Thursday 08 February 2018 04:16 PM IST : By ജാസ്മിന്‍ ജെ. എസ്

താജ്മഹലിന്റെ പ്രണയവും പഞ്ചാബിലെ സുവർണ കാഴ്ചകളും മണാലിയുടെ കുളിരുമറിഞ്ഞ് ഒരു ക്യാംപസ് യാത്ര

heera_college_trip 1.യാത്രാസംഘം താജ്മഹലിനു മുൻപിൽ 2. മണാലിയിലെ ട്രെക്കിങ്ങിനിടെ... ഫോട്ടോ: അര്‍ജുന്‍, ശ്രീകാന്ത്

അങ്ങനെ ഇണക്കവും പിണക്കവും നിറഞ്ഞ മൂന്നു വർഷങ്ങൾക്കു ശേഷം എൻജിനീയറിങ് എന്ന കടമ്പയുടെ അവസാന ലാപ്പിലെത്തി. എല്ലാ അവസാന വർഷക്കാരെയും പോലെ ഞങ്ങളും ആരംഭിച്ചു; ക്ലാസ് ടൂറിനു വേണ്ടിയുള്ള പ്ലാനിങ്. പല ഏജൻസികളിലൂടെ, പാക്കേജുകളിലൂടെ കറങ്ങിത്തിരിഞ്ഞ് ഒടുക്കം ഒരു തീരുമാനമായി – ആഗ്ര, ഡൽഹി, പഞ്ചാബ് പിന്നെ മണാലിയും. പത്തു ദിവസത്തെ ട്രിപ്പ്. സനൽ സാർ, നിഥിൻ സാർ, മിഥുല ടീച്ചർ എന്നിവരുടെ പിന്തുണ കൂടിയായപ്പോൾ ക്ലാസിൽ യാത്രയുടെ ആരവമുയർന്നു.

ഭക്ഷണം, താമസം, യാത്ര... എല്ലാം നേരത്തേ തയാറാക്കി മുപ്പത്തിനാലംഗ സംഘം എറണാകുളത്തു നിന്ന് ആഗ്രയിലേക്കുള്ള ട്രെയിൻ കയറി. പല കംപാർട്ടുമെന്റുകളിലായിട്ടായിരുന്നു സീറ്റുകൾ ലഭിച്ചത്. പക്ഷേ മധുരത്തിനു ചുറ്റും ഉറുമ്പുകൾ കൂട്ടം കൂടുന്നതു പോലെ ഞങ്ങൾ ഒരിടത്ത് ഒന്നിച്ചു. ആട്ടവും പാട്ടും കളികളും...ക്യാംപസിന്റെ നിറങ്ങൾ രണ്ടു ദിവസം ഇന്ത്യൻ റെയിൽവേയെ ‘ഉണർത്തി’. ചില സഹയാത്രികരും ടിടിആറും ഇടയ്ക്ക് മുഖം കറുപ്പിച്ചെങ്കിലും, ആ നിറത്തിലെവിടെയോ അതു മങ്ങിപ്പോയി.

താജ്മഹല്‍ അഥവാ പ്രണയം

താജ്മഹലായിരുന്നു ആദ്യത്തെ ലക്ഷ്യം. രണ്ടു ദിവസത്തെ യാത്രാക്ഷീണം വകവയ്ക്കാതെ ആഗ്ര സ്റ്റേഷനിൽ നിന്ന് ബസ് കയറി. മനസ്സിൽ പ്രണയം കത്തി നിൽക്കുന്ന കാലത്ത് ക്ഷീണമൊന്നും അറിയില്ലല്ലോ. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റ ചരിത്രവും സവിശേഷതകളും ഗൈഡ് മനു വിവരിച്ചു. കവാടം കടന്നപ്പോൾ തിരിച്ചറിഞ്ഞത്, കേട്ടറിവുകള്‍ക്കപ്പുറമാണ് താജ്മഹൽ എന്ന സത്യം! പ്രണയത്തിന്റെ ആ വെണ്ണക്കൽ വിസ്മയത്തിനു മുൻപിൽ ഞങ്ങളുടെ ‘കിളി പോയി’. ‘ചാർ ബാഗ്’ ഉദ്യാനക്കാഴ്ചകളിലൂടെ ചൂറ്റിയടിച്ച്, അകക്കാഴ്ചകളുടെ ഭംഗി മനസ്സിൽ പകർത്തി വീണ്ടും താജമഹലിനു മുൻപിൽ ഒത്തുകൂടി. ക്യാമറ മിന്നി; എന്നെന്നും ഓർമിക്കാൻ കുറേ ചിത്രങ്ങൾ.

പ്രണയത്തിന്റെ കഥകളിൽ നിന്നിറങ്ങിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. യാത്രാ ക്ഷീണം തല പൊക്കാൻ തുടങ്ങിയപ്പോൾ താമസ സ്ഥലത്തേക്കു മടങ്ങി. ചെറിയാരു ആചാരത്തിലൂടെയാണ് രണ്ടാം ദിനം ആരംഭിച്ചത്; ഐ.വി (ഇൻഡസ്ട്രിയൽ വിസിറ്റ്) എന്ന നിർബന്ധിതമായ ആചാരം. ‘ േസ്റ്ററ്റ് ലോഡ് ഡെസ്പാച്ച് സെന്റർ’ (SLDC) സന്ദർശനത്തോടെ അതിനൊരു തീരുമാനമായി. കളിചിരികളുടെ ഇടയിൽ കയറിവന്ന പഠനത്തിന്റെ ‘ഹാങ്ങ് ഓവർ’ തീർക്കാനായി നേരെ ഇന്ത്യാ ഗേറ്റിലേക്കു വിട്ടു. മനോഹരമായ പൂന്തോട്ടങ്ങളും നീണ്ടു നിവർന്നു കിടക്കുന്ന പാതകളും സുന്ദരൻ കെട്ടിടങ്ങളും...‘മതിലില്ലാത്ത’ ഇന്ത്യയുടെ കവാടം അടിപൊളിയാണ്.

heera_college3 പരമ്പരാഗത വേഷമണിഞ്ഞ്...

അടുത്ത ലക്ഷ്യത്തിലേക്ക് അൽപ്പം ദൂരക്കൂടുതലുണ്ട്. അതുകൊണ്ടു തന്നെ, തലസ്ഥാനത്തിന്റെ കാഴ്ചകൾക്ക് ഇടവേള കൊടുത്ത് ബസ് നേരത്തേ പുറപ്പെട്ടു. പക്ഷേ വിശപ്പിന് അങ്ങനെ വലിയ ഇടവേളകളൊന്നുമില്ലല്ലോ; അധികദൂരം പോകും മുൻപ് റോഡരികിലെ റസ്റ്ററന്റിൽ ബസ് ബ്രേക്കിട്ടു. ഇറങ്ങിച്ചെന്നപ്പോഴതാ അവിടെ ഒരു നൃത്തസംഘം. കൂടെ ഒരു ഒട്ടകവും. പിന്നെ അവിടെ അരങ്ങേറിയത് ‘ഫൈൻ ആർട്സ്’ ഉത്സവമായിരുന്നു.

സുവർണക്ഷേത്രത്തിലെ ഓണം

ബസ്സിലെ മയക്കത്തിൽ നിന്ന് കണ്ണു തുറന്നത് അറ്റമില്ലാത്ത ഗോതമ്പ് പാടങ്ങളുടെ മനോഹര കാഴ്ചകളിലേക്കാണ്. ‘‘പഞ്ചാബ് എത്തി’’ – ഉറങ്ങിക്കിടന്നവരെ ‘ടൂർ നേതാവ്’ ശരത്ത് വിളിച്ചുണർത്തി. പുലർകാല സൂര്യന്റെ വെളിച്ചത്തിൽ തിളങ്ങുന്ന കൃഷിയിടങ്ങളുടെ കാഴ്ചയിൽ ലയിച്ചിരിക്കുമ്പോഴാണ് മൊബൈൽ ഒച്ചവച്ചത്. ഒരാളുടെ മാത്രമല്ല, ചറപറാ മൊബൈൽ ശബ്ദം . ഫോണെടുത്ത് എല്ലാവരും മുഖത്തോടു മുഖം നോക്കി. പിന്നീട് കൂട്ടച്ചിരിയായിരുന്നു. തിരുവോണദിവസമാണ്!

heera_college4 സുവർണക്ഷേത്രത്തിനു മുൻപിൽ

കാഴ്ചയുടെ ആവേശത്തിൽ കലണ്ടറിലെ ചുവപ്പടയാളം മറന്നു പോയിരുന്നു. പരസ്പരം ഓണാശംസകൾ നേർന്ന് പഞ്ചാബിന്റെ കാഴ്ചകളിലേക്കിറങ്ങി. സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രശസ്തമായ അമൃത്‌സർ പട്ടണം. ഇന്ത്യൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന പട്ടണക്കാഴ്ചകളിലൂടെ ചുറ്റിയടിച്ചു. സിഖ് മതവിശ്വാസികളുടെ പുണ‍്യകേന്ദ്രമായ സുവർണക്ഷേത്രമായിരുന്നു പ്രധാന ആകർഷണം. തലയിൽ തൂവാല ചുറ്റി, സ്വർണനിറത്തിൽ തിളങ്ങിനിൽക്കുന്ന ക്ഷേത്രത്തിനു സമീപം നിന്ന് ചിത്രങ്ങൾ പകർത്തി. ഷാറൂഖ് ഖാന്റെ ‘രബ്നേ ബാനാദി ജോഡി’യിലെ സീനുകളാണ് ഓർമ വന്നത്.

കുതിരവണ്ടികളിലായിരുന്നു ജാലിയൻവാലാ ബാഗിലേക്കുള്ള യാത്ര. സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണമായ ഓർമകൾ തങ്ങിനിൽക്കുന്ന മതിലുകളിൽ തൊട്ടപ്പോൾ സ്കൂളിലെ പാഠപുസ്തകങ്ങള്‍ ഓർമ വന്നു.

കാഴ്ചകളിലൂടെ ചുറ്റി വൈകുന്നേരമായപ്പോഴേക്കും വാഗാ അതിർത്തിയിലെത്തി. വായിച്ചതും ടിവിയിൽ കണ്ടതുമായ കാഴ്ചകളിൽ നിന്നു വ്യത്യസ്തമായിരുന്നു അതിർത്തിയിലെ അനുഭവം. ഗസലുകളും സ്നേഹ പ്രകടനങ്ങളും നിറഞ്ഞു നിൽക്കുന്ന സൗഹൃദത്തിന്റെ അന്തരീക്ഷം. ഈ രണ്ടു രാജ്യങ്ങളാണോ പരസ്പരം ശത്രുക്കളെന്നു വിളിക്കുന്നത്?– വാഗയിലെത്തുന്ന ആർക്കും സംശയം തോന്നും.

മണാലിയിലെ കുളിര്

പഞ്ചാബിൽ നിന്നും നേരെ വച്ചുപിടിച്ചത് മണാലിയിലേക്കാണ്. പകലിന്റെ കർട്ടൻ വീഴാനൊരുങ്ങുന്ന നേരത്ത്, തണുപ്പ് വീശുന്ന കാറ്റും മഴയും ഒന്നിച്ച്് ഞങ്ങളെ മണാലിയിലേക്ക് വരവേറ്റു. പച്ചപ്പണിഞ്ഞ കുന്നിൻചെരിവുകൾ, ചെറുവഴികൾ, മഞ്ഞിന്റെ ചിത്രപ്പണികൾ,...എവിടെ നോക്കിയാലും രസകരമായ കാഴ്ചകൾ. പ്രകൃതിയൊരുക്കുന്ന നീരുറവകളിൽ മുഖം കഴുകി മണാലിയിലെ കഥകൾ തേടിയിറങ്ങി. ചുറ്റിയടിക്കുന്നതിനിടെ എല്ലാവരുടെയും കണ്ണുടക്കിയത് തനതു വസ്ത്ര രീതിയിലാണ്. നിറങ്ങൾ ചേർത്തുവച്ച ‘കിടിലൻ ഡ്രെസ്’. അണിഞ്ഞു നോക്കാൻ അവസരമുണ്ടെന്നറിഞ്ഞപ്പോൾ പിന്നെ നേരം കളഞ്ഞില്ല. മലയാളി പിള്ളേരെല്ലാം മണാലി പിള്ളേരായി. ക്യാമറ മിന്നിക്കൊണ്ടേയിരുന്നു.

തണുപ്പ് കൂടിവരുന്ന നേരത്താണ് പുഴക്കരയിലെത്തിയത്. തണുക്കാൻ വയ്യെന്ന് പറഞ്ഞ് കുറച്ചു പേർ വെള്ളത്തിലിറങ്ങാതെ മാറിനിന്നു; അങ്ങനെയൊരുകൂട്ടരെ മാത്രം വെറുതെ വിടുന്നത് ശരിയല്ലല്ലോ. കൈകോർത്തു പിടിച്ച് എല്ലാവരും ഒന്നിച്ചിറങ്ങി. കാലിന്റെ അറ്റത്തു നിന്ന് തണുപ്പിന്റെ അസ്ത്രം തലച്ചോറിലെത്തി. ആകപ്പാടെ ഒരു ഉന്മേഷം. ഒരു പകലിന്റെ ട്രെക്കിങ്ങും അറിഞ്ഞതിനു ശേഷം വണ്ടി വീണ്ടും തലസ്ഥാന നഗരം ലക്ഷ്യമാക്കി കുതിച്ചു.

ഖുത്തുബ് മിനാറായിരുന്നു അവസാന പകലിലെ ലക്ഷ്യം. ചരിത്രമുറങ്ങുന്ന കാഴ്ചകൾക്കൊടുവിൽ, ഹോട്ടലിലൊരുക്കിയ ഡീജെ പാർട്ടി. പാട്ടും നൃത്തവും ആവേശവും നിറഞ്ഞൊഴുകിയ രാത്രിയിൽ, കൈകൾ ചേർത്തുവച്ചു പറഞ്ഞു – ‘ഫ്രണ്ട്സ് ഫോർ എവർ’.

heera_college heera college of engineering and technology :2010ൽ തിരുവനന്തപുരം നെടുമങ്ങാട് പ്രവർത്തനമാരംഭിച്ചു.