Thursday 08 February 2018 04:38 PM IST : By സ്വന്തം ലേഖകൻ

വീസ ഓൺ അറൈവൽ അബുദാബിയിൽ

abudhabi-visa

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് 30 മിനിറ്റിനുള്ളിൽ വീസ അനുവദിക്കുന്ന പുതിയ വീസ ഓൺ അറൈവൽ സംവിധാനം പ്രാബല്യത്തിൽ വന്നു. വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ട്രാൻസിറ്റ് ഏരിയയിലാണ് വീസ കൗണ്ടർ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പുതിയ വീസ ഓൺ അറൈവൽ അനുസരിച്ച് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന എല്ലാ രാജ്യക്കാർക്കും നാല് ദിവസത്തെ അഥവാ 96 മണിക്കൂർ സമയത്തേക്കാണ് ട്രാൻസിറ്റ് വീസ അനുവദിക്കുക. അബുദാബി ടൂറിസം വകുപ്പ്, അബുദാബി വിമാനത്താവളം, ഇത്തിഹാദ് എയർവേയ്സ്, അബുദാബി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഗതാഗത വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതി അനുസരിച്ച് വീസയില്ലാതെ അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് വിവിധ മിഷൻ വീസകളും സന്ദർശന വീസകളും ടെർമിനൽ മൂന്നിലെ വീസ കൗണ്ടർ വഴി അപേക്ഷിക്കാം. പരമാവധി 30 മിനിറ്റിനുള്ളിൽ വീസ ലഭ്യമാകും. ഇത് കൂടാതെയാണ് വീസാകൗണ്ടറിൽ പുതിയ 96 മണിക്കൂർ ട്രാൻസിറ്റ് വീസ അനുവദിക്കുന്നത്.

300 ദിർഹമാണ് ട്രാൻസിറ്റ് വീസയ്ക്ക് ചെലവ് വരുന്നത്. അബുദാബി വഴി യാത്ര ചെയ്യാനുദ്ദേശിക്കുന്ന യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. യു എ ഇ തലസ്ഥാനമായ അബുദാബിയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി.