Tuesday 18 October 2022 02:58 PM IST

അച്ഛനമ്മമാർക്ക് പ്രായമാകുമ്പോൾ വീട്ടിൽ ഇതെല്ലാം വേണം; മാതൃകയായി ഒരു മോഡേൺ തറവാട്

Sreedevi

Sr. Subeditor, Vanitha veedu

unni1

വീടു നിർമാണം സ്ട്രക്‌ചറൽ എൻജിനീയറായ സി. കൃഷ്ണനുണ്ണിയെയും ഡിസൈനർ ലയ ബാബുവിനെയും ഏൽപിച്ചപ്പോൾ കാസർകോട് നീലേശ്വരം സ്വദേശികളായ വേണുഗോപാലും ജാനകിയും കുടുംബത്തിന്റെ ആവശ്യങ്ങളും താൽപര്യങ്ങളും വ്യക്തമായി അറിയിച്ചിരുന്നു. വിദേശത്ത് സ്ഥിരതാമസമായ മക്കൾ നാട്ടിൽ വരുമ്പോൾ പരസ്പരം കാണാനും കുറച്ചു ദിവസം താമസിക്കാനുമുള്ള ഒരു ‘തറവാടാ’ണ് വീട്ടുകാർ ആഗ്രഹിച്ചത്.

കാലപ്പഴക്കം മൂലം തകർന്നു തുടങ്ങിയ പഴയ തറവാട് പൊളിച്ചാണ് പുതിയ വീട് പണിതത്. പാരമ്പര്യമൂല്യങ്ങളും നാടിനോടുള്ള ഇഷ്ടവും കാത്തുസൂക്ഷിക്കുന്ന വീട്ടുകാർക്ക് ട്രെഡീഷനൽ കേരളീയ ശൈലിയിലുള്ള വീടിനോടാണ് താൽപര്യം. അതേസമയം, അകത്തളത്തിൽ പുതിയ സൗകര്യങ്ങളെല്ലാം ഉണ്ടായിരിക്കുകയും വേണം. വീടിന്റെ എക്സ്റ്റീരിയറിനേക്കാൾ അകത്തെ സൗകര്യങ്ങൾക്കാണ് അവർ പ്രാധാന്യം നൽകിയത്.

unni2

വേണുഗോപാലും ജാനകിയും പലപ്പോഴും മക്കള്‍ക്കൊപ്പമായിരിക്കും. അതുകൊണ്ടുതന്നെ കുറച്ചു ദിവസങ്ങൾ പൂട്ടിയിടേണ്ടിവന്നാലും വീട് നശിച്ചുപോകുന്ന തരത്തിലാവരുത് ഡിസൈൻ. നിർമാണസാമഗ്രികൾ തിരഞ്ഞെടുത്തപ്പോഴും അത് മനസ്സിൽ വച്ചു.

ഒരു മുറിപോലും ഒറ്റപ്പെട്ടു പോകരുത് എന്നത് മക്കളുടെ കൂടി ആവശ്യമായിരുന്നു. വിളിച്ചാൽ പെട്ടെന്ന് കേൾക്കാനാവണം എന്നത് പ്രായമായവർ ഉള്ള വീട്ടിൽ അത്യാവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ട് ഓപൻ പ്ലാനിലാണ് മുറികൾ ക്രമീകരിച്ചത്. ഡൈനിങ്ങിലേക്കു തുറന്ന രീതിയിലാണ് അടുക്കള.

മൂന്ന് കിടപ്പുമുറികൾ മതി എന്ന് വീട്ടുകാർ തീരുമാനിച്ചിരുന്നു. കോമൺ ഏരിയകൾക്ക് കൂടുതൽ സ്ഥലം മാറ്റിവച്ചു. കുടുംബ,സുഹൃദ് സംഗമങ്ങൾ ഉണ്ടാകുമ്പോൾ, ഡൈനിങ് ഏരിയയിൽ നിന്ന് പ്രവേശിക്കാവുന്ന കോർട്‌യാർഡും പ്രയോജനപ്പെടുത്താം.

unni3

വെട്ടുകല്ല് പ്രാദേശികമായി സുലഭമായതിനാൽ ഭിത്തി നിർമാണത്തിന് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടിവന്നില്ല. പഴയ വീടിന്റെ ഭിത്തിയും വെട്ടുകല്ലുകൊണ്ടുതന്നെയാണ് നിർമിച്ചിരുന്നത്. ആ വെട്ടുകല്ല് പുനരുപയോഗിക്കുന്നതിനു പകരം തറ നികത്താൻ ഉപയോഗിച്ചു.

കടലിനോടു ചേർന്ന സ്ഥലമായതിനാൽ മറ്റ് വീടുകൾക്കു കിട്ടുന്നതിനേക്കാൾ ചില ഗുണങ്ങൾ ഈ വീടിനു കിട്ടിയിട്ടുണ്ട്. പടവിനും തേപ്പിനും വാർപ്പിനുമെല്ലാം വേണ്ട മണൽ പ്ലോട്ടിൽത്തന്നെ ഉണ്ടായിരുന്നു. വീടിനു സ്ഥാനം കണ്ടശേഷം ആദ്യം ചെയ്തത് ആ ഭാഗത്തെ മണൽ മുഴുവൻ എടുത്തു മാറ്റിയിടുകയാണ്. മുകളിലെ തട്ടിൽ തരിവലുപ്പം കുറഞ്ഞ പഞ്ചാരമണലും അടിയിലേക്കു പോകുംതോറും തരിവലുപ്പം കൂടിയുമാണ് കിട്ടുക. തരിവലുപ്പം അനുസരിച്ച് പടവിനും തേപ്പിനും വാർക്കാനുമുള്ളത് തരം തിരിച്ചിട്ടു. വാർപ്പിനുള്ള മണൽ പല തവണ കഴുകി, മഴ കൊള്ളിച്ച് ഉപ്പുരസം കളഞ്ഞശേഷമാണ് ഉപയോഗിച്ചത്. ഇത് വീടുപണിയുടെ ചെലവ് നിയന്ത്രണത്തിൽ വരുത്താൻ വളരെ സഹായിച്ചു.

unni 4

പണം ചെലവഴിച്ചതുകൊണ്ടു മാത്രമായില്ല, അത് ബുദ്ധിപൂർവമാവണം എന്ന സന്ദേശമാണ് കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ഈ വീട് നൽകുന്നത്. n

ചിത്രങ്ങൾ: വൈശാഖ് കൊക്കൽ, അശ്വിൻ

Project Facts

Area: 2590 sqft

Owner: വേണുഗോപാൽ & ജാനകി

Location: നീലേശ്വരം

Design: ഗ്രീൻ ഫേൺ സ്റ്റുഡിയോ, കാസർകോട്

Mail id: greenfern.architects@gmail.com