Wednesday 20 May 2020 04:06 PM IST

പ്രളയകാലത്ത് പത്തു ദിവസത്തോളം ഈ വീട് വെള്ളത്തിലായിരുന്നു. വെള്ളമിറങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ...

Sunitha Nair

Sr. Subeditor, Vanitha veedu

2M

നമുക്ക് റാന്നിയിലെ ഒരു വീട്ടിലേക്ക് പോകാം. പ്രളയകാലത്ത് പത്തു ദിവസത്തോളം ഈ വീട് വെള്ളത്തിലായിരുന്നു. വെള്ളമിറങ്ങി കഴിഞ്ഞപ്പോൾ ചുറ്റുമുള്ള മിക്ക വീടുകളിലെയും കിച്ചൻ കാബിനറ്റുകൾ നശിച്ചിരുന്നു. എന്നാൽ ഏഴു വർഷം പഴക്കമുള്ളതായിട്ടു കൂടി അലുമിനിയം കൊണ്ടുള്ള ഇവിടത്തെ കാബിനറ്റിന് നോ പ്രോബ്ലം! വൃത്തിയായി കഴുകിയതോടെ അടുക്കള വീണ്ടും കുട്ടപ്പനായി.

1M


പ്രളയം കഴിഞ്ഞതോടെ അലുമിനിയം, സ്റ്റീൽ അടുക്കളകൾക്ക് ജനപ്രീതി കൂടി. തടിയിലേതു പോലെ പ്രാണി ശല്യമില്ല, ചൂട് അടിച്ചാലോ നനഞ്ഞാലോ കുഴപ്പമില്ല, നിറം മങ്ങില്ല തുടങ്ങിയ ഗുണങ്ങൾ അലുമിനിയം അടുക്കളയുടെ ഡിമാൻഡ് കൂട്ടുന്നു. വൃത്തിയാക്കാനും എളുപ്പമാണ്. നനഞ്ഞ തുണി കൊണ്ട് തുടയ്ക്കാം. ചൂടുവെള്ളം ഉപയോഗിച്ചും വൃത്തിയാക്കാം.
അലുമിനിയം കോംപസിറ്റ് പാനൽ (എസിപി), ഹൈ പ്രഷർ ലാമിനേറ്റഡ് ഷീറ്റ് (എച്ച്പിഎൽ) എന്നീ രണ്ടു തരം അലുമിനിയം ഷീറ്റ് ഉപയോഗിച്ചാണ് കിച്ചൻ കാബിനറ്റ് നിർമിക്കുന്നത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഷീറ്റുകളും ലഭ്യമാണ്.. ഫ്രെയിമുകൾ അലുമിനിയത്തിലും അകത്തെ പാർട്ടീഷനുകൾ എസിപിയിലുമാണ് നിർമിക്കുന്നത്.


കണ്ടാൽ തടിയാണെന്നു തോന്നുന്ന രീതിയിൽ വുഡൻ ഫിനിഷിലും ചെയ്തെടുക്കാം. പ്ലെയിൻ നിറങ്ങളിലുള്ള കാബിനറ്റ് എസിപിയിൽ നിർമിക്കുമ്പോൾ ഡിസൈനുള്ളതും തടിയുടെ ഫിനിഷിലുള്ളതും എച്ച്പിഎല്ലിലാണ് പണിയുന്നത്. നാൽപതോളം നിറങ്ങളിൽ ലഭ്യമാണ്. മൂന്ന് എംഎം കനമുള്ള എസിപി ഷീറ്റ്, ഒരു എംഎം  കനമുള്ള അലുമിനിയം ഫ്രെയിം,  മൂന്ന് എംഎം കനമുള്ള എച്ച്പിഎൽ എന്നിവയാണ് ഉപയോഗിക്കുന്നത്. ആജീവനാന്തം ഉപയോഗിക്കാമെന്നതാണ് അലുമിനിയം അടുക്കളയുടെ പ്രധാന മേന്മയായി പറയുന്നത്.
കടപ്പാട്: അറ്റ്ലസ് കിച്ചൻ & ഇന്റീരിയേഴ്സ്, തിരുവനന്തപുരം, ഫോൺ: 80780 90000