Monday 03 May 2021 11:21 AM IST

വീട്ടുകാരൻ ഗൾഫിൽ, ഡിസൈനർ നാട്ടിൽ... കോവിഡ് കാലത്തു പണിത ഓൺലൈൻ വീട്

Sunitha Nair

Sr. Subeditor, Vanitha veedu

suni 1

കോഴിക്കോട് വട്ടോളിയിലുള്ള സക്കീർ കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് വീടിന്റെ പ്ലാനിങ് തുടങ്ങിയത്. ഗൾഫിലിരുന്ന് സക്കീർ നാട്ടിലുള്ള ഡിസൈനർ മുഹമ്മദ് അനീസുമായി ആശയവിനിമയം ഓൺലൈനായി നടത്തി. അങ്ങോട്ടുമിങ്ങോട്ടും വാട്സാപ്പും മെയിലുമെല്ലാം തകൃതിയായി നടന്നു. ഒടുവിൽ ഒരു വർഷമായപ്പോഴേക്കും 50 സെന്റിൽ 3000 ചതുരശ്രയടിയിൽ കന്റെംപ്രറി - ട്രെഡീഷനൽ ശൈലികളുടെ സമന്വയത്തിൽ മനോ ഹരമായ വീടു പിറന്നു. വീടുപണി തുടങ്ങിയപ്പോഴും തീർന്നപ്പോഴും - രണ്ടു തവണ മാത്രമാണ് വീട്ടുകാരൻ നേരിട്ടു വന്നത്. ഇനിയുള്ള കാലം ഇത്തരം വീടുകളുടേതാണെന്നു പറയുന്നു മുഹമ്മദ് അനീസ്.

suni 7

താഴേക്കിറങ്ങിയ പ്ലോട്ട് ആയിരുന്നു. അത് നികത്തിയെടുത്തു. വീടിനോടു ചേർന്നും അല്ലാതെയും പോർച്ച് ഉണ്ട്. വീട്ടിൽ നിന്ന് മാറിയുള്ള പോർച്ച് മൾട്ടി പർപസ് റൂമാണ്. 50 പേരെ ഉൾക്കൊള്ളിച്ചുള്ള ചടങ്ങുകൾ ഇവിടെ നടത്താൻ സാധിക്കും.എലിവേഷനിൽ റബിൾഡ് മേസനറി മാതൃകയിൽ ക്ലാഡിങ് ചെയ്തിട്ടുണ്ട്.

suni 2

ലാൻഡ്സ്കേപ് കുറച്ച് യൂട്ടിലിറ്റി ഏരിയ കൂട്ടണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. അതിനായി ഫ്ലെയിംഡ് ഗ്രാനൈറ്റ് കൊണ്ട് മുറ്റം ഒരുക്കി.ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ റൂം, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ അപ്പർ ലിവിങ്ങും മൂന്ന് കിടപ്പുമുറികളും. പൊതു ഇടങ്ങളെല്ലാം ഓപൻ ആയാണ് ഒരുക്കിയത്. സ്വകാര്യത ഉറപ്പാക്കാൻ ചെറിയ പാർട്ടീഷനുകൾ നൽകിയിട്ടുണ്ട്. പാർട്ടീഷനുകളെല്ലാം മെറ്റലിലാണ് പണിതത്. ചെടികൾ വച്ച് അവ ആകർഷകമാക്കി.

suni 3

ഡബിൾ ഹൈറ്റിലുള്ള ഡൈനിങ് ഏരിയയുടെ ചുമരിൽ പർഗോള നൽകി, പകുതി വരെ ടഫൻഡ് ഗ്ലാസും അതിനു മുകളിലേക്ക് മെഷും നൽകി. വീടിനുള്ളിൽ വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കാൻ ഇതു സഹായിക്കുന്നു.ഇവിടുത്തെ സ്റ്റെയർകെയിസിനും പ്രത്യേകതയുണ്ട്. തടിയും ഗ്രാനൈറ്റ് ഇടകലർത്തിയാണ് ഗോവണിയുടെ പടികൾ നിർമിച്ചത്. മൈൽഡ് സ്റ്റീലും തടിയും കൊണ്ടാണ് കൈവരികൾ .

suni 6

എല്ലാ മുറികളുടെയും ചുമരുകളിൽ മെറ്റൽ ആർട് നൽകിയത് ഇന്റീരിയറിന്റെ മാറ്റു കൂട്ടുന്നു. കോ വിഡ് മൂലം പണിയില്ലാതിരുന്ന ആർട്ടിസ്റ്റുകളെ കൊണ്ട് പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചവയാണിവയെല്ലാം. അത്തരത്തിൽ ഒരു നന്മ കൂടി ഈ ആർട് വർക്കുകൾക്കു പിന്നിലുണ്ട്. ക്രീം നിറത്തിലുള്ള വീട്ടിൽ വോൾപേപ്പറുകളും ടെക്സ്ചറുകളും നൽകി ചുമരുകൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മുറികളിലെല്ലാം ജിപ്സം - വെനീർ - ലാമിനേറ്റ് കോംബിനേഷനിൽ ഫോൾസ് സീലിങ് നൽകി. മെറ്റാലിക് തീമിൽ ഗോൾഡൻ ഫിനിഷിലാണ് ലൈറ്റുകൾ.

suni 4

ഊണുമേശ, ടീപോയ് എന്നിവ തടിയിലും ബാക്കി ഫർണിച്ചർ പ്ലൈവുഡ് - വെനീർ - ലാമിനേറ്റ് കോംബിനേഷനിലും ഡിസൈൻ ചെയ്ത് സൈറ്റിൽ തന്നെ പണിയിച്ചെടുത്തു. വാഡ്രോബുകളും ഇതേ കോംബിനേഷനിലാണ്. കിച്ചൻ കാബിനറ്റിന്റെ ഷട്ടറുകൾക്ക്  ഗ്ലാസ്‌ നൽകി. മാർബിൾ കൊണ്ടാണ് വീടിന്റെ ഫ്ലോറിങ്.

suni 5

കടപ്പാട്: 

മുഹമ്മദ് അനീസ്

അയാമ ഡിസൈനേഴ്സ് ആൻഡ് ഡവലപ്പേഴ്സ്

കോഴിക്കോട്

Ph: 94463 12919

projects @iamaarchitects.com

Tags:
  • Vanitha Veedu