Friday 18 February 2022 03:09 PM IST

ഒരു വീട്ടിൽത്തന്നെ രണ്ട് മക്കൾക്കും പ്രത്യേകം വീടുകൾ; ഇത് ഭാവി വീടുകൾക്ക് മാതൃക

Sreedevi

Sr. Subeditor, Vanitha veedu

1


   വെറും കെട്ടിടമല്ല, കലാസൃഷ്ടിയാണ് വീട് എന്നു ചിന്തിക്കുന്ന വീട്ടുകാരും കെട്ടിടത്തെ കലാരൂപമാക്കാൻ കഴിയുന്ന ഡിസൈനറും ഒരുമിച്ചു ചേരുമ്പോഴേ വ്യത്യസ്തമായ ഒരു വീട് ജനിക്കൂ. തിരുവനന്തപുരം പട്ടത്തുള്ള ഉണ്ണിക്കൃഷ്ണൻ നായരും ജയലക്ഷ്മിയും 20 വർഷം മുൻപ് നിർമിച്ചത് സാധാരണ ഒറ്റനില വീടായിരുന്നു. മക്കൾ വളർന്നപ്പോൾ സൗകര്യം കൂട്ടാൻ മുകളിൽ ഒരു നില കൂടിയെടുക്കാമെന്ന തീരുമാനമാണ് ഈ വീടിന്റെ തലവര മാറ്റിയെഴുതിയത്.
തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമാണ് പട്ടം. വീടുകളും മറ്റു കെട്ടിടങ്ങളും തിങ്ങിനിറഞ്ഞ ഇവിടത്തെ ചൂടൊന്നു നിയന്ത്രിക്കാൻ കൂടിയാണ് മുകളിൽ ഒരു നില കൂടി പണിയാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്.

2 ലിവിങ് ഏരിയ, ഉണ്ണിക്കൃഷ്ണൻ നായരും കുടുംബവും


ഏകദേശം 900 ചതുരശ്രയടിയായിരുന്നു രണ്ട് അറ്റാച്ഡ് കിടപ്പുമുറികളുള്ള വീടിന്റെ വിസ്തൃതി. താഴത്തുള്ള അത്രതന്നെ സ്ഥലമേ മുകളിലും പരമാവധി ലഭിക്കൂ. എന്നിട്ടും അടുക്കളയും മൂന്ന് ബാത്റൂം അറ്റാച്ഡ് ബെഡ്റൂമുകളുമുള്ള ഒരു സ്വതന്ത്ര അപാർട്മെന്റിന് സാധ്യത കണ്ടെത്തിയത് തിരുവനന്തപുരം ബ്ലൂ ഹാമർ ഡെവലപ്പേഴ്സിലെ എൻജിനീയറും ഇന്റീരിയർ ഡിസൈനറുമായ നീരജ് വിശ്വമാണ്. വീട്ടുകാരുടെ ഇഷ്ടങ്ങൾ അറിഞ്ഞ് കഴിയുന്നത്ര സാധനങ്ങൾ പുനരുപയോഗിച്ചും പ്രകൃതിയോടു ചേർത്തും കലാപരമായി വീടിനെ നീരജ് ഒരുക്കിയെടുത്തു. ഭാവിയിൽ വാടകയ്ക്കു കൊടുക്കുകയോ മക്കളായ ഹേമന്ദ് കൃഷ്ണനോ ജയകൃഷ്ണനോ കുടുംബവുമായി താമസിക്കുകയോ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.
പരമാവധി സാധനങ്ങൾ പുനരുപയോഗിക്കുക എന്നു നേരത്തേ ലക്ഷ്യമിട്ടിട്ടുണ്ടായിരുന്നു. കാറിന്റെ ടയറുകൾ കൊണ്ടു നിർമിച്ച സോഫ ചെലവു കുറഞ്ഞതും ചെറിയ ലിവിങ് റൂമിനു യോജിക്കുന്നതുമാണ്.

3 അടുക്കള


അടുക്കള ഭിത്തിക്കു നൽകിയ നീലയും പച്ചയും നിറങ്ങൾ പെയിന്റല്ല, ഓക്സൈഡ് ആണ്. നിലത്തിനു നൽകുന്നതുപോലെത്തന്നെ ഓക്സൈഡ് വിരിച്ച് മുകളിൽ വാക്സ് കോട്ടിങ് നൽകി. തൊടുമ്പോൾ മിനുസമുള്ളതാണെങ്കിലും കാഴ്ചയിൽ റസ്റ്റിക് ഫിനിഷ് അനുഭവപ്പെടും. അടുക്കളയിലെ ബ്രേക്ഫാസ്റ്റ് കൗണ്ടർ പഴയ തടി പുനരുപയോഗിച്ചതാണ്. തടിയുടെ ദ്രവിച്ച ഭാഗങ്ങളിൽ എപ്പോക്സി നിറച്ച് ആകർഷകമാക്കി.

4 അടുക്കളയിൽ നിന്നുള്ള ലിവിങ്ങിന്റെ കാഴ്ച


വാഷ്ഏരിയയോടു ചേർന്ന ഭിത്തിയും പ്രത്യേക രീതിയിലാണ് നിർമിച്ചത്. രണ്ട് സ്റ്റീൽ മെഷുകൾക്കിടയിൽ ഉരുളൻകല്ലുകൾ നിറച്ചു നിർമിച്ച ഭിത്തി എപ്പോഴും കാറ്റും വെളിച്ചവും അകത്തു നിറയ്ക്കാൻ സഹായിക്കും.

5 വാഷ്ഏരിയ, ബെഡ്റൂം കബോർഡ്


ഉപയോഗിക്കുന്ന വ്യക്തിക്കനുസരിച്ചാണ് കിടപ്പുമുറികൾ മൂന്നും ഡിസൈൻ ചെയ്തത്. ഫില്ലർ സ്ലാബ് രീതിയിൽ ചട്ടികൾ കമിഴ്ത്തി സീലിങ്ങിൽ പ്രത്യേക രൂപങ്ങൾ സൃഷ്ടിച്ചത് ഓരോ മുറിയും ഉപയോഗിക്കുന്നവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കിയാണ്. കൃഷ്ണഭക്തനായ ഉണ്ണിക്കൃഷ്ണൻ നായരുടെ കിടപ്പുമുറിയുടെ സീലിങ്ങിൽ ആലിലയും ബുദ്ധന്റെ ആരാധകനായ ഹേമന്ദിന്റെ കിടപ്പുമുറിയുടെ സീലിങ്ങിൽ ബുദ്ധരൂപവും പാട്ടുകാരനായ ജയകൃഷ്ണന്റെ മുറിയിൽ മൈക്കിന്റെ പാറ്റേണും സൃഷ്ടിച്ചു. ഗിറ്റാറിന്റെയും ആപ്പിളിന്റെയും ആകൃതിയിൽ കബോർഡുകളും ചെയ്തു. ഭാരം കൃത്യമായി താങ്ങുന്ന വിധത്തിൽ നടുവിൽ കാൽ കൊടുത്തു നിർമിച്ച, മെറ്റൽ ഫ്രെയിമുള്ള കട്ടിലുകൾ ‘ഫ്ലോട്ടിങ്’ ആണെന്ന തോന്നലുണ്ടാക്കുന്നു. ബാക്കി വന്ന ടൈൽ കഷണങ്ങൾ പോലും മുറികളുടെ ആകർഷണീയത കൂട്ടാൻ ഉപയോഗിച്ചു.

6 ബെഡ് റൂം


വീട് കഴിവതും പ്രകൃതിയോടു ചേർന്നിരിക്കണം എന്നാണ് വീട്ടുകാരുടെ താൽപര്യം. തടി ഇവിടെ ഉപയോഗിച്ചിട്ടേയില്ല. ഉപയോഗശൂന്യമായ തടിക്കഷണങ്ങൾ കൊണ്ടു നിർമിച്ച ക്ലോക്കുകൾ മാത്രമാണ് അതിനൊരപവാദം. റെഡിമെയ്ഡ് വാതിലും മെറ്റൽ ജനലുകളുമാണ് മുഴുവനും. ആക്രിക്കടയിൽ നിന്നു വാങ്ങിയ മെറ്റൽ പൈപ്പും ടെറാക്കോട്ട ജാളിയും ഉപയോഗിച്ചു ഡിസൈൻ ചെയ്ത ജാലകങ്ങൾക്ക് വാതിലുകളില്ല. മുഴുവൻ സമയവും കാറ്റും വെളിച്ചവും നൽകി മുറിയെ സമ്പന്നമാക്കുന്നതിനൊപ്പം വീടിന്റെ ഡിസൈൻ ഘടകം കൂടിയാകുന്നു ഇത്.  പുനരുപയോഗിച്ചും ചെലവു നിയന്ത്രിച്ചും മനോഹരമായ വീട് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.


 

7 സീലിങ്ങിലെ ബുദ്ധ ഡിസൈൻ