Wednesday 17 July 2019 05:00 PM IST : By സ്വന്തം ലേഖകൻ

ജോലിക്കിടെ ടിക് ടോക് ഷോ, വൈറലിന്റെ ചൂടാറും മുമ്പേ സ്ഥലം മാറ്റവും ശമ്പള നഷ്ടവും! പണി പാളി സർക്കാർ ജീവനക്കാർ

tik-tok-new

ഇപ്പോൾ ടിക് ടോക്കിൽ ഒരു കൈ നോക്കാത്തവർ ചുരുക്കമാണ്. പ്രായഭേദമന്യേ വൃദ്ധരും കുട്ടികളും വരെ ടിക് ടോക്കിൽ വൈറൽ വിഡിയോകള്‍ സൃഷ്ടിക്കുന്നു. ജോലിക്കിടയിലും യാത്രയ്ക്കിടയിലും കൊളേജുകളിലുമെന്നു വേണ്ട അവസരം കിട്ടുന്നിടത്തൊക്കെ വച്ച് ടിക് ടോക് വിഡിയോ ചെയ്ത് രസിക്കുകയാണ് മിക്കവരും എന്നു ചുരുക്കം.

ഇപ്പോഴിതാ, ജോലി സമയത്ത് ടിക് ടോക്കില്‍ അഭിനയിച്ച്, തകർപ്പൻ പണി വാങ്ങിയിരിക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ.

ഓഫീസ് ജോലിക്കിടെ ടിക് ടോക്കിൽ അഭിനയിച്ച ഉദ്യോഗസ്ഥര്‍ക്ക് വിഡിയോ വൈറലായതോടെ അഭിനന്ദനത്തിനു പകരം കിട്ടിയത് സ്ഥലം മാറ്റ ഉത്തരവ്.

തെലങ്കാനയിലാണ് സംഭവം. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരാണ് ജോലിക്കിടയില്‍ ടിക് ടോക്കില്‍ കയറി പണി വാങ്ങിയത്.

സിനിമ പാട്ടുകള്‍ക്കും ഡയലോഗുകള്‍ക്കുമനുസരിച്ചായിരുന്നു പ്രകടനം. വിഡിയോകളില്‍ പലതും സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ടിക് ടോക്കില്‍ കളിച്ചിരിക്കുകയാണെന്ന വാര്‍ത്ത വന്നു.

ഇതോടെയാണ് ജില്ലാ കളക്ടര്‍ ഇടപെട്ട് സ്ഥലംമാറ്റ നടപടി കൈക്കൊണ്ടത്. മാത്രമല്ല, ഇവരുടെ വേതനം വെട്ടിക്കുറക്കാനും ഉത്തരവിട്ടു.

ഇവരെ അനുകൂലിച്ചും നിരവധി പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിൽ നിറയുന്നുണ്ട്.