Thursday 26 September 2019 07:03 PM IST : By സ്വന്തം ലേഖകൻ

മുറ്റം ചുവപ്പിക്കും റെഡ് പെൻഡ, ബദാമിന്റെ അനിയൻ വേരിഗേറ്റഡ് മന്റാലി; ‘പുഷ്പം പോലെ’ വളരുന്ന 6 വിദേശികൾ

garden

പുറത്തുനിന്നു വന്നതാണെങ്കിലും ഇവിടെ നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന ആറ് പുത്തൻ ഉദ്യാനസസ്യങ്ങളെ പരിചയപ്പെടാം.

1. ക്യൂബൻ സിഗാർ പ്ലാന്റ്

കലാത്തിയ വിഭാഗത്തിൽപെട്ട സിഗാർ ചെടി ആറ്–ഏഴ് അടി ഉയരത്തിൽ വളരും. ചുരുട്ട് അഥവാ സിഗാറിന്റെ ആകൃതിയിൽ, കടുംതവിട്ടു നിറത്തിലുള്ള പൂങ്കുലകൾ നീളമുള്ള തണ്ടിൽ കൂട്ടമായാണ് ഉണ്ടാവുക. തണ്ട് ഉൾപ്പെടെയുള്ള കിഴങ്ങാണ് നടാൻ ഉപയോഗിക്കുക. ചുവട്ടിൽ തൈകൾ ഉൽപാദിപ്പിക്കുന്ന സിഗാർ കൂട്ടമായോ നിരയായോ നടാം. നേരിട്ട് വെയിൽ കിട്ടുന്നിടത്തേക്കും പാതി തണലുള്ളിടത്തേക്കും ഒരുപോലെ യോജിക്കും.

2. റെഡ് പെൻഡ പ്ലാന്റ് (Red penda plant)

ബോളിന്റെ ആകൃതിയുള്ള, ചുവന്ന നാരുകളുള്ള പൂങ്കുലകളാണ് റെഡ് പെൻഡ ചെടിക്കു പൂന്തോട്ടത്തിൽ മികച്ച സ്ഥാനം നൽകുന്നത്. നാല്–അഞ്ച് അടി ഉയരത്തിൽ വളരും. ഫിലിപ്പീൻസ് സ്വദേശിയായ ഈ ചെടി നല്ല വെയിൽ കിട്ടുന്ന ഉദ്യാനത്തിലേക്കു യോജിച്ചതാണ്. ഒറ്റയ്ക്കും, നിരയായി അതിർത്തിവേലി തയാറാക്കാനും റെഡ് പെൻഡ ഉപയോഗിക്കാം. മഞ്ഞ പൂക്കൾ ഉ ള്ള ഗോൾഡൻ ഇനവും വിപണിയിലുണ്ട്.

g4

3. വാട്ടർ ബാംബൂ

നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്തും പാതി തണലുള്ളിടത്തും ഒരുപോലെ വളർത്താൻ യോജിച്ച ജലസസ്യമാണ് വാട്ടർ ബാംബൂ. ഒറ്റനോട്ടത്തിൽ വലുപ്പമുള്ള ഈർക്കിൽ കൂട്ടമായി വളർന്നു നിൽക്കുന്ന പ്രകൃതം. ഇലകൾ ഇല്ലാത്ത, പച്ച നിറത്തിൽ മുട്ടുകളോടു കൂടിയ നേർത്ത മുളംതണ്ടുകൾക്ക് സമാനമാണ് വാട്ടർ ബാംബൂ. വിപണിയിൽ ലഭ്യമായ തൈകളാണ് നടീൽ വസ്തു. ചട്ടിയിലോ കുളത്തിലോ ഉള്ള ജ ലാർദ്രമായ മണ്ണിലാണ് നടേണ്ടത്.

g3 വാട്ടർ ബാംബൂ, ക്യൂബൻ സിഗാർ വേരിഗേറ്റഡ് മന്റാലി ചെടികൾ

4. ഹെലിക്കോണിയ ഡാർഫ് ജമൈക്കൻ

ഒരടി മാത്രം ഉയരത്തിൽ വളരുന്ന ഈ ഹെലിക്കോണിയ ഇനം പൂന്തോട്ടത്തിൽ കൂട്ടമായോ നിരയായോ അതിരിടാൻ യോജിച്ചതാണ്. നേരിട്ട് സൂര്യ പ്രകാശം കിട്ടുന്നിടത്തും പാതി തണലുള്ളിടത്തും ഡാർഫ് ജമൈക്കൻ, കരുത്തോടെ വളരുകയും പൂവിടുകയും ചെയ്യും. മണ്ണിനടിയിൽ പടർന്നു വളരുന്ന കിഴങ്ങിൽ നിന്നാണ് ചെടി പൂവിടുന്ന തണ്ടുകൾ ഉൽപാദിപ്പിക്കുക.

5. കാറ്റ്സ് ക്ലോ ക്രീപ്പർ

പൂന്തോട്ടത്തിൽ പരിപാലിക്കുന്ന വള്ളിപുഷ്പിണികളിൽ, വേഗത്തിൽ പടർന്നു കയറി പൂവിടുന്ന ഒരിനമാണ് കാറ്റ്സ് ക്ലോ ക്രീപ്പർ. പേരുപോലെ തന്നെ വള്ളിയുടെ അഗ്രഭാഗത്തു പൂച്ചയുടെ നഖം പോലെ മൂന്ന് കുറുകി വളഞ്ഞ ചെറിയ കൊളുത്തുകൾ ഉണ്ട്. ഈ കൊളുത്തുപയോഗിച്ചാണ് ചെടി പ്രതലത്തിൽ പടർന്നു കയറുക. കടുത്ത മഴ ഒഴിച്ചുള്ള സമയത്തെല്ലാം മഞ്ഞ പൂക്കൾ കുലകളായി കാണാം. തണ്ടു മുറിച്ചു നട്ട് കാറ്റ്സ് ക്ലോ ക്രീപ്പർ അനായാസം വളർത്തിയെടുക്കാം.

g1

6. വേരിഗേറ്റഡ് മന്റാലി (Variegated Mantaly Tree)

നമ്മുടെ നാട്ടിൽ കാണപ്പെടുന്ന തല്ലിത്തേങ്ങ അഥവാ ബദാം മരത്തിന്റെ അലങ്കാരയിനമാണ് ഇത്. മങ്ങിയ വെള്ളയും പച്ചയും നിറത്തിൽ ആകർഷകമായ ചെറിയ ഇലകളുമായി ശാഖകൾ പല തട്ടായാണ് വളരുക. ഓരോ തട്ടിലും വൃത്താകൃതിയിൽ എല്ലാ ദിശയിലേക്കും കമ്പുകൾ ഉണ്ടായിവരും. ഈ കമ്പുകളിൽ കുത്തിനിറച്ചതുപോലെ ഇലകൾ കാണാം. വേരിഗേറ്റഡ് ഇനമായതുകൊണ്ട് വർഷത്തിൽ ഒരു തട്ട് എന്ന വിധത്തിൽ സാവധാനമേ ഈ മരം വളരൂ.