Tuesday 26 September 2023 02:35 PM IST

ഒറിജിനലിനെ വെല്ലും ; ഏതു വിദഗ്ധനെയും കെണിയിൽ വീഴ്ത്താൻ ഈ കല്ലുകൾക്കാകും

Sreedevi

Sr. Subeditor, Vanitha veedu

cladd2

പരമ്പരാഗത രീതിയിൽ വെട്ടുകല്ലോ ഇഷ്്ടികയോ നിര തെറ്റാതെ അടുക്കി, സിമന്റ് പരക്കാതെ ഇടയിൽ പോയിന്റ് ചെയ്യാൻ വിദഗ്ധരായ തൊഴിലാളികൾ വേണം. എന്നാൽ ഭിത്തി നിർമാണത്തിന് വരുന്ന തൊഴിലാളികൾ മിക്കവരും വൃത്തിയായി ഭിത്തി നിർമിക്കാനുള്ള ക്ഷമ കാണിക്കാത്തവരാണ്. കട്ടകളിലേക്ക് സിമന്റ് പടർന്നും ഇഷ്ടികകൾ നിരയൊത്തത് അല്ലാത്തതും മൂലം തേപ്പ് ഒഴിവാക്കാൻ തീരുമാനിക്കുന്ന ഭിത്തികൾ പോലും തേക്കേണ്ടി വരാറുണ്ട്. ഇത് ചെലവു കൂട്ടും. മാനുഫാക്ചേർഡ് സാൻഡ് ഉപയോഗിക്കുകയാണെങ്കിൽ മിനുസമായി തേക്കാനുള്ള പ്രയാസവുമുണ്ട്. അവിടെയാണ് ക്ലാഡിങ്ങിന്റെ പ്രസക്തി കൂടുന്നത്.

വീടിന്റെ അകത്തോ പുറത്തോ ഏതെങ്കിലുമൊരു ഭിത്തി ഹൈലൈറ്റ് ചെയ്യാനോ ഭിത്തികളുടെ വിരസതയകറ്റാനോ ആണ് ക്ലാഡിങ് ചെയ്യുന്നത്. അഞ്ചാറ് വർഷം മുൻപ് വരെ പുതിയ വീടുകളിലെല്ലാം ക്ലാ‍ഡിങ് ട്രെൻഡ് ആയിരുന്നു. സാൻഡ്സ്റ്റോൺ, ഗ്രാനൈറ്റ്, കോട്ട സ്റ്റോൺ പോലുള്ള പ്രകൃതിദത്ത കല്ലുകളായിരുന്നു അക്കാലത്ത് ക്ലാഡിങ്ങിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്നത്.

cladd1

എന്നാൽ ട്രോപ്പിക്കൽ ശൈലിയിലുള്ള വീടുകൾ വളരെ സാധാരണമായതോടെ ക്ലാഡിങ്ങിന് തിരഞ്ഞെടുക്കുന്ന ഉൽപന്നങ്ങളിൽ മാറ്റം വന്നു. വെട്ടുകല്ല്, ഇഷ്ടിക, ടെറാക്കോട്ട എന്നിവയാണ് പുതിയ വീടുകളുടെ ക്ലാഡിങ്ങിന് കൂടുതൽ ഉപയോഗിച്ചു വരുന്നത്.

പെയിന്റ് അടിക്കുന്നതോ വോൾപേപ്പർ ഒട്ടിക്കുന്നതോ പോലെ ഭിത്തിക്ക് അലങ്കാരം മാത്രമാണ് ക്ലാഡിങ്ങും. വെട്ടുകല്ലോ ഇഷ്ടികയോ സിമന്റ് കട്ടയോ ഉപയോഗിച്ച് ഭിത്തി നിർമിച്ച് തേച്ചതിനു ശേഷം ക്ലാഡിങ്ങിന് ഉപയോഗിക്കുന്ന നാച്വറൽ സ്റ്റോണിന്റെ പാളി ഒട്ടിക്കുകയാണ് ചെയ്യുന്നത്. ക്ലാഡിങ് ചെയ്യാൻ കനം കുറഞ്ഞ പാളികളായി വെട്ടുകല്ലും ഇഷ്ടികയും വിപണിയിൽ ലഭിക്കുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നാണ് ക്ലാഡിങ്ങിനുള്ള വെട്ടുകല്ലും ഇഷ്ടികയും എത്തുന്നത്.

12X6, 12X7, 12X8, 10X8, 10X7 ഇഞ്ച് വലുപ്പത്തിൽ വെട്ടുകല്ല് ക്ലാഡിങ് പീസുകൾ ലഭിക്കും. അര മുതൽ മുക്കാൽ ഇഞ്ച് വരെയാണ് കനം. ചതുരശ്രയടിക്ക് 120-150 രൂപയാണ് ക്ലാഡിങ് ചെയ്യാനുള്ള വെട്ടുകല്ല് പാളിയുടെ വില. മഞ്ഞയുടെയും ചുവപ്പിന്റെയും കറുപ്പിന്റെയും ഏറ്റക്കുറച്ചിലുള്ള പാളികൾ ലഭിക്കും. എട്ടര ഇഞ്ച് നീളവും രണ്ടേമുക്കാൽ ഇഞ്ച് വീതിയുമുള്ള ഇഷ്ടിക പാളികളാണ് ക്ലാഡിങ്ങിനു ലഭിക്കുന്നത്. ഇതിനും അരയിഞ്ചോളമേ കനം കാണൂ. ചതുരശ്രയടിക്ക് 35 മുതലാണ് ക്ലാഡിങ് ചെയ്യാനുള്ള ഇഷ്ടികയ്ക്ക് വില വരുന്നത്.

ക്ലാഡിങ് ചെയ്യാനുള്ള കല്ലിന് കനം കൂടിയാൽ, ഒട്ടിക്കുമ്പോൾ അടർന്നു വീഴാൻ സാധ്യതയുണ്ട്. കനം കുറഞ്ഞാൽ എടുത്തു വയ്ക്കുമ്പോഴും മറ്റും പൊട്ടിപ്പോകാനും സാധ്യതയുണ്ട്. ആറോ എട്ടോ എണ്ണമടങ്ങുന്ന ബോക്സ് ആയാണ് ക്ലാഡിങ് സ്റ്റോൺ ലഭിക്കുന്നത്. ഒരേ നിറമുള്ള കല്ലുകളാകും ഒരു ബോക്സിൽ. പാക്കറ്റ് തുറന്നു പരിശോധിച്ച് പൊട്ടലുകളോ കേടുപാടുകളോ ഇല്ല എന്ന് ഉറപ്പു വരുത്തിവേണം വാങ്ങാൻ.

സിമന്റ് സ്ലറി ഉപയോഗിച്ചോ പശ കൊണ്ടോ ആണ് ഭിത്തിയിൽ ഒട്ടിക്കുന്നത്. നാച്വറൽ സ്റ്റോൺ സിമന്റിൽ ഒട്ടിക്കുമ്പോൾ നിരപ്പ് വ്യത്യാസം വരാൻ സാധ്യതയുണ്ട്. ചില കല്ലുകൾ പൊങ്ങിയും ചിലത് താണുമിരിക്കാം. പശയാണെങ്കിൽ ആ പ്രശ്നം ഒഴിവാക്കാം. നേരിട്ട് ചൂട് അടിക്കുമെന്നതിനാൽ വീടിന്റെ എക്സ്റ്റീരിയറിൽ ഉപയോഗിക്കുമ്പോഴും പശ തന്നെയാണ് നല്ലത്. അടർന്നുവീഴാൻ സാധ്യത കൂടുതലുണ്ടെന്ന് ഇഷ്ടികയെക്കുറിച്ച് പരാതിയുണ്ട്. വെട്ടുകല്ല് ആയാലും ഇഷ്ടികയായാലും ഒട്ടിച്ച ഉടൻ സ്പോഞ്ച് അല്ലെങ്കിൽ കോട്ടൻ വേസ്റ്റ് കൊണ്ട് നന്നായി തുടച്ച് വൃത്തിയാക്കണം. സിമന്റോ പശയോ കല്ലുകളിൽ പറ്റിപ്പിടിച്ചാൽ ഭാവിയിൽ അത് കൂടുതൽ തെളിഞ്ഞുവരാൻ സാധ്യതയുണ്ട്. രണ്ടോ മൂന്നോ ദിവസം നന്നായി നനയ്ക്കുകയും വേണം.

ട്രോപ്പിക്കൽ വീടുകളിൽ ക്ലാഡിങ്ങിന് കൂടുതൽ ഉപയോഗിക്കുന്ന മറ്റൊരു ഉൽപന്നമാണ് ടെറാക്കോട്ട ടൈൽ. നാടനും ഇറക്കുമതി ചെയ്തതുമായ ടെറാക്കോട്ട ടൈലുകൾ വിപണിയിലുണ്ട്. നാടൻ ടൈലുകൾ ഒന്നിന് 10 രൂപ നിരക്കിൽ ലഭിക്കും. 240X60X9 എംഎം ആണ് അളവ്. ടെറാക്കോട്ടയുടേത് ചുവന്ന നിറത്തിൽ മാത്രമേ ലഭിക്കൂ. കോഴിക്കോട്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലുള്ള ഓട് നിർമാണശാലകളിലാണ് ഇത്തരം ടൈലുകൾ നിർമിക്കുന്നത്.

എന്നാൽ ഇറക്കുമതി ചെയ്യുന്ന ടൈൽ പല വലുപ്പത്തിലും ചുവപ്പിന്റെ തന്നെ വ്യത്യസ്ത ഷേഡിലും വിപണിയിലുണ്ട്. 60 എംഎം വീതിയും 9 എംഎം കനവുമാണ് ഇറക്കുമതി ചെയ്യുന്ന ടൈലുകളുടെ പൊതുവായ അളവുകൾ. 240 എംഎം, 400 എംഎം നീളത്തിലുള്ള ടൈലുകൾ ഈ വിഭാഗത്തിലുണ്ട്. ഇളം ചുവപ്പ് മുതൽ കറുപ്പിനോടു ചേർന്ന ഷേഡ് വരെ ഇറക്കുമതി ചെയ്യുന്ന ടൈലിൽ ലഭിക്കും.

കടപ്പാട്: വലിയവീട്ടിൽ സ്റ്റോൺ വർക്സ്, മാഞ്ഞൂർ, കോട്ടയം

വിബി ഇൻഫ്രാ, വടക്കാഞ്ചേരി, തൃശൂർ