Tuesday 13 July 2021 02:20 PM IST : By സ്വന്തം ലേഖകൻ

വീട്ടുകാരി ഇന്റീരിയർ ഒരുക്കിയപ്പോൾ, വിക്‌ടോറിയൻ, ബൊഹീമിയൻ ശൈലികളുടെ മിശ്രണം

flat anitha 1

ലോക്‌ഡൗൺ കാലത്താണ് ഫ്ലാറ്റിൽ താമസിച്ചിരുന്ന അനിത ചെറിയാനും ജോയ് ടി. ആന്റണിക്കും മുറ്റവും പൂന്തോട്ടവുമൊക്കെ വേണമെന്ന് തോന്നിയത്. എന്നാൽ ഈ ആഗ്രഹം ഒരു ഫ്ലാറ്റിൽ തന്നെ സാധിക്കുമെന്ന് അവർ വിചാരിച്ചതേയില്ല. അതുകൊണ്ടുതന്നെ ഇഷ്ടം പോലെ ഗാർഡൻ സ്പേസും ബാക്‌യാർഡുമൊക്കെയുള്ള ഈ അപാർട്മെന്റ് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല; വാങ്ങി. കൊച്ചി കലൂരിലെ ഈ ഫ്ലാറ്റിന്റെ വിസ്തീർണം 1750 ചതുരശ്രയടിയാണ്. ഗാർഡൻ സ്പേസ് 1200 ചതുരശ്രയടിയും. വക്കീലായ അനിതയാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയത്. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുള്ള ജോയ്, ഇന്ത്യന്‍ ബാഡ്മിന്റൻ ടീമിന്റെ കോച്ചാണ്.

ലിവിങ് ഏരിയ:- വൃത്തിയാക്കാനുള്ള എളുപ്പത്തിനും മുറിക്ക് വിശാലത തോന്നിക്കാനും ലളിതമായ ഡിസൈനിലുള്ള ഫർണിച്ചറാണ് നൽകിയത്. മഹാഗണി തടി കൊണ്ടുള്ള സോഫയ്ക്കും കസേരകൾക്കും വെള്ള നിറം നൽകി. വിക്ടോറിയൻ ഡിസൈനിലുള്ള വോൾ ടൈൽ ആണ് ചുമരിൽ. ജോയ്‌യുടെ പുരസ്കാരങ്ങൾ വയ്ക്കാൻ ‘അച്ചീവ്മെന്റ് കോർണർ’ എന്നു പേരിട്ട ഇടവുമുണ്ട് ലിവിങ്ങിൽ.

flat anitha 4

ഗാർഡൻ:- അപാർട്മെന്റിന്റെ ഹൈലൈറ്റായ ഗാർഡൻ സ്പേസിൽ പല നിറത്തിലുള്ള മൊറോക്കൻ ടൈൽ നൽകി. വെള്ള നിറത്തിലുള്ള ഫർണിച്ചർ ഇട്ടു. വാക് വേയിൽ കല്ല് പാകി. നിലത്ത് കൃത്രിമപ്പുല്ല് വിരിച്ചത് ഫ്ലാറ്റ് ആയതിനാൽ താഴേക്ക് വെള്ളമിറങ്ങുമ്പോഴുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ്. ഗാർഡൻ സ്പേസിലേക്ക് പുറത്തുനിന്ന് നേരിട്ട് പ്രവേശിക്കാൻ ഗെയ്റ്റുമുണ്ട്. ഇതു കൂടാതെ ബാക്‌യാർഡുമുണ്ട്. അവിടെ പച്ചക്കറി നട്ടുപിടിപ്പിച്ചു. ഇവിടെനിന്നും അടുക്കളയിൽ നിന്നും അവിടേക്കെത്താം.

flat anitha 2

കിച്ചൻ:- കൊളോണിയൽ ശൈലിയിലാണ് കിച്ചൻ ഒരുക്കിയത്. വെള്ള നിറം ബാലൻസ് ചെയ്യാൻ നീല നിറത്തിലുള്ള മൊറോക്കൻ ടൈലിനെ കൂട്ടുപിടിച്ചു. വെള്ളÐനീല കോംബിനേഷനിലാണ് കിച്ചൻ. ഗർജൻ പ്ലൈ കൊണ്ടാണ് കാബിനറ്റുകൾ. നനഞ്ഞാലും കുഴപ്പമില്ല. ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കാമെന്ന് അനിത പറയുന്നു. കാബിനറ്റുകൾക്ക് വെള്ളനിറത്തിൽ മാറ്റ് ഫിനിഷിൽ പിയു പെയിന്റ് ചെയ്തു. നാനോ വൈറ്റ് കൊണ്ടാണ് കൗണ്ടർടോപ്.

flat anitha 3

ഡൈനിങ്:- വലിയ ഹാളിന്റെ ഭാഗമാണ് ലിവിങ്ങും ഡൈനിങ്ങും. ഊണുമേശയും കസേരകളും തേക്കിൻതടിയിൽ പണികഴിപ്പിച്ചു. ഒരു വശത്ത് ബെഞ്ച് ആണ്. സ്ഥലം അധികം നഷ്ടപ്പെടുത്താത്ത രീതിയിലുളള ഡിസൈൻ ആണ് മേശയ്ക്കും കസേരകൾക്കും. മേശയ്ക്കു പിന്നിലായി മുഴുനീളൻ കണ്ണാടി നൽകി. ഭംഗിക്കൊപ്പം വിശാലത തോന്നിക്കാനും കൂടിയാണ് ഇത്. ലിവിങ്ങിനും ഡൈനിങ്ങിനും നടുവിലായി പ്രെയർ ഏരിയയും നൽകി.

flat anitha 5

വാഷ് ഏരിയ:- സ്വകാര്യത ഉറപ്പാക്കാൻ ചെറിയ പാർട്ടീഷൻ വഴി വാഷ് ഏരിയയെ വേർതിരിച്ചു. ഇന്റീരിയർ തീമിനിണങ്ങുന്ന കണ്ണാടി ഫോർട് കൊച്ചിയിൽനിന്ന് തേടിയെടുത്തതാണ്. ചുമരിൽ റസ്റ്റിക് ഫിനിഷിലുള്ള വോൾ ടൈൽ ഒട്ടിച്ചു.

flat anitha 6

ബെഡ്‌റൂം:- സ്റ്റോറേജുള്ള കട്ടിലുകൾ കൊളോണിയൽ ശൈലിയിൽ പണിയിപ്പിച്ചു. മൾട്ടിവുഡിലാണ് ഇവ പണിതത്. ഭാരക്കുറവാണെന്നതാണ് ഗുണം. മാസ്റ്റർ ബെഡ്റൂമിലെ ഡ്രസ്സിങ് ടേബിൾ ആന്റിക് വിപണിയിൽ നിന്ന് കണ്ടെത്തിയതാണ്. വെള്ള നിറമടിച്ച് തീമിന് ഇണങ്ങിയതാക്കി. ചുമരിൽ ടെക്സ്ചർ പെയിന്റ് ചെയ്തു. കിഡ്സ് ബെഡ്റൂമിന്റെ തീം നീലയാണ്. വെള്ള–നീല കോംബിനേഷനിലാണ് ഇത്. ചുമരിൽ ടെക്സ്ചർ പെയിന്റ് ചെയ്തു. അനിതയും ഒരു പണിക്കാരനും കൂടിയാണ് ചുമരുകളിലെ ടെക്സ്ചർ പെയിന്റ് ചെയ്തത്. ഒരു കിടപ്പുമുറിയിലെ വാഡ്രോബിന്റെ ഷട്ടറിന് അക്രിലിക് നൽകി. മറ്റുള്ളതിൽ മാറ്റ് ഫിനിഷിൽ വെള്ള പെയിന്റ് കൊടുത്തു.

flat anitha 7

ക്ലേ ആർട്ടിസ്റ്റ് കൂടിയായ അനിത ചെയ്ത ക്ലേ ആർട്ടുകളും വീടിന് അലങ്കാരമേകുന്നു. നെയിംബോർഡും മറ്റ് കൗതുക വസ്തുക്കളും അനിതയുടെ വിരലിൽ വിരിഞ്ഞവയാണ്. അകത്തും പുറത്തും നിറയെ ചെടികൾ നൽകിയത് പോസിറ്റീവ് ഊർജം നൽകുന്നുവെന്ന് അനിത പറയുന്നു.

Tags:
  • Vanitha Veedu