Tuesday 07 April 2020 12:40 PM IST

കൊറോണക്കാലം ഫലപ്രദം ട്രേ ഫാമിങ് മുതൽ ബോട്ടിൽ ആർട് വരെ... രമ്യയുടെ പരീക്ഷണങ്ങൾ

Sunitha Nair

Sr. Subeditor, Vanitha veedu

veedu-1

സമയം എങ്ങനെ കളയാമെന്ന് തല പുകയ്ക്കുകയാണോ? ഉണ്ടും ഉറങ്ങിയും സമയം കൊല്ലാതെ അൽപം ക്രിയേറ്റീവ് ആകുന്നതിലും തെറ്റൊന്നുമില്ല. ഒരു പ്രോത്സാഹനത്തിന് കൊച്ചി വെണ്ണലയിൽ നിന്ന് ഇതാ ചില ക്രിയേറ്റീവ് വിശേഷങ്ങൾ.സർക്കാർ ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ രമ്യ എസ്. ആനന്ദാണ് കഥാനായിക. പണ്ടേ വെറുതെയിരിക്കാൻ ഇഷ്ടമില്ല രമ്യയ്ക്ക്. ബാൽക്കണി ഗാർഡനും ഗ്ലാസ് പെയിന്റിങ്ങുമൊക്കെ നേരത്തെ മുതലേയുള്ള ഹോബികളാണ്.

2

ഉപയോഗശൂന്യമായ ബട്ടനുകളും കീ ചെയ്നുകളും പൊട്ടിയ മുത്തുമാലകളും കൊണ്ട് പഴയ കുപ്പിയിൽ ബോട്ടിൽ ആർട് ചെയ്തതാണ് ക്വാറന്റീൻ കാലത്തെ കലാപരിപാടികളിൽ ഒന്ന്. പൊങ്കാല ഇട്ട കലവും രമ്യ വെറുതെ വിട്ടില്ല. അതിൽ ആഫ്രിക്കൻ മണ്ഡല ആർട് ചെയ്ത് ചെടിയും വച്ചപ്പോൾ മനോഹരമായ പ്ലാന്റർ ആയി. ചട്ടിയിൽ കറുത്ത പെയിന്റടിച്ച ശേഷം 3D ലൈനർ കൊണ്ട് വരയ്ക്കുകയായിരുന്നു. മൈക്രോ ഗ്രീൻ ട്രേ ഫാമിങ് പരീക്ഷിക്കണമെന്ന് കുറച്ചു നാളുകളായി രമ്യ വിചാരിച്ചതാണ്. അതും ഇപ്പോൾ നടന്നു. കടല, ഉലുവ, ചെറുപയർ എന്നിവ തലേന്ന് വെള്ളത്തിലിട്ട് നനഞ്ഞ തുണിയിലിട്ട് മുളപ്പിച്ചു. അതിനു ശേഷം കൊക്കോ പീറ്റിൽ വിതറി. ഇവയുടെ ഇല സാലഡ് ആയോ തോരൻ വച്ചോ കഴിക്കാം.
"വിപണിയിലെ പുതിയ താരമാണ് മൈക്രോഗ്രീനുകൾ. ജൈവമൂല്യം ഏറിയ ഇവ  ആരോഗ്യദായക പച്ചക്കറികളിലെ പുതിയ ശ്രേണിയിൽപെട്ടതാണ്. വിദേശ രാജ്യങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി  ഈ സാലഡ് വിളകൾ പ്രചാരത്തിലുണ്ട്.

3

ധാതുക്കളുടെ സമ്പന്ന സ്രോതസ്സുമാണിവ.ചില പ്രത്യേകയിനം പച്ചക്കറികളുടെ വളരെ ചെറിയ തെച്ചെടികളാണ് ഇവ. വിത്തു മുളച്ചുകഴിഞ്ഞ് പത്തോ ഇരുപതോ ദിവസങ്ങൾക്കുള്ളിൽ വിളവെടുത്ത് തയ്യാറാക്കുന്ന സാലഡ് വിളകൾ. രണ്ട് ചെറിയ ബീജപ്രതങ്ങളും നിളംകുറഞ്ഞ ഒരു തണ്ടും ആദ്യത്തെ ചെറിയ രണ്ട് ഇലകളും മാത്രമേയുണ്ടാവു. ആകെ നീളം ഒന്നരയിഞ്ചിൽ താഴെ.വിളവെടുത്ത ഉടനെ നന്നായി കഴുകി പച്ചയ്ക്ക് കഴിക്കുന്നതാണ് ഇതിന്റെ രീതി.
മൈക്രോഗ്രീനുകൾക്ക്  ഒൗഷധഗുണങ്ങൾ ധാരാളമാണ്.  ജീവകം സി (അസ്കോർബിക് ആസിഡ്), ജീവകം ഇ (ടോക്കോറോളുകൾ). ജീവകം കെ (ഫിലോകയിനോൺ) ജീവകം എ (ബീറ്റാ കരോട്ടീൻ), മറ്റു കരോട്ടിനോയിഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
വലിയ ചെടികളെക്കാൾ അഞ്ചു മടങ്ങിലേറെ കൂടുതലാണ് മൈക്രോഗ്രീനുകളിലെ പോഷകാംശത്തിന്റെ അളവ്
മല്ലി, ഉലുവ, ചെറുപയർ, കടല, തിന ഇവയൊക്കെയും ഇങ്ങനെ മുളപ്പിക്കാം." രമ്യ വിശദമാക്കുന്നു. രമ്യയുടെ മകൾ എട്ടാം ക്ലാസുകാരി നിഹാരികയും ഇതിനെല്ലാം അമ്മയ്ക്ക് ഒപ്പമുണ്ട്. അങ്ങനെ നിഹാരികയും ക്വാറന്റീൻ കാലത്തെ ബോറടി മാറ്റുന്നു.