Wednesday 10 November 2021 11:01 AM IST : By സ്വന്തം ലേഖകൻ

ആളെ ഇറക്കാനായി ബസ് പൊടുന്നനെ നിർത്തി; പുറകിൽ സ്കൂട്ടർ ഇടിച്ചുകയറി യുവാവിനും മകനും ദാരുണാന്ത്യം

trivandrum-rajesh-and-son.jpg.image.845.440

കഴക്കൂട്ടം ദേശീയപാത ബൈപാസിൽ ഇൻഫോസിസിനു സമീപം ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി യുവാവിനും അഞ്ചു വയസ്സുള്ള മകനും ദാരുണാന്ത്യം. ഭാര്യയ്ക്ക് പരുക്ക്. ഇരിങ്ങാലക്കുട പാഴായി സ്വദേശി ബാലരാമപുരം മുടവൂർപ്പാറ തിരുവാതിരയിൽ വാടകയ്ക്കു താമസിക്കുന്ന രാജേഷ് എസ്. മേനോൻ (36), മകൻ ഋത്വിക് രാജേഷ് എന്നിവരാണ് മരിച്ചത്. ഭാര്യ സുജിത (28) യ്ക്കാണ് പരുക്കേറ്റത്. മുന്നിൽ പോയ കെഎസ്ആർടിസി ബസ് ആളെ ഇറക്കാനായി പൊടുന്നനെ നിർത്തിയപ്പോഴാണ് അപകടം. 

തിരുവനന്തപുരത്തെ സിറ്റി ബോണ്ട് എന്ന അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് ആയ രാജേഷ് ഭാര്യയെയും മകനെയും കൂട്ടി കിളിമാനൂരിലെ സുഹൃത്ത് ആദർശിന്റെ വീട്ടിലേക്കു പോകവേയാണ് അപകടം. കിഴക്കേക്കോട്ടയിൽ നിന്നു വെഞ്ഞാറമൂട്ടിലേക്കു പോയതാണ് ബസ്. 

അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ, സ്കൂട്ടറിനോടൊപ്പം ബസിനടിയിൽ പെട്ട രാജേഷിനെയും മകനെയും പുറത്തെടുത്തു. ഇടിയുടെ ആഘാതത്തിൽ സുജിത റോഡിലേക്കു തെറിച്ചു വീണു. ആംബുലൻസിൽ മൂന്നു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രയ്ക്കിടയിൽ ഇരുവരും മരിച്ചു. സുജിതയ്ക്ക് സാരമായ പരുക്കില്ല.

Tags:
  • Spotlight