Saturday 05 December 2020 02:16 PM IST

115 കിലോയിൽ നിന്ന് 80 ലേക്ക്! ഇഷ്ടമുള്ളതെല്ലാം കഴിച്ച് ‘തടി നന്നാക്കിയ’ ജംഷീറിന്റെ കഥ

Priyadharsini Priya

Senior Content Editor, Vanitha Online

jamsheerw01

ഇഷ്ടമുള്ളതെല്ലാം കഴിച്ചു നടക്കുമ്പോൾ ശരീരത്തിന്റെ ഭാരം കൂടുന്നത് അത്ര പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ജംഷീറിന്റെ കാര്യത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. വീട്ടുകാരുടെ പ്രോത്സാഹനം കൂടി ആയപ്പോൾ ശരീരഭാരം 115 കിലോയിൽ എത്തി. ഒപ്പം കുഞ്ഞു കുഞ്ഞു ആരോഗ്യപ്രശ്നങ്ങളും തലപൊക്കി തുടങ്ങി. ഇതോടെ ജംഷീറിന്റെ ഉള്ളിൽ ‍അപായമണി മുഴങ്ങി. അങ്ങനെ 115 കിലോയിൽ നിന്ന് ശരീരഭാരം 80 ൽ എത്തിച്ച അവിസ്മരണീയ കഥയാണ് കോഴിക്കോട് മെ‍ഡിക്കൽ കോളജ് കോവൂർ സ്വദേശിയായ ജംഷീറിനു പറയാനുള്ളത്. ഖത്തറിൽ ഹെവി എക്യുപ്‌മെന്റ്‌ റെന്റിന്‌ കൊടുക്കലാണ്‌ ജംഷീറിന്റെ ബിസിനസ്. വനിത ഓൺലൈനുമായി ‍തന്റെ ഡയറ്റ് സീക്രട്ട് പങ്കുവയ്ക്കുകയാണ് ജംഷീർ.

തരിപ്പ് പോലെ ആരോഗ്യപ്രശ്നങ്ങൾ

എന്റെ ഉയരം 170 സെന്റിമീറ്റർ ആണ്. യഥാർഥത്തിൽ അമിതവണ്ണം എനിക്ക് ഒരു പ്രശ്നമായിരുന്നില്ല. 115 കിലോയിൽ ഭാരം എത്തിയപ്പോഴാണ് ചെറിയരീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങിയത്. പ്രധാനമായും എനിക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റുന്നില്ല, നടക്കാനും ഓടാനുമൊന്നും പറ്റില്ല, ഉറക്കത്തിൽ കൂർക്കംവലി, ബിപി താഴെപ്പോയി, തലയുടെ പുറകിൽ തരിപ്പ് പോലുള്ള ശാരീരികപ്രശ്നങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ശരീരത്തിന്റെ രണ്ടു ഭാഗത്തും വളർച്ചയിൽ വ്യത്യാസം ഉള്ളതുപോലെ അനുഭവപ്പെട്ടു. ഇതോടെ ഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ചു. നടത്തം തുടങ്ങി, ഭക്ഷണം നന്നായി കൺട്രോൾ ചെയ്തു. അങ്ങനെ 108 കിലോയിലേക്ക് ഭാരമെത്തി. പക്ഷെ, ഭക്ഷണം ഒഴിവാക്കി എനിക്ക് മടുത്തു തുടങ്ങിയിരുന്നു. ആയിടയ്ക്കാണ് എന്റെ സുഹൃത്തു സജു ഡയറ്റുമായി ബന്ധപ്പെട്ട ഒരു ടെലഗ്രാം ഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞത്. അവർ പറയുന്ന ഡയറ്റിൽ ചിക്കനൊക്കെ കഴിക്കാം എന്നുപറഞ്ഞപ്പോൾ എനിക്ക് താൽപ്പര്യമായി. അങ്ങനെ കീറ്റോ ‍ഡയറ്റിന്റെ ഭാഗമായി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു.

jamsheerw02

സ‍ഡൻ സ്റ്റോപ്പിടരുത് കീറ്റോയ്ക്ക്

2018 സെപ്റ്റംബർ 15നു ഞാൻ ഡയറ്റ് തുടങ്ങി. 99 കിലോയായിരുന്നു എന്റെ ലക്ഷ്യം. കുടുംബത്തിൽ ആർക്കും ഞാൻ മെലിയുന്നത് ഇഷ്ടമായിരുന്നില്ല. തടിച്ചിരിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നതു കാണാൻ നല്ല ഭംഗിയാണെന്നു പറഞ്ഞു കളിയാക്കിയിരുന്നു. ബോഡി ഷെയ്മിങ്ങ് ഒന്നും ഇതുവരെ നേരിട്ടിട്ടില്ല. സുഹൃത്തുക്കളിൽ നിന്നൊക്കെ നല്ല സപ്പോർട്ടായിരുന്നു. തടിയുള്ളതാണ് നിനക്ക് നല്ലതെന്ന് അവർ പറയുമായിരുന്നു. ഒന്നര മാസം കൊണ്ട് ഞാനങ്ങനെ 99 കിലോയിലേക്ക് എത്തി. ലുക്ക് ആകെ മാറിയപ്പോൾ പിന്നെയൊരു ഹരമായി. ഫെബ്രുവരി 23 നു 86 കിലോയിലേക്ക് എത്തി. പിന്നീട് പതിയെ കീറ്റോ നിർത്തി. ഈ ‍ഡയറ്റ് നിർത്തുന്നതിനും ചില രീതികളൊക്കെയുണ്ട്. ഒറ്റയടിയ്ക്ക് നിർത്തിയാൽ അത് ലിവറിന് ദോഷമാണ്. കാർബോ അടങ്ങിയ ഭക്ഷണങ്ങൾ മെനുവിൽ ഒന്നൊന്നായി ഉൾപ്പെടുത്തിയാണ് കീറ്റോയിൽ നിന്നു പതിയേ മാറിയത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ മെറ്റബോളിസത്തെ തന്നെ അത് ബാധിക്കുമായിരുന്നു.

2019 ജൂണിൽ ഞാൻ കീറ്റോ നിർത്തി. അന്ന് 78 കിലോയായിരുന്നു ശരീരഭാരം. ഞാൻ കീറ്റോ ചെയ്യുമ്പോഴും അമിതമായി കൊഴുപ്പുള്ള ഭക്ഷണം കഴിക്കില്ലായിരുന്നു. മാക്സിമം മൂന്നു മുട്ട, 200 ഗ്രാം മീറ്റ് എന്നിങ്ങനെയാണ് ഭക്ഷണത്തിൽ കൊഴുപ്പ് ഉൾപ്പെടുത്തിയിരുന്നത്. അതുകൊണ്ട് കീറ്റോയ്ക്കു ശേഷം രക്തം പരിശോധിച്ചപ്പോഴും എനിക്ക് യൂറിക് ആസിഡ്, ക്രിയാറ്റിൻ എന്നിവയിലൊന്നും വേരിയേഷൻ കാണിച്ചില്ല. എല്ലാം നോർമൽ ആയിരുന്നു. ആപ്പിൾ സി‍ഡർ വിനിഗർ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയത് നല്ലതായി. ചോറിനോട് എനിക്ക് താൽപ്പര്യം ഇല്ലാത്തതും വണ്ണം കുറയ്ക്കാൻ സഹായകമായി. 78 ൽ എത്തിയത് ഇപ്പോൾ 80 ആയി നിൽക്കുകയാണ്. കീറ്റോ നിർത്തി നോർമൽ ഡയറ്റിലേക്ക് മാറുമ്പോൾ മൂന്നു കിലോ വരെ കൂടുമെന്നാണ് പറയാറ്. എനിക്ക് രണ്ടു കിലോയാണ് ആകെ കൂടിയത്. ഇപ്പോഴും ‍‍ഞാൻ ‍ഭക്ഷണം നിയന്ത്രിച്ചാണ് കഴിക്കാറുള്ളത്. നടത്തം പതിവാക്കിയിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ കഴിയുന്നു എന്നതിൽ അഭിമാനമുണ്ട്. മുൻപൊക്കെ ഇഷ്ടവസ്ത്രം വാങ്ങി സു‍ഹ‍ൃത്തിന് സമ്മാനിക്കാറായിരുന്നു പതിവ്.

jamsheerw03

ജംഷീറിന്റെ ‍ഒരു ദിവസത്തെ ഡയറ്റ് ഇതാ;

രാവിലെ- മധുരമിടാത്ത ബ്ലാക് കോഫി, ഓട്സ്, പഴങ്ങൾ, പുഴുങ്ങിയ മുട്ട അല്ലെങ്കിൽ ഓംലറ്റ്, ബ്രൗൺ ബ്ര‍ഡ്.

ഉച്ചയ്ക്ക്- ഒരു ബ്രൗൺ കുബൂസ് അല്ലെങ്കിൽ ചപ്പാത്തി. കൂടെ ഫിഷ്, ചിക്കൻ അല്ലെങ്കിൽ വെജ് കറി.

രാത്രി- ഗ്രീൻ ആപ്പിൾ, ബനാന, ആൽമണ്ട്, ‍ഡൈജസ്റ്റീവ് ബിസ്ക്കറ്റ് സ്മൂത്തി.

ശനിയാഴ്ച മുതൽ വ്യാഴം വരെയാണ് ഈ മെനു. വെള്ളിയാഴ്ച ഇഷ്ടമുള്ളതെന്തു കഴിക്കും.

Tags:
  • Spotlight