Thursday 08 February 2018 03:59 PM IST : By അഖില ശ്രീധർ

മരം നട്ട് നട്ട് ‘വീടിനു ചുറ്റും കാടാക്കിയ’ ദേവസ്യാച്ചൻ

devasya ചിത്രം: എബി ഇമ്മാനുവൽ, എഴുത്ത്: അഖില ശ്രീധർ

ഒരു മരം നടുമ്പോൾ ഒരു തണൽ നടുന്നു... കനത്ത ചൂടിൽ നാട് വെന്തുരുകുമ്പോഴും കോട്ടയം പൂഞ്ഞാറിനടുത്ത് മലയിഞ്ചിപ്പാറയിലെ ദേവസ്യാച്ചന്റെ വീട്ടിൽ കാടിന്റെ തണുപ്പുണ്ട്. ഒരു തുള്ളി വെള്ളത്തിനായി കേരളം നെട്ടോട്ടമോടുമ്പോൾ ദേവസ്യാച്ചന്റെ കിണറിൽ വറ്റാത്ത തെളിനീർ...70 വർഷം മുമ്പ് തന്നെ മരങ്ങളുടെ, പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാക്കി വീടിനു ചുറ്റുമുള്ള ആറേക്കർ സ്ഥലത്ത് ഒരു കാടു തന്നെ ഈ മനുഷ്യൻ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ‘ലോക വനദിന’മായ ഇന്ന് 90 വയസ്സുകാരൻ ദേവസ്യാച്ചൻ എന്ന പ്രകൃതി സ്നേഹി തന്റെ വീടിനോടു ചേർന്ന് നട്ടുപിടിപ്പിച്ച കാടിന്റെ കഥകളാണ് മനോരമ ട്രാവലർ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.

ആറേക്കറിലെ തണലും തണുപ്പും

മരങ്ങളെ മക്കളെ പോലെ കാണുന്ന ദേവസ്യാച്ചന്റെ കഥ ശരിക്കും വിസ്മയമാണ്. അലിഗഡ് സർവകലാശാലയിൽ നിന്നും എം എ ബിരുദം കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് വീട്ടിൽ സ്വത്ത് ഭാഗം വയ്ക്കുന്നത്. അധ്യാപകൻ ആവാനുള്ള അവസരം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു വന്നു. തനിക്ക് ഭാഗം കിട്ടിയ 21 ഏക്കർ ഭൂമിയിൽ കൃഷിതുടങ്ങി. അതിൽ ആകട്ടെ ആറേക്കർ സ്ഥലം വെറുതെ കുറേ മരങ്ങൾ നടാനായി മാറ്റിവച്ചു. ഒരു ചെറിയ കാലത്തിനപ്പുറം വരാനിരിക്കുന്ന വരൾച്ചയെ മുൻകൂട്ടി കണ്ട് അന്ന് 70 വർഷങ്ങൾക്ക് മുമ്പ് ആ ആറേക്കറിൽ നട്ടുപിടിപ്പിച്ചത് ഇരുപതിനായിരത്തിലേറെ മരങ്ങൾ. എവിടെ യാത്ര പോയാലും തിരിച്ചു വരുമ്പോൾ ഒരു മരത്തെ കയ്യിലുണ്ടാകും. പൊന്നുവിളയുന്ന കൃഷിഭൂമി മരങ്ങൾ നടാൻ മാറ്റി വച്ചപ്പോൾ പലരും കളിയാക്കി. പക്ഷേ, ദേവസ്യാച്ചൻ തളർന്നില്ല. പ്ലാവ്, മാവ്, രുദ്രാക്ഷം, ഞാവൽ, ഈട്ടി, തേക്ക്, പൂവരശ്, ആഞ്ഞിലി തുടങ്ങി ഇരുന്നൂറിലധികം ഇനങ്ങളിൽപ്പെട്ട മരങ്ങൾ ഇപ്പോൾ ദേവസ്യാച്ചന്റെ ‘കൊച്ചുകാട്ടിലു’ണ്ട്.

മരം വരമാണ്, എഴുതപ്പെട്ടൊരു സത്യം

devasya2

ദേവസ്യാച്ചന്റെ കൂടെ എന്തിനും താങ്ങായി ഭാര്യ മറിയാമ്മയുണ്ട്. ‘ഞങ്ങൾക്ക് ദൈവം മക്കളെ തന്നില്ല. അതുകൊണ്ട് മരങ്ങളെ ഞങ്ങൾ മക്കളായാണ് കാണുന്നത്. ദേ, തൊണ്ണൂറാം വയസ്സിലും ഞാനിങ്ങനെ ചുറുചുറുക്കോടെ നിൽക്കുന്നതിന്റെ കാരണം എന്റെ ഈ മക്കളാണ്. മരങ്ങളെ, പ്രകൃതിയെ നാം നമ്മെ സ്നേഹിക്കുന്ന പോലെ കാണണം. അവയെ സംരക്ഷിക്കണം. എഴുപതു വർഷങ്ങൾക്ക് മുമ്പ്, കിട്ടിയ ജോലിയും വാങ്ങി പട്ടണത്തിൽ ജീവിക്കാൻ ഞാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇൗ കാണുന്നതൊന്നു ഉണ്ടാകുമായിരുന്നില്ല. നഗരത്തിലെ വിഷപ്പുക ശ്വസിച്ച് ജീവിതം തള്ളി നീക്കുന്നതിനേക്കാൾ നല്ലത് നാടും കൃഷിയും മരങ്ങളും ഒക്കെയാണെന്നു അന്നേ തോന്നി. ഉള്ള കാലം ശുദ്ധവായു ശ്വസിച്ചിരിക്കാമല്ലോ, ആ തോന്നൽ വളരെയധികം ശരിയായിരുന്നു’. ദേവസ്യാച്ചൻ പറയുന്നു.

വീടിനടുത്ത് കൂടി വള്ളിപ്പടർപ്പുകളെ വകഞ്ഞ് മാറ്റി ഒരു ചെറിയ കുന്ന് കയറി വേണം ദേവസ്യാച്ചന്റെ വനത്തിലെത്താൻ. പേരറിയുന്നതും അറിയാത്തതുമായ നിരവധി ഔഷധസസ്യങ്ങളുടെ കേന്ദ്രമാണിവിടം. മഴവെള്ള സംഭരണികളിൽ നിന്നാണ് വനത്തിലേക്കാവശ്യമായ വെള്ളമെടുക്കുന്നത്. തന്റെ വനത്തിലൂടെ മരങ്ങളോട് വർത്തമാനം പറഞ്ഞും അവരെ തൊട്ടുതലോടിയും നടക്കുമ്പോൾ തൊണ്ണൂറിന്റെ പാരമ്യത്തിലും ദേവസ്യാച്ചന് ഇരുപതിന്റെ ചുറുചുറുക്ക്.

devasya3

പ്രകൃതിയെ സംരക്ഷിക്കാൻ മുറവിളി കൂട്ടുന്നതല്ലാതെ നാം എത്ര മരത്തൈകൾ നട്ടിടുണ്ട്. പ്രകൃതിയ്ക്കു വേണ്ടി എന്തു ചെയ്തിട്ടുണ്ട്? ദേവസ്യാച്ചൻ ഉൾപ്പെടുന്ന മുൻതലമുറ നമ്മോടിങ്ങനെ ചോദിച്ചാൽ എന്തു മറുപടിയാണ് പറയാനുള്ളത്. ഇനിയും വൈകിയിട്ടില്ല. ഇന്നു മുതൽ സ്നേഹിച്ചു തുടങ്ങാം, മണ്ണിനെ, മഴയെ, മരങ്ങളെ...