പ്രതിസന്ധികൾ പുതിയ ജീവിതത്തിലേക്കുള്ള പാലങ്ങളായി മാറാറുണ്ട് പലർക്കും. ജീവിതം വഴിമുട്ടി നിൽക്കുന്ന ഘട്ടത്തിൽ സ്വയം കണ്ടെത്തിയ ഒരാളാണ് തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള കോടാലി സ്വദേശി മജോ. മ്യൂറൽ പെയിന്റിങ്ങിന്റെ വർണാഭമായ ലോകത്ത് സന്തോഷവാനാണ് ഇന്ന് മജോ.

ചെറിയ ചില ശാരീരിക പ്രശ്നങ്ങളിൽ തുടങ്ങി വൃക്കമാറ്റത്തിൽ കലാശിച്ച ഒരു രോഗകാലം മജോയ്ക്ക് ഉണ്ടായിരുന്നു. ശസ്ത്രക്രിയയും തുടർന്നുണ്ടായ വിശ്രമവുമെല്ലാം മജോയെ അതുവരെ ചെയ്തിരുന്ന ഫൊട്ടോഗ്രഫർ ജോലിയിൽ തുടരാനാകാത്ത വിധത്തിൽ ബാധിച്ചു. ‘‘ശസ്ത്രക്രിയയ്ക്കു ശേഷം തൃശൂർ ആകാശവാണിയിലെ അനൗൺസർ ആയി ജോലി ചെയ്തു തുടങ്ങി. അവിടത്തെ സഹപ്രവർത്തക പൗർണമി വഴി പരിചയപ്പെട്ട, തൃശൂർ ഭവൻസിലെ എൻ. വി. ലതാകുമാരി ടീച്ചറാണ് മ്യൂറൽ പെയിന്റിങ്ങിന്റെ ഒരു ക്യാംപിൽ പങ്കെടുക്കാൻ വിളിച്ചത്. അങ്ങനെ ജീവിതം ചിത്രരചനയിലേക്ക് തിരിഞ്ഞു,’’ മജോ പറയുന്നു. വാട്ടർ കളർ പെയിന്റിങ് പ്രിയപ്പെട്ടതാണെങ്കിലും വരുമാനമാർഗം എന്ന നിലയ്ക്കാണ് മ്യൂറൽ പെയിന്റിങ് തിരഞ്ഞെടുത്തത്.
കാൻവാസിലാണ് മജോ പ്രധാനമായി അക്രിലിക് പെയിന്റിങ് ചെയ്യുന്നത്. കൂടാതെ, വസ്ത്രങ്ങളിലും കുപ്പികളിലുമൊക്കെ മ്യൂറൽ ശൈലിയിൽ വരച്ചു കൊടുക്കുന്നുമുണ്ട്.
പുരാണകഥാസന്ദർഭങ്ങളും മിത്തുകളും കൂടാതെ ഏതെങ്കിലും പ്രത്യേക കഥാപാത്രങ്ങളോ സന്ദർഭങ്ങളോ ആരെങ്കിലും ആവശ്യപ്പെട്ടാൽ അതും ചെയ്തു കൊടുക്കാറുണ്ട്. കാൻവാസിൽ വരയ്ക്കുമ്പോൾ ചതുരശ്രയടിക്ക് 2,000 രൂപ മുതലാണ് ചെലവു വരിക. ചിത്രത്തിൽ മനുഷ്യരൂപങ്ങളും വിശദാംശങ്ങളും കൂടുന്നതനുസരിച്ച് ചെലവും കൂടും.

മരങ്ങൾ, പൂക്കൾ, മയിൽ തുടങ്ങിയ പ്രകൃതിദൃശ്യങ്ങളും മ്യൂറൽ രൂപത്തിൽ മജോ കാൻവാസിലാക്കാറുണ്ട്. ആവശ്യമനുസരിച്ച് ചിത്രം ഫ്രെയിം ചെയ്തു കൊടുക്കുകയും ചെയ്യും. വസ്ത്രങ്ങളിലെ മ്യൂറൽ പെയിന്റിങ്ങിനാണ് കൂടുതൽ ഓർഡർ കിട്ടാറുള്ളതെന്ന് മജോ പറയുന്നു. വിവാഹങ്ങൾക്കെല്ലാം ഒരുപോലുള്ള ഡിസൈനുകൾ കൂടുതൽ അളവിൽ ആവശ്യപ്പെടുന്നവർ ഒരുപാടുണ്ട്.
പരമ്പരാഗത നിറങ്ങളാണ് മജോയുടെ മ്യൂറൽ പെയിന്റിങ്ങുകളിൽ കൂടുതൽ കാണുന്നത്. പ്രത്യേകം ആവശ്യപ്പെടുന്നവർക്ക് വയലറ്റ്, പിങ്ക് പോലുള്ള നിറങ്ങൾ ചെയ്തു തരാനും തയാറാണ്. കാൻവാസിൽ ചിത്രം വരച്ചു കഴിഞ്ഞ് മുകളിൽ രണ്ട് കോട്ട് വാർണിഷ് അടിക്കുന്നതിനാൽ ഇടയ്ക്കിടെ തുടയ്ക്കുക മാത്രമേ ചിത്രത്തിന്റെ മിഴിവ് നിലനിർത്താൻ ചെയ്യേണ്ടതുള്ളൂ. അകത്തളത്തിൽ വയ്ക്കാൻ പെൻസിൽ ഡ്രോയിങ്ങുകളും വാട്ടർകളർ പെയിന്റിങ്ങുകളും ചെയ്യാറുണ്ട്. സഞ്ചിത എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കൂടുതൽ വിപണനം നടക്കുന്നത്.
sanchithamart@gmail.com ഫോൺ: 98955 13537