Friday 12 November 2021 12:46 PM IST : By സ്വന്തം ലേഖകൻ

മരംവീണ് ബോധം പോയി, മരിച്ചെന്ന് അവർ വിധിയെഴുതി: ആണുങ്ങൾ നോക്കി നിൽക്കേ തോളിലേറ്റി സിങ്കപ്പെണ്ണ്: വിഡിയോ

chennai

കനത്ത മഴയിൽ വലിയ നഷ്ടങ്ങളാണ് ചെന്നൈ നഗരം അഭിമുഖീകരിക്കുന്നത്. നിരവധി മരണങ്ങളും നാശനഷ്ടങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിനും ജീവനു വേണ്ടിയുള്ള പരക്കംപാച്ചിലുകൾക്കും ഇടയിൽ ഹൃദയംനിറയ്ക്കുന്നൊരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.കനത്ത മഴയിൽ വീണ മരത്തിനടിയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ ഒരു പെൺപുലിയാണ് സോഷ്യൽ മീഡിയയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുന്നത്.

ടി.പി.ചത്രം  ഇൻസ്പെക്ടറായ രാജേശ്വരിയാണ് വൈറൽ കഥയിലെ നായിക. മരത്തിനടിയിൽ കുടുങ്ങിക്കിടന്ന 28കാരൻ യുവാവിനെ തന്റെ തോളിൽ തൂക്കിയാണ് രാജേശ്വരി ആശുപത്രിയിൽ എത്തിച്ചത്. ഇതിന്റെ വിഡിയോയും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ചെന്നൈ കീഴ്‌പാക്കം ശ്മശാനത്തിൽ ജോലിക്കാരനാണ് ഉദയകുമാർ. കനത്ത മഴയെ തുടർന്ന് മരംവീഴുകയും അതിനടിയിൽ ഉദയകുമാർ കുടുങ്ങുകയുമായിരുന്നു. കനത്തമഴയും തുടരുന്നതിനാൽ മരത്തിനടിയിൽപ്പെട്ട ഉദയകുമാർ അബോധാവസ്ഥയിലായി. ഇയാൾ മരിച്ചതായി പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.

ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ ഇൻസ്പെക്ടർ രാജേശ്വരിയും സംഘവും മരത്തിനടിയിൽ കുടുങ്ങിക്കിടന്ന ഉദയനെ പുറത്തെടുത്തു. അപ്പോഴാണ് ഇയാൾക്ക് ജീവനുണ്ടെന്ന് മനസ്സിലായത്. ഉടൻ തന്നെ ഉദയകുമാറിനെ രാജേശ്വരി തന്റെ തോളിൽ ചുമന്ന് അതുവഴിവന്ന ഓട്ടോയിൽ കയറ്റിവിടുകയും ചെയ്തു. ഈ സമയമെല്ലാം രാജേശ്വരി ചെരുപ്പില്ലാതെയാണ് ആ ചെളിയിൽ നടന്നത്.

ഇപ്പോൾ ഉദയകുമാർ കീഴ്‌പാക്കം സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. രാജേശ്വരിയുടെ സമയോചിതമായ ഇടപെടലിനെ നിരവധിപ്പേർ പ്രശംസിച്ചു. വനിത ഇൻസ്പെക്ടർ ‘സിങ്കപ്പെണ്ണായി’ നിറഞ്ഞുനിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രകൃതി ദുരന്ത വേളകളിലെല്ലാം രക്ഷാസേനയോടൊപ്പം പ്രവൃത്തിക്കുന്ന ഊര്‍ജ്വസ്വലയായ ഉദ്യോഗസ്ഥയാണ് രാജേശ്വരി.

തമിഴ്നാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. 14 പേർക്കാണ് ഇതിനോടകം മഴക്കെടുതികളില്‍ ജീവൻ നഷ്ടമായത്. ചെന്നൈ അടക്കം എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം വൈകിട്ട് ആറുമണിയോടെ കരയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.