Wednesday 27 November 2019 05:45 PM IST : By ശ്രീദേവി

ഉപയോഗശൂന്യമായ കല്ലുകൊണ്ട് ഭിത്തി, മണ്ണ് ചെത്തിയെടുത്ത് മതിൽ; കുന്നിൻ ചരിവു നിരത്താതെ ഉയർത്തിയ വിനീതിന്റെ സ്വപ്നം

resort

കുന്നിൻ ചരുവിലെ മരങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുന്ന വീട്. ഇതൊരു റിസോർട്ടല്ല, ഹോളിഡേ ഹോം അല്ല... തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയ്ക്കടുത്ത് ഒറ്റശേഖരപുരത്തുള്ള അനാസിന്റെയും ചന്ദ്രികയുടെയും വീടാണിത്. കുന്നിൻചരുവിനെ നോവിക്കാതെ ഈ വീട് ഡിസൈൻ ചെയ്തു നിർമിച്ചത് അനാസിന്റെ മകനും ആർക്കിടെക്ചർ വിദ്യാർഥിയുമായ വിനീത്.

r-4

ചെറുപ്പം മുതലേ വരയ്ക്കാനും ശില്പനിർമ്മാണത്തിനും താൽപര്യമുള്ള വിനീതിനെ ആർക്കിടെക്ചർ പഠിക്കാൻ ഉപദേശിച്ചത് ഹയർസെക്കന്ററിസ്കൂളിലെ പ്രിൻസിപ്പലാണ്. തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് സിഗ്‌മ കോളജ് ഓഫ് ആർക്കിടെക്ചറിൽ ബിആർക്കിനു ചേർന്നത് വിനീതിന്റെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിന് നാന്ദി കുറിച്ചു.

കുന്നിൻ മുകളിലെ പഴയ വീടിന്റെ സ്ഥാനത്ത് പണിയാനായിരുന്നു പ്ലാൻ. കുന്ന് കയറാനുള്ള പ്രയാസം അച്ഛനുമമ്മയും പങ്കുവച്ചതോടെ സ്വപ്നത്തിലെ വീട് വിനീത് കുന്നിൻചെരിവിലേക്ക് പറിച്ചുനട്ടു. പണ്ടെന്നോ മണ്ണ് എടുത്ത് തട്ടായ പ്ലോട്ടിൽ‍, കുട്ടികൾ പണിയുന്ന കളിവീട് പോലെ വീട് ഡിസൈൻ ചെയ്തു. കോളജിലെ അധ്യാപകരും സഹപാഠികളും പുസ്തകങ്ങളും ഇന്റർനെറ്റിലൂടെ ലഭിച്ച അറിവുമെല്ലാം വിനീതിന്റെ ഈ ഡിസൈനിനു പിറകിലുണ്ടായിരുന്നു.

r-2

കൃഷിക്കാരാണ് വീട്ടുകാർ. മണ്ണുള്ള കൈകൊണ്ട് അവർ ഭിത്തിയിൽ സ്പർശിച്ചെന്നുവരും. അഴുക്കാകുമല്ലോ എന്ന പേടിപോലും തോന്നാതിരിക്കാനാണ് തേക്കാത്ത ഭിത്തികൾ പണിതത്. കോസ്റ്റ്ഫോർഡിൽപോയി പ്രത്യേകമായി പഠിച്ചാണ് റാറ്റ്ട്രാപ് രീതിയിൽ ഇഷ്ടിക കെട്ടിയത്. വീടു നിർമാണത്തിന് ചെറിയ രീതിയിൽ പ്ലോട്ടിലെ പാറ ചുറ്റികകൊണ്ട് പൊട്ടിച്ചുമാറ്റുന്നത് കാട്ടാക്കട ഭാഗത്ത് പതിവാണ്. അത്തരത്തിൽ മുറിച്ച പാറക്കഷണങ്ങൾ ചെറിയ വിലയ്ക്കു കിട്ടി. അതുകൊണ്ടു നിർമിച്ചതാണ് മുൻവശത്തെ ഭിത്തി.

r-3

ഇഷ്ടികകൊണ്ടുള്ള ഭിത്തികളാണ് ആദ്യം പണിതത്. അതിനുശേഷം മേൽക്കൂര സ്ഥാപിച്ചു. ഏറ്റവുമൊടുവിൽ കരിങ്കൽ ഭിത്തികൂടി വന്നതോടെയാണ് വീടിന്റെ ആകൃതിയെക്കുറിച്ച് കാഴ്ചക്കാർക്ക് പിടി കിട്ടിയത്. പ്രധാനവാതിൽ തുറക്കുന്നത് കോർട്‌യാർഡിലേക്കാണ്. കോർട്‌യാർഡിന്റെ വലതുവശത്ത് മുറികൾ ക്രമീകരിച്ചു. ഇടത്ത്, മണ്ണ് ചെത്തിയെടുത്തുണ്ടായ മൺമതിലിൽ കല്ലുകൾ പാകി മുകളിലേക്ക്. മുകളിലെ തട്ടിൽ വിനീതിന്റെ സ്റ്റുഡിയോയും വർക്‌ഷോപ്പും മാത്രം. താഴത്തെ നിലയിൽ മുറ്റത്തേക്കു തുറന്ന ലിവിങ്–ഡൈനിങ് ഏരിയയും മൂന്ന് കിടപ്പുമുറികളും അടുക്കളയും വർക്‌ഏരിയയും. വിനീതിന്റെ കിടപ്പുമുറിയോടു ചേർന്നും മനോഹരമായൊരു കോർട്‌യാർഡുണ്ട്.

r-1

വീടുപണി കാരണം ഒരു വർഷം കോളജിൽപോയില്ല. ഈ വർഷം കോഴ്സ് പൂർത്തിയാക്കി ഇന്ത്യ മുഴുവൻ കാണണം. പല സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശലവസ്തുക്കൾകൊണ്ട് വീട്ടകം അലങ്കരിക്കണം എന്ന സ്വപ്നത്തിനു പിറകെയാണ് വിനീത്.