കുടുംബാംഗങ്ങളുടെ എണ്ണം കൂടുകയും, കൂടുതൽ മുറികൾ ആവശ്യമായി വരികയും ചെയ്തതുകാരണമാണ് പി.കെ. അബ്ദുസലാം വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. വീടിരിക്കുന്ന കുന്നിൻചരിവിനോടുള്ള ഇഷ്ടക്കൂടുതലും പുതുക്കിപ്പണിയലിനു പ്രേരണയായി. മകനും ആർക്കിടെക്ടുമായ പി.കെ. നസീമിനെത്തന്നെയാണ് ചുമതല ഏൽപിച്ചത്. കുന്നിൻചരുവിന്റെ തട്ടുതട്ടായ ഭൂഘടനയ്ക്ക് ഇണങ്ങുംവിധം നാല് തട്ടുകളായാണ് നസീം വീട് പുനഃക്രമീകരിച്ചത്. പ്രകൃതിയോട് ചേർന്നുനിൽക്കുന്ന തുറന്ന ഇടങ്ങളും കോർട്യാർഡുമൊക്കെ രംഗപ്രവേശം ചെയ്തതോടെ വീടിന്റെ അകവും പുറവും ഒരുപോലെ മാറി. 20 വർഷം പഴക്കമുള്ള ഇരുനില വീട്ടിൽ മൂന്ന് കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. പഴയ വീടിന്റെ 2000 ചതുരശ്രയടി നിലനിർത്തി. കുറച്ചുഭാഗം പൊളിച്ചുകളഞ്ഞു. 1500 ചതുരശ്രയടി പുതിയതായി കൂട്ടിച്ചേർത്തു. 3500 ചതുരശ്രയടിയാണ് പുതിയ വീടിന്റെ വിസ്തീർണം.
∙ പഴയ വീടിന്റെ സിറ്റ്ഔട്ട് അതേപോലെ നിലനിർത്തി. കോൺക്രീറ്റ് മേൽക്കൂരയ്ക്കു മുകളിൽ മൊത്തത്തിൽ നൽകിയ ട്രസ് റൂഫും ഓടും സിറ്റ്ഔട്ടിനു മുകളിലും നൽകി. സീലിങ്ങിൽ തൂക്കിയിടുന്ന രീതിയിലുള്ള ഊഞ്ഞാൽ പുതിയതായി പിടിപ്പിക്കുകയും ചെയ്തു.
∙ പഴയ കാർപോർച്ച് ആണ് പുതിയ ഡൈനിങ് സ്പേസ്. ഇവിടത്തെ പുറംചുമരിൽ പുതിയതായി വൃത്താകൃതിയിലുള്ള ജനൽ നൽകി. ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും ഏകസ്വരതയെ ഭഞ്ജിക്കുന്ന ഈ ജനൽ ആണ് പുതിയ വീടിന്റെ ഹൈലൈറ്റ്.
∙ തറനിരപ്പിൽ നിന്ന് 90 സെന്റിമീറ്റർ ഉയർത്തിയാണ് പുതിയ കാർപോർച്ച് നൽകിയത്. കോബിൾ സ്റ്റോൺ പാളികൾ വിരിച്ച് ഇവിടേക്ക് വഴിയൊരുക്കി. കുടുംബാംഗങ്ങൾക്ക് കാർപോർച്ചിലൂടെ വീടിനുളളിലേക്ക് പ്രവേശിക്കാം. സിറ്റ്ഔട്ട് വഴിയാണ് പ്രാധാന കവാടം.

∙ പഴയ ലിവിങ് റൂം നിലനിർത്തിയെങ്കിലും ഫ്ലോറിങ്, സീലിങ് എന്നിവ പുതുക്കി. മുൻപ് ഒാക്സൈഡും മാർബിളും ഉപയോഗിച്ചായിരുന്നു ഫ്ലോറിങ്. അതുമാറ്റി. പൊതുഇടങ്ങളിലെല്ലാം ജയ്സാൽമീർ സ്റ്റോണും അടുക്കളയിൽ കോട്ട സ്റ്റോണും പുതിയതായി നൽകി. ഇവിടത്തേത് അടക്കം വീട്ടിലെ ഫർണിച്ചർ എല്ലാം മാറ്റി. പഴയ ഫർണിച്ചറിന്റെ തടി പല ആവശ്യങ്ങൾക്കായി പുനരുപയോഗിച്ചു.
∙ ലിവിങ് റൂം ഉൾപ്പെടെ പുതുക്കിയെടുത്ത മുറികളിലെല്ലാം ജിപ്സംകൊണ്ട് ഫോൾസ് സീലിങ് നൽകി. ബീമുകൾ മറയ്ക്കാൻ പുതിയ ലൈറ്റുകൾ നൽകാനും ഇതുപകരിച്ചു.
∙ പഴയ ഡൈനിങ് സ്പേസ് ആണ് പുതിയ ഫാമിലി ലിവിങ്. ഇവിടെ നിന്ന് ഒട്ടുമിക്ക മുറികളിലേക്കും എത്താം എന്നതിനാൽ വീടിന്റെ ‘ഹബ്’ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഫ്ലോറിങ്, സീലിങ് എന്നിവയെല്ലാം പുതുക്കിയാണ് ഡൈനിങ് സ്പേസ് ഒരുക്കിയത്. തടികൊണ്ടുള്ള ഊണുമേശയ്ക്കു മുകളിലുള്ള ഹാങ്ങിങ് ലൈറ്റ് ആണ് മുഖ്യ ആകർഷണം.

∙ ഡൈനിങ് സ്പേസിനോടു ചേർന്നുള്ള ഭാഗത്ത് ബ്രേക്ഫാസ്റ്റ് കൗണ്ടർ നൽകി പഴയ അടുക്കള ഓപൻ കിച്ചൻ ആക്കി മാറ്റി. കബോർഡ്, കൗണ്ടർടോപ്, സിങ്ക്, ടാപ്പ് എന്നിവയെല്ലാം മാറ്റി. എച്ച്ഡിഎഫ് കൊണ്ടുള്ളതാണ് പുതിയ കബോർഡ്. കൗണ്ടർടോപ്പ് ഗ്രാനൈറ്റ് കൊണ്ടുള്ളതും.
∙ താഴത്തെ നിലയിൽ മൂന്നും മുകളിൽ ഒന്നുമായി ആകെ നാല് കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. ഇവ നിലനിർത്തി. കൂടുതൽ മെച്ചപ്പെട്ട ഫർണിച്ചർ ലേ ഔട്ടിനും സൗകര്യങ്ങൾക്കുമായി വാതിലിന്റെ സ്ഥാനം മാറ്റി. ചിലയിടങ്ങളിൽ മുറിയുടെ വലുപ്പം കൂട്ടുകയും ചെയ്തു. ഡ്രസ്സിങ് ഏരിയ, വാഡ്രോബ് എന്നിവയൊക്കെ ഉൾപ്പെടുത്തി. മുകൾനിലയിൽ പുതിയതായി രണ്ട് കിടപ്പുമുറികൾ കൂടി പണിയുകയും ചെയ്തു.

∙ രണ്ട് കിടപ്പുമുറികൾക്കു മധ്യത്തിലുള്ള ഇടനാഴിയിലായിരുന്നു പഴയ സ്റ്റെയർകെയ്സ്. കോൺക്രീറ്റുകൊണ്ടുള്ള ഈ സ്റ്റെയർ അപ്പാടെ പൊളിച്ചുമാറ്റി. അവിടം കിടപ്പുമുറിയോട് കൂട്ടിച്ചേർത്തു. ഡൈനിങ് ഏരിയയിലാണ് പുതിയ സ്റ്റെയർകെയ്സ്. വീടിന്റെ ഘടന അടിമുടി പരിഷ്കരിക്കുന്നതിൽ ഈ മാറ്റം നിർണായകമായി. സ്റ്റീലും തടിയും കൊണ്ടുള്ളതാണ് പുതിയ സ്റ്റെയർകെയ്സ്.

ഡിസൈൻ: പി.കെ. നസീം
ആർക്കിടെക്ട്
ആറ്റിക്സ് ആർക്കിടെക്ചർ, കൊണ്ടോട്ടി, മലപ്പുറം
info@attiks.in