Saturday 01 January 2022 03:43 PM IST

വീടു തന്നെ ഓഫിസും സ്കൂളും; വീട്ടിൽ ഓഫിസ്– സ്റ്റഡി സ്പേസ് ഒരുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? അറിയേണ്ട കാര്യങ്ങള്‍

Roopa Thayabji

Sub Editor

wfhh64344vhhhvg

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും വീടു തന്നെ ഓഫിസും സ്കൂളുമായി മാറുന്നതും ഇനി ആർക്കും അത്ര പുതിയ കാര്യമാകില്ല. ലോക്ഡൗണും കോവിഡുമൊക്കെ കടന്ന് ഓഫിസും സ്കൂളുമൊക്കെ തുറന്നെങ്കിലും മിക്കവരും പുതിയ വീടു പണിയുമ്പോൾ ഓഫിസിനും പഠനത്തിനുമായി പ്രത്യേക ഇടം മനസ്സിൽ പ്ലാൻ ചെയ്തു തുടങ്ങി.

വീട്ടിൽ ഓഫിസ്– സ്റ്റഡി സ്പേസ് ഒരുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? നിലവിലുള്ള വീട്ടിൽ തന്നെ ഓഫിസിനുള്ള ഇടം കണ്ടെത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്? അറിയേണ്ട കാര്യങ്ങള്‍ ഇതാ...

എവിടെ വേണം ?

∙ ജോലിയുടെ സ്വഭാവവും തിരക്കുകളും കണക്കിലെടുത്തു വേണം ഓഫിസ് മുറി പണിയാൻ. നിശ്ചിതസമയം മാത്രം ജോലി ചെയ്യുന്നവർ, ചില ദിവസങ്ങളിൽ മാത്രം ജോ ലി ചെയ്യുന്നവർ, നിന്നു ജോലി ചെയ്യേണ്ടുന്ന ടീച്ചർമാർ, ഓൺലൈനിലൂടെ മീറ്റിങ്ങും കൺസൾട്ടിങ്ങും വേണ്ടി വരുന്നവർ എന്നിങ്ങനെ ജോലി പല തരത്തിലുണ്ട്. ഓഫിസ് മുറിയുടെ വലുപ്പവും സൗകര്യവും കണക്കിലെടുക്കുന്നത് ഇക്കാര്യങ്ങൾ മനസ്സിൽ വച്ചാകണം.

∙ ഓഫിസ് ജോലി അതിന്റെ സീരിയസ്നെസ് പോകാതെ വീട്ടിലിരുന്നു ചെയ്യുന്നതിന് നല്ല ക്ഷമയും ശ്രദ്ധയും ആവശ്യമാണ്. അതിനാൽ വീടിന്റെ തിരക്കുകളും ശബ്ദങ്ങളും കടന്നുവരാത്ത ഇടം വേണം ഓഫിസ് സ്പേസ് ആക്കി മാറ്റാൻ.

∙ ഭാര്യയും ഭർത്താവും മാത്രമുള്ള ന്യൂക്ലിയർ വീടുകളിൽ എവിടെ വേണമെങ്കിലും ഓഫിസ് സ്പേസ് ഉണ്ടാക്കാം. പ ക്ഷേ, അധികം അംഗങ്ങളുള്ള വീട്ടിൽ അതു പറ്റില്ല. അതിഥികൾ വരുമ്പോൾ ശല്യമുണ്ടാകാത്ത ഇടം വേണം തിരഞ്ഞെടുക്കാൻ.

∙ സ്റ്റെയർകെയ്സ് കയറി ചെല്ലുന്ന ലാൻഡിങ് ഏരിയയാണ് ചെറിയ സ്പേസിൽ ഓഫിസ് റൂമാക്കി മാറ്റാനാകുന്ന ഏറ്റവും നല്ലയിടം. ആരും കിടക്കാത്ത ബെഡ്റൂം ഉണ്ടെങ്കിൽ അതും ഓഫിസ് സ്പേസ് ആക്കി മാറ്റാം.  

∙ സ്റ്റഡി റൂമിന്റെ കാര്യത്തിൽ ഇക്കാര്യങ്ങൾക്കു പുറമേ ഒന്നുകൂടി ശ്രദ്ധിക്കണം. കൂടുതല്‍ ഒറ്റപ്പെട്ട ഭാഗമോ പൊതുവായി ഉപയോഗിക്കുന്ന സ്ഥലമോ സ്റ്റഡി ഏരിയയാക്കി മാറ്റുന്നത് നല്ലതല്ല. കുട്ടികൾക്ക് പഠിക്കാനും ആകാഗ്രത നഷ്ടപ്പെടാതെ ഇരിക്കാനുമുള്ള സൗകര്യം ഒരുക്കുമ്പോൾ തന്നെ രക്ഷിതാക്കളുടെ ശ്രദ്ധയെത്തുന്ന ഇടത്തു വേണം ഓൺലൈൻ ക്ലാസ് സെറ്റ് ചെയ്യാൻ.

1637139853652

സൗകര്യങ്ങൾ പലത്

∙ ഓഫിസ് റൂമിൽ കംപ്യൂട്ടറും ടേബിളും മാത്രം പോരാ. ജോലിക്കിടെ ഒരു കോഫി ഉണ്ടാക്കാനും മറ്റുമുള്ള സൗകര്യം കൂടി മോഡേൺ കൺസപ്റ്റിലുണ്ട്. ഓഫിസ് ടേബിളിനു താഴെ കോഫി മെഷീനും മിനി ഫ്രിജുമൊക്കെ ഫിറ്റ് ചെയ്യാനുള്ള പ്ലഗ് പോയിന്റുകളും അവരുടെ ഓഫിസ് ‘പ്ലാനി’ലുണ്ട്.

∙ ലൈറ്റിങ് ആണ് ഓഫിസ് സ്പേസിലെ മറ്റൊരു മിന്നും താരം. മുറിയിൽ ആകെ വെളിച്ചം കിട്ടുന്ന തരത്തിൽ ഒരു ട്യൂബ്‍ ലൈറ്റ് മാത്രം ഫിറ്റ് ചെയ്യുന്ന രീതി ഇന്നില്ല. പഠിക്കുന്ന കുട്ടികൾക്കായി ബുക്കിലേക്ക് വെളിച്ചം വീഴുന്ന തരത്തിലും ജോലി ചെയ്യുന്നവർക്ക് കീ ബോർഡിലേക്കു പ്രകാശമെത്തുന്ന തരത്തിലും പൊസിഷൻ ചെയ്യാവുന്ന ലൈറ്റുകൾ ഉണ്ട്.

∙ കംപ്യൂട്ടറിൽ നോക്കി ജോലി ചെയ്യുന്നവർ ചെയറിന്റെ ഉയരവും മോണിറ്ററിലേക്കുള്ള അകലവും ക്രമീകരിക്കണം. കണ്ണിനു ബുദ്ധിമുട്ട് ഉണ്ടാകാത്ത ഉയരമാണ് ചെയറിനു വേണ്ടത്. സീറ്റിൽ നിന്ന് മോണിറ്ററിലേക്ക് 18 മുതൽ 36 ഇഞ്ച് അകലം ഉണ്ടായിരിക്കണം. കീബോർഡിന്റെ പൊസിഷൻ കൈകൾക്ക് താങ്ങു കിട്ടുന്ന തരത്തിലാകണം. ഓൺലൈൻ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും ഈ കണക്കുകൾ പാലിക്കണം. അല്ലെങ്കിൽ കണ്ണിനു സ്ട്രെയിൻ വരാം.

∙ ഓൺലൈൻ ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ മുറിയി ൽ ക്യാമറ സ്റ്റാൻഡും പ്രത്യേകം ലൈറ്റുകളും വേണം. പഠനപ്രവർത്തനങ്ങളും മറ്റും എഴുതി പഠിപ്പിക്കാനായി ബോർഡും ബോർഡിലേക്ക് നന്നായി വെളിച്ചം ലഭിക്കാനുള്ള സൗകര്യവും പ്രധാനമാണ്.

 നിന്നുകൊണ്ട് ക്ലാസ്സെടുക്കുമ്പോൾ നന്നായി ഫ്രെയിം സെറ്റ് ചെയ്യാവുന്ന തരത്തിലാകണം ബോർഡും ക്യാമറാ സ്റ്റാൻഡും തമ്മിലുള്ള അകലം.

1637139853655

പുതിയ റൂം പണിയുമ്പോൾ

∙ ഓഫിസ് സ്പേസിനായി പുതിയ റൂം പണിയണമെന്ന് ആഗ്രഹിക്കുന്നവർ വീടിനു പ്ലാൻ വരയ്ക്കുമ്പോൾ തന്നെ ഇക്കാര്യം ആർക്കിടെക്ടിനോടു പറയണം. പണി പൂർത്തിയായ ഒരു മുറിയെ ഓഫിസ് റൂം ആക്കി മാറ്റുന്നതിലും എളുപ്പത്തിലും സൗകര്യപ്രദമായും പുതിയ ഓഫിസ് റൂം പ്ലാൻ ചെയ്യാൻ കഴിയും.

∙ ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും മാറിക്കഴിഞ്ഞാൽ ആളുകൾക്ക് വരികയും പോകുകയും ചെയ്യാവുന്ന തരത്തിൽ മാറ്റിയെടുക്കാവുന്ന ഓഫിസ് മുറികളാണ് പ്ലാൻ ചെയ്യേണ്ടത്. അതുകൊണ്ട് വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തോട് ചേര്‍ന്നു ഓഫിസ് മുറി ഒരുക്കുന്നതാണ് നല്ലത്.

∙ പത്തടി നീളവും വീതിയുമെങ്കിലും ഓഫിസ് മുറിക്ക് വേണം. നടുവിലായി ഓഫിസ് ടേബിളും ചെയറും ഇടാനുള്ള സൗകര്യവും ക്ലയന്റിന് ഇരിക്കാനുള്ള ചെയറുകളും വേണം. ഒരു വശത്തായി കബോർഡോ ഷെൽഫോ ഉണ്ടായിരിക്കണം. രഹസ്യസ്വഭാവമുള്ള ഫയലുകൾ പൂട്ടിവയ്ക്കാനും എപ്പോഴും ആവശ്യമുള്ളവ കയ്യെത്തുന്ന അകലത്തിൽ വയ്ക്കാനും സൗകര്യമുള്ള സേഫ് വേണം.

∙ ഓഫിസ് മുറിക്കു പുറത്തു നിന്നും വീടിനകത്തും നിന്നും വാതിൽ നൽകണം. പുരുഷന്മാരുടെ ഓഫിസ് മുറിയെ ഫോർമൽ ലിവിങ് ഏരിയയിലേക്കും സ്ത്രീകളുടേതിനെ ഫാമിലി ലിവിങ് ഏരിയയുമായും ബന്ധിപ്പിക്കുന്നതാണ് നല്ലത്. ഓഫിസ് ജോലികൾക്കിടെ വീട്ടുകാര്യങ്ങളിലേക്ക് ശ്രദ്ധയെത്താൻ ഇതു നല്ലതാണ്.

∙ ഓഫിസിന് മെയിൻ ഗേറ്റ് വഴിയല്ലാതെ എൻട്രൻസ് നൽകുക അത്ര പ്രായോഗികമല്ല. എങ്കിലും ഓഫിസിലേക്കുള്ള വഴിയെ പ്രത്യേകം തിരിക്കാനായി പേവ്മെന്റ് ടൈൽസ് നൽകുകയോ, ചെറിയ വഴി നൽകി വെർട്ടിക്കൽ ഗാർഡൻ വച്ച് വേർതിരിക്കുകയോ ചെയ്യാം.

ഉള്ള സൗകര്യങ്ങളിൽ

∙ പ്രത്യേകം മുറി ഓഫിസ് റൂമാക്കി മാറ്റാൻ ഇല്ല എങ്കിൽ ഉള്ള ഏതെങ്കിലും സ്പേസിനെ ഓഫിസ്– സ്റ്റഡി ഏരിയയാക്കി മാറ്റാം. നിങ്ങളുടെ ഓഫിസ് ക്യുബിക്കിളിന്റെ വലുപ്പമെങ്കിലും ആ സ്പേസിന് ഉണ്ടാകണമെന്നു മാത്രം.

∙ ഒരു മേശയും ചെയറും മാത്രം മതി സിംപിൾ സ്പേസിൽ ഓഫിസ്– ക്ലാസ് മുറിയൊരുക്കാൻ. ഫയലുകള്‍ക്കും പുസ്തകങ്ങൾക്കും ടേബിളിനടിയിലോ ഒരു വശത്തോ സ്റ്റോറേജ് സൗകര്യം ഒരുക്കാം.

∙ ചെറിയ സൗകര്യങ്ങളിൽ ഓഫിസ് സ്പേസ് ഒരുക്കാനായി മൾട്ടിഫങ്ഷനൽ അല്ലെങ്കിൽ ഇൻബിൽറ്റ് ഫർണിചർ ഉപയോഗിക്കാം . ഭിത്തിയിലേക്ക് മടക്കി വയ്ക്കാവുന്ന വോൾ മൗണ്ടഡ് ടേബിളും കബോർഡുമൊക്കെ മതി ഈ സ്പേസിനെയും മനോഹരമാക്കാൻ.

1637139853650

Don’t do this

∙ വീട്ടിലിരുന്ന് താൽകാലികമായി മാത്രം ഓഫിസ് ജോലികൾ ചെയ്യുന്നു എന്നു കരുതി ഡൈനിങ് ടേബിളിനു മുകളിൽ വച്ചും മറ്റും ലാപ്ടോപ്പിലൂടെ ജോലിയെടുക്കരുത്. ഡൈനിങ് റൂമോ ഡ്രോയിങ് റൂമോ ബെഡ്‌റൂമോ ഓഫിസ് സ്പേസാക്കി മാറ്റുന്നത് ജോലി സുഗമമായി ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കും.

∙ ഇരുന്നുള്ള ജോലികൾക്കും പഠനത്തിനും സൗകര്യപ്രദമായ ഫർണിച്ചർ തന്നെ തിര‍ഞ്ഞെടുക്കണം. നിവർന്ന് ഇരിക്കാനാകാത്ത, പ്ലാസ്റ്റിക് ചെയറുകളും മറ്റും ഉപയോഗിക്കുന്നത് നട്ടെല്ലിന് അപാകതകളുണ്ടാക്കും.

∙ ഓഫിസ്– സ്റ്റഡി ടേബിളിനു മുകളിൽ സാധനങ്ങൾ വലിച്ചുവാരി ഇടരുത്. മുറിക്കു നല്ല അടുക്കും ചിട്ടയും വേണം.

∙ എട്ടു മണിക്കൂർ ഷെഡ്യൂളിൽ ‘വർക് ഫ്രം ഹോം’ ജോലി ചെയ്യുന്നവർക്ക് കംപ്യൂട്ടറിനു മുന്നിലെ ജോലിക്ക് മുറിയിലെ ചൂട് വില്ലനാകാം. അപ്പോൾ എസി വയ്ക്കാനുള്ള സൗകര്യം കൂടി നോക്കണം. ഓപൺ സ്പേസിൽ ഓഫിസ് സെറ്റ് ചെയ്താൽ അതിനു സാധിച്ചെന്നു വരില്ല.

ഓഫിസ് സ്പേസിൽ എന്തൊക്കെ വേണം ?

∙ ഓഫിസ് സ്പേസ് തിരഞ്ഞെടുക്കുന്നതു പോലെ ത ന്നെ പ്രധാനമാണ് അവിേടക്ക് ആവശ്യമുള്ള ഫർണിച്ചറും മറ്റും തിരഞ്ഞെടുക്കുന്നതും. ഓഫിസ്– പഠനാവശ്യത്തിനായുള്ള മേശ, സൗകര്യപ്രദമായി ഇരിക്കാവുന്ന കസേര എന്നിവയ്ക്കു പുറമേ ഫയലുകളും ബുക്കുകളും വയ്ക്കാൻ സ്റ്റോറേജിനുള്ള സൗകര്യവും ഉണ്ടാകണം.

∙ മുറിയിൽ നല്ല വെളിച്ചം വേണം. നാചുറൽ ലൈറ്റ് കിട്ടുന്ന സ്പേസിൽ ഇരുന്നു ജോലി ചെയ്താൽ പ്രൊഡക്ടിവിറ്റിയും കൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ ഓഫിസ്– സ്റ്റഡി ഏരിയയിൽ വിൻഡോ സ്പേസ് നൽകണം. എന്നാൽ പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധ പോയി ജോലിയിലും പഠനത്തിലുമുള്ള ശ്രദ്ധ മാറാതെ നോക്കുകയും വേണം.

∙ മുറിയുെട നടുവിൽ മേശ വരുന്ന രീതിയിൽ സെറ്റ് ചെയ്യാം. അതല്ലെങ്കിൽ നന്നായി വെളിച്ചം കിട്ടുന്ന ഏ തെങ്കിലും കോർണർ സ്പേസിലോ ജനലിനോ ഭിത്തിക്കോ അഭിമുഖമായും ടേബിളിടാം. നടുക്കാണ് ടേബിൾ ഇടുന്നതെങ്കിൽ നേരത്തേ തന്നെ പ്ലാൻ ചെയ്ത് ഫ്ലോറിങ്ങിന് ഉള്ളിലൂടെ വയറിങ് ചെയ്യണം. അതല്ലെങ്കിൽ ഓപൺ പ്ലഗ് പോയിന്റുകൾ എടുക്കേണ്ടി വരും.

∙ ജോലികൾ ഇരുന്നു ചെയ്യുന്നവർക്കായി ഓഫിസ് ചെയർ തന്നെ വാങ്ങണം. സാധാരണ കസേരയിൽ അധിക സമയം ഇരുന്നു ജോലി ചെയ്യുന്നത് നടുവേദനയുണ്ടാക്കും. അതിനാൽ ബാക്ക് സപ്പോർട് ഉള്ള ചെയർ തന്നെ വേണം.

∙ വർക് ഫ്രം ഹോമിനും ഓൺലൈൻ ക്ലാസിനും ഇന്റർനെറ്റ് ഇല്ലാതെ പറ്റില്ല. ഇന്റർനെറ്റ് കണക്ടിവിറ്റി ഉള്ള ഇടമാണ് ഓഫിസ് സ്പേസ് ആക്കേണ്ടത്. അല്ലെങ്കിൽ സർവീസ് പ്രൊവൈഡറെ വിളിച്ച് പുതിയ പോയിന്റ് എടുക്കണം.

സൂം മീറ്റിങ്ങുകളിൽ പതിവായി പങ്കെടുക്കേണ്ടി വരുന്നവർ വെബ്കാമും അതിനു തക്ക ലൈറ്റിങ്ങും കൂടി ഒരുക്കണം.

1637139853657

നിറവും ലുക്കും

∙ ഓഫിസ്– സ്റ്റഡി റൂമിന് ഇളം നിറങ്ങളാണ് നല്ലത്. മൈൽഡ് നിറങ്ങൾ മനസ്സിനു സ്വസ്ഥത നൽകുമെന്നു മാത്രമല്ല, മുറിക്ക് വലുപ്പവും തോന്നിപ്പിക്കും. മുറിയുടെ നിറത്തിനനുസരിച്ചുള്ള കർട്ടനുകളും കുഷ്യനും തിരഞ്ഞെടുക്കാം.

∙ ജോലിയുടെ സ്വഭാവത്തിനനുസരിച്ച് ഇന്റീരിയർ ഒരുക്കാം. ഡോക്ടർമാരുടെയും വക്കീലുമാരുടെയും മുറിയിൽ മെഡിക്കൽ ബുക്സും ലോ ബുക്സും വയ്ക്കാം. എന്നുകരുതി ഇവ കുത്തിനിറച്ച് മുറിയെ ശ്വാസം മുട്ടിക്കരുത്.

∙ ഓഫിസ് മുറിയിലെ ടെൻഷൻ കുറയ്ക്കാനുള്ള ഇടവും മുറിയിലുണ്ടാകണം. ഫൊട്ടോഗ്രാഫുകളോ പ്രിയപ്പെട്ട പുസ്തകങ്ങളോ അടുക്കിവച്ച ചെറിയ ലൈബ്രറിയും പ്രചോദകനാത്മകമായ ഉദ്ധരണികളുമൊക്കെ വയ്ക്കാം. റിലാക്സ് ചെയ്തിരിക്കാവുന്ന ബീൻ ബാഗോ റിക്ലൈനറോ ഉണ്ടെങ്കിൽ അതുമതി മൂഡ് മാറ്റാൻ. ഇൻഡോർ ചെടികളുണ്ടെങ്കിൽ അവയെ പരിപാലിക്കാം. അക്വേറിയത്തിലെ മീനിനു തീറ്റ കൊടുക്കാം. ഇവ ക്ഷീണമകറ്റുമെന്നു മാത്രമല്ല, കൂടുതൽ ഉത്സാഹത്തോടെ ജോലിയിലേക്ക് മടങ്ങാനുള്ള ഊർജവും നൽകും.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: സോണിയ ലിജേഷ്, ആർക്കിടെക്ട്, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ

Tags:
  • Vanitha Veedu