Tuesday 15 October 2019 05:29 PM IST : By സിനു ചെറിയാൻ

പഴയ പ്ലാസ്റ്റിക്കില്‍ നിന്നും നിന്ന് ഓടും പേവിങ് ടൈലും; മാലിന്യത്തെ മണിയാക്കി മാറ്റുന്ന ജേക്കബ് മാജിക്!

jacob

ആർക്കും വേണ്ടാത്ത വസ്തുക്കളാണ് തൃശൂർക്കാരൻ ജേക്കബ് കൊള്ളന്നൂരിന്റെ ഫാക്ടറിയിലെ അസംസ്കൃത വസ്തുക്കൾ. പ്ലാസ്റ്റിക്, തെർമോക്കോൾ, ഫ്ലക്സ്, റെക്സിൻ, സ്കൂൾ ബാഗ്, പഴയ ചെരുപ്പ്, െസറാമിക് വേസ്റ്റ്, ഇ വേസ്റ്റ്... തുടങ്ങി ഉപയോഗശേഷം എന്തു ചെയ്യുമെന്ന് ആർക്കും ഒരു ഐഡിയയും ഇല്ലാത്തതും, വെറുതെ വലിച്ചെറിഞ്ഞു കളയുന്നതുമായ വേസ്റ്റ് മെറ്റീരിയൽ ഇവിടെ കെട്ടിടനിർമാണവസ്തുക്കളായി മാറുന്നു. ലെതർ, സ്പോഞ്ച്, റബർ എന്നിവ മാത്രമേ ഇവിടെ എടുക്കാതെയുള്ളൂ.

മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ജേക്കബ് വിജയം കണ്ടത്. ആദ്യ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടെങ്കിലും പാഴ്‌വസ്തുക്കൾ അസംസ്കൃത വസ്തുവാക്കി മാറ്റുന്നതിന്റെ കെമിക്കൽ ഫോർമുല, യന്ത്രങ്ങൾ, ഉൽപന്നത്തിന്റെ ആകൃതിയിലുള്ള അച്ച് തുടങ്ങിയവയെല്ലാം സ്വയം വികസിപ്പിച്ചെടുക്കുന്നതിൽ ഒടുവിൽ വിജയിക്കുക തന്നെ ചെയ്തു.

പുതിയ സാങ്കേതികവിദ്യയെപ്പറ്റി അറിഞ്ഞ ചെന്നൈ കോർപറേഷൻ പ്ലാന്റ് നിർമിക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം, വൈദ്യുതി എന്നിവ സൗജന്യമായി നൽകിയെന്ന് ജേക്കബ് പറയുന്നു. 20 പ്ലാന്റുകളാണ് ചെന്നൈയിൽ വരുന്നത്. 60 ലക്ഷം രൂപയാണ് ഒരു പ്ലാന്റിന്റെ നിർമാണച്ചെലവ്.

j1

ഒരു പ്ലാന്റിൽ പ്രതിദിനം രണ്ട് ടൺ മാലിന്യം സംസ്കരിക്കാനാകും. ദിവസം 40 ടൺ മാലിന്യം കോർപറേഷൻ എത്തിച്ചുകൊടുക്കും. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം നടക്കുന്നുണ്ട്. ജനുവരിയോടെ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിക്കും.

മേച്ചിൽ ഓട്, കട്ട, റെഡിമെയ്ഡ് കട്ടിള, മുറ്റത്ത് വിരിക്കുന്ന പേവിങ് ടൈൽ തുടങ്ങിയവയാണ് ഇപ്പോൾ പ്രധാനമായും നിർമിക്കുന്നത്. പല വലുപ്പമുള്ള പ്രീ കാസ്റ്റ് സ്ലാബ്, ഇലക്ട്രിക് പോസ്റ്റ്, കടൽ സംരക്ഷണഭിത്തിക്കുള്ള സ്ലാബ് തുടങ്ങി കോൺക്രീറ്റ് കൊണ്ട് നിർമിക്കുന്ന എന്തും ഇത്തരത്തിൽ നിർമിക്കാനാകും. കോൺക്രീറ്റ് ഓടിനെയും കട്ടയെയും അപേക്ഷിച്ച് കുറഞ്ഞ വിലയിൽ ഇവ വിപണിയിലെത്തിക്കാനാണ് പദ്ധതി.

j2