അസ്‌ലമിന് ജന്മനാടായ ഫോർട്ട് കൊച്ചി വിട്ടൊരു കളിയില്ല! അതുകൊണ്ടാണ് പൊന്നുംവിലയുള്ള മൂന്ന് സെന്റ് വാങ്ങി പുതിയ വീട് വച്ചത്. മൂന്നു സെന്റേ ഉള്ളൂ എന്നു കരുതി സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. സ്വിമിങ് പൂൾ അടക്കം എല്ലാ സൗകര്യങ്ങളുമുണ്ട് അസ്‌ലമിന്റെ പുതിയ വീട്ടിൽ.

ഒരു ചാനൽ പരിപാടിയിൽ ജോൺ ഷെൽട്ടൻ പണിത ഒരു വീട് കണ്ട അസ്‌ലം ജോണിനെ ബന്ധപ്പെടുകയും അങ്ങനെ ‘ഇൻഡാലിയം ഹൗസ്’ എന്ന വീട് പിറവിയെടുക്കുകയുമായിരുന്നു. ഇൻഡാലിയം റൂഫിങ് ഷീറ്റ് കമ്പനി ഉടമയുടെ വീടിന് ഇതിലും നല്ലൊരു പേരില്ലല്ലോ!

32 പൈലുകൾക്ക് മുകളിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സ്വിമിങ് പൂൾ നൽകേണ്ടതു കൊണ്ടും ഇവിടുത്തെ മണ്ണ് അത്ര ഉറപ്പില്ലാത്തതു കൊണ്ടുമാണ് ഇത്രയും പൈലിങ് ആവശ്യമായി വന്നതെന്ന് ജോൺ പറയുന്നു.

3500 ചതുരശ്രയടിയിൽ പല നിരപ്പുകളിലായി ഒഴുകിക്കിടക്കുകയാണ് വീട്. വീട്ടുകാർക്ക് പുറത്തുനിന്ന് നേരിട്ട് ലിവിങ് റൂമിലേക്ക് പ്രവേശിക്കാം. അടുത്ത നിരപ്പിലാണ് അടുക്കളയും ഡൈനിങ് ഏരിയയും. അതിനടുത്ത നിരപ്പിൽ ഫോർമൽ ലിവിങ് റൂം. പ്രത്യേകം പടികൾ നൽകിയിട്ടുള്ളതിനാൽ പുറത്തുനിന്ന് നേരിട്ട് ഇവിടേക്കു പ്രവേശിക്കാം. ചെടികൾ നിറഞ്ഞ ഈ പടികൾ വഴിയാണ് സന്ദർശകർ ഫോർമൽ ലിവിങ്ങിലേക്കെത്തുക.

അടുത്ത നിലകളിലായി പ്രെയർഏരിയയും നാല് കിടപ്പുമുറികളും സ്റ്റഡി ഏരിയയും ഹോം തിയറ്ററും. ഏറ്റവും മുകളിൽ സ്വിമിങ് പൂൾ. അതോടു ചേർന്ന് ചെറിയ ജിം ഒരുക്കിയിട്ടുണ്ട്. സ്ഥലം കുറവായതു കൊണ്ട് പല നിരപ്പുകളിലെ ഡിസൈനാണ് നല്ലതെന്ന് ജോൺ പറയുന്നു. അപ്പോൾ പരമാവധി സ്ഥലം ഉപയോഗിക്കാം. ഉദാഹരണത്തിന് കാർപോർച്ചിന് മുകളിൽ ലിവിങ് റൂം നൽകാൻ പറ്റിയത് സ്പ്ലിറ്റ് ലെവൽ ഡിസൈന്റെ ഗുണമാണ്.

മുഴുവനായും ഒാട്ടമേറ്റഡ് ആണെന്നതാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. അടുക്കളയിലിരുന്നാൽ വീട്ടുകാരി തസ്നിക്ക് വീടിന്റെ മുക്കിലും മൂലയിലും വരെ നടക്കുന്ന കാര്യങ്ങൾ കാണാം.
ഏതായാലും ചെറിയ സ്ഥലത്ത് നല്ല വീട് പണിയാനാകുമോ എന്ന് ആശങ്കയുള്ളവർക്ക് സംശയനിവാരണത്തിനുളള ഇടമായി മാറിക്കഴിഞ്ഞു അസ്‌ലമിന്റെ ‘ഇൻഡാലിയം ഹൗസ്’.
Project Facts- Area: 3500 sqft Owner: ടി. എം. അസ്‌ലം & തസ്നി Location: ഫോർട്ട് കൊച്ചി, Design: ഡിസൈൻ ഇങ്ക്, കൊച്ചി johnshelton@dzinink.com
ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ മേയ് ലക്കം വനിത വീടിലുണ്ട്.