Tuesday 25 February 2025 02:48 PM IST

ട്രെഡീഷണൽ ഡിസൈനിന്റെ മേന്മകൾ തേടി; ചെറുപ്പമായ മനസ്സിന്റെ ആശയത്തിനനുസരിച്ച്

Sona Thampi

Senior Editorial Coordinator

Aquiline7

മാണിയും ജോളിയും വീടു വയ്ക്കാൻ തീരുമാനിച്ചപ്പോൾ ഒരു കാര്യം ഉറപ്പായിരുന്നു ട്രെഡീഷണൽ രീതിയിലുള്ള വീടു മതിയെന്ന്. ചെറുപ്പമായ മനസ്സുകളുടെ പുതിയ ആശയങ്ങളാവട്ടെ എന്ന കണക്കുകൂട്ടലിൽ യുവതലമുറക്കാരിയായ ആർക്കിടെക്ട് അക്വിലിനെ വീടൊരുക്കാൻ ഏൽപിച്ചു.

Aquiline2

തൃശൂരിൽ മണ്ണുത്തി ചിറക്കേക്കോട് റോഡിലാണ് 39 സെന്റുള്ള പ്ലോട്ട്. പ്ലാനിലും ഡിസൈനിലുമെല്ലാം പരമ്പരാഗത ഡിസൈൻ അംശങ്ങളും ആധുനിക സൗകര്യങ്ങളും ചേർത്താണ് ഒാടിട്ട വീട് ഒരുക്കിയിരിക്കുന്നത്.

കൂരകളുടെ ഭംഗിയുമായി എലിവേഷൻ

Aquiline

ട്രെഡീഷണൽ ഡിസൈനിന് പ്രൗഢി കൂട്ടാൻ പല ലെവലിലുള്ള കൂരകളാണ് ആർക്കിടെക്ട് ഒരുക്കിയത്. ഒാടിട്ട പടിപ്പുര മുതൽ വെട്ടുകല്ലിലുള്ള ക്ലാഡിങ് വരെ ട്രെഡീഷണനൽ ഡിസൈനിനോട് നീതി പുലർത്തുന്നു. പടിപ്പുര തുറന്നാൽ മുറ്റത്തെ മണ്ഡപവും സിറ്റ്ഒൗട്ടും ഒക്കെ കടന്ന് ഡൈനിങ് ഏരിയയിൽ നിന്ന് പുറത്തേക്കു കടക്കുന്ന വാതിൽ വരെ നേർരേഖയിലാണ്. വീടിന് ‘അക്ഷം’ എന്ന പേരിട്ടതും അതുകൊണ്ടാണ്.

കിഴക്കോട്ട് അഭിമുഖമായ വീട്ടിലേക്ക് കിഴക്കുനിന്നും വടക്കുനിന്നും കടക്കാവുന്ന രീതിയിൽ രണ്ടു റോഡുകളിലേക്ക് ഗേറ്റ് കൊടുത്തിരിക്കുന്നു. പടിപ്പുര കയറിയാൽ കോബിൾ സ്റ്റോൺ പതിച്ച നടപ്പാതയിലൂടെ ഒാടിന്റെ മേൽക്കൂരയുള്ള മണ്ഡപ (Gazebo) ത്തിലെത്താം. പേൾഗ്രാസ്സിന്റെയും മാവുകളുടെയും മധ്യത്തിലുള്ള ഇൗ മണ്ഡപത്തിലെ തിണ്ണകൾ സുഖകരമായ ഇരിപ്പിന് സൗകര്യമൊരുക്കും.

Aquiline3

ഗസീബോയിൽ നിന്ന് ഒരു പടി താഴെ തറനിരപ്പിലൂടെ വീണ്ടും നടന്നാണ് സിറ്റ്ഒൗട്ടിലേക്കുള്ള പടികൾ കയറുന്നത്. വീടിന്റെ ഡിസൈനിൽ നിന്ന് മാറിയാണ് പോർച്ചിന്റെ നിൽപ്പ്.

തേക്കിൻ തടിയിൽ ചെയ്ത ജനൽ, വാതിലുകളുെട പണിയും ആകർഷകമാണ്. നീളൻ ജനാലകൾക്കു പുറമേ, അടുക്കളയിലെ സ്ട്രിപ് ജനലും പുറത്തുനിന്നേ കാണാം.

Aquiline4

സ്വീകരണമുറിയുടെ മേൽക്കൂരയാണ് തലയെടുപ്പോടെ പൊങ്ങി നിൽക്കുന്നത്. ഇതിനു മുകളിൽ തുണിയുണക്കാനും മറ്റുമായി ‘ആറ്റിക് സ്പേസ്’ നൽകിയിട്ടുണ്ട്. മൾട്ടിവുഡിൽ സിഎൻസി കട്ടിങ് ചെയ്ത വർക്ക് ഇൗ ഭാഗത്തിന് തലപ്പാവ് കെട്ടുന്നു. മാത്രമല്ല, രാത്രിയിൽ ഇൗ അഴികളിലുടെ പ്രകാശം പുറത്തേക്ക് പ്രസരിക്കുകയും ചെയ്യും.

ഇന്റീരിയറിൽ ഒാപ്പൺ സ്പേസുകൾ

Aquiline5

ഒാപ്പൺ സ്പേസ് വേണമെന്നതാണ് മാണിയും ജോളിയും അക്വിലിനോട് നിർബന്ധമായി ആവശ്യപ്പെട്ടിരുന്നത്. അതിനൊരു കുറവും ആർക്കിടെക്ട് വരുത്തിയിട്ടില്ല. അകത്തെ കോർട്‌യാർഡിലേക്കു തുറക്കുന്ന രീതിയിലാണ് ഡൈനിങ്, ഫാമിലി, പ്രെയർ ഏരിയ. മൂന്നു ഭാഗവും തുറന്ന കോർട്‌യാർഡിന്റെ നാലാമെത്ത അതിർ ജാളി കൊണ്ട് സുരക്ഷിതമാക്കി. ഫോൾഡിങ് രീതിയിൽ തുറക്കാവുന്ന ജനലുകളാണ് ഡൈനിങ് ഏരിയയ്ക്ക്.

വ്യത്യസ്തമായ രീതിയിലാണ് ഇവിടത്തെ പ്രാർഥനായിടവും. വെട്ടുകല്ലിൽ ക്രിസ്തുവിന്റെ രൂപമാണ് കേന്ദ്രഭാഗം. ഇതിന് എതിർവശത്ത് തുറന്ന ജനാലയും ബേ വിൻഡോയും തുറക്കുന്നത് എതിർവശത്തുള്ള കോർട്‌യാർഡിലേക്കും മീൻകുളത്തിലേക്കുമാണ്. തൂണുകളെല്ലാം സിമന്റിൽ പണിത് കരിങ്കല്ലിന്റെ ഫിനിഷിലേക്ക് കൊണ്ടുവന്നു. തേക്കിൻ തടിയിലാണ് തടിപ്പണികൾ ചെയ്തത്. പാരമ്പര്യഭംഗി മിനുക്കിയെടുക്കാൻ ഇൗ പണികൾക്കു കഴിയുന്നുണ്ട്.

Aquiline6

അഞ്ച് കിടപ്പുമുറികളാണ് ഇവിടെ. മാസ്റ്റർ ബെഡ്റൂമിൽ ബേ വിൻഡോയും മുകളിലെ രണ്ട് കിടപ്പുമുറികൾക്ക് ബാൽക്കണിയുമുണ്ട്. മുകളിലെ ബാൽക്കണി ജാളി വച്ച് ചെയ്തിരിക്കുന്നു എന്ന സവിശേഷതയുമുണ്ട്. പരമ്പരാഗത ഡിസൈനിനോട് പരമാവധി അടുത്തുനിൽക്കുമ്പോഴും സൗകര്യങ്ങൾ എല്ലാം കാലത്തിനൊത്ത്.

ചിത്രങ്ങൾ: മാർക് ഫ്രെയിംസ്

കിച്ചൺ ഡിസൈൻ: ഡിലൈഫ്