രണ്ടു തട്ടായുള്ള 34 സെന്റ് കണ്ടവരൊക്കെ ആളൂരിലെ മുഹമ്മദ് അനസിനെ നിരുത്സാഹപ്പെടുത്തി. ഇവിടെ എങ്ങനെയാണ് വീടു പണിയുക എന്ന ചോദ്യത്തിനു മുന്നിൽ മുഹമ്മദ് അനസ് പകച്ചു നിന്നു. അപ്പോഴാണ് ചങ്ങരംകുളത്തെ എസ്എടി ആർക്കിടെക്ട്സിലെ പി.എ. താജുദ്ദീന്റെയും കെ. സാജന്റെയും ഒരു പ്രോജക്ട് കാണാനിടയാകുന്നത്. അതോടെ ആ പ്ലോട്ടിന്റെ തലവര മാറി. അവിടെ മനോഹരമായ ഒരു വീട് ഉയർന്നു.
അവിടെ ഉണ്ടായിരുന്ന റീട്ടെയ്നിങ് വോളിനെ കോംപൗണ്ട് വോൾ ആക്കി. വീടിനുള്ളിൽ ചൂട് കുറയ്ക്കണമെന്ന ആവശ്യപ്രകാരം 4.5 മീറ്റർ ഉയരത്തിലാണ് ഓരോ ഫ്ലോറും നൽകിയത്. ലിന്റൽ ലെവൽ മൂന്ന് മീറ്ററും. താഴത്തെ നിലയിലാണ് ഈ വീട്ടിലെ മുറികളെല്ലാം. മുകളിൽ ഒരു ഹാളും വരാന്തകളും മാത്രമേയുള്ളൂ.
5950 ചതുരശ്രയടിയുള്ള വീട്ടിൽ അഞ്ച് കിടപ്പുമുറികൾ, ലിവിങ് റൂം, ഡൈനിങ്, ഫാമിലി ലിവിങ്, അടുക്കള എന്നിവയാണുള്ളത്. നടുവിലെ സ്കൈലൈറ്റ് കോർട് യാർഡിനു ചുറ്റുമായാണ് മുറികൾ ക്രമീകരിച്ചത്. കിടപ്പുമുറികൾക്ക് സ്വകാര്യത വേണമെന്നതിനാൽ ഇവിടേക്ക് പ്രവേശിക്കാൻ പ്രത്യേകം ഇടനാഴികൾ നൽകി. ഈ ഇടനാഴികൾ പുറത്തെ ഇടവുമായി ബന്ധിപ്പിച്ച് എക്സ്റ്റീരിയർ കോർട് യാർഡിന്റെ പ്രതീതിയൊരുക്കി.
കുട്ടികളുടെ മുറി അടുക്കളയോടു ചേർന്നു വേണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. ആധുനിക അടുക്കളയിൽ പുകയില്ലാത്ത അടുപ്പും നൽകിയിട്ടുണ്ട്.
വീടിന് ഉയരം കൂടുതലുള്ളതിനാൽ സ്റ്റെയർകെയ്സ് ലാൻഡിങ്ങിൽ ഒരു മുറി നൽകി. ഐവറി നിറമാണ് വീടിനു മുഴുവൻ. സിറ്റ്ഔട്ടിൽ നാനോ വൈറ്റ് മാർബിൾ നൽകി; അകത്ത് വിട്രിഫൈഡ് ടൈലാണ്. ജനലുകളും വാതിലുകളും ഇരൂൾ കൊണ്ടു പണിതു. കിച്ചൻ കാബിനറ്റുകളും വാഡ്രോബുകളും വെനീർ ഒട്ടിച്ച പ്ലൈവുഡ് കൊണ്ടാണ് നിർമിച്ചത്.
കടപ്പാട്:
പി.എ. താജുദ്ദീൻ
എസ്എടി ആർക്കിടെക്ട്സ്
ചങ്ങരംകുളം, മലപ്പുറം
Ph: 90481 73034