Monday 29 November 2021 12:22 PM IST : By സ്വന്തം ലേഖകൻ

‘20 വര്‍ഷം മുമ്പാണ് കാൻസർ ആണെന്ന് അറിഞ്ഞത്, ഞാനും മരിച്ചു പോകുമായിരിക്കുമല്ലേ എന്നു ചോദിച്ചു’: അതിജീവനത്തിന്റെ കഥ പറഞ്ഞ് മഞ്ജു വാരിയറുടെ അമ്മ

manju

കാൻസർ എന്ന മഹാമാരിയെ ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ അതിജീവിച്ചതെങ്ങനെയെന്ന് തുറന്ന് പറഞ്ഞ് നടി മഞ്ജു വാരിയറുടെ അമ്മ ഗിരിജാ മാധവൻ. അര്‍ബുദ രോഗത്തെ കീഴടക്കി എങ്ങനെ ജീവിതം തിരിച്ചുപിടിക്കാമെന്നതിന്റെ തെളിവാണ് ഗിരിജ മാധവന്റെ ജീവിതം.

അർബുദ ബാധിതർക്കു പ്രത്യാശയുടെ കരുത്തു പകർന്നു മനോരമ ന്യൂസ് ചാനലിന്റെ കേരള കാൻ, കാൻസർ പ്രതിരോധ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഗിരിജ.

‘ഇരുപതു വര്‍ഷം മുമ്പായിരുന്നു അര്‍ബുദ രോഗം ബാധിച്ചത്. മഞ്ജു മകളെ പ്രസവിച്ച സമയത്താണ്. സംശയം തോന്നി ഡോക്ടറെ കാണിച്ചപ്പോൾ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ഞാൻ ഇതിനെ അത്ര സീരിയസായി എടുത്തിരുന്നില്ല. അതിനിടെ മകളുടെ ചോറൂണൊക്കെ വന്നപ്പോൾ ചികിത്സ നീട്ടിവച്ചു. പക്ഷേ സർജറി ചെയ്യണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ ഡോ.വി.പി. ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ചികില്‍സ. അദ്ദേഹം പകര്‍ന്നു നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തിലായിരുന്നു മുന്നോട്ടുള്ള യാത്ര.

അര്‍ബുദ രോഗത്തിന്റെ ഗൗരവം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കീമോയും േറഡിയേഷനും തുടങ്ങിയതോടെ ആശുപത്രിയില്‍ കൂട്ടുകാരെ കിട്ടി. സമാനമായ രോഗം ബാധിച്ച സ്ത്രീകളായിരുന്നു സ്നേഹിതര്‍. അവരുമായി പിന്നീട് നല്ല സൗഹൃദമുണ്ടായി. ഇവരില്‍ ചിലര്‍ അര്‍ബുദ രോഗം ബാധിച്ച് മരിച്ചെന്ന് അറിഞ്ഞപ്പോഴാണ് രോഗത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. ഞാനും മരിച്ചുപോകുമായിരിക്കുമല്ലേ എന്ന് ഭർത്താവിനോടും കുട്ടികളോടും പറഞ്ഞു. ഭര്‍ത്താവും മക്കളും സമാധാനിപ്പിക്കാനും ധൈര്യം തരാനും എല്ലായ്പ്പോഴും കൂടെയുണ്ടായി. മറ്റുള്ളവരെ ബാധിച്ചതു പോലെ അത്ര ഗൗരവമില്ല അമ്മയുടെ അസുഖമെന്ന മക്കളുടെ ആശ്വാസ വാക്കുകളായിരുന്നു ധൈര്യം നല്‍കിയത്.

അസുഖസമയത്ത് ഭർത്താവ് ആയിരുന്നു എന്നെ നോക്കിയിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ കലാജീവിതം തിരഞ്ഞെടുത്തു. ചെറുപ്പത്തിലേ നൃത്തം പരിശീലിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. കൂട്ടുകുടുംബത്തിലായിരുന്നു ബാല്യകാലം. കുടുംബത്തിലെ ചേച്ചിമാരെ നൃത്തം പഠിപ്പിക്കാന്‍ അധ്യാപകര്‍ വീട്ടില്‍ വന്നിരുന്നു. പക്ഷേ, ഞാന്‍ വളര്‍ന്നപ്പോഴേക്കും ചേച്ചിമാരുടെ പഠനം കഴിഞ്ഞു. പിന്നെ, ഒരാള്‍ക്കു വേണ്ടി മാത്രം പഠനം നടന്നില്ല. അന്നു തൊട്ടേ, മനസിലുണ്ടായിരുന്ന ആഗ്രഹമായിരുന്നു നൃത്തപഠനം.

മകള്‍ മഞ്ജു പാട്ടുപഠിപ്പിക്കാന്‍ പോയപ്പോള്‍ അന്ന്, പാട്ടുപഠിക്കാന്‍ ശ്രമം നടത്തിയിരുന്നു. മഞ്ജുവിന്റെ കൂടെ നൃത്തം പരിശീലിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനും കഴിഞ്ഞില്ല. മക്കള്‍ ജോലി തിരക്കിലായതിനാല്‍ തൃശൂര്‍ പുള്ളിലെ വീട്ടില്‍ ഒരിക്കലും ഒറ്റപ്പെടല്‍ അമ്മ അനുഭവിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. 'അമ്മയുടെ ജീവിതത്തില്‍ സന്തോഷമുള്ള കാര്യം ചെയ്യണം' എന്നായിരുന്നു മക്കള്‍ രണ്ടു പേരും എപ്പോഴും പറയാറ്. അങ്ങനെയാണ്, മൂന്നു വര്‍ഷം മുമ്പ് നൃത്തയോഗയില്‍ തുടക്കം കുറിച്ചത്. മോഹനിയാട്ടവും ഒപ്പം പഠിച്ചു.’– ഗിരിജ പറഞ്ഞു.