Tuesday 26 November 2019 06:12 PM IST : By സ്വന്തം ലേഖകൻ

സ്റ്റോർ റൂം ഭിത്തിയിൽ, ഫ്രിജ് കബോർഡിൽ, അന്നം അന്നന്നേക്കു മാത്രം; ഇതാണ് ന്യൂജനറേഷൻ അടുക്കള

h-1

അടുക്കളയിലേക്കു കയറിയാൽ ഒന്നും കാണില്ല. എന്നാൽ എല്ലാം ഉണ്ടായിരിക്കും താനും. പുതിയ വീടുകളുടെ അടുക്കളയെല്ലാം അങ്ങനെയാണ്. സ്റ്റോർ റൂം ഇല്ലാതെ വീട് പൂർണമാകില്ല എന്ന ചിന്ത ഇപ്പോഴും പലർക്കുമുണ്ട്. അടുക്കളയിലെ ഒരു മുഴുവനായി ഭിത്തി സ്റ്റോർ പണിയലാണ് പുതിയ ട്രെൻഡ്. അടുക്കളയുടെ ഏറ്റവും വലിയ ഭിത്തിയിൽ കബോർഡ് പണിത്, സ്റ്റോർ റൂമിൽ വയ്ക്കുന്ന സാധനങ്ങൾ അവിടെ സൂക്ഷിക്കാം. സ്റ്റോർ റൂം നിർമിക്കാനുള്ള സ്ഥലം, ചെലവ് എന്നിവ ലാഭിക്കാം. എന്തെങ്കിലും എടുക്കാൻ സ്റ്റോറിലേക്ക് ഓടേണ്ട എന്നതാണ് മറ്റൊരു ഗുണം. ജോലിക്കാരായ വീട്ടുകാർ അടുക്കളയിൽതന്നെയുള്ള സ്റ്റോറിനെ ഇഷ്ടപ്പെടുന്നതിനു കാരണം ഇതാണ്. ‘ടോൾ യൂണിറ്റ്’ എന്നു പേരുള്ള, തറ മുതൽ സീലിങ് വരെ ഉയരമുള്ള കാബിനറ്റ് നിർമിച്ചും സ്റ്റോറേജ് അടുക്കളയിൽ ഒതുക്കാം.

h-2

സാധനങ്ങൾ വാങ്ങുന്ന കാര്യത്തിലുമുണ്ട് പഴയ തലമുറയും പുതു തലമുറയും തമ്മിൽ വ്യത്യാസം. ഒരു മാസത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ചു വാങ്ങുന്ന ശീലം പുതിയ തലമുറയ്ക്കില്ല. വീടിനോടു ചേർന്നുതന്നെ സൂപ്പർ മാർക്കറ്റുകൾ ഇഷ്ടംപോലെയുള്ളപ്പോൾ എന്തിന് വീട്ടിലെ സ്ഥലം നഷ്ടപ്പെടുത്തുന്നു. ദിവസംപ്രതി പുതിയ ഉൽപന്നങ്ങളും സൗകര്യങ്ങളും സൂപ്പർ മാർക്കറ്റിൽനിന്നു ലഭിക്കുകയും ചെയ്യും.

h3

മോഡുലാർ അടുക്കളകളിൽ സ്റ്റോർ റൂം മാത്രമല്ല, ഫ്രിജും അവനും ഡിഷ്‌വാഷറുമെല്ലാം കബോർഡിനുള്ളിലാണ്. ഫ്രിജിന്റെയും മറ്റ് ഉപകരണങ്ങളുടെയും വാതിൽ കബോർഡുകളിലേതിനു യോജിക്കുന്ന വിധത്തിലാക്കിത്തരും നിർമാതാക്കൾ. വൃത്തിയായ അടുക്കള മനസ്സിനും പോക്കറ്റിനും ഇണങ്ങും.

Tags:
  • Architecture