Friday 18 October 2019 06:46 PM IST

‘ആ രാത്രി ഞാൻ ഓടിയത് എന്റെ പ്രാണനേയും കൈയിലെടുത്തായിരുന്നു’; പ്രിയപ്പെട്ടവന് ജീവത്തുടിപ്പു നൽകിയ രാത്രിയുടെ ഓർമയിൽ ഡോ. ചിത്രതാര

Vijeesh Gopinath

Senior Sub Editor

dr-g

അതുവരെ മധുരമായി പുഞ്ചിരിച്ചു കൊണ്ടിരുന്ന ചിത്രതാരയുടെ മുഖത്ത് ആധിയുടെ കുഞ്ഞ് കാർമേഘം നിറഞ്ഞു. ഏപ്രിൽ 27. ആ ദിവസത്തെ ഒാർമയിൽ വീണ്ടുമൊന്നു ഞെട്ടിയതു പോലെ...

കൊച്ചി മരടിനടുത്തുള്ള ചിത്തിര എന്ന വീടിന്റെ കതകു തുറക്കുമ്പോൾ രണ്ടു പനിനീർപ്പൂവുകൾ ചിരിതൊട്ട് തലയാട്ടി നിൽക്കുന്നുണ്ടായിരുന്നു. ‌ഡോ.ഗംഗാധരനും ഡോ. ചിത്രതാരയും. സൗമ്യനിലാവ് ആരുടെ ചിരിയിലാണ് കൂടുതൽ എന്ന കാര്യത്തിലേ സംശയമുള്ളൂ. ‘അപ്പൂപ്പൻ’താടി വലിച്ചു പറിച്ചെടുക്കാൻ നോക്കുന്നുണ്ട്, മകന്റെ മകൾ ഒന്നരവയസ്സുകാരി.

‌ഹ‍ൃദയതാളം ഒന്നിടറിയ ശേഷം ഇന്നാണ് ഗംഗാധരൻ ഡോക്ടർ രോഗികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. കാൻസർ പൊള്ളിച്ച മനസ്സുമായി ജീവിക്കുന്ന ഒരുപാടു പേർ സ്വന്തം ആയുസ്സിനേക്കാൾ ചികിത്സിക്കുന്ന ഡോക്ടറിന്റെ ആയുസ്സിനായി അന്നു പ്രാർഥിച്ചിരിക്കാം. അതാകാം ദൈവം നേരിട്ടിറങ്ങി വന്ന് ആ സ്പന്ദനത്തിലൊന്നു മുറുകെ പിടിച്ചത്.

ഡോക്ടര്‍ ഗംഗാധരന്‍ പുഞ്ചിരിച്ചു,‘‘ഇത് രണ്ടാം ജന്മം തന്നെയാണ്. എവിടെ എപ്പോൾ വേണമെങ്കിലും കുഴപ്പങ്ങൾ സംഭവിക്കാമായിരുന്നു. വണ്ടിയുടെ താക്കോൽ കണ്ടെടുക്കാൻ വൈകുന്നതു മുതൽ ഗതാഗതക്കുരുക്കുവരെ ഒന്നും ഉണ്ടായില്ല. ചിത്രതാര പറയും എല്ലാം... ഈ ജീവൻ തിരിച്ചു തരാനായി അന്നു പാഞ്ഞത് ചിത്രയായിരുന്നല്ലോ... ’’ പേരക്കുട്ടിയുടെ കവിളിൽ തട്ടി ഒാമനിച്ചു കൊണ്ട് അദ്ദേഹം അകത്തേക്കു നടന്നു.

വേദനയില്‍ വിയർത്ത ആ മുഖം

ചിത്രതാര വീണ്ടുമോർത്തു, ചിരി മാഞ്ഞത് വെറുതെയായിരുന്നില്ല. നെഞ്ചുവേദനയുമായി പിടയുന്ന മറുപാതിയെ തൊട്ടടുത്തിരുത്തി പായേണ്ടി വന്ന ഒാർമ ആരുടെ മനസ്സിനെയും കൊടുങ്കാറ്റു കണക്കെ പിടിച്ചുലച്ചു കളയും. അന്ന് എന്തൊക്കെയാണു നടന്നത്? ഒാർമയിൽ വിറച്ചു കൊണ്ടിരുന്ന മനസ്സിന്റെ ജനാലകള്‍ കുറ്റിയിട്ട് ഡോ. ചിത്രതാര പറഞ്ഞു തുടങ്ങി.

‘‘ഞായറാഴ്ച പുലർച്ച. അന്നാണ് ഡോക്ടർക്ക് ആദ്യമായി നെഞ്ചിലൊരു വേദന വരുന്നത്. അത് മിനിറ്റുകൾക്കുള്ളിൽ ഭേദമാകുകയും ചെയ്തു. എങ്കിലും അപ്പോൾ തന്നെ മക്കളും ഡോക്ടറും കൂടി ആശുപത്രിയിലേക്കു പോയി. പരിശോധനകൾ കഴിഞ്ഞ് തിരിച്ചു പോന്നു. ആൻജിയോഗ്രാം ചെയ്യേണ്ടി വരുമെന്നു മാത്രം എന്നോടു പറഞ്ഞു. തൊട്ടു പിന്നാലെ, ‘വലിയ കുഴപ്പമില്ല’ എന്ന ആശ്വാസവാക്കും. പിന്നെ, പതിവു പോലെ അദ്ദേഹം തിരക്കിലേക്ക് ഒഴുകുകയും ചെയ്തു.

കുറച്ചു മാസങ്ങളായി തിരക്കിന്റെ വേഗം അൽപം കൂടിയതായി തോന്നിയിട്ടുണ്ടായിരുന്നു. ഒരു കാര്യത്തിലും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താത്ത ആളാണു ഞാൻ. അദ്ദേഹം പോരാടുന്നത് കാൻസർ എന്ന രോഗത്തിൽ വീണു പോയ ആയിരങ്ങൾക്കു വേണ്ടിയാണെന്നും അറിയാം. ആ കാഴ്ചപ്പാടുകളും ചിന്തകളുമാണ് ഗൈനക്കോളജിസ്റ്റ് ആയിരുന്ന എന്നെ പിന്നീട് കാൻസർ ചികിത്സാ വിഭാഗത്തിൽ സർജിക്കൽ ഒാങ്കോളജിസ്റ്റ് ആക്കി മാറ്റിയത്. അതുകൊണ്ടു തന്നെ കാൻസർ ബോധവൽകരണത്തിന്റെ ഭാഗമായുള്ള ക്ലാസുകളും യാത്രകളും അതിനു പുറമെ തിരക്കേറിയ ഒപിയും റൗണ്ട്സും.... ഇതെല്ലാം പിന്തുണച്ചിട്ടേയുള്ളു.

തിങ്കളാഴ്ച. ലേക്‌ഷോർ ആശുപത്രിയിലെ കാർഡിയാക് വിഭാഗത്തിലെ ഡോ. സിബി എന്നെ വിളിച്ചു. പരിശോധനയിൽ കണ്ട ചില കാര്യങ്ങളിൽ ആശങ്കപ്പെടാനുണ്ട്, ഗംഗാധരൻ ഡോക്ടറെ ഉടൻ ആൻജിയോഗ്രാമിനു വിധേയനാക്കുകയാണ് ഏറ്റവും നല്ലതെന്നു പറഞ്ഞു. താരതമ്യേന ജൂനിയറായ സിബിക്ക് അദ്ദേഹത്തെ നിർബന്ധിക്കുന്നതിൽ ഒരു പരിധിയുണ്ടല്ലോ. ഞാൻ നിർബന്ധിച്ച് തിരക്കുകൾ മാറ്റി വയ്പിച്ച് എത്രയും വേഗം അതു ചെയ്യിക്കണം. അതായിരുന്നു സിബി വിളിച്ചതിന്റെ ഉദ്ദേശ്യം.

അപ്പോൾ മുതൽ കാര്യം അൽപം ഗൗരവമാണെന്ന് എനിക്കു തോന്നിത്തുടങ്ങി. അതിനു പല കാരണങ്ങളുണ്ട്. ഒന്ന്, ഡോക്ടറുടെ ഫാമിലി ഹിസ്റ്ററിയിൽ കാർഡിയാക് പ്രോബ്ലം ഉണ്ട്. സഹോദരനു ഹൃദയാഘാതം വന്നതാണ്. ഇതെന്നെ ഭയപ്പെടുത്തിയിരുന്നു. പിന്നെ ജീവിത ശൈലിയും തിരക്കും. കുറച്ചു നാളായി മിക്കപ്പോഴും രണ്ടു മണിയാകും കിടക്കാൻ. രാത്രി വൈകിയുള്ള ഭക്ഷണം. വ്യായാമമില്ലായ്മ. അത്യാവശ്യത്തിനു ടെൻഷനും. ഇതെല്ലാം ഒരു രോഗത്തിനെ തോൽപ്പിക്കാനുള്ള ഒാട്ടത്തിനുമിടയിൽ ശ്രദ്ധിച്ചിരുന്നില്ല.

ഇടയ്ക്ക് ആരോഗ്യത്തെക്കുറിച്ച് ഒാർമിപ്പിക്കുമ്പോൾ ‘മനസ്സിനു സന്തോഷമുള്ള കാര്യങ്ങളാണു ഞാന്‍ ചെയ്യുന്നതെല്ലാം. ആസ്വദിച്ചാണു ചെയ്യുന്നതും. റൗണ്ട്സിനിടയിലുള്ള നടത്തം. ‘ക്ലാെസടുക്കാനുള്ള ഒാട്ടം ഇതെല്ലാം നല്ല വ്യായാമങ്ങളല്ലേ. അതുകൊണ്ട് വെറുതെ ടെൻഷനടിക്കേണ്ട’ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും.

ഒരു കാര്യവും നിർബന്ധിച്ച് ചെയ്യിക്കുന്നത് ഇഷ്ടമല്ല. എങ്കിലും കോട്ടയത്തുള്ള മറ്റൊരു ഡോക്ടറെ ഞാൻ വിളിച്ചു. ഡോ.ഗംഗാധരന്റെ സുഹൃത്തായതിനാല്‍ അദ്ദേഹത്തെ കൊണ്ട് നിർബന്ധിപ്പിക്കാം എന്നായിരുന്നു കണക്കു കൂട്ടൽ. എന്നെ പേടിപ്പിക്കാതിരിക്കാനാകാം ആ ഡോക്ടർ ‘ഞാനൊന്നു ഫാമിലി ഹിസ്റ്ററി കേൾക്കട്ടെ, അത്ര വലിയ കുഴപ്പമൊന്നും ഉണ്ടാകില്ല’ എന്നാണു പറഞ്ഞത്. വിവരം അറിഞ്ഞ് ഡോ. ഗംഗാധരൻ പകുതി തമാശയിൽ പറഞ്ഞു, ‘ഇനി ആരെയും വിളിക്കേണ്ട. മേയ് ഒന്നിന് ആൻജിയോഗ്രാം ചെയ്തേക്കാം. കുറച്ചു ജോലികൾ കൂടി തീർക്കാനുണ്ട്...’ ഇനി പറയാനുള്ളത് ജീവൻ കൈയിലെടുത്ത് പറന്ന നിമിഷങ്ങളെക്കുറിച്ചായതു െകാണ്ടാകാം ചിത്രതാര ഒന്നു നിർത്തി. അപ്പോൾ ചിത്രതാര ഒരുപാതിയിൽ ഭാര്യയും മറുപാതിയിൽ രോഗിയുടെ ജീവൻ കാക്കാൻ തയാറായ ഡോക്ടറുമായിരുന്നു.

g2

ഉറക്കത്തില്‍ വന്ന ആ വേദന

ബുധനാഴ്ച. മൂന്നു ദിവസമായി തുടർച്ചയായ യാത്രയിലായിരുന്നു ഡോക്ടർ ഗംഗാധരൻ. അന്നും പതിവ് പറക്കലുകൾക്കായി ചിറകൊരുക്കി. രാവിലെ തൃശൂരിലെ എളങ്ങള്ളൂർ മനയിൽ സപ്താഹയജ്ഞ അവാർ‍ഡ്. അതു കഴിഞ്ഞ് ലേക്‌ഷോറിൽ രോഗികൾക്കിടയിലേക്ക്. തിരിച്ചു വീട്ടിലെത്തുമ്പോൾ രാത്രി വൈകി. പിന്നെ ഭക്ഷണം, ടിവി, വായന, എഴുത്ത്...

ഉറങ്ങാൻ കിടന്നെങ്കിലും ഒന്നു വന്നു മാഞ്ഞ ആ വേദന പിന്നെയും എത്തി. അതു പക്ഷേ, ചാറി പോയ മഴപോലെ ആയിരുന്നില്ല. ഇടനെഞ്ചിലേക്ക് വലിയൊരു വെള്ളിടി വീണു. അതിന്റെ മുഴക്കത്തിൽ, വേദനയിൽ ഒന്നു പിടഞ്ഞു. വേദനയുടെ ആദ്യ ഇടവേളയിൽ തന്നെ തിരിച്ചറിഞ്ഞു, ഇത് കാർഡിയാക് പെയ്ൻ ആണ്. ഒരു പക്ഷേ... തനിക്കു മുന്നിൽ വന്നു നിന്ന വേദന തൊട്ട മുഖത്തെക്കുറിച്ച് ഡോ. ചിത്രതാര ഒാർമിച്ചു, നേർത്ത ഭയം ഒട്ടും പുറത്തു കാട്ടാതെ...

‘‘രാത്രിയിൽ എമർജൻസി സാഹചര്യങ്ങളിൽ എനിക്ക് ആശുപത്രിയിലേക്ക് പോകേണ്ടി വരും. അതുകൊണ്ടു തന്നെ ഒരു സാരി, പിന്നുൾപ്പെടെ കുത്തി റെഡിയാക്കി വച്ചിട്ടുണ്ടാകും. ഒരൊറ്റ മിനിറ്റിനുള്ളിൽ ഡ്രസ് ചെയ്തിറങ്ങണം. അതിനാണ് അങ്ങനെ ചെയ്യുന്നത്. വിളിക്കുന്നതു കേട്ട് എഴുന്നേറ്റപ്പോൾ ഡോക്ടർ മുന്നിൽ നിൽക്കുന്നുണ്ട്. കൈയിലേക്ക് താക്കോൽ തന്നിട്ട് പറഞ്ഞു, ‘ഉടൻ ഇറങ്ങണം. വേദനയുണ്ട്.’ അപ്പോൾ ഭാര്യയുടേതല്ല, ഒരു ഡോക്ടറുടെ മനസ്സാണ് പ്രവർത്തിച്ചതെന്ന് ഇപ്പോൾ തോന്നുന്നു. കൈയിൽ നിന്നു താക്കോൽ വീണു പോകുമ്പോൾ എടുക്കാനായി നഷ്ടപ്പെടുത്തുന്ന സെക്കൻഡുകൾക്കു പോലും വലിയ വിലയാണ്. വാതിൽ, ഗെയ്റ്റ് ഒന്നും അടയ്ക്കാനോ പൂട്ടാനോ സമയം കളഞ്ഞില്ല. രണ്ടു മിനിറ്റിനുള്ളിൽ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.

റോഡിേലക്കിറങ്ങിയപ്പോൾ ഡോക്ടർ പറഞ്ഞു. ‘പേടിക്കണ്ട, സൂക്ഷിച്ച് ഒാടിച്ചാൽ മതി. റോഡ് പണിക്കായി കുറച്ചു സ്ഥലം പൊളിച്ചിട്ടിട്ടുണ്ട്. അവിടെ എത്തുമ്പോൾ ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.’ ഞാൻ വിറച്ചില്ല. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആലോചിച്ചുമില്ല. ഒരു ഡോക്ടർ എന്ന നിലയിൽ ആ നിമിഷം ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമേ ഉണ്ടായിരുന്നുള്ളു.

ഇടയ്ക്ക് ഡോക്ടറെ തൊട്ടുനോക്കി. ശരീരം വിയർത്തു കുളിച്ചിരുന്നു. ഒരു കൈ കൊണ്ട് സ്റ്റിയറിങ് പിടിച്ച് ഇടം കൈകൊണ്ട് ഞാൻ ആ കൈത്തണ്ടയിൽ പിടിച്ചു. പൾസ് നോക്കി.പിന്നെ, ഉറക്കെ നാമം ജപിച്ചു. ആ നിമിഷം അതല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എനിക്കൊപ്പം അദ്ദേഹം ഉണ്ട് എന്ന ധൈര്യം, ഇൗശ്വരൻ കാത്തുകൊള്ളും എന്ന ഉറപ്പ്... ഇതൊക്കെ രണ്ടു പേരുടെ ഉള്ളിലും നിറഞ്ഞു.

ഭാഗ്യം, വഴിയിൽ ബ്ലോക്ക് ഉണ്ടായിരുന്നില്ല. മറ്റൊരു തടസ്സങ്ങളും ഉണ്ടായില്ല. ആശുപത്രിയിൽ എത്തിയ ഉടൻ ഡോക്ടർമാർ അദ്ദേഹത്തെ ഏറ്റെടുത്തു. ആൻജിയോഗ്രാം ചെയ്തു. സ്‌റ്റെൻറ് ഇട്ടു. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പും പിമ്പും െഎസിയുവിൽ വച്ചും ഒക്കെ എപ്പോൾ വേണമെങ്കിലും അപകടാവസ്ഥയിലേക്കു പോകാവുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈശ്വരൻ കൂടെ നിന്നു

ദിവസം മുഴുവനും അദ്ദേഹത്തിനു വേണ്ടി നിന്ന ഡോ.സിബിയും ഡോ.ആനന്ദുമുൾപ്പെടെ ഒരു സംഘം ഡോക്ടർമാർ, നഴ്സുമാർ. എല്ലാ പിന്തുണയും നൽകിയ ആശുപത്രി അധികൃതർ, ജീവനക്കാർ... ഇതിനൊക്കെ പുറമേ പ്രാർഥന കൊണ്ട് ഒപ്പം നിന്ന ആയിരക്കണക്കിനു രോഗികൾ, സുഹൃത്തുക്കൾ. അവരൊക്കെയാണ് ഇപ്പോഴുള്ള ഞങ്ങളുടെ പുഞ്ചിരിക്കു പിന്നിലെ വെളിച്ചം...’’ കണ്ണീർത്തിളക്കത്തോടെ ‍ഡോ. ചിത്രതാര.

ഒാർമയിലെ സ്േനഹമുഖങ്ങൾ

ആശുപത്രിയിലേക്ക് പോകുമ്പോഴും തിരിച്ചെത്തിയിട്ടും ആ ത്മവിശ്വാസത്തിന്റെ ഒരു നുള്ളുപോലും ഡോ.ഗംഗാധരനു കുറഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ െഎസിയുവിൽ വച്ചു തന്നെ ഡോക്ടർ പേനയെടുത്തത്. ഡോക്ടർ ഒരു രോഗിയായി െഎസിയുവിൽ കിടക്കുമ്പോഴുള്ള ‘ഭാഗ്യം’ അനുഭവിച്ചതിനെക്കുറിച്ചും അന്നത്തെ തിരക്കുകളെക്കുറിച്ചുമൊക്കെ അദ്ദേഹം ആശുപത്രിക്കിടക്കയിൽ വച്ചു തന്നെ എഴുതിയിരുന്നു.

‘‘ഒരു സമയത്തും ഡോക്ടറുടെ മുഖത്ത് പരിഭ്രമം കണ്ടില്ല. അപ്പോഴെന്നല്ല ജീവിതത്തിലെ വലിയ പ്രതിസന്ധികളിലൊരിക്കൽ പോലും പതറിയ മുഖം കണ്ടിട്ടില്ല. ഇടയ്ക്ക് ഞാനോർക്കാറുണ്ട്, ആ പഴയ കാലം. ഡിഗ്രി കഴിഞ്ഞ് എംബിബിഎസിനു ചേരാനെത്തിയ ‘ഗംഗാധരനെയും’ അതേ ബാച്ചിലേക്കെത്തിയ തനി നാട്ടിൻ പുറത്തുകാരി ‘ചിത്രതാരയെയും.’ പിന്നീടുള്ള ജീവിതത്തിൽ മാത്രമല്ല പഠനത്തിന്റെ തുടക്കകാലം മുതൽക്കേ പരസ്പരം തണലായിരുന്നു ഞങ്ങൾ.

‘റാഗിങ് ഛായയുള്ള പരിചയപ്പെടലുകളിൽ’ രക്ഷകനായാണ് ആദ്യം എത്തുന്നത്. പിന്നീട് ക്ലാസ് നോട്ടുകൾ എഴുതിക്കൊടുക്കാനും സംശയങ്ങൾ പരിഹരിക്കാനുമുള്ള ചങ്ങാതിയായി ഞാൻ. എംബിബിഎസ് പഠനത്തിന്റെ ഭാഗമായുള്ള ഡിസക്‌ഷൻ മേറ്റ്. ഒടുവിലെപ്പോഴോ പ്രണയം. േകാട്ടയം തിരുനക്കര മഹാേദവക്ഷേത്രത്തില്‍ വച്ച് വിവാഹം..

അന്നേ കാന്‍സർ രോഗികൾക്കായി ജീവിക്കണം എന്ന സ്വപ്നം ഡോക്ടറിലുണ്ടായിരുന്നു. റേഡിയോ തെറപ്പിയിൽ എംഡി ചെയ്യാൻ ഡൽഹിക്കു പോകുമ്പോൾ ഞങ്ങളുടെ വിവാ ഹം കഴിഞ്ഞിട്ടേയുള്ളു. മെഡിക്കൽ ഒാങ്കോളജിയിൽ ഉപരിപഠനം നടത്താൻ അ‍ഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ കിട്ടണമെങ്കിൽ ജനറല്‍ മെഡിസിനിൽ എംഡി വേണമായിരുന്നു, അതിനായി വീണ്ടും കോട്ടയം മെഡിക്കൽ കോളജിലേക്ക്. ഞാൻ മണർകാടുള്ള ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ചേർന്നു. ഡോക്ടർ പഠനം തുടർന്നു. അന്നു ഞ ങ്ങൾക്കു പഴയൊരു ലാംബി സ്കൂട്ടർ മാത്രം. രണ്ടു മെലിഞ്ഞ ആളുകളാണെങ്കിലും ശാസ്ത്രിേറാഡിന്‍റെ കയറ്റം കയറുമ്പോൾ അതു കിതയ്ക്കാൻ തുടങ്ങും. ഇടയ്ക്കു പിണങ്ങി പണി മുടക്കും. അപ്പോൾ നടക്കും.

അതു കഴിഞ്ഞ് അഡയാറിലെ പഠനകാലത്തും ജീവിതത്തോടു ഞങ്ങൾ മത്സരിക്കുകയായിരുന്നു. ഇടയ്ക്ക് ഞാനും ഒാങ്കോളജിയിൽ ഉപരിപഠനത്തിനു പോയി, ഒരു കുഞ്ഞുവീട്ടിൽ കുറഞ്ഞ ശമ്പളത്തില്‍ ഞങ്ങൾ ഒതുങ്ങിക്കൂടി. ശമ്പളവും സമ്പത്തുമൊന്നുമല്ല സന്തോഷത്തിന്റെ പരിധി നിർണയിക്കുന്നതെന്ന് ഞങ്ങൾ ഇന്നു തിരിച്ചറിയുന്നുണ്ട്.

സാധാരണക്കാരായ രണ്ടു പേർ തുടങ്ങിയ യാത്രയാണിത്. മുന്നിൽ വന്നു നിറഞ്ഞ പ്രയാസങ്ങളെ ഒരേ മനസ്സോടെയാണ് എന്നും മറികടന്നത്. ജീവിതത്തെ ഉലച്ചു കളയാൻ വന്ന ഈ പ്രതിസന്ധിയേയും തോൽപിച്ചപ്പോൾ ഒരു കാര്യം തിരിച്ചറിഞ്ഞു, എംബിബിഎസ് കഴിഞ്ഞിറങ്ങി ഉടൻ ജീവിതം തുടങ്ങിയപ്പോഴുള്ള ആ മനസ്സിന് ഒട്ടും പ്രായമായിട്ടില്ല.’’ ഒാർമപ്പൂക്കളെ ചിത്രതാര നോക്കിയിരുന്നപ്പോൾ, ആയിരങ്ങളുടെ മനസ്സിൽ ജീവന്റെ തിരി തെളിയിച്ച സൗമ്യസ്മിതവുമായി േഡാക്ടര്‍ ഗംഗാധരന്‍ അടുത്തുണ്ടായിരുന്നു.

പ്രാർഥനയുടെ ഇതളുകൾ

ഇന്ന് ഭയത്തിന്റെ കാർമേഘങ്ങൾ കാറ്റിൽ മാഞ്ഞു. വീട് പഴയ കുസൃതികളിലേക്കും തിരക്കുകളിലേക്കും മാറിക്കഴിഞ്ഞു. മൂത്തമകൻ ഗോകുൽ എൻജിനീയറിങും എംബിഎയും കഴിഞ്ഞ് ബിസിനസ് അനലിസ്റ്റ്. ഭാര്യ ഉമാ പാണ്ടെ. െകാച്ചുമകൾ ചിത്രാണി ആര്യ ആണ് ഇപ്പോൾ ഗംഗാധരൻ ഡോക്ടറിന്റെ ബെസ്റ്റ് ഫ്രണ്ട്. രണ്ടാമത്തെ മകൻ ഗോവിന്ദ് അച്ഛന്റെ വഴിയിലാ‍ണ്. ഒാങ്കോളജിയിൽ എംഡി ചെയ്യുന്നു, മണിപ്പാലിൽ.

ജീവിത ശൈലിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയെന്നല്ലാതെ മറ്റു മാറ്റങ്ങളൊന്നുമില്ലെന്ന് ഡോ. ഗംഗാധരന്‍ പറയുന്നു.

‘‘ ഒരുപാടു പേരുടെ പ്രാർഥനകള്‍ കൂടെയുണ്ടെന്ന ആത്മവിശ്വാസം വലുതായിരുന്നു. ഇന്ന് കാഞ്ഞങ്ങാട് നിന്നൊരു സ്ത്രീ വന്നിരുന്നു, എന്റെ പേഷ്യന്റ്. അവിടെ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്തവരെല്ലാം എനിക്കു വേണ്ടി പ്രാർഥിക്കുന്ന വിഡിയോ കാണിച്ചു തന്നു. ജാതിമത വ്യത്യാസമില്ലാതെ ഞാ ൻ പോലുമറിയാത്ത ഒരുപാടു പ്രാർഥനകൾ. ആ സ്നേഹത്തിന്റെ ഒരു ശതമാനം പോലും എനിക്കു തിരിച്ചു കൊടുക്കാനാകുന്നില്ലല്ലോ എന്ന സങ്കടമേയുള്ളു.

ഇങ്ങനെ സംഭവിച്ചല്ലോ എന്നോർത്ത് ഭയപ്പെട്ടിട്ടില്ല. എല്ലാംപൊസിറ്റീവായാണ് കാണുന്നത്. ഞാനിപ്പോഴും പഴയ ഗംഗ തന്നെയാണ്. രോഗികൾക്കിടയിലൂടെ ഒാടിനടക്കുന്ന അതേ ഗംഗ. ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.’’ ഇത് കരുത്തന്റെ ഹൃദയതാളമാണ്. സ്വപ്നങ്ങളും ആത്മവിശ്വാസവും സമാസമം സ്ഫുടം ചെയ്ത സൗമ്യ താളം.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ