Thursday 23 February 2023 12:38 PM IST

പ്രണയം ചെടികളോടും ജീവിതത്തോടും ; മാത്യുവിന്റെയും ഷീലയുടെയും മുന്നിൽ പ്രായം തോറ്റതിന്റെ രഹസ്യം

Sreedevi

Sr. Subeditor, Vanitha veedu

gar4

സൗന്ദര്യം കാണാൻ കഴിയുന്നവരെ വാർധക്യം ബാധിക്കില്ല എന്ന ഫ്രാൻസ് കാഫ്കയുടെ വാക്കുകൾ ചിലരെ പരിചയപ്പെടുമ്പോൾ ഓർമ വരും. ചെടികൾക്കിടയിലൂടെ ഊർജ്ജസ്വലരായി ഓടിനടക്കുന്ന കമാൻഡന്റ് മാത്യു ഓലിക്കരയും ഭാര്യ ഷീലയും മുൻപേ പറഞ്ഞ ഗണത്തിൽപ്പെട്ട, പ്രായം ബാധിക്കാത്തവരാണ്. ചെടികളുടെ സൗന്ദര്യം ആസ്വദിച്ചും പ്രകൃതിയെ ആരാധിച്ചും ഇവർ ജീവിതത്തിന്റെ പച്ചപ്പ് നിലനിർത്തുന്നു. തിരുവനന്തപുരം അറപ്പുരയിലെ പത്ത് സെന്റിൽ, വീടിരിക്കുന്ന ഭാഗം ഒഴികെ ഒരിഞ്ചു പോലും കളയാതെയാണ് ചെടികൾ നട്ടിരിക്കുന്നത്.

പതിനാല് വർഷം മുൻപാണ് മാത്യുവും ഷീലയും തിരുവനന്തപുരത്ത് വീടു വച്ചത്. അന്ന് ലാൻഡ്സ്കേപ്പിങ് ചെയ്തത് ലാൻഡ്സ്കേപ് ഡിസൈനർ കെ. എസ്. കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ പ്രിയപ്പെട്ട ‘ക്ലയന്റ്സിൽ’ ഒരാളാണ് മാത്യു. ‘‘ട്രെഡീഷനൽ ശൈലിയിലുള്ള ഒറ്റനില വീടിനു ചേരുന്ന രീതിയിലാണ് അന്ന് ലാൻഡ്സ്കേപ് ചെയ്തത്. ചെടികളിൽ ചെറിയ വ്യത്യാസങ്ങൾ വന്നെങ്കിലും ലേഔട്ടിന് മാറ്റമൊന്നുമില്ല,’’ കൃഷ്ണകുമാർ പറയുന്നു.

gar1

ലാൻഡ്സ്കേപ്പിൽ ഉണ്ടായ പ്രധാനവ്യത്യാസം പുല്ല് മാറ്റിയതാണ്. കാർപെറ്റ് ഗ്രാസ് എന്ന് അറിയപ്പെടുന്ന മെക്സിക്കൻ ഗ്രാസ് ആയിരുന്നു ആദ്യം മുതൽ. പുല്ലിനിടയിൽ ചിതൽ വരുന്നതും ഫംഗസ് ബാധയുണ്ടാകുന്നതുമെല്ലാം പതിവായതോടെ കാർപെറ്റ് ഗ്രാസ് മാറ്റി. താരതമ്യേന അണു-കീട ബാധകൾ കുറഞ്ഞ പേൾ ഗ്രാസ് നട്ടു. പേൾ ഗ്രാസിന്റെ വേരിഗേറ്റഡ് ഇനമാണ് ഇവിടെയുള്ളത്.

‘ചെടികളുടെ വിഭാഗം ഷീലയും കുറച്ചു കാഠിന്യമുള്ള ജോലികൾ താനും’ പങ്കിട്ടെടുത്താണ് പ്രവർത്തിക്കുന്നതെന്ന് മാത്യു പറയുന്നു. മരങ്ങളുടെ ചില്ല വെട്ടുക, കിളച്ച് മണ്ണിളക്കുക തുടങ്ങിയ ജോലികളെല്ലാം ചെയ്യാൻ മാത്യു മറ്റൊരാളുടെ സഹായം തേടാറില്ല.

gar2

ഗെയ്റ്റിനു പുറത്തുനിന്നേ കാണുന്ന ചെടി റെഡ് പാം ആണ്. ട്രെഡീഷനൽ ശൈലിയിലുള്ള വീടിന് നന്നേ ചേരും ഈ ചെടി. ഫിനെക്സ് പാം, ചാംപ്യൻ പാം എന്നിവയും ഇവിടെയുണ്ട്. ഗോൾഡൻ അരേലിയ, ഫൈലാന്റസ് എന്നീ ചെടികൾ ഹെഡ്ജ് പ്ലാന്റ് ആയി ഉപയോഗിച്ചു. പോത്തോസ്, ഫിലോഡെൻഡ്രോൺ, അഗ്ലോണിമ എന്നീ ചെടികളുടെയെല്ലാം വിവിധയിനങ്ങൾ മുറ്റത്തുണ്ട്.

ഓർക്കിഡിന്റെ ശേഖരവുമുണ്ട് മാത്യു- ഷീല ദമ്പതിമാർക്ക്. ‘‘ഒച്ച് ആണ് ഓർക്കിഡിന്റെ ഏറ്റവും വലിയ ശത്രു. ഒച്ചിനെ കുത്തിയെടുത്ത് വെയിലത്തു വച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്,’’ ഷീല പറയുന്നു.

ഡ്രോയിങ് റൂമിൽ നിന്നുതന്നെ കാണുന്ന വെർട്ടിക്കൽ ഗാർഡൻ മാത്യു-ഷീല ദമ്പതിമാർക്ക് വളരെ പ്രിയങ്കരമാണ്. ഷീലയുടെ ശ്രദ്ധാപൂർവമായ പരിചരണത്താലാണ് വെർട്ടിക്കൽ ഗാർഡൻ ഇത്ര മനോഹരമായി നിൽക്കുന്നതെന്ന് മാത്യു പറയുന്നു. പരിചരണം കുറഞ്ഞാൽ വെർട്ടിക്കൽ ഗാർഡന്റെ ആകർഷണം നഷ്ടപ്പെടും. വെർട്ടിക്കൽ ഗാർഡനിലേക്ക് അൻപതോളം ചെടികൾ പകരക്കാരായി ഉണ്ട്. ഏതെങ്കിലും ചട്ടികളിലെ ചെടി കരിഞ്ഞു തുടങ്ങുകയോ അണുബാധയേൽക്കുകയോ ചെയ്താൽ ഉടൻ അതേയിനത്തിൽപ്പെട്ട ചെടി പകരംവയ്ക്കാൻ സാധിക്കും.

gar3

റിയോ പ്ലാന്റ്, പോത്തോസിന്റെ വിവിധയിനങ്ങൾ, ആള്‍ട്ടനാന്ത്ര, പെഡിലാന്തസ്, ഡ്രസീനിയ എന്നിവയെല്ലാം വെർട്ടിക്കൽ ഗാർഡന് സൗന്ദര്യം പകരുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വെർട്ടിക്കൽ ഗാർഡനിലെ ചെടികൾ പുനഃക്രമീകരിച്ച് പുതുമ കൊണ്ടുവരുന്നതും ഷീലയുടെ ഹോബിയാണ്. സാൻസിബാർ എന്ന സീസീ പ്ലാന്റും ഷീലയ്ക്ക് ഏറെ പ്രിയങ്കരമാണ്. ഒറ്റ ചെടിയിൽ നിന്ന് ആറ് പുതിയ തൈകൾ ഉൽപാദിപ്പിച്ചു.

പഴച്ചെടികളാണ് പൂന്തോട്ടത്തിന്റെ മറ്റൊരു ആകർഷണം. പേരയുടെ വിവിധ ഇനങ്ങൾ, മാവ്, ഞാവൽ, സപ്പോട്ട, ഞാറ, റംബൂട്ടാൻ, മിൽക് ഫ്രൂട്ട്, സീതപ്പഴം, ചാമ്പ, ലോലോലി, ബട്ടർ ഫ്രൂട്ട്, അമ്പഴം ഇങ്ങനെ ചെറിയ പുരയിടത്തിലേക്കു യോജിച്ച എല്ലാ പഴവർഗ്ഗങ്ങളും ഇവിടെ കാണാം. മരങ്ങൾ വെട്ടിയൊതുക്കി പൂന്തോട്ടത്തിനു ചേരുന്ന രീതിയിൽ നിർത്താറുണ്ട്. ‘‘ ഈ മരങ്ങളിൽ ഉണ്ടാകുന്ന ഫലങ്ങൾ അണ്ണാൻ, ഇരട്ടത്തലച്ചി ബുൾബുൾ, തേൻകിളികൾ, ഇത്തിക്കണ്ണിക്കുരുവി ഇവരെല്ലാമാണ് പ്രധാനമായി കഴിക്കുന്നത്. കിളികൾക്ക് കുടിക്കാനും കുളിക്കാനുമുള്ള ബേർഡ് ബാത്തും പൂന്തോട്ടത്തിന്റെ ഭാഗമാണ്,’’ മാത്യു പറയുന്നു.

പ്രകൃതിയോടു ചേരുമ്പോൾ മനുഷ്യൻ കൂടുതൽ സന്തോഷവാനാകുന്നു എന്നതിന് ഉദാഹരണമാണ് ഈ ദമ്പതിമാർ. ഈ വീട് എന്നും പച്ചപ്പോടെയിരിക്കട്ടെ എന്ന് കാണുന്നവരും ആശിച്ചുപോകും.  

ചിത്രങ്ങൾ: ബിനു പുത്തൂർ