Monday 02 August 2021 12:09 PM IST : By സ്വന്തം ലേഖകൻ

കാഴ്ച വൈകല്യവുമായി കീർത്തി പോരാടി നേടിയത് 97.4% മാർക്ക്; പഠിച്ചു സാമ്പത്തിക വിദഗ്‌ധയാകാൻ മോഹം

keerthiiii66666

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ തിളങ്ങുന്ന വിജയവുമായി തമിഴ്‌നാട് വെല്ലൂർ സ്വദേശിനി കീർത്തി സുന്ദരമൂർത്തി. കാഴ്ച വൈകല്യവും നേത്ര സംബന്ധമായ സങ്കീർണ്ണതകളുമായി പടവെട്ടി ഈ ഇരുപതുകാരി പഠിച്ചു നേടിയത് 97.4% മാർക്ക്. പരീക്ഷയിൽ 95 ശതമാനത്തിൽ കൂടുതൽ മാർക്കുകൾ  നേടിയ രാജ്യത്തെ 5.37% വിദ്യാർഥികളിൽ ഒരാളാണ് കീർത്തി.  

"എനിക്ക് ഫിസിക്കൽ ക്ലാസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഓൺലൈൻ മോഡിൽ പഠിക്കുന്നത് എളുപ്പമായിരുന്നു, കാരണം എളുപ്പത്തിൽ സൂം ചെയ്യാനും കുറിപ്പുകൾ എടുക്കാനും കഴിയുമായിരുന്നു. അതേസമയം ബ്ലാക്ക്ബോർഡുകളിൽ നിന്ന് പകർത്തിയെഴുതാൻ ബുദ്ധിമുട്ടാണ്. ഓൺലൈൻ ക്ലാസ് ആയതിനാൽ റെക്കോർഡ് ചെയ്ത പാഠങ്ങൾ എപ്പോൾ വേണമെങ്കിലും കേൾക്കാം. എന്നിരുന്നാലും സുഹൃത്തുക്കളുമൊത്തുള്ള പഠനത്തിന്റെ രസം നഷ്ടമായി."- കീർത്തി പറയുന്നു.

കോവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ ക്ലാസുകളിലൂടെ ബോർഡ് പരീക്ഷകൾക്ക് തയാറെടുക്കുകയും, ഒപ്പംതന്നെ ഐഐഎം ഇൻഡോറിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സിൽ പ്രവേശനം നേടുന്നതിനായി  IPMAT എൻട്രൻസ് പരീക്ഷ വിജയിക്കുകയും ചെയ്തു. കൂടാതെ ഡൽഹി യൂണിവേഴ്സിറ്റിയുടെ എക്കണോമിക്സ് ബികോം (എച്ച്) ബിരുദത്തിന് അപേക്ഷിക്കുമെന്ന് കീർത്തി പറയുന്നു.

"കോവിഡ് മൂലം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴോട്ടാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പഠിക്കാനും പ്രവർത്തിക്കാനും ആഗ്രഹിക്കുന്നു. യുപിഎസ്‌സി സിവിൽ സർവീസ് നേടിയെടുക്കണം. ധനകാര്യ മന്ത്രാലയത്തിലോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലോ പ്രവർത്തിക്കാനും രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങൾ ആവിഷ്‌കരിക്കാനും ആഗ്രഹിക്കുന്നു."- കീർത്തി ഭാവിയെ കുറിച്ച് പറയുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം കീർത്തി നേത്ര സംബന്ധമായ ചികിത്സയ്ക്കായി രണ്ടു വർഷം അവധി എടുത്തിരുന്നു.

Tags:
  • Spotlight
  • Motivational Story