സൗകര്യപ്രദമായി ജീവിക്കാൻ വീടുവേണം. താമസിക്കുന്ന വീടിനോട് സ്നേഹമില്ലാത്തതുകൊണ്ടല്ല, സൗകര്യക്കുറവു കൊണ്ടുമാത്രം. പുതിയ വീടുപണിയാൻ മിക്കവരുടെയും കാരണമിതാണ്. പഴയ വീടുതന്നെ മികച്ച സൗകര്യങ്ങളോടെ പുതുക്കിപ്പണിയാം എന്ന് ആർക്കിടെക്ടോ എൻജിനീയറോ ഉറപ്പു നൽകിയാൽ സന്തോഷിക്കുന്നവരാകും അതിൽ പകുതിയിലേറെയും.
തൃശൂർ അരണാട്ടുകര സ്വദേശി ഹെമിൽ ജോൺ പഴയ വീട് പൊളിച്ചു പണിയുന്നതിനാണ് ആർക്കിടെക്ട് ഫ്രാൻസി വർഗീസിനെ സമീപിച്ചത്. പക്ഷേ, ഹെമിലിന്റെ ആവശ്യങ്ങളും വീടിന്റെ ഘടനാബലവും പരിശോധിച്ചപ്പോൾ പൂർണമായി പൊളിച്ചു കളയാതെ പുതുക്കിപ്പണിയാം എന്നു മനസ്സിലായി. പുതിയ വീടിനുവേണ്ടി 50- 60 ലക്ഷം നീക്കിവച്ചിരുന്ന ഹെമിലിന് 35 ലക്ഷം കൊണ്ട് പുതുക്കിപ്പണിയൽ പൂർത്തിയായി എന്നതാണ് എടുത്തുപറയേണ്ട കാര്യം.
സൗകര്യക്കുറവുകൾ
മുപ്പത് വർഷത്തോളം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടമായിരുന്നു മുൻപുണ്ടായിരുന്നത്. 15 സെന്റിൽ 1100 ചതുരശ്രയടിയുള്ള ഒറ്റനില വീട്. പുതിയ സാഹചര്യങ്ങൾ അനുസരിച്ച് ഇരുനില വീട് ആവശ്യമായിരുന്നു ഹെമിലിനും കുടുംബത്തിനും. മാത്രമല്ല, മുറികൾ കൂറച്ചുകൂടി സൗകര്യപ്രദവും വിശാലവുമാക്കണം.
വിള്ളലുകളോ മറ്റു പ്രശ്നങ്ങളോ ഇല്ലാത്തതിനാൽ വലിയ ബലപ്പെടുത്തലുകൾ ഇല്ലാതെത്തന്നെ മുകളിലേക്ക് പണിയാമെന്ന് ആർക്കിടെക്ട് ടീം തിരിച്ചറിഞ്ഞു. ഭാരം താങ്ങേണ്ട ചിലയിടത്തു മാത്രം പുതിയ ബീമുകൾ കൊടുക്കേണ്ടിവന്നു.
ബോക്സ് ആകൃതിയിലുള്ള വീട് വേണമെന്നത് കുടുംബാംഗങ്ങളുടെ ആഗ്രഹമായിരുന്നു. പഴയ വീട് റോഡിൽ നിന്ന് കാണാൻ എളുപ്പമായിരുന്നില്ല. ആ പ്രശ്നം പരിഹരിക്കുകയും വേണം. കൂടാതെ കാലാവസ്ഥയോട് മത്സരിക്കാനുമാകില്ല. ഇതെല്ലാം മനസ്സിൽ വച്ചാണ് കന്റെംപ്രറി ശൈലിയിലുള്ള വീടും മുൻകാഴ്ചയും തയാറാക്കിയത്. മഴയോ വെയിലോ ബാധിക്കാതിരിക്കാൻ ഷേഡുകൾ പരമാവധി നീട്ടിയിട്ടു. കൂടാതെ, വീടിനു ചുറ്റും പാരപ്പെറ്റിനു മുകളിൽ ഗ്രാനൈറ്റിന്റെ കഷണം ഒട്ടിച്ച് അരികുകൾ (water cutting edges) രൂപപ്പെടുത്തി. മഴവെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങാതെ നേരെ താഴേക്ക് വീഴാൻ ഇത് സഹായിക്കുന്നു.
പഴയ വീടിന്റെ മധ്യത്തിലായിരുന്നു കാർപോർച്ച്. പോർച്ച് ഡൈനിങ് ഏരിയയിലേക്കു കൂട്ടിച്ചേർത്തതാണ് പ്രധാനമായുണ്ടായ മാറ്റം. പോർച്ചായിരുന്ന ഭാഗത്ത് ഗോവണി നിർമിച്ചു. ഇഷ്ടിക ക്ലാഡിങ് ചെയ്ത ബോക്സ് പോലെയുള്ള ഈ ഭാഗം വീടിന്റെ പുറംകാഴ്ചയുടെ പ്രധാന ആകർഷണമായി മാറി. വീടിനു മുൻവശത്ത് സ്ഥലമുള്ളതിനാൽ പുതിയൊരു കാർപോർച്ച് നിർമിക്കുകയും ചെയ്തു.
മുകളിലെ നിലയിൽ ഫാമിലി ലിവിങ് ഏരിയയും രണ്ട് ബാത്റൂം അറ്റാച്ഡ് കിടപ്പുമുറികളും കൂട്ടിച്ചേർത്തു. വീടിനു മുൻവശത്ത് ബാൽക്കണിയും ലഭിച്ചു. കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ചാണ് മുകളിലെ നില പണിതത്.
താഴത്തെ നിലയിൽ ഉണ്ടായിരുന്ന കിടപ്പുമുറികളും അവയോടു ചേർന്ന ബാത്റൂമുകളും ഘടനാപരമായ മാറ്റങ്ങളൊന്നും കൂടാതെ നിലനിർത്തി. എന്നാൽ ഇന്റീരിയർ പുതുക്കൽ ഈ മുറികളെ അടിമുടി മാറ്റി.
മാജിക് ഇന്റീരിയറിൽ
പുതുക്കിയ വീടാണെന്ന് കണ്ടാൽ തോന്നില്ല! പുതിയതാണെന്നേ തോന്നൂ. ഇന്റീരിയറിലെ ചില മാറ്റങ്ങളാണ് ഇതിനു കാരണം. ലിവിങ് റൂമിലെ ഒരു ഭിത്തി എടുത്തുമാറ്റിയത് ലിവിങ്Ð ഡൈനിങ് ഏരിയയിൽ വിശാലത കിട്ടാൻ സഹായിച്ചു.
ഇലക്ട്രിക്കൽ- പ്ലമിങ് ഫിറ്റിങ്ങുകൾ, ടൈൽ, പെയിന്റ്, ഫർണിച്ചർ ഇതെല്ലാം പുതുക്കി.
പഴയ വീടിന്റെ ജനലുകൾ പൂർണമായി മാറ്റി. തടി കൊണ്ടുള്ള ജനലുകളുടെ സ്ഥാനത്ത് യുപിവിസി കൊണ്ടുള്ള വലിയ ജനലുകൾ വന്നപ്പോൾ മുറികളിൽ വെളിച്ചം കൂടുതൽ കിട്ടി. പാളികളുടെ എണ്ണം പരമാവധി കുറയ്ക്കുന്ന വിധത്തിൽ വീതി കൂട്ടിയാണ് ജനൽ ഡിസൈൻ ചെയ്തത്. ഇത് ചെലവ് നിയന്ത്രിക്കാനുള്ള മാർഗം കൂടിയാണ്.
പ്രധാന വാതിൽ തേക്ക് കൊണ്ടുള്ളതാക്കി. പുറത്തേക്കു തുറക്കുന്ന മറ്റു വാതിലുകളെല്ലാം സ്റ്റീൽ ആണ്. താഴത്തെ മുറികളിലെ വാതിലുകൾ പോളിഷ് ചെയ്ത് ഭംഗിയാക്കി. മുകളിലെ കിടപ്പുമുറികളിലേക്ക് ഫ്ലഷ് വാതിലുകൾ തിരഞ്ഞെടുത്തു.
പുതിയ മുറികളോടു ചേർന്ന ബാത്റൂമുകൾ എല്ലാം വിശാലമാണ്. പഴയ ബാത്റൂമുകൾക്ക് ടൈലും സാനിറ്ററിവെയറും മാറ്റി പുതുമയേകി. ബാത്റൂമുകൾ ഡ്രൈÐവെറ്റ് ഏരിയ വേർതിരിച്ചതും മറ്റൊരു മാറ്റമാണ്.
വളരെ കുറച്ചു നിറങ്ങളേ അകത്തും പുറത്തും ഉപയോഗിച്ചിട്ടുള്ളൂ. വെള്ള തന്നെ പ്രധാന നിറം. സിമന്റ് ടെക്സ്ചറും ബ്രിക്ക് ക്ലാഡിങ്ങും എക്സ്റ്റീരിയറിൽ കാണാം. ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ടാണ് കബോർഡുകൾ.
കൈവരിയില്ലാതെ സിറ്റ്ഔട്ട്
പഴയ വീടിന്റെ മുൻവശത്തുണ്ടായിരുന്ന ഗ്രിൽ വർക്ക്ഏരിയയിലേക്ക് മാറ്റി. സിറ്റ്ഔട്ടിന് കൈവരി വേണ്ട എന്ന തീരുമാനം വീടിന് വിശാലത തോന്നാൻ സഹായിച്ചു. പകരം സിറ്റ്ഔട്ടിനു തൊട്ടുതാഴെ ഫിംഗർ പാം വച്ച് അതിർത്തി അടയാളപ്പെടുത്തുകയായിരുന്നു.
താന്തൂർ സ്റ്റോൺ ആണ് മുറ്റത്തു വിരിച്ചത്. കാർപോർച്ചിൽ നിന്ന് താഴേക്കു വീണു കിടക്കുന്ന രീതിയിൽ വളരാൻ വള്ളിച്ചെടികൾ ക്രമീകരിച്ചിട്ടുണ്ട്. അവ വളർന്നാൽ വീട് കൂടുതൽ സുന്ദരമാകും. ചുറ്റുമതിലും ഗേറ്റും കൂടി മാറ്റുമ്പോഴേ വീടിന് പുതുമ തോന്നൂ. ചെറിയ കൂട്ടിച്ചേർക്കലുകളും മാറ്റം വരുത്തലും മതിയാകും അതിന്.
പുതിയ വീട് തരുന്ന ഭംഗിയും സൗകര്യങ്ങളും പഴയ വീട് പുതുക്കിയാൽ കിട്ടുമോ എന്ന ആശങ്ക വീട്ടുകാർക്ക് ഉണ്ടായിരുന്നു. എന്നാൽ ആത്മാർഥതയുള്ള, നല്ലൊരു ടീം ഒപ്പമുണ്ടെങ്കിൽ പുതുക്കിപ്പണിയൽ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നാണ് ഹെമിലിന്റെയും കുടുംബത്തിന്റെയും അനുഭവം.
ചിത്രങ്ങൾ: പ്രിന്റോ ജെയിംസ്
PROJECT FACTS
Area- 2200 Sqft
House Owner – Hemil John & Rosemary
Location- Aranattukara, Trissur
Design- Ar. Francy Varghese. Wide Architects, Trissur
E-mail – widearchitectsdesignlab@gmail.com