന്നെ. ഇത്തരം പ്രശ്നങ്ങളൊന്നും ഈ ശൈലിയിലുള്ള ലാൻഡ്സ്കേപ്പുകൾക്കില്ല. കാരണം, ഇവിടെ യാതൊരു പരിപാനവുമില്ലാതെ നമ്മുടെ നാട്ടി ൽ പച്ചപ്പു വിടർത്തുന്നവയാണ് ഉപയോഗിക്കുന്നത്.  


∙ ലാൻഡ്സ്കേപ്പിലെ വിദേശികളായ ചെടികൾ കുറച്ചാൽ തന്നെ മെയ്ന്റനൻസ് കുറവായിരിക്കും. ലോണിൽ ഷെയ്ഡ് ഗ്രാസ് വിരിക്കാം. ഇവയൊക്കെ ഇടയ്ക്ക് വെട്ടികൊടുത്താൽ മാത്രം മതി. മാത്രമല്ല സ്ക്വയർ ഫീറ്റിന് അഞ്ചു രൂപയേ വരൂ. ബഫലോ ഗ്രാസോ, ക്ലോവർലോണോ തിരഞ്ഞെടുക്കാം.


∙ വീടുപണിക്കുശേഷം ലാൻഡ്സ്കേപ്പ് ചെയ്യുമ്പോൾ പൂർണതയ്ക്കു വേണ്ടി വലിയ മരങ്ങൾ നടുന്ന പതിവിന്നുണ്ട്.  ഇതിന് ചെലവുമധികമാകും.


∙ റീസൈക്കിൾഡ് മെറ്റീരിയൽസ് ഉപയോഗിച്ചു കൊണ്ടുള്ള ലാൻഡ്സ്കേപ്പിങ് രീതി ചെലവു കുറയ്ക്കാൻ ഏറ്റവും നല്ല വഴിയാണ്. റെയിൽവേ സ്ലീപ്പേഴ്സ് കൊണ്ട് പേവ്മെന്റ് കൊടുക്കാം. പഴയ ടയറിൽ ചെടികൾ നടാം, വാതിൽ കട്ടളയും വിൻഡോ ഫ്രെയിമുമൊക്കെ ലാൻഡ്സ്കേപ്പിന്റെ മോടി കൂട്ടാനുപയോഗിക്കാം. സാധാരണ കോൺക്രീറ്റ് അല്ലെങ്കിൽ  തടി കൊണ്ടുള്ള ഇരിപ്പിടത്തിന് ഏകദേശം 10000 രൂപയാകുമ്പോൾ ഇതിന്റെ പാതിചെലവിൽ റീസൈക്കിൾഡ് മെറ്റീരിയൽ കൊണ്ട് ഇരിപ്പിടമുണ്ടാക്കാം.

v6


∙ ഉപയോഗിക്കുന്ന റോ മെറ്റീരിയൽസ് അനുസരിച്ച് ലാൻഡ്സ്കേപ്പിങ്ങിന്റെ ചെലവിൽ വ്യത്യാസം വരും. കൺവെൻഷനൽ ലാൻഡ്സ്കേപ്പിങ്ങിന് 420 രൂപ മുതൽ ആകുമ്പോൾ സസ്ടെയ്നബിൾ ലാൻഡ്സ്കേപ്പിന് സ്ക്വയർ ഫീറ്റിന് 230 രൂപ മുതൽ ചെയ്യാനാകും. പരിപാലനത്തിനായി അധിക തു ക ചെലവാകില്ലെന്നതും മെച്ചമാണ്.

                                                                  
വിവരങ്ങൾക്ക് കടപ്പാട്:
നീനു എലിസബത്ത്
ലാൻഡ്സ്കേപ് ആർക്കിടെക്ട്
നോ ആർക്കിടെക്ട്സ്, ഡിസൈനേഴ്‍സ്, സോഷ്യൽ ആർട്ടിസ്റ്റസ് കൊല്ലം