Thursday 18 January 2018 02:25 PM IST : By സ്വന്തം ലേഖകൻ

ബൊലേറോ ഉയര്‍ത്തിയ ബാലകൃഷ്ണയെ ട്രോളി! മഹീന്ദ്രയുടെ ചെയർമാന് ആരാധകരുടെ പൊങ്കാല

mahindra_troll

തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയും നയന്‍സും തകര്‍ത്തഭിനയിച്ച് ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രമാണ് ജയ് സിംഹ. ജയ് സിംഹയില്‍ ഒരു രംഗത്തില്‍ നായകനായ ബാലകൃഷ്ണ ഒരു ബൊലേറോ  കൈ കൊണ്ട്  ഉയര്‍ത്തുന്ന രംഗമുണ്ട്. തെലുങ്ക് ചിത്രങ്ങളില്‍ പൊതുവെ ഇത്തരം ദൃശ്യങ്ങള്‍ പതിവാണെങ്കിലും ഈ ആക്ഷന്‍രംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. സംഭവം മറ്റൊന്നുമല്ല ബൊലേറോയുടെ നിര്‍മാണ കമ്പനിയായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്രോള്‍ തന്നെ.

വിഷ്ണു ചൈതന്യ എന്നയാള്‍  ഷെയർ ചെയ്ത വിഡിയോയ്ക്ക് മറുപടിയായാണ് ആനന്ദ് മഹീന്ദ്ര ബാലകൃഷ്ണയെ ട്രോളിയത്.  ബാലകൃഷ്ണ പൊലീസ് ഉപയോഗിക്കുന്ന  1600 കിലഗ്രാം ഭാരമുള്ള മഹീന്ദ്ര ബൊലേറോ ഒറ്റകൈ കൊണ്ട് പൊക്കുന്ന വിഡിയോ ക്ലിപ്പായിരുന്നു വിഷ്ണു ചൈതന്യ ഷെയര്‍ ചെയ്തത്. ഹഹ..ഇനി മുതൽ മഹീന്ദ്ര വർക്ക്ഷോപ്പുകളിൽ ഹൈഡ്രോളിക് ലിഫ്റ്റിന്റെ ആവശ്യമില്ല എന്നായിരുന്നു മഹീന്ദ്രയുടെ ട്രോൾ. ഇതിന് കടുത്ത ഭാഷയില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.


ട്വിറ്ററിൽ ഏറെ ഫോളോവേഴ്സ് ഉള്ള ആളാണ് ആനന്ദ് മഹീന്ദ്ര.  കഴിഞ്ഞ ദിവസമാണ് മംഗലാപുരം സ്വദേശി യായ സ്്ത്രീയ്ക്ക്  സഞ്ചരിക്കുന്ന തട്ടുകട തുടങ്ങാൻ ബൊലേറോ സമ്മാനിക്കുന്ന വിവരം പ്രഖ്യാപിച്ചതുള്‍പ്പടെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കയ്യടി വാങ്ങാറുള്ളതാണ്. എന്നാൽ തമാശയ്ക്ക് ട്വിറ്ററിലൂടെ ബാലകൃഷ്ണയെ ട്രോളിയതിന് പൊങ്കാലയേറ്റുവാങ്ങുകയാണ് താരം.

കടുത്ത രോഷത്തിലാണ് ബാലകൃഷ്ണ ആരാധകർ ഇദ്ദേഹത്തിനു നേരെ തിരഞ്ഞിരിക്കുന്നത്. തങ്ങളുടെ ബല്ലയ്യയെ കളിയാക്കിയ ആനന്ദ് മഹീന്ദ്രയുടെ വാഹനങ്ങൾ ഇനി വാങ്ങില്ല എന്ന് പോലും പലരും പ്രഖ്യാപിച്ചു. നിങ്ങൾക്ക് ബാലകൃഷ്ണയെ അറിയില്ലായിരിക്കും പക്ഷെ ഞങ്ങൾക്ക് അദ്ദേഹം സൂപ്പർതാരമാണെന്നും ആരാധകർ പറയുന്നു.