മൂവാറ്റുപുഴയ്ക്കടുത്ത് വാളകത്ത് പ്രസാദിന്റെ വീട് കണ്ടാൽ ഒന്നു നോക്കാതിരിക്കാനാവില്ലാട്ടോ. ഒന്നാമത്, കണ്ണിൽ കുത്തുന്ന നിറങ്ങളില്ല. സൗമ്യം, സുന്ദരം. എത്ര നേരം വേണമെങ്കിലും ഇജ്ജാതി നോട്ടം നോക്കിയങ്ങിനെ നിൽക്കും.40 സെന്റ് ജാതിക്കാത്തോട്ടം ഇത്തിരി താഴ്ന്നു കിടക്കുന്ന രീതിയിൽ ആയിരുന്നു. രണ്ടു മീറ്റർ മണ്ണിട്ട് പൊക്കിയിട്ടാണ് ഇക്കാണുന്ന ഭംഗി ഉണ്ടാക്കിയെടുത്തത്. പിറകുവശമൊക്കെ താഴ്ന്നു തന്നെയാണ്.
ഒറ്റനിലയിൽ പരന്നു കിടക്കുന്ന വീടാണ് പ്രസാദിനും കുടുംബത്തിനും വേണ്ടിയിരുന്നത്. അതിനൊരു ഗമാലിറ്റി വേറെ തന്നെ. 2400 ചതുരശ്രയടിയിൽ നാലു കിടപ്പുമുറികൾ ഉള്ള വീടാണിത്.കൊളോണിയൽ ശൈലിയിൽ വെള്ള, ഗ്രേ നിറങ്ങൾ കൊടുത്തു. ‘എൽ’ ആകൃതിയിലുള്ള വീടിന്റെ രണ്ടു വശത്തുനിന്ന് അകത്തേക്കു കയറാം. പ്രധാന സിറ്റ്ഒൗട്ട് വഴിയും ഫാമിലി ലിവിങ് വഴിയും. രണ്ടാമത്തെ സിറ്റ്ഒൗട്ട് വഴി സാധനങ്ങൾ നേരിട്ട് വീടിനകത്തേക്ക് കയറ്റാം.
ഗ്രേ നിറത്തിലുള്ള ക്ലാഡിങ് ടൈൽ കണ്ണിന് ഇമ്പം കൂട്ടുന്നതേയുള്ളൂ. വീടിനു ചുറ്റുമുള്ള പുൽത്തകിടിയും സുന്ദരമായ ഇമേജാണ് വീടിനു കൊടുക്കുന്നത്. നീളൻ ഫ്രഞ്ച് ജനലുകൾ വെളിച്ചം കടക്കാനും വീടിന്റെ ഭംഗി കൂട്ടാനും സഹായിക്കുന്നു.അകത്തേക്കു കടന്നാലോ, ഏറ്റവും ലളിതമായ രീതിയിലാണ് വീടിന്റെ മാതൃക. മറൈൻ പ്ലൈയിൽ വെനീർ ഒട്ടിച്ച് തയാറാക്കിയ വുഡൻ തീമിന് വെളുത്ത ഭിത്തികൾ നല്ല ചേർച്ചയായി ഫീൽ ചെയ്യും.
പ്രധാന വാതിൽ തുറന്നാൽ േനരെ കാണുന്നത് പ്രാർഥനായിടമാണ്. അതിനു മുകളിലായി പർഗോളയും ഗ്ലാസ്സുമിട്ട മേൽക്കൂരയിലൂടെ സൂര്യവെളിച്ചം ഹാളിലെത്തും. പ്രാർഥനായിടത്തിന്റെ രണ്ടു ഭാഗത്തായാണ് ഡൈനിങ്ങും ഫാമിലി ഏരിയയും. ഫാമിലി ഏരിയയിൽ ടിവിയും കൊടുത്തിട്ടുണ്ട്.കിടപ്പുമുറികൾ നാലിനും ഏകദേശം 144 ചതുരശ്രയടിയുണ്ട്. ഡ്രസ്സിങ് റൂമും അറ്റാച്ഡ് ബാത്റൂമും ഉള്ളതിനാൽ കിടപ്പുമുറിക്കകത്ത് ഒട്ടും ഇടുക്കം തോന്നുന്നില്ല. അടുക്കളയിലും മിനിമം സ്റ്റോറേജ് മാത്രം. കാബിനറ്റുകൾ മറൈൻ പ്ലൈയും വെനീറും ഉപയോഗിച്ചാണ്.
1.
2.
ഡിസൈനർ: വിനീത് സി. ജോയ്
ഡിസൈൻ ഗ്രൂവ്
98957 58255