വീടിനകത്തും പുറത്തും എന്തിന്, അടുക്കളയിലും ടോയ്‌ലറ്റിലും വരെ ഇപ്പോൾ വെർട്ടിക്കൽ ഗാർഡൻ കാണാം. സ്വന്തമായി വെർട്ടിക്കൽ ഗാർഡൻ നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഒരു മാർഗരേഖ.

വേണ്ട സാമഗ്രികൾ
ചുമര്– ചെടികൾക്ക് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന അനുയോജ്യമായ ഇടം തിരഞ്ഞെടുക്കണം.
ഫ്രെയിം – പലതരത്തിലും ആകൃതിയിലുമുള്ള ഫ്രെയിമുകൾ പലതരം സാമഗ്രികൾ കൊണ്ടു നിർമിക്കാം. മെറ്റൽ ഫ്രെയിം ആണെങ്കിൽ വെർട്ടിക്കൽ പോട്ടുകൾ എളുപ്പത്തിൽ ഘടിപ്പിക്കാം. പ്ലാസ്റ്റിക് കൊണ്ടുള്ള ഫ്രെയിംആണെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് ഘടിപ്പിക്കണം. പോട്ടുകൾക്കു പകരം ഷീറ്റിലുള്ള ഫാബ്രിക് പോക്കറ്റിൽ ചെടി വയ്ക്കാം.
പോട്ടുകൾ– പ്ലാസ്റ്റിക് പോട്ടുകൾ, വുഡൻ ബോക്സ്, ഫാബ്രിക് പൗച്ച്, സെറാമിക് പോട്ട്, പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവ.
പോട്ടിങ് മിക്സ്ചർ– മണ്ണ്, കൊക്കോപീറ്റ് അല്ലെങ്കിൽ ചകിരിച്ചോർ, വെർമിക്കുലൈറ്റ്, കംപോസ്റ്റ്, പെർലൈറ്റ്...
നനയ്ക്കാൻ– ചെറിയ രീതിയിലുള്ളവയ്ക്ക് ഹാൻഡ് സ്പ്രേയറും വലിയ തോതിലുള്ളവയ്ക്ക് ഡ്രിപ് ഇറിഗേഷനും ചെയ്യാം. ഡ്രിപ് സിസ്റ്റം വഴി വളവും നൽകാം.
ചെടികൾ– ചെടികളുടെ തിരഞ്ഞെടുപ്പിലും ശ്രദ്ധ വേണം. കാരണം, സൂര്യപ്രകാശം അധികം ആവശ്യമുള്ളതും ഇല്ലാത്തതുമായ െചടികളുണ്ട്.

എവിടെ സെറ്റ് ചെയ്യാം?
ഔട്ട്ഡോർ ആയും ഇൻഡോർ ആയും വെർട്ടിക്കൽ ഗാർഡൻ നൽകാം. ചെടികളുടെ വളർച്ചയ്ക്കു വേണ്ടി നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കണമെന്നേയുള്ളൂ. മതിൽ, അകത്തെ ചുമരുകൾ, നടുമുറ്റം തുടങ്ങി പലയിടത്തും വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യാം. അനുയോജ്യമായ ഇടവും കാലാവസ്ഥയുമാണ് പ്രധാനം.
എങ്ങനെ സെറ്റ് ചെയ്യാം?
∙ ആദ്യം അനുയോജ്യമായ ചുമര് തിരഞ്ഞെടുക്കുക.
∙ അതിനു ശേഷം ഫ്രെയിം ഉണ്ടാക്കണം.
∙ ഫ്രെയിമിനു പിറകിൽ വയർമെഷ് പിടിപ്പിക്കുക.
∙ അതിലേക്ക് പോട്ടുകൾ ഘടിപ്പിക്കുക.
∙ മണ്ണ്, കൊക്കോപീറ്റ് അല്ലെങ്കിൽ ചകിരിച്ചോർ, വെർമിക്കുലൈറ്റ്, കംപോസ്റ്റ്, പെർലൈറ്റ് എന്നിവയടങ്ങുന്ന മിശ്രിതം പോട്ടിൽ നിറയ്ക്കുക. വെർമിക്കുലൈറ്റ് വെള്ളം വാർന്നു പോകാനും പെർലൈറ്റ് വെള്ളം തങ്ങിനിൽക്കാനുമാണ് ഉപയോഗിക്കുന്നത്. ആവശ്യാനുസരണം ഉപയോഗിക്കുക.
∙ ചെടി നടുക.
∙ അത് പോട്ടിൽ നിറച്ചതിനു ശേഷം ഫ്രെയിമിൽ ഘടിപ്പിക്കുക.
∙ നന്നായി നനയ്ക്കുക.
വാണിജ്യ സ്ഥാപനങ്ങളിൽ പോട്ടുകൾക്കു പകരം ഡ്രിപ് ഇറിഗേഷൻ സംവിധാനം ഏർപ്പെടുത്തിയ പ്ലാസ്റ്റിക് പോക്കറ്റുകളാണ് നല്ലത്. ഇത് കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും.

പരിചരണം എങ്ങനെ?
ഒരു നല്ല വെർട്ടിക്കൽ ഗാർഡൻ സ്വന്തമാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം. വീടുകളിലുള്ള ചെറിയ വെർട്ടിക്കൽ ഗാർഡന്റെ പരിചരണം വളരെ എളുപ്പമാണ്. എന്നാൽ വലിയ തോതിലുള്ളവയുടെ പരിചരണം പ്രയാസമാണ്. അതിന് ജോലിക്കാരുടെ സേവനം ആവശ്യമായി വരും. ഡ്രിപ്പിങ് സിസ്റ്റത്തിലൂടെ നനയ്ക്കാനും വളമേകാനും കഴിയുമെങ്കിലും പ്രൂണിങ്ങും ഉണങ്ങിയതും ആവശ്യമില്ലാത്തതുമായ ഇലകള്‍ നീക്കുന്നതും ബുദ്ധിമുട്ടാണ്.
നല്ല വെർട്ടിക്കൽ ഗാർഡന് അവശ്യം വേണ്ടത് ആവശ്യത്തിനു വളവും കൃത്യസമയങ്ങളിലുള്ള നനയുമാണ്. അങ്ങനെയെങ്കിൽ ആരോഗ്യമുള്ള ചെടി ലഭിക്കും. പ്രൂണിങ്ങും യഥാസമയം ചെയ്യണം. ഉണങ്ങിയ ഇലകൾ, കളകൾ എന്നിവ നീക്കം ചെയ്യുക. വെള്ളം ശരിയായി വാർന്നു പോകാനുള്ള സംവിധാനവും വേണം. സൂര്യപ്രകാശം വേണമെന്നത് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ആറ്– എട്ട് മാസങ്ങൾക്കു ശേഷം റീപോട്ടിങ് ചെയ്യണം. അപ്പോൾ വളത്തിനായി ഗാർഡൻ മിക്സ്ചർ ചേർക്കുകയുമാകാം.
വെള്ളം കൂടിയാൽ വേര് ചീയാൻ സാധ്യതയുണ്ട്. വെള്ളം കുറഞ്ഞാലും പ്രശ്നമാണ്; ഇലകൾ ഉണങ്ങിപ്പോവും. പോട്ടിൽ വെള്ളം നിറഞ്ഞിരുന്നാലും ചെടികൾ നശിക്കും.
വെർട്ടിക്കൽ ഗാർഡൻ പരിചരിക്കാൻ പ്രയാസമാണെന്ന് ആദ്യകാലത്ത് പൊതുവേ പരാതിയുണ്ടായിരുന്നു. എന്നാൽ പരിചരണം വലിയ ബുദ്ധിമുട്ടില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. വെർട്ടിക്കൽ ഗാർഡനോട് വർധിച്ചു വരുന്ന താൽപര്യവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ചെറിയ തോതിലുള്ള വെർട്ടിക്കൽ ഗാർഡൻ സുഖമായി പരിപാലിക്കാവുന്നതേയുള്ളൂ. ജോലിക്കു പോകുന്നവർക്കും വീടുകളിൽ വെർട്ടിക്കൽ ഗാർഡൻ നൽകാം. ദിവസത്തിലൊരിക്കൽ വെള്ളമൊഴിച്ചാൽ മതി. അവധി ദിവസങ്ങളിൽ വളമിടാനും പരിചരണത്തിനുമായി കുറച്ചു സമയം മാറ്റി വച്ചാൽ മതിയാകും. പച്ചക്കറി വേസ്റ്റ് മൂന്നു ദിവസം വച്ചിരുന്ന് അതിൽ നിന്ന് ഊറിവരുന്ന വെള്ളത്തിൽ നാലിരട്ടി വെള്ളം ചേർത്ത് ഒഴിക്കുന്നത് നല്ല വളമാണ്.

ഏതൊക്കെ തരം?
വെർട്ടിക്കൽ ആയുള്ള പ്രതലത്തിൽ ചെടികൾ ക്രമീകരിക്കുന്നതിനെ വെർട്ടിക്കൽ ഗാർഡൻ എന്നു വിളിക്കാം. മണ്ണിലോ പോട്ടുകളിലോ ചെടികൾ നട്ട് ഇവ നിർമിക്കാം. ഇത് പോട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ചുമരുകളിലും ബാൽക്കണികളിലും ഇവ തൂക്കിയിടാം. ഡെക്കിലും പാഷ്യോയിലും ഇവ ഒരുക്കാം. ഇങ്ങനെ പലതരം വെർട്ടിക്കൽ ഗാർഡൻ ഉള്ളവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നതാണ്.

പ്രധാനപ്പെട്ടവ:
ഗ്രീൻ വോൾ അഥവാ ലിവിങ് വോൾ– ചുമരിൽ പോട്ടുകളിൽ ചെടികൾ വയ്ക്കുന്നതോ മോഡുലർ ഗ്രീൻ പാനലുകൾ (നിശ്ചിത അളവിലുള്ള പാനലുകളിൽ ഫ്രെയിമും പോട്ടും ഘടിപ്പിച്ചിരിക്കും. അവ വാങ്ങിക്കൊണ്ടു പോയി ചുമരിലേക്ക് ഗ്രിൽ ചെയ്തു പിടിപ്പിച്ചാൽ മതി) നൽകുന്നതോ ആണ് ഗ്രീൻ വോൾ. കുറ്റിച്ചെടികൾ പോലെയുള്ളവയോ ചെറിയ മരങ്ങളോ ഔഷധ സസ്യങ്ങളോ ആണ് ഇതിൽ പിടിപ്പിക്കാൻ അനുയോജ്യം.
ഗ്രീൻ ഫസാഡ്– പടർന്നു കയറുന്ന വള്ളിച്ചെടികൾ കൊണ്ടാണ് ഗ്രീൻ ഫസാഡ് നിർമിക്കുന്നത്. ട്രെല്ലിസ് പോലെയുള്ളവയിൽ ഇവ മുകളിലേക്കോ കുറുകെയോ പടർത്താം.
ഫ്രീ സ്റ്റാൻഡിങ് വെർട്ടിക്കൽ ഗാർഡൻ– ചെടികൾ മുകളിലേക്കു പടർത്തുകയും അതിനായി ഫ്രെയിമുകൾ നൽകുകയും ചെയ്യുന്ന ഈ രീതിയാണ് പൊതുവേ കണ്ടുവരുന്നത്. ഇതു കൂടാതെ, പർഗോളയുടെ പ്രതീതി ഉണർത്തുന്ന രീതിയിൽ, തല ഉയർത്തി നോക്കുമ്പോൾ കാണുന്ന വിധം ചെടികൾ പടർത്തുകയും ചെയ്യാറുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: വന്ദന വിശ്വനാഥ്, ആർക്കിടെക്ട്
അക്ബർ ഷാ, എൻജിനീയർ ഗ്രീൻസ്കേപ്സ്, കൊച്ചി