‘സുഖസൗകര്യങ്ങളോടെ രാജാവായി ജീവിക്കാൻ അല്ല, ഭൂമിയിൽ കേവലം മനുഷ്യനായി ജീവിക്കാൻ ആ ണ് ഹരിയും ആശയും മോഹിച്ചത്. അങ്ങനെ സ്വന്തമായുള്ള 35 സെന്റ് സ്ഥലത്ത് പ്രകൃതിയുടെ നിയമാവലി അണുവിട തെറ്റിക്കാതെ അവർ മൺവീടു കെട്ടി. കണ്ണൂർ ചക്കരക്കല്ലിലെ അഞ്ചരക്കണ്ടിയിലാണ് തണുപ്പ് പടർന്നു കയറിയ ‘നനവ്’എന്ന വീട്. മൺവീട്ടിൽ അന്തിയുറങ്ങി, വേണ്ടതെല്ലാം കൃഷി ചെയ്ത് ഉണ്ടാക്കി... സമ്മർദങ്ങളുടെ ഭാരമില്ലാതെ ജീവിക്കുകയാണ് ഹരിയും ആശയും.
ആശയുടെ സ്വപ്നം, ഹരിയുടെയും
‘‘കുട്ടിക്കാലത്തേയുള്ള സ്വപ്നമായിരുന്നു വലിയൊരു കാടും അതിനു നടുവിലെ വീടും. പിന്നീടെപ്പോഴോ തോന്നി അതൊരു മൺവീടാകണം എന്ന്. ഒരേ പോലെ ചിന്തിക്കുന്ന രണ്ടുപേർ ഒന്നിച്ചപ്പോൾ സ്വപ്നം മണ്ണിൽ വിരിഞ്ഞു.’’ ആശ പറയുന്നു.
2007ൽ ആയിരുന്നു ഹരിയുടെയും ആശയുടെയും വിവാഹം. കണ്ണൂർ ലോക്കൽ വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്തിരുന്ന ഹരി പരിസ്ഥിതി വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകൻ കൂടിയാണ്. കർഷകർക്കിടയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയിൽ പ്രവർത്തിക്കുകയായിരുന്നു ആശ.

2010 ആയതോടെ മനസ്സിനും പ്രകൃതിക്കും ഇണങ്ങിയ ഈ വീട് പിറന്നു. കാടിനു നടുക്ക് ഒരു മണ്‍വീട്. ‘‘കാട് എന്ന് കേൾക്കുമ്പോൾ ഇതൊരു വനഭൂമിയാണെന്ന് കരുതല്ലേ... മരങ്ങളും പുൽപടർപ്പും കുറ്റിച്ചെടികളുമൊക്കെയായി കാടിനു സമാനമായ അന്തരീക്ഷം ഇവിടെ നിലനിർത്തുന്നു എന്നു മാത്രം.
ജീവിതം കരയ്ക്കടുപ്പിക്കാൻ എല്ലാം വിറ്റുപെറുക്കി നഗരത്തിലേക്ക് കുടിയേറണമെന്ന് ഞങ്ങള്‍ ചിന്തിച്ചിട്ടേയില്ല. അതുകൊണ്ടാണ് അവകാശമായി കിട്ടിയ ഭൂമി മോഹിച്ച പോലെ കാടാക്കി മാറ്റിയത്.’’ ഹരിയുടെ വാക്കുകളിൽ സന്തോഷം.
‘‘വീട് നിൽക്കുന്ന സ്ഥലം കൂടാതെ 45 സെന്റ് വയൽ വേറെയുണ്ട്. അമിതമായി കൃഷി ചെയ്ത് ഭക്ഷണം സംഭരിച്ചു വ യ്ക്കുന്ന പതിവില്ല. ഞങ്ങൾക്കു വേണ്ട തോതിലേ കൃഷിയുള്ളൂ. മണ്ണിലാണ് ഭക്ഷണം കരുതേണ്ടത്. എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാന്‍ പാകത്തിന് മണ്ണിനെ ഒരുക്കി വയ്ക്കണം. അതേ പാടുള്ളൂ.’’

ഫാനോ, എന്തിന് ?
ഈ വീട്ടിൽ പേരിനു പോലും ഒരു ഫാന്‍ ഇല്ല. ഇവിടെ നട്ടുച്ചയ്ക്കും എസിയെ വെല്ലുന്ന കുളിരാണ്. ‘‘വൈദ്യുത കണക്‌ഷൻ ഉണ്ടെങ്കിലും സോളാർ പ്ലാന്റ് ആണ് വീടിനു വേണ്ട ഊർജത്തിന്റെ വലിയ പങ്കും നൽകുന്നത്. ഒരു മാസം നാലു യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉപയോഗം.
പാചകത്തിനായി ഗ്യാസ് കണക്‌ഷൻ ഇല്ല, പകരം ബയോഗ്യാസ് യൂണിറ്റിനെയാണ് ആശ്രയിക്കുന്നത്. ഭക്ഷണ മാലിന്യം മാത്രമല്ല, മനുഷ്യ വിസർജ്യവും പാചക വാതകമാക്കി മാറ്റുന്നു. ഒരു തുള്ളി വെള്ളം പോലും പറമ്പില്‍ നിന്നു പുറത്തു പോകാതെ സംഭരിക്കുന്നതിനും സംവിധാനമുണ്ട്.’’ ഊർജ ഉപയോഗം കാര്യക്ഷമമാക്കുന്ന വഴികളെ പറ്റി ഹരി പറയുന്നു.
മുറ്റത്ത് പായലും ആമ്പലും വളർന്നു കിടക്കുന്ന കൊച്ചു കുളമുണ്ട്. ചുറ്റും മണ്ണിൽ തീർത്ത ഇരിപ്പിടവും. ഈ ഇരിപ്പിടം മനുഷ്യർക്കുള്ളതല്ല, ചാടിക്കളിക്കുന്ന തവളകൾക്കുള്ളതാണ്. കുളത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിന്റെ ഇലകളിലൊക്കെ തവളകൾ മുട്ടയിടും. അവ വിരിഞ്ഞ് കുഞ്ഞുങ്ങൾ കുളത്തിലേക്ക് വരും.
എപ്പോഴും കുളത്തിൽ നിറയെ തവളകളുണ്ടാകും. അപ്പോ പാമ്പ് വരില്ലേ എന്നു ചോദിച്ചാൽ. ‘പാമ്പ് വരും, വന്നിട്ട് ആ വഴിയേ തന്നെ പൊയ്ക്കോളും’ എന്നാണ് ഹരിയുടെ മറുപടി.
‘‘ജീവജാലങ്ങളോട് ഇണങ്ങിയാണ് ഞങ്ങളുടെ ജീവിതം. മറ്റു ജീവികൾ പുറത്തിറങ്ങുന്ന സമയത്ത് ഞങ്ങളോ, ഞങ്ങള്‍ പുറത്തിറങ്ങുന്ന സമയത്ത് അവരോ ശല്യപ്പെടുത്താത്ത തരത്തിൽ സ്വസ്ഥമായാണ് മുന്നോട്ടു പോകുന്നത്. രാത്രി പൂർണമായും അവർക്കായി വിട്ടു കൊടുത്തിട്ടുണ്ട്. എല്ലാ ദിവസവും ഉറുമ്പുകൾക്കുള്ള ഭക്ഷണം മുറ്റത്തു നൽകും. അതുകൊണ്ടുതന്നെ അവർ ഉള്ളിലെത്തി ഞങ്ങളെ ബുദ്ധിമുട്ടിക്കാറില്ല.’’ വീട്ടുകാരിക്ക് അഭിമാനം.
‘‘പ്രകൃതിയിൽ അമിതമായി ഇടപെടാതെ ജീവിക്കാൻ കഴിയുന്നു എന്നതാണ് സന്തോഷം. പക്ഷികളും മൃഗങ്ങളും മരങ്ങളുമായി പരസ്പരം സഹകരിച്ച് മുന്നോട്ടു പോകുന്നു. അതാണ് വേണ്ടതെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ കൊറോണക്കാലം.

പ്രകൃതി സ്വയം പൊളിച്ചെഴുതുകയാണ്. വായുവും പുഴയും മലിനമാകുന്നതിനും ആവാസവ്യവസ്ഥ താറുമാറാകുന്നതിനുമെല്ലാം അർധവിരാമമിടാൻ പ്രകൃതി സ്വീകരിക്കുന്നതാണ് ഈ വഴികൾ.’’
ഹരിയുടെ വാക്കുകൾ കേട്ടിരിക്കുമ്പോൾ പുറത്തേക്ക് വെറുതെയൊന്നു നോക്കിയാൽ മതി, കാണാം, ഇലകൾ പുഞ്ചിരിക്കുന്നതും മണ്ണ് മറുചിരി നൽകുന്നതും.
‘നനവി’ന്റെ ഉള്ളിൽ
ഭിത്തിയുടെ മറയില്ലാതെ ഡ്രോയിങ് റൂമും ഗസ്റ്റ് റൂമും അടുക്കളയും, പിന്നെ, ഒരു കിടപ്പുമുറിയും. ചെറിയ വർക്ക് ഏരിയോടു ചേർന്ന് ബാത്റൂം.
ഭൂനിരപ്പിൽ നിന്ന് രണ്ടര അടി താഴെ ഉള്ള മണ്ണാണ് വീടു നിർമാണത്തിന് ഉപയോഗിച്ചത്. ഈ മണ്ണ് നന്നായി ചവിട്ടിക്കൂട്ടി 10 ദിവസം പുളിക്കാൻ വയ്ക്കും. കക്ക പൊടിച്ചതു ചേർത്ത് വീണ്ടും 10 ദിവസം. അതിനു ശേഷമാണ് ഭിത്തി കെട്ടുക. ഭിത്തിക്ക് 75 സെ.മി ഉയരമാകുമ്പോൾ ഉണങ്ങാൻ വിടും. നന്നായി ഉണങ്ങിയ ശേഷം വീണ്ടും 75 സെ.മീ കെട്ടും. ആർക്കിടെക്റ്റ് വിനോദിന്റെ സഹായത്തോടെയായിരുന്നു വീടു പണി. വീട് പണിക്ക് മൂന്നു ലക്ഷവും കിണറിനു ഒരു ലക്ഷവുമാണ് ആകെ ചെലവ്. ഇതിൽ വീട് നിർമാണ വസ്തുക്കൾക്ക് ഒരു ലക്ഷമേ വേണ്ടി വന്നുള്ളൂ, പണിക്കൂലിയാണ് ബാക്കി രണ്ടു ലക്ഷം.
