Thursday 27 September 2018 04:20 PM IST : By സ്വന്തം ലേഖകൻ

ടോയ്‍ലറ്റിന് വാസ്തു നോക്കേണ്ടത് എങ്ങനെ? കിണറിന്റെ സ്ഥാനം തെക്കുപടിഞ്ഞാറ് മൂലയിൽ പണിയാമോ; സംശയങ്ങൾക്ക് മറുപടി

home-vasthu

കിഴക്ക് ദർശനമായതും പടിഞ്ഞാറ്റി പ്രാധാന്യമായ ഗൃഹത്തിന്റെ പ്ലാൻ പരിശോധിച്ചതിൽ കിടപ്പുമുറികൾ, ഹാൾ, അടുക്കള, വർക് ഏരിയ തുടങ്ങിയവയുടെ സ്ഥാനങ്ങൾ കൃത്യമായി കാണുന്നുണ്ട്. ടോയ്‌ലറ്റ് സ്ഥാനങ്ങളിൽ ചെറിയ മാറ്റം വരുത്തി രൂപകൽപന ചെയ്തു.

∙ ഗൃഹമധ്യസൂത്രം ടോ‌യ്‌ലറ്റില‍്‍നിന്നു മാറ്റി ഗോവണിമുറിയിലൂടെ വരുന്ന വിധമാണ് രൂപകൽപന ചെയ്തത്.

∙ ഗൃഹമധ്യസൂത്രം ഗോവണിയുടെ പടികളിൽ തടസ്സമാവാതിരിക്കാൻ നാല് പടി മാത്രം കൊടുക്കുകയും ലാൻഡിങ്ങിൽ മുറിച്ച് ജനൽ വയ്ക്കുകയും ചെയ്യേണ്ടതാണ്.

∙ ഗൃഹത്തിന്റെ ഭിത്തിപ്പുറം ചുറ്റളവ് 62–8 കോൽ അംഗുലം ഉത്തമമായ കണക്ക് സ്വീകരിച്ചിരിക്കുന്നു.

∙ രണ്ടാംനില ഭിത്തിപ്പുറം ചുറ്റളവ് 49–0 ഉത്തമമായി സ്വീകരിച്ചിരിക്കുന്നു.

∙ പ്ലോട്ടിന്റെ രണ്ടുവശങ്ങളിലും ചെറിയ ആകൃതിവ്യത്യാസങ്ങൾ കാണുന്നതിനാൽ തെക്കുംവടക്കും ദിശകളിൽ ഗൃഹത്തിന് സമാന്തരമായി അതിരിട്ട് വാസ്തു തിരിക്കേണ്ടതാണ്.

Q. വീടുകൾക്ക് ഗൃഹമധ്യസൂത്രം രണ്ടുദിശയിലും നോക്കേണ്ടതുണ്ടോ?

ആർ. സുഭാഷ്, കണ്ണൂർ

Aനാലുകെട്ട് ഗൃഹങ്ങൾക്ക് രണ്ട് ദിശയിലും ഗൃഹത്തിന്റെ മധ്യത്തിൽ സൂത്രം ഒഴിയുന്നതിനായി കട്ടിളയോ അല്ലെങ്കിൽ ജനലോ നേർക്കുനേർ വരുന്ന രീതിയിൽ ക്രമപ്പെടുത്താറുണ്ട്. എന്നാൽ ഏകശാലാ ഗൃഹങ്ങൾക്ക് (നടുമുറ്റമില്ലാത്ത ഗൃഹം) വഴിവരുന്ന ദിശയ്ക്ക് അനുസരിച്ചാണ് ഗൃഹമധ്യസൂത്രത്തിൽ ഒഴിവ് കൽപിക്കേണ്ടത്. ഉദാഹരണത്തിന്, കിഴക്കുവശത്ത് വഴിയുള്ള പ്ലോട്ട് ആണെങ്കിൽ ഗൃഹത്തിന് കിഴക്കുപടിഞ്ഞാറ് ദിശയിലുള്ള മധ്യസൂത്രമാണ് കണക്കാക്കി ഒഴിവിടേണ്ടത്. തെക്കുവടക്ക് ദിശയിലുള്ള സൂത്രം പ്രത്യേകമായി ഒഴിവിടേണ്ടതില്ല.

Q ഗൃഹത്തിൽ കിണറിന്റെ സ്ഥാനം തെക്കുപടിഞ്ഞാറ് മൂലയിൽ നൽകാൻ സാധിക്കുമോ?

ശോഭ മോഹൻ, ഇ–മെയിൽ

Aഗൃഹരൂപകൽപനയിൽ വീടിന്റെ തെക്കുപടി‍ഞ്ഞാറെ മൂലയിൽ ഇന്ദ്രജിത് പദം എന്ന സ്ഥാനത്ത് കിണറിന് സ്ഥാനം പറയുന്നുണ്ട്. എന്നാൽ വളരെ ചെറിയ പ്ലോട്ടുകളിൽ ഇത് പ്രായോഗികമല്ല. ഗൃഹത്തിന്റെ പടിഞ്ഞാറുവശത്ത് ആറ് മീറ്ററോ അതിൽ കൂടുതലോ മുറ്റമുണ്ടെങ്കിൽ മേൽപറഞ്ഞപ്രകാരം തെക്കുപടിഞ്ഞാറെ മൂലയിൽ കിണർ കുഴിക്കുന്നതിന് സ്ഥലം ലഭിക്കും. എന്നാൽ ഗൃഹത്തിനോടു ചേർന്ന് തെക്കുപടിഞ്ഞാറെ മൂലയിൽ കിണർ വരുന്നത് ഉപദേശയോഗ്യമല്ല.

വിവരങ്ങൾക്ക് കടപ്പാട്;

കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട്
വാസ്തുശാസ്ത്ര വിദഗ്ധൻ
kanipayoor@gmail.com