Friday 18 October 2019 06:45 PM IST : By സ്വന്തം ലേഖകൻ

ഒന്നും പറയാനില്ലെന്ന് ജോളി! സിലിയുടെ മരണത്തിൽ അറസ്റ്റ് രേഖപ്പെടുത്തി

jolly-arrest

കൂടത്തായി കൊലപാതകപരമ്പരയിൽ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിലും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോളി അടക്കം മൂന്നുപ്രതികളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെപരിഗണിക്കും. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ ജോളിയുടെ ഉറ്റ സുഹൃത്ത് റാണിയുടെ മൊഴിയെടുക്കൽ തുടരുകയാണ്.

അതേസമയം കൂടത്തായി കൊലപാതകത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ജോളി പ്രതികരിച്ചു. കോഴിക്കോട് ജില്ലാ ജയിലിലെത്തിച്ചപ്പോഴാണ് പ്രതികരണം.

പൊലീസ് കസ്റ്റഡി  കാലാവധി  പൂര്‍ത്തിയായതോടെയാണ് വൈകിട്ട് നാലിന് ജോളി, മാത്യു, പ്രജി കുമാർ എന്നിവരെ താമരശേരി കോടതിയിൽ ഹാജരാക്കിയത്.  പൊലീസിനെക്കുറിച്ച് പരാതികളില്ലെന്ന് പ്രതികള്‍ ഇന്നും കോടതിയെ അറിയിച്ചു. അഭിഭാഷകർക്ക് പ്രതികളുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. എന്നാല്‍ ജോളിയുമായി രഹസ്യ സംസാരം അനുവദിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥര്‍  എതിര്‍ത്തു. തുടര്‍ന്ന് സംസാരിക്കാതെ മടങ്ങിയ അഭിഭാഷകര്‍ നാളെ കോടതിയില്‍ പരാതി നല‍്കുമെന്ന് അറിയിച്ചു.

സിലിയുടെ മരണത്തിൽ ജോളിക്ക് പുറമെ എം.എസ് മാത്യുവിനെ കൂടി അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ സംഘം നാളെ കോടതിയില്‍ അപേക്ഷ നല്‍കും. കൊലപാതക പരമ്പരയിൽ തെളിവുകൾ കൂട്ടിയോചിപ്പിക്കുന്നത് വെല്ലുവിളിയാണെന്ന് അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ രഞ്ജൻ ബേബി മനോരമ ന്യൂസിനോട് പറഞ്ഞു.

ജോളിയുമൊത്തുള്ള ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഉറ്റ സുഹൃത്തായ റാണി റൂറൽ എസ്പി ഓഫിസിൽ ഹാജരായി. ജോളിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ റാണിയുടെ മൊഴിയെടുക്കുന്നതിലൂടെ ലഭിക്കും എന്നാണ് പ്രതീക്ഷ. അതേ സമയം, എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിൽ കോഴിക്കോട് കാപ്പാട് വച്ച് ഉന്നതതല യോഗം ചേർന്നു.