Thursday 13 December 2018 11:01 AM IST : By സ്വന്തം ലേഖകൻ

ഹോട്ടൽ വെയിറ്ററിൽ നിന്ന് മികച്ച നടനിലേക്ക്; അക്ഷയ് കുമാറിന്റെ ജീവിതം ഇങ്ങനെ

akshay2 ഫോട്ടോ: രാജ് ചതുർവേദി

എട്ടു വർഷം മുമ്പ് സ്റ്റാർ സ്ക്രീൻ അവാർഡ്സിന്റെ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മികച്ച ജനപ്രിയ നടനെ പ്രഖ്യാപിച്ചത് ബോളിവുഡിന്റെ സ്വപ്നസുന്ദരി രേഖ. എന്നാൽ വേദിയിലെത്തി അവാർഡ് സ്വീകരിച്ചതിനു ശേഷം മൈക്ക് കൈയിലെടുത്ത് സാക്ഷാൽ അക്ഷയ് കുമാർ പറഞ്ഞതിങ്ങനെ. ‘‘ഈ അവാർഡിന് എന്നെക്കാളും നൂറു മടങ്ങ് അർഹതയുള്ള നടൻ ആമിർ ഖാനാണ്. അതിനാൽ ഈ അവാർഡ് സന്തോഷത്തോടെ  ഞാൻ അദ്ദേഹത്തിനു സമർപ്പിക്കുന്നു.”

എട്ടു വർഷങ്ങൾക്കിപ്പുറം, ‘റുസ്തം’  എന്ന ചിത്രത്തിലെ അഭിനയമികവിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം തന്റെ കൈപ്പിടിയിലൊതുക്കി അക്ഷയ് കുമാറെന്ന നടന്‍. നേവൽ ഓഫിസർ റുസ്തം പാവ്‍രിയായി വെള്ളിത്തിരയിൽ കാഴ്ച വച്ച പകർന്നാട്ടം അംഗീകരിക്കപ്പെടുമ്പോൾ പ്രേക്ഷകലക്ഷങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു, ‘അക്ഷയ്, നിങ്ങൾ നൂറു ശതമാനം അർഹൻ തന്നെ.’  അവാർഡ് തിളക്കത്തിനൊപ്പം ബോക്സോഫിസിലും കിങ് ആണ് അക്ഷയ്കുമാർ. ഒരു വർഷത്തിനിടയിൽ പുറത്തിറങ്ങിയ നാലു ചിത്രങ്ങളും നൂറു കോടി ക്ലബിലെത്തിച്ച ബോളിവുഡിലെ സൂപ്പർ താരത്തിന്റെ വിശേഷങ്ങൾ.

25 വർഷം നീണ്ട കരിയറിനു മാറ്റ് കൂട്ടാൻ ദേശീയ അവാർഡിന്റെ തിളക്കവും. എങ്ങനെ കാണുന്നു ഈ നേട്ടത്തെ?

നന്ദി  എന്നതൊരു ചെറിയ വാക്കാണ്. പക്ഷേ, എന്റെ സന്തോഷത്തിന്റെ അളവുകൾ വിവരിക്കാൻ അതിലും മികച്ചൊരു വാക്ക് ഞാൻ കാണുന്നില്ല. ‘റുസ്തം’ പോലൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതു തന്നെ ഭാഗ്യമായി കരുതുന്ന വ്യക്തിയാണ് ഞാൻ. ആ എനിക്ക്  ഈ അവാർഡ് നേട്ടം സ്വപ്നതുല്യമാണ്. ഇന്ത്യൻ നേവിയുടെ യൂണിഫോമിൽ അഭിനയിച്ച സിനിമയുടെ പേരിൽ അംഗീകരിക്കപ്പെടുന്നത് ഭാരതീയനെന്ന നിലയിലും ഏറെ അഭിമാനം നൽകുന്നു.

ശരിക്കുമൊരു  ഡ്രീംറൺ ആണിത്. വ്യത്യസ്തങ്ങളായ ഒരുപിടി സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചു. നടനെന്ന നിലയിൽ എന്ത് ചെയ്തു എന്നതിലുപരി, സംവിധായകർ വീണ്ടും  എന്നെ വിശ്വസിച്ച് സമീപിക്കുന്നുവെന്നതാണ് വലിയ കാര്യം. വില്ലൻ, കോമഡി, ട്രാജഡി, അങ്ങനെ എന്തും  ഏൽപ്പിക്കുന്ന  അവരുടെ വിശ്വാസമാണ് എന്റെ വിജയം.

ഒരു വർഷത്തിനിടെ പുറത്തിറങ്ങിയ നാലു സിനിമകളും നൂറു കോടി ക്ലബിൽ. ഇതിനു പിന്നിലെ രഹസ്യമെന്താണ്?

വിജയത്തിന് പ്രത്യേകിച്ച് രഹസ്യങ്ങളൊന്നുമില്ല. അത് വളരെ സിംപിളാണ്. ഞാൻ എന്റെ  ജോലി വളരെയധികം ആസ്വദിക്കുന്നു. സാധാരണയായി ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ  45– 50 ദിവസങ്ങളാണ് വേണ്ടത്. ആ സമയം മുഴുവൻ ഞാൻ ആ കഥാപാത്രം തന്നെയാണ്. പക്ഷേ, 45 ദിവസം കഴിഞ്ഞും അതേ കഥാപാത്രം തന്നെ അഭിനയിക്കേണ്ടി വരുമ്പോൾ ബോറടിക്കും. പിന്നെ, ആ കഥാപാത്രത്തോടുള്ള ഇഷ്ടം കുറയും. എന്തും ആസ്വദിച്ചു ചെയ്യുമ്പോഴാണ് റിസൽറ്റ് മികച്ചതാകുന്നത്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമുക്ക് ബോറടിച്ചാൽ പിന്നെങ്ങനെയാണ് പ്രേക്ഷകർ അത് തിയറ്ററിൽ ആസ്വദിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ സിനിമയുടെയും  ഷൂട്ടും കുറഞ്ഞ സമയം കൊണ്ട് തീർക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ.

‘റുസ്തം’ എന്ന സിനിമയുടെ ഷൂട്ട് 40 ദിവസം കൊണ്ടാണ് തീർത്തത്. ‘ഹൗസ്ഫുളി’ന്റെ ഷൂട്ട് 37 ദിവസത്തിൽ അവസാനിച്ചു. സിനിമകളോടുള്ള നമ്മുടെ സമീപനത്തിന്റെ പ്രശ്നമാണ് വളരെ നീണ്ടുപോകുന്ന ഷെഡ്യൂളുകൾ. അക്കാര്യത്തിൽ  ഹോളിവുഡിനെ നമ്മള്‍ മാതൃകയാക്കണം. അവരുടെ സിനിമകൾ അത്ര പ്ലാൻഡാണ്. ഹോളിവുഡിലെ ബിഗ്ബജറ്റ് സിനിമകൾപ്പോലും  വളരെ  കുറഞ്ഞ സമയംകൊണ്ട് ചിത്രീകരിക്കാൻ അവർക്ക് സാധിക്കുന്നുവെന്നതാണ് വസ്തുത.

akshay3

പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കരാട്ടെയെ പ്രണയിച്ച ബാല്യത്തെക്കുറിച്ചുള്ള ഓർമകൾ ?

ഞാൻ ജനിച്ചത് അമൃത്‍സറിലാണ്. വളർന്നത് ഡൽഹിയിലും മുംബൈയിലും. അച്ഛൻ ഹരി ഓം ഭാട്ടിയ മിലിട്ടറി ഓഫിസറാണ്. അമ്മ അരുണ ഭാട്ടിയ. ഒരു സഹോദരിയുണ്ട്, പേര് അൽകാ ഭാട്ടിയ. ചെറുപ്പകാലത്ത് ഡാൻസും കരാട്ടേയുമായിരുന്നു ഇഷ്ടങ്ങൾ. ഒരിക്കൽ അച്ഛൻ എന്നോട് ചോദിച്ചു, നിനക്ക് ജീവിതത്തിൽ എന്താകണമെന്ന്. അധികം ആലോചിക്കേണ്ടി വന്നില്ല. എനിക്കൊരു നടനാകണമെന്ന് മറുപടി കൊടുത്തു.

സ്കൂൾ ജീവിതത്തിന് ശേഷം മുംബെയിലെ ഗുരു നാനക് ഖൽസാ കോളജിൽ ചേർന്നു. പക്ഷേ, കരാട്ടെയോടുള്ള ഇ ഷ്ടംകൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കോളജിനോട്  ഗുഡ്ബൈ പറഞ്ഞു. പിന്നീട് ബാങ്കോക്കില്‍ പോയി  ‘മ്വായ് തായ്’ എന്ന ആയോധന കല പഠിച്ചു. അവിടെ കുറേക്കാലം ഹോട്ടലിലെ വെയിറ്ററായും ഷെഫായും ജോലി ചെയ്തു. തിരികെ  ഇന്ത്യയിൽ വന്ന് കരാട്ടെ അധ്യാപകനായി. എന്റെ കീഴിൽ കരാട്ടെ പഠിക്കാൻ വന്ന ഫൊട്ടോഗ്രഫർ പറഞ്ഞിട്ടാണ് ഞാൻ ആദ്യമായി മോഡലിങ് ചെയ്യുന്നത്. ഒരു മാസം കരാട്ടെ പഠിപ്പിച്ച് സമ്പാദിക്കുന്നത്ര തുക രണ്ടു ദിവസം കൊണ്ട് മോഡലിങ്ങിൽ നിന്ന് കിട്ടി.
എന്റെ ആദ്യത്തെ പോർട്ട്ഫോളിയോ ഷൂട്ട് ചെയ്തത് പ്രമുഖ ഫൊട്ടോഗ്രഫർ ജയേഷ് ഷേത് ആണ്. അതിനുവേണ്ടി പതിനെട്ട് മാസത്തോളം ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ശമ്പളമില്ലാതെ ജോലി ചെയ്തു.

രാജീവ് ഹരി ഓം ഭാട്ടിയ സൂപ്പർസ്റ്റാർ അക്ഷയ് കുമാറായ അദ്ഭുതകഥ?

ബാക്ഗ്രൗണ്ട് ഡാൻസറായിട്ടാണ് സിനിമയിലെ അരങ്ങേറ്റം. 1991–ലാണ് നടനെന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങിയത്. ‘സൗഗന്ധ്  ആണ് ആദ്യ സിനിമ. പക്ഷേ,  ഞാൻ ഇൻഡസ്ട്രിയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഖിലാഡി സീരീസിലൂടെയാണ്. ആ സീരിസിൽ എട്ട് സിനിമകൾ പുറത്തിറങ്ങി. ആദ്യത്തേത് 1992–ലാണ് ചെയ്തത്. 2012–ൽ പുറത്തിറങ്ങിയ ‘ഖിലാഡി 786’ ആണ് അവസാനത്തേത്. കോമഡി, റൊമാൻസ്, ആക്‌ഷൻ, ഡ്രാമ, എന്നിങ്ങനെയെല്ലാം സിനിമയിൽ പരീക്ഷിച്ചു. യാഷ് ചോപ്ര നിർമ്മിച്ച ‘യേ ദില്ലഗി’ എന്ന സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ നോമിനേഷൻ ലഭിച്ചിരുന്നു.

വിജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പും കരിയറിലുടനീളം അറിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഓരോ സങ്കടത്തിനും പകരം ഒരു സന്തോഷം നമ്മളെ കാത്തിരിക്കുന്നുണ്ടാകും. അനുഭവങ്ങൾ പഠിപ്പിച്ച പാഠമാണത്. ഒരു ഫ്ലൈറ്റ് മിസായതിൽ നിന്നാണ് എന്റെ ജീവിതത്തിലേക്ക് സൗഭാഗ്യങ്ങൾ വന്നു തുടങ്ങിയതെന്ന് വേണമെങ്കിൽ പറയാം. 1992–ലാണ് സംഭവം. പരസ്യചിത്രീകരണത്തിനായി ബെംഗളൂരുവിലേക്ക് പോകാൻ എയർപോർട്ടില്‍ എത്തിയപ്പോഴേക്കും ഫ്ലൈറ്റ് അതിന്റെ വഴിക്ക് പോയി. പക്ഷേ, അതേ ദിവസം തന്നെയാണ് പ്രമോദ് ചക്രവർത്തി സംവിധാനം ചെയ്ത ‘ദീദർ’ എന്ന സിനിമയിലെ നായകനായി അവസരം കിട്ടിയത്.

ഒരിക്കലും വിജയങ്ങൾ എന്നെ ഒരു പരിധിയിലധികം സന്തോഷിപ്പിക്കാറില്ല. പരാജയങ്ങൾ വല്ലാതെ സങ്കടപ്പെടുത്താറുമില്ല. കൈയിൽ ഒന്നുമില്ലാതിരുന്ന കാലത്ത് ഞാൻ ഒരുപാട് അധ്വാനിച്ചിട്ടുണ്ട് ഇന്നത്തെ അവസ്ഥയിലെത്താൻ. ഇന്നും അതില്‍ മാറ്റങ്ങളൊന്നുമില്ല. ജീവിതസാഹചര്യങ്ങളും പണവും പ്രശസ്തിയും എപ്പോൾ വേണമെങ്കിലും മാറാം. പക്ഷേ, നമ്മൾ സമ്പാദിച്ച സൽപ്പേര് ഒരിക്കലും നഷ്ടമാകരുതെന്ന് ഞാൻ വിശ്വസിക്കുന്നു. അതൊരു നിഴൽ പോലെ നമുക്കൊപ്പം എന്നുമുണ്ടാകണം.

പെർഫെക്ട് ഫാമിലി മാൻ എന്നാണല്ലോ അക്ഷയ് കുമാറിനെ ബോളിവുഡ് വിശേഷിപ്പിക്കുന്നത് ?

കുടുംബജീവിതം വളരെയധികം ആസ്വദിക്കുന്നൊരു വ്യക്തിയാണ് ഞാൻ. ജോലിയിലെ തിരക്കുകൾ കുടുംബ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ വളരെ ശ്രദ്ധിക്കാറുണ്ട്. ട്വിങ്കിളിന്റെ സപ്പോർട്ടാണ് അതിൽ പ്രധാനം. ഭാര്യയെന്നതിലുപരി നല്ല സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. ചെറുപ്പകാലം മുതൽ സിനിമയുമായി അടുത്ത ബന്ധമുള്ളതു കൊണ്ടും സിനിമയിൽ പ്രവർത്തിച്ചിട്ടുള്ളതു കൊണ്ടും  എന്റെ ജോലിയുടേതായ തിരക്കുകള്‍ മനസ്സിലാക്കി കൂടെ നിൽക്കുന്നു. അതൊരു ചെറിയ കാര്യമല്ല.

akshay4

അതോടൊപ്പം തന്നെ അവരുടെ ഇഷ്ടങ്ങൾക്ക് പൂർണ പിന്തുണ കൊടുക്കാൻ ഞാനും ശ്രദ്ധിക്കാറുണ്ട്. പുസ്തകമെഴുത്ത്, ഇന്റീരിയർ ഡിസൈനിങ്, അങ്ങനെ ഒരുപാട് കാര്യങ്ങളുടെ തിരക്ക് ട്വിങ്കിളിനുമുണ്ട്. ‘മിസിസ് ഫണ്ണിബോൺസ്’, ദ് ലെജൻഡ് ഓഫ് ലക്ഷ്മി പ്രസാദ്’ എന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ ട്വിങ്കിളിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ നിർമാണ കമ്പനിയിലും പങ്കാളിയാണ്. എല്ലാറ്റിലുമുപരി, മക്കൾക്ക് നല്ലൊരു അമ്മയാണവർ.

മക്കൾക്കുവേണ്ടി സമ്പാദിക്കുന്ന പണത്തിലല്ല, അവരോടൊപ്പം ചെലവിട്ട നല്ല നിമിഷങ്ങളിലൂടെയാകണം അവർ നമ്മളെ ഓർക്കേണ്ടത്. അച്ഛന്റെ പേരോ പ്രശസ്തിയോ അവർക്കൊരു ബാധ്യത ആകരുത്. അവർക്ക് ഞാൻ അച്ഛനാണ്, നടനല്ല. മകൻ ആരവ് ട്രാൻസ്ഫോമേഴ്സ് സിനിമകളുടെ വലിയ ആരാധകനാണ്. അതുകൊണ്ടാണ് ”ട്രാൻസ്ഫോമേഴ്സ്– ഡാർക്ക് ഓഫ് ദ് മൂൺ” എന്ന സിനിമയുടെ ഹിന്ദി വേർഷനില്‍ പ്രധാന കഥാപാത്രത്തിനായി ഞാൻ പ്രതിഫലം വാങ്ങാതെ ശബ്ദം നൽകിയത്.

2016 കരിയറിലെ ഭാഗ്യവർഷം ആയിരുന്നില്ലേ?

25 വർഷം കൊണ്ട് മാറ്റങ്ങള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്, എനിക്കും, സിനിമയ്ക്കും. സിനിമയിൽ കഥകൾ മാറിയിട്ടുണ്ട്, ടെക്നോളജി മാറിയിട്ടുണ്ട്, സംവിധായകർ മാറിയിട്ടുണ്ട്, താരങ്ങൾ മാറിയിട്ടുണ്ട്, പ്രേക്ഷകർ മാറിയിട്ടുണ്ട്. എല്ലാത്തിനുമൊപ്പം എനിക്കും അനിവാര്യമായ മാറ്റങ്ങൾ വന്നുവെന്നതാണ് സത്യം. എന്റെ കരിയർഗ്രാഫ് ഒരിക്കലും നേർരേഖയിൽ നിന്നിട്ടില്ല. 2008 വരെയുള്ള കാലഘട്ടം എനിക്ക് ഒരുപാട് വിജയങ്ങൾ സമ്മാനിച്ചു. വ്യത്യസ്തങ്ങളായ കുറേയേറെ ചിത്രങ്ങൾ ചെയ്യാനും സാധിച്ചു. ‘ഹേരാ ഫേരി’, ‘മുജ്സേ ശാദി കരോഗി’, ‘ഗരം മസാല’, ‘ഭാഗം ഭാഗ്’, ഭൂൽ ഫുലയ്യ’, സിങ് ഈസ് കിങ് എന്നിങ്ങനെ ഞാൻ അഭിനയിച്ച കോമഡി സിനിമകളെല്ലാം വിജയങ്ങളായിരുന്നു. എന്നാൽ 2009 മുതൽ 2011 വരെ പരാജയങ്ങളുടെ പരമ്പരയായിരുന്നു.

2012–ല്‍ പുറത്തിറങ്ങിയ ‘ഹൗസ്ഫുൾ 2’, ‘റൗഡി റാത്തോർ’ എന്നീ ചിത്രങ്ങൾ നൂറു കോടി കളക്‌ഷൻ നേടി. മറ്റ് ചിത്രങ്ങളും സാമ്പത്തികമായി വൻവിജയങ്ങളായിരുന്നു
2016 ഭാഗ്യവർഷം തന്നെയായിരുന്നു. പുറത്തിറങ്ങിയ നാ ലു സിനിമകളും (എയർലിഫ്റ്റ്, ഹൗസ്ഫുൾ 3, റുസ്തം, ജോളി എൽഎൽ ബി) സാമ്പത്തികവിജയത്തിനൊപ്പം  നിരൂപകപ്രശംസയും നേടിയെന്നതും വലിയ സന്തോഷം തരുന്നു.

സ്വപ്നതുല്യമായ വിജയങ്ങൾക്ക് മേമ്പൊടിയായി ദേശീയ അവാർഡ്. കൂട്ടിനൊരല്പം വിവാദങ്ങളുമില്ലേ?

നാഷനൽ അവാർഡ് ലഭിച്ചതിൽ ഏതൊരു നടനെയും പോലെ ഞാനും വളരെയധികം സന്തോഷവാനാണ്. എന്നാൽ അവാർഡ് പ്രഖ്യാപിച്ച നിമിഷം മുതൽ പലതരത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അവാർഡ് നിർണയം നടത്തിയ ജൂറിയുടെ തലപ്പത്ത് എനിക്ക് വളരെ വേണ്ടപ്പെട്ട വ്യക്തി വന്നതുകൊണ്ടാണ് എന്നെ പരിഗണിച്ചതെന്നാണ് പലരുടെയും വിമർശനം. എന്നാൽ എന്റെ കരിയറിൽ ഒരിക്കൽപോലും ആരെയും സ്വാധീനിച്ച് ഒന്നും സ്വന്തമാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അത്തരം നേട്ടങ്ങളിൽ ഞാൻ വിശ്വസിക്കുന്നുമില്ല.

സംവിധായകൻ പ്രിയദർശൻ എന്റെ വളരെ അടുത്ത സുഹൃത്താണ്. എന്നാൽ ആ സൗഹൃദത്തിന്റെ പാരിതോഷികമല്ല എനിക്ക് ലഭിച്ച അവാർഡ്. അവാർഡിന് എന്നെ പരിഗണിച്ചത് എനിക്കതിന് അർഹതയുള്ളതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതത്തിലൊരിക്കലും  ഒരു നേട്ടത്തിനു വേണ്ടിയും ഞാനാരെയും വിളിച്ചിട്ടില്ല. ആർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ല. ‘റുസ്തം’, ‘എയർലിഫ്റ്റ്’ എന്നിങ്ങനെ വ്യത്യസ്തങ്ങളായ രണ്ട് സിനിമകളിലെ അഭിനയം പരിഗണിച്ചാണ് അവാർഡെന്ന് ജൂറി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വീണ്ടും അതിന്റെ പേരിലുള്ള വിവാദങ്ങൾ അനാവശ്യമാണ്.

യന്തിരൻ 2 ന്റെ വിശേഷങ്ങൾ എന്തൊക്കെയാണ്?

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും യന്തിരൻ 2. അത്തരത്തിലൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ശങ്കറിനെപ്പോലെ ഒരു മികച്ച സംവിധായകന്റെ സിനിമയിൽ,  രജനികാന്തിനെ പോലൊരു മഹാനടനൊപ്പം, അതും അദ്ദേഹം നായകനായ സിനിമയിൽ വില്ലനായി അഭിനയിക്കുകയെന്നത് വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷം തരുന്നു ഈ സിനിമ. 

കുട്ടിക്കാലത്ത് ബ്രൂസ്‌ലീയെപ്പോലെ ഫൈറ്റ് ചെയ്യാനും, ജാക്കി ചാനെപ്പോലെ കുട്ടികളെ പഠിപ്പിക്കാനും കാഴ്ചയിൽ സിൽവസ്റ്റർ സ്റ്റാലനെപ്പോലെ ആകാനും  ലെഡ് സെപ്ലിനെപ്പോലെ പാട്ടു പാടാനും മൈക്കിൾ ജാക്സനെപ്പോലെ ഡാൻസറാകാനുമാണ് ഞാനാഗ്രഹിച്ചത്. അസാധ്യമെന്ന്   മറ്റുള്ളവർ കരുതുന്നവയാണ് എന്റെ ആഗ്രഹങ്ങളെല്ലാം. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു, ആ സ്വപ്നങ്ങളാണ് എന്നെ മുന്നോട്ടു നയിച്ചത്.

akshay1