Friday 18 October 2019 05:05 PM IST : By സ്വന്തം ലേഖകൻ

സിജോമോന്റെ സ്നേഹക്കടലാണ് ഈ അപ്പൻ; മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കളിതു കാണണം; ഹൃദയം നിറയ്ക്കും ബന്ധം

daison

ബന്ധനങ്ങൾ ഇന്നു പലർക്കും ബന്ധനങ്ങളാണ്. പ്രിയപ്പെട്ടവരേയും ചേർത്തു നിർത്തേണ്ടവരേയും ബാധ്യതയായി കണക്കാകുന്ന സ്വാർത്ഥതയുടെ കാലമാണ് നമ്മുടെ കൺമുന്നിലുള്ളത്. പ്രായമാകുമ്പോൾ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കി ഭാരമിറക്കുന്നവരും സ്വന്തം മക്കളിൽ കുറ്റം മാത്രം കണ്ടുപിടിക്കുന്നവരും ആവോളമുണ്ട് നമ്മുടെ കൺമുന്നിൽ. അത്തരക്കാരുടെ കണ്ണുതുറപ്പിച്ച് സ്നേഹത്തിന്റേയും കരുതലിന്റേയും നല്ലപാഠം പങ്കുവയ്ക്കുകയാണ് ഒരപ്പനും മകനും. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളുള്ള മകൻ സിജോയ്ക്കു വേണ്ടിയാണ് പറപ്പൂർ സ്വദേശി അറങ്ങാശ്ശേരി ജോസ് ജീവിക്കുന്നത്. മകനെ കയ്യിൽ ചേർത്തു പിടിച്ച് പള്ളിയിലേക്ക് പോകുന്ന ആ അപ്പൻ നാട്ടിലെ സ്ഥിരം കാഴ്ചയാണ്.

തൃശൂർ സെന്റ്. തോമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ഡെയ്സൻ പാണേങ്ങാടനാണ് പിതൃവാത്സല്യത്തിന്റെ പ്രതീകമായ ‘ജോസേട്ടന്റെ’ ജീവിതം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.ജോസിലെ നന്മയ്ക്കും സ്നേഹത്തിനും കരുണയ്ക്കും നന്ദി പറയുന്ന ഹൃദയസ്പർശിയായ കുറിപ്പിന്റെ പൂർണരൂപം ;

ഇതും #ഒരപ്പൻ

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി, പറപ്പൂരിലേയും സമീപ പ്രദേശങ്ങളിലേയും ആളുകൾക്ക് പരിചിതരാണ് അറയ്ക്കൽ ജോസേട്ടനും ജോസേട്ടന്റെ സിജോമോനും. കാഴ്ചകളിലെ സ്ഥൈര്യ ഭാവം അവരിരുവർക്കുമുണ്ടെങ്കിലും ആ അപ്പനേയും മകനേയും അടുത്തറിഞ്ഞിട്ടുള്ള അധികമാളുകൾ നാട്ടിലുണ്ടാകാനിടയില്ല.അപ്പന്റെ 'ടാ' യെന്ന വിളിയ്ക്കപ്പുറം ഒരു പക്ഷേ അവന്റെ സ്വന്തംപേരു പോലും, നാം വിളിക്കാൻ മറന്നു പോയ സിജോയ്ക്ക് പ്രായം മുപ്പത്തിയഞ്ചിലേറെയായി. ജോസേട്ടനുമായുള്ള സംസാരത്തി നിടയിൽ പുത്ര വാൽസല്യത്തിൽ പാരമ്യത്തിൽ സിജോമോൻ എന്നല്ലാതെ, ഒരിയ്ക്കലും സിജോയെന്നു പോലും ഉച്ചരിച്ചു കണ്ടിട്ടില്ല.

പളളിയിലും സമീപവഴികളിലുമാണ് ഈ അപ്പനേയും മകനേയും നാം കൂടുതൽ കണ്ടിട്ടുണ്ടാകുക. സിജോയേയും കയ്യിൽ ചേർത്ത്
പിടിച്ച്, പള്ളിമുറ്റത്തേയ്ക്ക് വരുമ്പോഴും മുറ്റത്തെത്തിക്കഴിഞ്ഞാൽ കയ്യിൽ നിന്നും കുതറിയോടി തികഞ്ഞ ജിജ്ഞാസയോടെയും അതിലേറെ സ്വാതന്ത്ര്യത്തോടെയും പള്ളിയ്ക്കകവും പുറവും അവയൊക്കെ ഏറ്റവുമാദ്യം കാണുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ ആസ്വദിയ്ക്കുമ്പോഴും എത്രയോ പേരുടെ കണ്ണുകൾ അവരറിയാതെ ഈറനണിഞ്ഞീട്ടുണ്ട്. പഴയ പള്ളിയുടെ വരാന്തകളിലെ നിശ്ചലചിത്രങ്ങൾ, സിജോയേക്കാൾ മനോഹരമായി വേറെയാരും ആസ്വദിച്ചിട്ടുണ്ടാകില്ല.എനിയ്ക്കുറപ്പുണ്ട്; പള്ളിയകത്തെ വിശുദ്ധ രൂപങ്ങളുടെ ഭാവങ്ങൾ സിജോയേക്കാൾ നന്നായി മനസ്സിലാക്കിയവർ, നമ്മുടെ നാട്ടിലുണ്ടാകാനിടയില്ല. സിജോ, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരാളായിരുന്നീട്ടുകൂടി, വടിയുടേയോ മറ്റു സമ്മർദ്ദങ്ങളുടേയോ അതിപ്രസരമില്ലാതെ, കണ്ണുകൾ കൊണ്ടു സംസാരിക്കുമായിരുന്നു, അവർ. വാക്കുകൾക്കും പ്രവർത്തികൾക്കുമപ്പുറം അപ്പന്റെ കണ്ണുകളെക്കൊണ്ട് ആജ്ഞാപിക്കപ്പെടുകയും ആശ്വസിക്കപ്പെടുകയും നിശ്വസിക്കുകയും അവൻ ചെയ്തിരുന്നു.

പള്ളിയകത്തിരുന്ന് കൈകൾ കൂപ്പിച്ച് പ്രാർത്ഥിയ്ക്കാൻ അവന്റെയപ്പൻ, അവനെ പഠിപ്പിച്ചതു പോലെ മറ്റൊരപ്പനും പറപ്പൂരിൽ മക്കളെ അത്രത്തോളം പ്രാർത്ഥിയ്ക്കാൻ പരിശീലിപ്പിച്ചിട്ടുണ്ടാവില്ല. കൂപ്പിയ കൈകളിൽ നിന്നും അവന്റെ ശ്രദ്ധയൊന്നുപതറിയാൽ അപ്പന്റെ നോട്ടമൊന്നുമതിയായിരുന്നു, അവന്റെ ശ്രദ്ധ അൾത്താരയിലേയ്ക്കു തിരിയാൻ. അങ്ങിനെ അപ്പന്റെ കണ്ണുകളാളും കൈവിരലുകളാലും മുഖഭാവങ്ങളാലും നിയന്ത്രിതമായ, പരിഭവങ്ങളില്ലാത്ത സിജോയുടെ രൂപഭാവങ്ങൾ, പതിറ്റാണ്ടുകൾ മുമ്പു മുതലേ പറപ്പൂരുകാർ എത്ര കണ്ടിരിക്കുന്നു.

അവരറിയാതെ, അവരെ സ്നേഹിച്ച; സഹതാപത്തിനപ്പുറം അവരെ മനസ്സിലാക്കിയ കുറച്ചു പേരൊക്കെ നമുക്കിടയിലുണ്ട്. തെങ്ങിൻ പട്ടയിലെ, ഓലയിൽ നിന്നും ഈർക്കിലി മുകളിലേയ്ക്ക് ഊരി വിടുന്നതാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളതിൽ വെച്ച് അവന്റെ ഇഷ്ട വിനോദം.അക്കാരണം കൊണ്ടു തന്നെ ഓല,അവന്റെ സന്തത സഹചാരി ആയിരുന്നു. പള്ളിയകത്തേയ്ക്ക് കടക്കുന്നതിനു മുൻപ്, ആ തെങ്ങോലകൾ പിടിച്ചു വാങ്ങി, പള്ളി വശത്തെ തെങ്ങിൻ തടത്തിലിടുന്നത് ആത്മവേദനയോടെ അവൻ നോക്കി നിൽക്കുന്നതും പിന്നീട് പുറത്തേയ്ക്ക് വരുമ്പോൾ ആ ഓലകളെടുത്ത്, അതിൽ നിന്നും ഈർക്കിൽ, ആകാശത്തേയ്ക്ക് ഉരിഞ്ഞുവീശുന്നത് നിർവൃതിയോടെ തുടരുന്നതും എത്രയോ തവണ നാം കണ്ടിരിക്കുന്നു. തെങ്ങിന്റെ ഓലയോടുള്ള അവന്റെയിഷ്ടം മനസ്സിലാക്കി, അവനു വേണ്ടി തെങ്ങിൻ പട്ടകൾ വെട്ടി നൽകിയ അയൽക്കാർ വരെയുണ്ടെന്നത്, അവരെ മനസ്സിലാക്കിയവർ നമ്മുടെ നാട്ടിലുമുണ്ടെന്നതിന്റെ തെളിവാണ്.

ജോസേട്ടൻ, കൊരട്ടിയിലെ മധുര കോട്സിൽ നിന്നും പിരിഞ്ഞു വന്നതു പോലും സിജോയെ നോക്കാനാണെന്ന് തോന്നിപോയിട്ടുണ്ട്. തുടർന്ന് ഈയടുത്ത കാലം വരെ, സിജോ അപ്പനോടൊപ്പം, പിതൃ വാൽസല്യമനുഭവിച്ച് കൂടെയുണ്ടായിരുന്നു. അപ്പന്റെ പ്രായാധിക്യവും ആരോഗ്യക്കുറവും തന്നെയാവണം മുതലമടയിലെ സ്ഥാപനത്തിലേയ്ക്ക് അവനെയാക്കാൻ കാരണം. എങ്കിലും സാധിക്കുമ്പോഴും വിശേഷാവസരങ്ങളിലും അവനെ പറപ്പൂരിലേയ്ക്ക് കൂട്ടികൊണ്ടുവരാൻ ജോസേട്ടൻ കാണിക്കുന്ന ഔൽസുക്യം ഒന്നുമതി, അവരുടെ ആത്മബന്ധത്തെ നിർവ്വചിച്ച് അതിന് നൂറ് മാർക്കിടാൻ.

സിജോയുടെ അമ്മയുടെ ത്യാഗം മറന്നീട്ടല്ല; കാരണം ആ മാതൃവാൽസല്യത്തിനും കരുതലിനും മാർക്കിടാൻ മാനകങ്ങളില്ലെന്നതാണ് സത്യം .

ഇവിടെ സിജോയും അപ്പനും നൻമയുടെ ഒരു #പ്രതീകവും #മാതൃകയുമാണ്......

ഉൽപ്പാദനക്ഷമതയില്ലാത്ത പ്രായത്തിൽ മാതാപിതാക്കളെ വഴിയരികുകളിൽ ഉപേക്ഷിക്കുന്ന #മക്കൾക്ക്...

മാതാപിതാക്കളുടെ പ്രായാധിക്യചെയ്തികളിൽ മുഖം തിരിക്കുന്ന #മക്കൾക്ക് ...

യാതൊരു നിയന്ത്രണവുമില്ലാതെ മക്കളെ കയറൂരി വിടുന്ന #മാതാപിതാക്കൾക്ക് ...

മക്കളുടെ ചെയ്തികളിലെപ്പോഴും പരാതി
പറയുന്ന #മാതാപിതാക്കൾക്ക് ...

അനാവശ്യ കാര്യങ്ങൾക്ക് മാതാപിതാക്കളെ ചൂഷണം ചെയ്യുന്ന #യുവാക്കൾക്ക് ...

പഠനത്തിന്റേയും സ്വഭാവ വൈകല്യങ്ങളുടേയും പേരിൽ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന #സാഹചര്യങ്ങൾക്ക്...

നന്ദി #ജോസേട്ടൻ;

നിങ്ങളിലെ #നൻമയ്ക്ക്...
നിങ്ങളിലെ #കരുണയ്ക്ക്...
നിങ്ങളിലെ #മാതൃകയ്ക്ക്...
നിങ്ങളിലെ #വാൽസല്യത്തിന്...

നിങ്ങളുടെ നന്മയ്ക്ക്,
ദൈവം #കൂട്ടിരിയ്ക്കട്ടെ.

✍ഡെയ്സൻ പാണേങ്ങാടൻ, തൃശ്ശൂർ

Tags:
  • Relationship