Saturday 05 November 2022 10:48 AM IST

നൂറിലധികം ഇനം താമരകൾ, 75 ഇനം ആമ്പലുകൾ... പൂക്കൾ വളർത്തി ലതിക സമ്പാദിച്ചത് കോടി സന്തോഷം

Sreedevi

Sr. Subeditor, Vanitha veedu

lotus1

ചെടി പ്രേമികൾ പല വിഭാഗത്തിലുള്ളവരുണ്ട്. പൂക്കളുണ്ടാകുന്ന ചെടികളെ മാത്രം ഇഷ്ടപ്പെടുന്നവർ, ഇൻഡോർ പ്ലാന്റ്സിനെ സ്നേഹിക്കുന്നവർ, ഫിലോഡെൻഡ്രോണോ സക്കുലന്റ്സോ പോലുള്ള ഏതെങ്കിലും ഒരിനം ചെടികൾ മാത്രം ശേഖരിക്കുന്നവർ... ഇരിങ്ങാലക്കുടയ്ക്കടുത്ത് കോലോത്തുംപടി സ്വദേശിയായ ലതിക സുധന്റെ ദൗർബല്യം താമരകളും ആമ്പലുകളുമാണ്. 100 ൽ അധികം ഇനം താമരകളും 75 ഇനം ആമ്പലുകളും ലതികയുടെ വീട്ടുമുറ്റത്തും ടെറസിലും വിരിഞ്ഞു നിൽക്കുന്നു.

lotus2

വീട്ടുമുറ്റവും അകത്തളവുമെല്ലാം പൂക്കുന്നതും പൂവില്ലാത്തതുമായ ചെടികൾ കൊണ്ടു നിറയ്ക്കുകയായിരുന്നു ലതികയുടെ എക്കാലത്തെയും വിനോദം. ചെറിയൊരു ആമ്പൽക്കുളം വീട്ടിൽ നിർമിച്ചതോടെ ആമ്പലും താമരയും ലതികയുടെ സന്തോഷങ്ങളായി.

പുതിയ ഓരോ ഇനം ആമ്പലും താമരയും വീട്ടിലെത്തിക്കുന്നതും അതിനെക്കുറിച്ച് പഠിക്കുന്നതും തന്റെ ഇഷ്ടവിനോദങ്ങളാണെന്ന് ലതിക പറയുന്നു. ആമ്പലുകളും താമരകളും തേടി ഒരുപാട് യാത്ര ചെയ്യാറുണ്ട്. കുടുംബവുമൊത്തുള്ള യാത്രകളിലും കണ്ണുകൾ തിരഞ്ഞിരുന്നത് പുതിയ ഇനം ജലപുഷ്പങ്ങളെ തന്നെ. അടുത്തിടെ ശ്രദ്ധ കവർന്ന സഹസ്രദളപത്മത്തിന്റെ രണ്ട് വ്യത്യസ്തയിനങ്ങൾ ഇവരുടെ വീട്ടിലുണ്ട്.

lotus3

പ്ലാസ്റ്റിക് ടംബ്ലറുകളിലാണ് ആമ്പലും താമരയുമെല്ലാം വളർത്തുന്നത്. രണ്ടോ മൂന്നോ അടി ആഴമുള്ള ടംബ്ലറിൽ നന്നായി ഉണങ്ങിയ ചാണകപ്പൊടിയും മണ്ണും നിരത്തി അതിലാണ് താമരയുടെയും ആമ്പലിന്റെയും വിത്തുകൾ നടുന്നത്. അതിനു ശേഷം ടംബ്ലറിൽ വെള്ളം നിറയ്ക്കുന്നു. ചെടിയിൽ മുള വന്ന് ഇലകൾ വരുന്നതനുസരിച്ച് വെള്ളം കൂട്ടിക്കൊടുത്താൽ മതി. നല്ല തെളിഞ്ഞ വെയിൽ കിട്ടിയാൽ ആമ്പലും താമരയും നിത്യേന പൂക്കൾ തരും. ആമ്പലിന് വെയിൽ അല്പം കുറഞ്ഞാലും കുഴപ്പമില്ലെന്ന് ലതിക പറയുന്നു. എന്നാൽ താമരയ്ക്ക് നല്ല വെയിൽ വേണം. അതുകൊണ്ടുതന്നെ താമരകൾ എല്ലാം ശക്തിയായി വെയിലടിക്കുന്ന ടെറസിലാണ് ലതിക വച്ചിരിക്കുന്നത്.

താമരയും ആമ്പലും നേരിട്ട് ടംബ്ലറിൽ നടാതെ ചട്ടിയിലെ മണ്ണിൽ നട്ട് ടംബ്ലറിലെ വെള്ളത്തിൽ ഇറക്കിവയ്ക്കുകയുമാകാം. വിത്ത് എളുപ്പത്തിൽ ലഭിക്കാൻ ഇതു സഹായിക്കും. എന്നാൽ ടംബ്ലറിൽ നേരിട്ടു വച്ചാലാണ് കൂടുതൽ പൂക്കൾ ലഭിക്കുക എന്നാണ് ലതികയുടെ അനുഭവം. ചിലയിനം ആമ്പലുകളുടെ ഇലയുടെ ഞെട്ടിൽ (node) നിന്നും പുതിയ തൈകൾ ല ഭിക്കും.

lotus4

വീടിനു മുറ്റത്തെ വെയിൽ കിട്ടുന്ന സ്ഥലത്ത് സ്റ്റാൻഡുകളിലാണ് ടംബ്ലറുകൾ വച്ചിരിക്കുന്നത്. കൂടാതെ, ഇരുനില വീടിന്റെ ടെറസ് മുഴുവൻ ഇപ്പോൾ ആമ്പൽÐതാമരക്കുളങ്ങളാണ്. താരതമ്യേന വലിയ ഇലകളുള്ള സഹസ്രദളപത്മം വളർത്താൻ ടെറസിൽ ഇഷ്ടിക കൊണ്ടുള്ള ടാങ്ക് ഉണ്ടാക്കിയിട്ടുണ്ട്. ഇതു കൂടാതെ, ഉപയോഗശൂന്യമായ ഫ്രിജ് വാങ്ങി അതിലും താമരകൾ നട്ടുവളർത്തുന്നു. പല ആമ്പലും താമരയും പൂക്കളുടെ നിറം കൊണ്ടുമാത്രമല്ല, ഇലയുടെ ഭംഗി കൊണ്ടും ആരെയും ആകർഷിക്കും.

‘‘ ആമ്പൽ ആയാലും താമരയായാലും പ്രത്യേകതകൾ വിശദമായി പഠിച്ച് പടവും കുറിപ്പും സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതുകണ്ട് പലരും വിത്തും തൈകളും ആവശ്യപ്പെട്ടപ്പോഴാണ് ചെറിയ രീതിയിലുള്ള വിപണനത്തെക്കുറിച്ചു ചിന്തിച്ചത്. ആവശ്യപ്പെടുന്നവർക്ക് വിത്തുകളും തൈകളും അയച്ചുകൊടുക്കാറുണ്ട്,’’ ലതിക പറയുന്നു. തന്റെ കയ്യിലില്ലാത്ത ചെടികൾ ലതിക വാങ്ങുന്നതും ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കണ്ട് ഓർഡർ ചെയ്താണ്. വീട്ടിൽ നേരിട്ട് വന്ന് ടംബ്ലർ ഉൾപ്പെടെ ചെടി വാങ്ങിപ്പോകുന്നവരുമുണ്ട്. മാർബിൾ പ്ലാന്റ്, വാട്ടർ ബാംബൂ തുടങ്ങിയ വെള്ളത്തിൽ വളരുന്ന സസ്യങ്ങളും ഇവരുടെ ശേഖരത്തിലുണ്ട്.

lotus5

താമരയും ആമ്പലും വളർത്തുമ്പോൾ

∙ ടംബ്ലറിൽ ഇടയ്ക്കിടെ ചാണകപ്പൊടി കലർത്തിക്കൊടുക്കുന്നത് ചെടിയുടെ ആരോഗ്യം കൂടാനും ധാരാളം പൂക്കൾ ഉണ്ടാകാനും സഹായിക്കും.

∙ ഒരു സ്പൂൺ NPK മിശ്രിതം തുണിയിൽ കിഴികെട്ടി ടംബ്ലറിൽ വയ്ക്കുന്നതും ചെടികൾക്ക് നല്ല വളമാണ്.

∙ ഇലകൾ കാർന്നു തിന്നുന്ന പുഴുക്കളാണ് പ്രധാന ശത്രുക്കൾ. ഈ പുഴുക്കളെ കൈകൊണ്ടു പിടിച്ച് കൊന്നുകളയണം.

∙ ആമ്പലിന്റെയും താമരയുടെയും മറ്റൊരു പ്രധാന ശത്രുവാണ് ഒച്ച്. വെള്ളത്തിൽ പപ്പായയുടെ ഇലയിട്ടു കൊടുത്താൽ തിന്നാൻ ഒച്ച് എത്തും. പിടിച്ച് ഉപ്പുവെള്ളത്തിലിട്ടു നശിപ്പിക്കാം.

∙ താമരക്കുളത്തിൽ അസോളയിട്ടു കൊടുക്കുന്നതു നല്ലതാണ്. വളപ്രയോഗം കൂടിപ്പോയാൽ അസോള അതു വലിച്ചെടുത്ത് ചെടിയെ സംരക്ഷിക്കും.

∙ ടംബ്ലറിലെ മണ്ണ് ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുന്നത് ചെടികൾക്ക് കൂടുതൽ ഓക്സിജൻ കിട്ടാൻ നല്ലതാണ്. ഇടയ്ക്കിടെ പഴയ വെള്ളം അല്പം കളഞ്ഞ് പുതിയതു നൽകുന്നതും നല്ലതാണ്.