Saturday 31 October 2020 02:29 PM IST : By സിനു ചെറിയാന്‍

അഞ്ച് സെന്റിലെ വീടിന് ഭൂമിക്കടിയില്‍ പോര്‍ച്ച്, ചടച്ചിത്തടി കൊണ്ട് സ്‌റ്റെയര്‍കെയ്‌സ്; സ്ഥലവും കാശും ഒരുപോലെ ലാഭിച്ച ബുദ്ധി

porch-home-cover

ആകെയുളളത് അഞ്ച് സെന്റ്. വീടിനൊപ്പം ആവശ്യത്തിന് മുറ്റവും കിണറുമൊക്കെ വേണംതാനും. എന്തു ചെയ്യും? വീടിനടിയിലായി അണ്ടര്‍ഗ്രൗണ്ട് ഫ്‌ലോറില്‍ കാര്‍പോര്‍ച്ചും െ്രെഡവേഴ്‌സ് റൂമും ഒരുക്കിയാണ് ഹൈക്കോടതി അഭിഭാഷകനായ ആര്‍.രെഞ്ചിത്ത് ഇതിനു പരിഹാരം കണ്ടത്. മൂന്ന് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം അണ്ടര്‍ഗ്രൗണ്ട് പോര്‍ച്ചിലുണ്ട്. മെയിന്‍ ഗെയ്റ്റില്‍ നിന്ന് നേരെ പോര്‍ച്ചിലേക്കെത്താം.

രഞ്ചിത്തിന്റെ മനസ്സറിഞ്ഞ് ഡിസൈനര്‍ ശ്രീജിത്താണ് ഇത്തരത്തില്‍ വീട് രൂപകല്‍പന ചെയ്തത്. ഇതിനായി നീക്കം ചെയ്ത മണ്ണ് പ്ലോട്ട് ലെവല്‍ ചെയ്യുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. പോര്‍ച്ചിന്റെയും ഔട്ട്ഹൗസിന്റെയും സ്ഥലം ലാഭിക്കാനായതോടെ മുറ്റത്തിനും കിണറിനുമൊക്കെ  ആവശ്യത്തിനു സ്ഥലം നല്‍കിത്തന്നെ 2800 സ്‌ക്വയര്‍ഫീറ്റ് വലുപ്പമുള്ള ഇരുനില വീട് നിര്‍മിക്കാനായി.

renjith-home-2
renjith-home-99

തൃക്കാക്കര ജഡ്ജി മുക്കിലുള്ള അഞ്ച് സെന്റിലാണ് രെഞ്ചിത്തിന്റെ വീട്. ആവശ്യത്തിനു കാറ്റും വെളിച്ചവുമൊക്കെ ലഭിക്കുന്ന രീതിയില്‍ വേണം വീട് എന്ന് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ 11 അടി പൊക്കം നല്‍കിയാണ് ഒന്നാംനില വാര്‍ത്തത്. ജനാല, വെന്റിലേഷന്‍ എന്നിവയും കൃത്യമായി നല്‍കി. ലിവിങ് സ്‌പേസിനോടു ചേര്‍ന്ന് പര്‍ഗോള ഡിസൈനിലുള്ള സ്‌കൈലൈറ്റ് ഓപനിങ് കൂടി നല്‍കിയതോടെ ചൂടിന് പരിഹാരമായി. സ്‌കൈലൈറ്റ് ഓപനിങ്ങിന് അടിയിലായി അലങ്കാര വെള്ളച്ചാട്ടം ക്രമീകരിച്ചതിനാല്‍ വീടിനുള്ളില്‍ എപ്പോഴും ഇളംതണുപ്പുള്ള അന്തരീക്ഷം ഉറപ്പാക്കാനായി.

renjith-home-7
renjith-home-5

സിറ്റ്ഔട്ട്, സ്വീകരണമുറി, ഓഫിസ് റൂം, ഡൈനിങ്, അടുക്കള എന്നിവയാണ് വീടിന്റെ ഒന്നാം നിലയിലുള്ളത്. മൂന്ന് കിടപ്പുമുറിയും ഫാമിലി ലിവിങ്ങും രണ്ടാം നിലയില്‍ വരുന്നു. ടെറസിനു മുകളില്‍ ട്രസ്സ് റൂഫ് നല്‍കിയിട്ടുള്ളതിനാല്‍ പഴയ സാധനങ്ങള്‍ സൂക്ഷിക്കാനും തുണി ഉണങ്ങാനുമൊക്കെ ഇഷ്ടംപോലെ സ്ഥലമുണ്ട്. വീടിന്റെ ഡിസൈനിന്റെ ഭാഗമായിത്തന്നെ വരുന്ന രീതിയിലാണ് ട്രസ്സ് റൂഫ്. 10 അടിയോളം പൊക്കമുള്ള രീതിയിലാണ് മേല്‍ക്കൂര ക്രമീകരിച്ചിരിക്കുന്നത് എന്നതിനാല്‍ ഭാവിയില്‍ മറ്റ് ആവശ്യങ്ങള്‍ക്കും ഇവിടം പ്രയോജനപ്പെടുത്താം. ഓട് മേഞ്ഞതിനാല്‍ ചൂടിന്റെ പ്രശ്‌നവുമില്ല.

renjith-home-1
renjith-home-4

ഗവണ്‍മെന്റ് ഡിപ്പോയില്‍ നിന്ന് വാങ്ങിയ തേക്കിന്‍ തടിയാണ് വാതിലും ജനലുമൊക്കെ നിര്‍മിക്കാന്‍ മുഖ്യമായും ഉപയോഗിച്ചത്. അധികമാരും ഉപയോഗിക്കാത്ത 'ചടച്ചി' ഉപയോഗിച്ചാണ് സ്‌റ്റെയര്‍കെയ്‌സിന്റെ പടികള്‍ നിര്‍മിച്ചത്. വില കുറവാണ് എന്നതാണ് ചടച്ചിയുടെ പ്രത്യേകത. എന്നാല്‍, ഫിനിഷിന്റെ കാര്യത്തില്‍ തേക്കിനോട് കിടപിടിക്കുകയും ചെയ്യും.  ഇത് മരമായിത്തന്നെ വാങ്ങുകയായിരുന്നു. ക്യുബിക് അടിക്ക് 1400 രൂപയില്‍ താഴെ മാത്രമേ ചെലവ് വരികയുള്ളു.

renjith-home-3

2019 മേയ് മാസത്തിലാണ് പണി തുടങ്ങിയത്. പൂര്‍ത്തിയാകാന്‍ ആറ് മാസം മാത്രമേ വേണ്ടിവന്നുള്ളു.  മൊണാര്‍ക്ക് ബില്‍ഡേഴ്‌സിനായിരുന്നു നിര്‍മാണച്ചുമതല.

മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം മുഴുവന്‍ സംഭരണിയിലേക്കും കിണര്‍ റീചാര്‍ജിങ്ങിനും എത്തിക്കുന്നതിനാല്‍ കുടിവെളളത്തിന് ഒട്ടും ക്ഷാമവുമില്ല.

ഡിസൈന്‍: ആര്‍.  ശ്രീജിത്ത്

പൂജ ബില്‍ഡേഴ്‌സ്, പെരുമ്പാവൂര്‍